വ്യാപം കേസിലെ പ്രധാന പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ തിരുത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സിബിഐ സ്വീകരിച്ച നിലപാട് ഭോപ്പാലിലെ പ്രത്യേക സിബിഐ കോടതിയില്‍ അവര്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി വെട്ടിലായേക്കും. കാരണം തിരുത്തിയെന്നു പറയുന്ന എക്‌സല്‍ ഷീറ്റില്‍ അനധികൃതമായി നിയമനം ലഭിച്ച നിരവധിപ്പേരുടെ പേരുകള്‍ക്കെതിരായി അവരുടെ പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സിബിഐ നിലപാടിനെ സത്യത്തിന്റെ വിജയം എന്ന് ബിജെപിയിലെ അവരുടെ രാഷ്ട്രീയ എതിരാളിയും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാദ് സിംഗ് ചൗഹാന്‍ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്. മെഡിക്കല്‍ ഓഫീസര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, അദ്ധ്യാപകര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്ക് പ്രവേശനം നടത്തുന്ന മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോഡിലേക്കുള്ള തൊഴിലുകള്‍ക്കും നിയമനങ്ങള്‍ക്കും കൈക്കുലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം നിലനില്‍ക്കുന്നത്.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാന ആരോപണം നേരിടുന്ന വ്യാപം സിസ്റ്റം അനലിസ്റ്റായിരുന്ന നിതിന്‍ മഹീന്ദ്രയുടെ കമ്പ്യൂട്ടറില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌കിലെ ഒരു എക്‌സല്‍ ഷീറ്റില്‍ അനധികൃതമായി നിയമനം ലഭിച്ച 40 വ്യക്തികളുടെ പേരിനെതിരെ 'സിഎം' എന്ന് രേഖപ്പെടുത്തിയിരുന്നത് പിന്നീട് തിരുത്തിയതായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗും കേസ് പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആശിഷ് കുമാര്‍ ചതുര്‍വേദി, പ്രശാന്ത് പാണ്ടെ, ഡോ. ആനന്ദ് റായി എന്നിവരും സുപ്രീം കോടതിയില്‍ പരാതി ബോധിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈദരാബാദ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കില്‍ തിരുത്തലുകള്‍ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി സിബിഐ പരമോന്നത കോടതിയെ അറിയിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. കുംഭകോണവുമായി ബന്ധപ്പെട്ട 170 കേസുകളില്‍ ഭൂരിപക്ഷത്തിന്റെയും അന്വേഷണം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി സുപ്രീം കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ബാക്കിയുള്ള 37 കേസുകളിലെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കേസിന്റെ വിചാരണ നടക്കുന്ന ഭോപ്പാലിലെ പ്രത്യേക കോടതിയില്‍ സിബിഐ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിയില്‍ അത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും. 'സിഎം' എന്ന് എഴുതിയിരുന്നിടത്ത് ഉമാ ഭാരതിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. വിവരങ്ങള്‍ തിരുത്തിയിട്ടില്ലെങ്കില്‍ ഉമാ ഭാരതി പണം വാങ്ങിയവരുടെ പട്ടികയില്‍ ഉള്‍പ്പെടും. കൂടാതെ ആര്‍എസ്എസ് മുന്‍ മേധാവി അന്തഃരിച്ച കെ എസ് സുദര്‍ശന്റെയും ഇപ്പോഴത്തെ പ്രമുഖ നേതാവ് സുരേഷ് സോണിയുടെയും പേരുകള്‍ പട്ടികയില്‍ ഉണ്ട്.
2013ലാണ് ഉമാ ഭാരതിയുടെ പേര് ആദ്യം പൊന്തിവരുന്നത്. അന്ന് പൊട്ടിത്തെറിച്ച അവര്‍, ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തെക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും വ്യാപം കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് അവരെ മധ്യപ്രദേശ് ഡിജിപിയെ വിട്ട് അനുനയിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിജയിച്ചു. മോദിയും ശിവരാജും തമ്മില്‍ നല്ല ബന്ധമല്ലാത്തതിനാല്‍ കേസില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രമിക്കില്ലെന്നും കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോദിയെ പലതവണ മധ്യപ്രദേശിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഇന്ത്യന്‍യ്ക്ക് ലഭിച്ച സമ്മാനമാണെന്നും യുഗപുരുഷനാണെന്നും ശിവരാജ് സിംഗ് വിശേഷിപ്പിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായി. ശിവരാജ് സിംഗ് ചൗഹാന്റെ ഈ നീക്കം ഫലം കണ്ടുതുടങ്ങിയതായാണ് ബിജെപിയിലെ വലിയൊരു സംഘം നേതാക്കളും കോണ്‍ഗ്രസും വിലയിരുത്തുന്നത്.