TopTop
Begin typing your search above and press return to search.

അഫ്ഗാനില്‍ ഇനി യുദ്ധം പരവതാനികളില്‍

അഫ്ഗാനില്‍ ഇനി യുദ്ധം പരവതാനികളില്‍

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റഷ്യന്‍ ടാങ്കുകളും കലാഷ്നിക്കൊവ് റൈഫിളുകളും മറന്നേക്കൂ, എഫ് 16 ജെറ്റുകളും ഗ്രനേഡുകള്‍ ഉതിര്‍ക്കുന്ന റോക്കറ്റുകളും ഇനി പഴയ കഥ. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും മറ്റുനഗരങ്ങളിലും പ്രഗത്ഭരായ പരവതാനി നെയ്ത്തുകാര്‍ അവരുടെ പരവതാനികളില്‍ വരച്ചുചേര്‍ക്കുന്നത് അമേരിക്കയുടെ ഏറ്റവും ഹൈട്ടെക് ആയുധമാണ്, ഡ്രോണുകള്‍.

“ഡ്രോണുകള്‍ യുദ്ധത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അവ എത്ര ഫലപ്രദമായിരുന്നുവെന്നും ഓര്‍മ്മിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു”, പല നിറങ്ങളിലുള്ള പരവതാനികള്‍ നിരത്തിവെച്ചിരിക്കുന്ന ഒരു കടയുടെ ഉള്ളില്‍ നിന്നും അമ്പത്താറുകാരനായ ഹാജി നസീര്‍ അഹമ്മദ് പറയുന്നു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഡ്രോണ്‍ യുദ്ധത്തെ “ഫലപ്രദം” എന്ന് വിശേഷിപ്പിക്കുന്നതിന് എതിര്‍വാദമുണ്ടാകാം. എന്നാല്‍ ഡ്രോണുകള്‍ ഒരു ദശാബ്ദമായി അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ മറ്റിടങ്ങളിലും ഹൈടെക് യുദ്ധങ്ങളുടെ മുഖമുദ്രയായി അവതരിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമം വിജയിച്ചുവെന്ന് അഫ്ഗാന്‍കാരും വിദേശികളും സമ്മതിക്കും. അവരുടെ രാജ്യത്തെ ബാധിച്ച യുദ്ധങ്ങളുടെ കഥകള്‍ അഫ്ഗാനിസ്ഥാനിലെ നെയ്ത്തുകാര്‍ കാലങ്ങളായി അവരുടെ പരവതാനികളില്‍ തുന്നിച്ചേര്‍ക്കാറുണ്ട്.

കാബൂളിലെ പ്രശസ്തമായ ചിക്കന്‍ സ്ട്രീറ്റിലൂടെ ഒന്ന് നടന്ന് ജനാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന യുദ്ധപരവതാനികള്‍ നോക്കുക. രാജ്യത്തിന്റെ സംഘര്‍ഷഭരിതമായ ഭൂതകാലത്തിലേയ്ക്കുള്ള ഒരു എത്തിനോട്ടമാണത്.ഒരു ജനാലയില്‍ ഒലിവ് പച്ച നിറമുള്ള സോവിയറ്റ് ടാങ്കുകളും ഹെലിക്കോപ്റ്ററുകളും നിറയുന്ന കമ്പിളിപ്പരവതാനി 1979ലെ സോവിയറ്റ് അധിനിവേശമാണ് സൂചിപ്പിക്കുന്നത്. മറ്റൊരു ജനലില്‍ ഒരു പരവതാനിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്ന സോവിയറ്റ് സേനയെ കാണാം.

കുറച്ചുകൂടി മുന്നോട്ടുപോയാല്‍ നിറപ്പകിട്ടുള്ള ഒരു പരവതാനിയില്‍ തോരാ ബോറാ എന്നെഴുതിയിരിക്കുന്നത് കാണാം. അവിടെയാണ് സെപ്റ്റംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തിള്ള ഇടപെടല്‍ താലിബാന്‍ ഭരണം അവസാനിപ്പിച്ചപ്പോള്‍ ഒസാമ ബിന്‍ലാദന്‍ ഒളിച്ചിരുന്നത്.

അഹമ്മദിന്റെ കടയില്‍ ആക്രമണങ്ങളെ വരച്ചുവെച്ചിരിക്കുന്ന ഒരുപാട് കാര്‍പ്പറ്റുകളുണ്ട്: വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങളില്‍ വന്നിടിക്കുന്ന വിമാനങ്ങളുടെ ചിത്രത്തിന് ചുറ്റും അഫ്ഗാന്‍ കൊടികളും അമേരിക്കന്‍ കൊടികളും. മറ്റൊന്നില്‍ അമേരിക്കന്‍ അഫ്ഗാന്‍ സൗഹൃദം സൂചിപ്പിക്കുന്ന പതാകകളുടെ ഒരു മേളനം കാണാം.

കഴിഞ്ഞ മൂന്നുമാസമായി തന്റെ പുതിയ സൃഷ്ടിയുടെ പണിപ്പുരയിലാണ് അഹമ്മദ്: പതിനഞ്ചടി നീളവും പത്തടി വീതിയുമുള്ള പരവതാനിയില്‍ പ്രിഡേറ്ററുകള്‍ മുതല്‍ ഗോള്‍ഡന്‍ ഹോക്കുകള്‍ വരെയുള്ള പല തരം ഡ്രോണുകളെ ചിത്രീകരിച്ചിരിക്കുന്നു. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇത് വാങ്ങാന്‍ പോകുന്നത്, അവര്‍ ആയിരം ഡോളര്‍ തരുമെന്ന് അഹമ്മദ് പറയുന്നു. ആഴ്ചകളായി അവര്‍ ഇമെയിലില്‍ സംവദിക്കുന്നുണ്ട്. അഹമ്മദ് ഡിസൈനുകളും ചിത്രങ്ങളും അവര്‍ക്ക് അയച്ചുകൊടുക്കുന്നുമുണ്ട്.

അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന് പതിയെ പിന്മാറുന്നതുകൊണ്ടാണ് ഈ പുതിയ താല്‍പ്പര്യം പ്രധാനമായും ഉണ്ടായത്. “പരവതാനികളുടെ ഓര്‍ഡറുകള്‍ വിദേശത്തുനിന്നാണ് വരുന്നത്”, അഹമ്മദിന്റെ മകന്‍ മൊഹമ്മദ്‌ നസീര്‍ പറയുന്നു. “അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന സമയമായതുകൊണ്ടു വിദേശികള്‍ക്ക് ഓര്‍മ്മിക്കാന്‍ എന്തെങ്കിലും വേണമെന്നുണ്ട്.”

ഡ്രോണ്‍ പരവതാനിക്ക് രണ്ട് ഓര്‍ഡര്‍ കൂടിയുണ്ട്, അതേ പോലെ രണ്ട് ട്വിന്‍ ടവര്‍ കാര്‍പ്പറ്റിനും. മസാര്‍ ഈ ഷരീഫ്, കുണ്ടുസ്, ഹേരാറ്റ് എന്നിവിടങ്ങളില്‍ പരിചയമുള്ള നെയ്ത്തുകാരും ഡ്രോന്‍ പരവതാനി ഉണ്ടാക്കുന്നുവെന്നാണ് അഹമ്മദ് പറയുന്നത്. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകാനാണ് അഹമ്മദിന്റെ പ്രാര്‍ത്ഥന.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് വിദേശസേന അംഗങ്ങളും കോണ്‍ട്രാക്ടര്‍മാരും എംബസി ജീവനക്കാരും രാജ്യം വിട്ടു. താലിബാന്‍ ആക്രമണങ്ങളുടെ പേരില്‍ ഇതില്‍ പലരും ഇപ്പോഴും വമ്പിച്ച സുരക്ഷയ്ക്കുകീഴിലാണ്. അവര്‍ക്ക് കാര്‍പ്പറ്റുകള്‍ വാങ്ങാന്‍ ചിക്കന്‍ സ്ട്രീറ്റിലോ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളിലോ പോകാന്‍ നിര്‍വാഹമില്ല.പ്രാദേശിക കലകള്‍ പോഷിപ്പിക്കാന്‍ അമേരിക്കന്‍ എംബസി നടത്തിയിരുന്ന ബസാറില്‍ നസീര്‍ സ്ഥിരമായി പരവതാനികള്‍ വില്‍ക്കാന്‍ പോകാറുണ്ടായിരുന്നു. 2500 മുതല്‍ 3500 ഡോളര്‍ വരെ വിലയുള്ള പരവതാനികള്‍ താന്‍ വിറ്റിരുന്നു എന്ന് നസീര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ 500 ഡോളര്‍ കിട്ടിയാലായി എന്ന് നസീര്‍. പണ്ട് ധാരാളം വിദേശികളുണ്ടായിരുന്നു, ഇപ്പോള്‍ കഥ മാറി, അഹമ്മദ് വിലപിക്കുന്നു.

ഡ്രോണ്‍ പരവതാനികള്‍ തന്റെ കച്ചവടം മെച്ചപ്പെടുത്തുമെന്നാണ് അഹമ്മദിന്റെ പ്രതീക്ഷ. ന്യൂസിലാണ്ട്കാരി സ്ത്രീ സുഹൃത്തുക്കളോട് പറഞ്ഞാല്‍ അവര്‍ പരവതാനി വാങ്ങിയെങ്കിലോ? ഒരു അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണിലെ സുഹൃത്തുക്കളോട് പറഞ്ഞ് അങ്ങനെ കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്താലോ?

കൂടുതല്‍ നല്ല യുദ്ധ ചിഹ്നങ്ങള്‍ ഇനിയും പരവതാനികളില്‍ ചേര്‍ക്കാനും കഴിഞ്ഞേക്കും.

“അമേരിക്കക്കാര്‍ പോയി. ഇനി ആരാണ് ഇവിടെ വരികയെന്നറിയില്ല”, അഹമ്മദ് പറയുന്നു. “ചിലപ്പോള്‍ ഇസ്ലാമിക് സ്റേറ്റ് വരുമായിരിക്കും. അപ്പോള്‍ ഞാന്‍ അവരുടെ കറുത്ത കൊടികളും കറുത്ത ഉടുപ്പുകളും പരവതാനികളില്‍ തുന്നിവെയ്ക്കും.”

തന്റെ ജീവിതത്തിലെ ആകെയുള്ള സ്ഥിരത തന്റെ പരവതാനികളാണെന്ന്‌ അഹമ്മദ് പറയുന്നു.

“അവയില്‍ നിന്ന് നമ്മുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒക്കെ അഫ്ഗാനിസ്ഥാന്റെ യുദ്ധങ്ങളുടെ കഥ മനസിലാക്കാം.”, അഹമ്മദ് പറയുന്നു. “എന്റെ പരവതാനികള്‍ എന്നും നിലനില്‍ക്കും.”


Next Story

Related Stories