TopTop
Begin typing your search above and press return to search.

ദേശസ്നേഹം: അടിയുടുപ്പോ പുതപ്പോ ജീവവായുവോ - ഇരവാദത്തിനൊരു മറുവാദം

ദേശസ്നേഹം: അടിയുടുപ്പോ പുതപ്പോ ജീവവായുവോ - ഇരവാദത്തിനൊരു മറുവാദം

രഞ്ജിത് ജി കാഞ്ഞിരത്തില്‍

അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ഡി. ധനസുമോദിന്റെ ലേഖന (ജട്ടി പാന്‍റ്സിനു പുറത്തിടേണ്ടി വരുന്ന ഇന്ത്യന്‍ മുസ്ലീമിന്‍റെ ജീവിതം) മാണ് ഈ കുറിപ്പിനാധാരം. തങ്ങള്‍ ദേശസ്നേഹികളാണ് എന്നിടക്കിടെ പറയേണ്ടി വരുന്ന ദുരവസ്ഥയിലാണ് ഇന്ത്യന്‍ മുസല്‍മാന്‍ എന്നുള്ള വ്യാജപ്രചാരണത്തിന് ചില സൈബര്‍ സംഭവങ്ങള്‍ എടുത്തുദാഹരിച്ച് അടിവരയിട്ടു കൊടുക്കുന്ന ലേഖനമാണതെന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസങ്ങളില്‍ നവ മാധ്യമങ്ങളില്‍ പറന്നു കളിച്ച സ്ക്രീന്‍ ഷോട്ടിന്‍റെ കൂടി പിന്‍ബലത്തില്‍ ചില മുന്‍വിധികളെ നിഗമനങ്ങളാക്കി പ്രമോഷന്‍ കൊടുക്കുന്നുമുണ്ട്.

റോമന്‍ യാക്കോബ്സന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ റഷ്യന്‍ ഭാഷാ ശാസ്ത്രജ്ഞനാണ്. അദ്ദേഹം സാഹിത്യഭാഷയുടേതായി നിരീക്ഷിച്ചിട്ടുള്ള ഒരു ദ്വന്ദ്വപരികല്പനയാണ് രൂപകവും ഉപദാനവും (metaphor/ metonymy). ഭാഷകസമൂഹം ഭാഷക്കുള്ളിൽ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ചില വ്യുല്‍ക്രമങ്ങളാണ് ഈ പേരുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഭാഷാപരമായ സ്മൃതിനഷ്ടം (അഫാസിയാ) എന്ന സവിശേഷ പ്രശ്നം നേരിടുന്നവർ ഭാഷാപരമായ ചില വൈകല്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ ഭാഷണ വൈകല്യത്തിൽ സാദൃശ്യപരമായ ക്രമക്കേട് (similarity disorder), തുടര്‍ച്ചാപരമായ ക്രമക്കേട് (contiguity disorder) എന്നിങ്ങനെ രണ്ടുതരം ക്രമക്കേടുകളാണ് സംഭവിക്കുന്നത്. സാദൃശ്യപരമായ തകരാറിൽ വേണ്ട പദം വേണ്ട സ്ഥാനത്ത് പ്രയോഗിക്കാൻ കിട്ടാതെ വരുന്നു. കത്തിക്കു പകരം ഫോർക്ക് എന്നും തീയ്ക്ക് പകരം പുക എന്നും അഫാസിയ ബാധിച്ചവർ പ്രയോഗിക്കുന്നു. പദങ്ങൾ മാറിപ്പോകുന്ന അവസ്ഥയാണിത്. ഭാഷയിലെ തുടർച്ചാപരമായ തകരാറ് അഥവാ കണ്ടിഗ്വിറ്റി ഡിസോർഡർ എന്നത് ഒരു വാക്കിനു ശേഷം പ്രയോഗിക്കേണ്ട വാക്കുകൾ കിട്ടാതെ വരുന്ന അവസ്ഥയാണ്. തന്മൂലം വാക്യരചന സാധ്യമല്ലാതെ വരുന്നു. നിരർത്ഥകമായ കുറേ പദങ്ങളുടെ കൂട്ടം മാത്രമായി ഇവിടെ വാക്യം മാറുകയും ചെയ്യും. ഇത്രയും ആമുഖമായി അനുവാചകന്‍റെ മനസ്സില്‍ നില്‍ക്കട്ടെ.

ആദ്യത്തെ തര്‍ക്കവിഷയം ജട്ടി എന്നുള്ള പ്രയോഗം തന്നെയാണ്. രാജ്യസ്നേഹത്തെ ജട്ടി എന്ന വസ്തു കൊണ്ട് സദൃശപ്പെടുത്തിയിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ പലരുടേയും സ്വഭാവരുചിക്കിണങ്ങുന്ന ബിംബകല്‍പന തന്നെയാണത്. ജട്ടി അഥവാ അടിവസ്ത്രം പുറത്തല്ല അകത്താണ് ധരിക്കേണ്ടത് എന്നുള്ള വൃത്താന്തമാണല്ലോ കടുഹാസ്യത്തിന്‍റെ കാതല്‍. കടുത്തഹാസ്യം കറുത്ത ഹാസ്യമായി തീരുന്നതും അവിടെയാണ്. അടിവസ്ത്രം നിര്‍ബന്ധമല്ല. പല കാരണങ്ങളാല്‍ പലരും അതുപയോഗിക്കാറില്ല. കാരണങ്ങളില്‍ ആ തുണ്ടുതുണിയോടുള്ള അനിഷ്ടമുണ്ടാകാം, വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടാകാം. ഫംഗസ് ബാധയും ഒരു കാരണമാകാം. എങ്ങനെയായാലും അടിവസ്ത്രം വേണമെങ്കില്‍ ധരിച്ചാല്‍ മതി എന്നാണ് അര്‍ത്ഥം. അതേസമയം രാജ്യസ്നേഹത്തിന്‍റെ പ്രാധാന്യം വേണമെങ്കില്‍ ധരിച്ചാല്‍ മതിയാകുന്ന അടിവസ്ത്രമായിട്ടാണൊ അതോ നിലച്ചാല്‍ ജീവസന്ധാരണം പ്രശ്നമാകുന്ന ശ്വാസം, മിടിപ്പ്, കാഴ്ച, കേള്‍വി തുടങ്ങിയവയില്‍ ഏതെങ്കിലുമാണോ എന്നുള്ള വൈകാരികമല്ലാത്ത ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ദേശരാഷ്ട്രം, ദേശീയത എന്നീ സങ്കല്‍പനങ്ങള്‍ ജിംഗോയിസമെന്ന ചാപ്പയില്‍പ്പെട്ടു വര്‍ജ്യമാകുന്ന ഒരു സ്ഥിതിവിശേഷമാണിന്ന്. ഇങ്ങനെ മുദ്രയടിക്കുന്നതില്‍ പാന്‍ ഇസ്ലാമിക് - ആന്‍റി ഹിന്ദു – ആന്‍റി നാഷണല്‍ ത്രിത്വങ്ങള്‍ അതിശയകരമായ സാമ്യവും ഐക്യദാര്‍ഡ്യവും പുലര്‍ത്തുന്നുമുണ്ട്. അമിത ദേശീയത, വംശ കുലീനത, മതവെറി എന്നിവയാണ് ജിംഗോയിസത്തിന്‍റെ വാര്‍പ്പ് മാതൃകകള്‍ എന്നിരിക്കെ ഇന്ത്യയിലെ ജനതയുടെ തനതുസ്വഭാവമായ സംസ്കാരത്തോടും ജീവിത സാഹചര്യങ്ങളോടും ചരിത്ര പൌരാണികതകളോടുമുള്ള നിര്‍മ്മലമായ സ്നേഹത്തെ ഇങ്ങനെ ജിംഗോയിസം എന്നു മുദ്ര കുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. അതായത്, ഈ ദേശരാഷ്ട്രത്തോട് അതില്‍ അധിവസിക്കുന്ന ജനതയ്ക്കുള്ള സ്നേഹ, ബഹുമാനങ്ങള്‍ കേവലമൊരു അടിവസ്ത്രമല്ല. അതവരുടെ ശ്വാസവും കാഴ്ചയും കേള്‍വിയും മിടിപ്പുമാണ്. പക്ഷേ കഴിഞ്ഞ കുറെ കാലങ്ങളായി ഇവിടെ സംഭവിക്കുന്നത് തിരിച്ചാണ്. വേണ്ടി വന്നാല്‍ ഊരി മാറ്റാവുന്ന, വേണമെങ്കില്‍ മാത്രം ധരിക്കാവുന്ന അടിവസ്ത്രമാണ് തങ്ങള്‍ക്ക് ദേശസ്നേഹം എന്നു വിളംബരം ചെയ്യുകയാണ് പലരും.

ഇതേപോലെ തന്നെ സൃഷ്ടിക്കപ്പെട്ടതും എന്നാല്‍ തത്പരകക്ഷികള്‍ക്കു കൃത്യമായ ഒളിയിടമൊരുക്കുന്നതുമായ സിദ്ധാന്തമാണ് ഇസ്ലാമോഫോബിയ. പാന്‍ - പ്രോ - ഇസ്ലാമിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ഈ വാക്ക് ഏറ്റവും വലിയ പരിചയാണ് എന്നു തോന്നും. പക്ഷേ അതൊരു ആയുധമാണ്. പ്രവര്‍ത്തിക്കുന്നത് ട്രോജന്‍ കുതിര പോലെയാണെന്നു മാത്രം. എല്ലാവിധ വിധ്വംസക പ്രവര്‍ത്തികള്‍ക്കും മതപരമായ കാരണങ്ങള്‍ ഉപയോഗിച്ച് രക്ഷപെടാന്‍ കഴിയുന്ന സവിശേഷ അക്ഷരക്കൂട്ടം. അകാരണമായ ഭയം എന്നാണ് ഫോബിയ എന്ന വാക്കിന്‍റെ അര്‍ത്ഥം. ഇവിടെയാര്‍ക്കും ഇസ്ലാമിനോട് അകാരണമോ സകാരണമോ ആയ ഭയമില്ല. മറിച്ച് ഇസ്ലാമിനെ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു വ്യാഖ്യാനിക്കുന്ന മതപുരോഹിതന്മാരോടും അവരുടെ അനുയായി വൃന്ദത്തോടും ഭയമുണ്ട്. അതുപക്ഷേ, അകാരണമായ ഭയമല്ല. സമുദായത്തിലെ ആ വക പുഴുക്കുത്തുകളെ തളിപ്പറയാന്‍ തയ്യാറായാല്‍ തീരുന്നതാണ് ആ ഭയം.

ഇന്ത്യന്‍ മുസല്‍മാന്‍റെ അവസ്ഥയെക്കുറിച്ചുള്ള വിലാപത്തിലെ പൊള്ളത്തരമാണ് ഇതിലെ കാതലായ വിഷയം. ഭൂഗോളത്തില്‍ മറ്റേത് രാജ്യത്തും അതതു ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുന്നവരാണ് ഇന്ത്യന്‍ മുസ്ലീംങ്ങള്‍. എത്ര ഇസ്ളാമിക രാജ്യങ്ങളിലുണ്ട് ഇത്ര ബൃഹത്തായ ന്യൂനപക്ഷ സംരക്ഷണ നിയമങ്ങള്‍? തീര്‍ച്ചയായും ഇന്ത്യയില്‍ ചില സംഘര്‍ഷങ്ങളുണ്ട്, അവയെ കാണാതിരിക്കുന്നില്ല. പക്ഷേ പാകിസ്ഥാന്‍ എന്ന സങ്കല്‍പ്പത്തിന്റെ തന്നെ പരമാചാര്യനായിരുന്ന കവി അല്ലാമാ ഇഖ്ബാലിന് ഭാരതം കൊടുത്തിട്ടുള്ള ആദരവ് നോക്കൂ. അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയും ജാമിയ മിലിയ ഇസ്ലാമിയയും ഒക്കെ ഇവിടെ തലയുയര്‍ത്തി നില്ക്കുന്നു. മറിച്ച് പാകിസ്ഥാനിലോ? ഇന്ന് ലോകോത്തരമായി നില്‍ക്കുന്ന ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂള്‍ തുടങ്ങിയത് ലാഹോറില്‍ ആണ്. അവിടെ മാഹാത്മാ ഹന്‍സ്രാജ് സ്ഥാപിച്ച ദയാനന്ദ് ആങ്ഗ്ലോ വേദിക് കോളേജിന്‍റെ കാര്യം തന്നെയെടുക്കാം. ഭഗത് സിംഗ്, സാണ്ടെര്‍സിനെ വെടിവെച്ചത് ഇവിടെ അടുത്ത് വെച്ചാണ്, അതിനു ശേഷം ഭഗത്തും സംഘവും ഒളിയിടമാക്കിയത് ഡി‌എ‌വി കോളേജിന്‍റെ ഹോസ്റ്റല്‍ ആയിരുന്നു.(http://www.shahidbhagatsingh.org/biography/c6.htm). 1947-ല്‍ ഇന്ത്യന്‍ പഞ്ചാബില്‍ നിന്നും പാകിസ്ഥാനിലെത്തിയ മുഹാജിറുകളെ താമസിപ്പിച്ചതവിടെയാണ്. പിന്നീട് Anjuman-e-Himayat-i-Islam എന്ന ഇസ്ളാമിക സംഘടനക്ക് സര്‍ക്കാര്‍ ഇത് വിട്ടുകൊടുത്തു. അവരതിനെ ഇസ്ലാമിയ കോളേജ് എന്നു പുനര്‍നാമകരണം ചെയ്തു. (http://www.giccl.edu.pk/). സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിലുള്ള സംരംഭത്തിന്‍റെ അവസ്ഥയാണിത് എന്നോര്‍ക്കണം.

ഇന്ത്യയില്‍ തീവ്രവാദത്തിന് പിടിയിലാകുന്നവരുടെ വിദ്യാഭ്യാസയോഗ്യത ശ്രദ്ധിക്കൂ. സിംഹഭാഗവും പ്രഫഷണല്‍ ബിരുദധാരികളോ ഉയര്‍ന്ന മറ്റേതെങ്കിലും വിദ്യാഭ്യാസമുള്ളവരോ ആണ്. ഈ രാജ്യം നല്‍കുന്ന എല്ലാ സൌകര്യങ്ങളും ഉപയോഗിച്ച് വളര്‍ന്നശേഷം രാജ്യത്തേക്കാള്‍ വലുത് മതമാണ് എന്നു പറയുന്നവര്‍ ആ പ്രവര്‍ത്തിയിലെ അധാര്‍മികതയെക്കുറിച്ച് ഓര്‍ക്കുന്നതേയില്ല. അങ്ങനെയെങ്കില്‍ രാജ്യം നല്‍കുന്ന ആനുകൂല്യങ്ങള്‍ അവര്‍ എന്തിന് ഉപയോഗിക്കുന്നു. (അതേ, ആനുകൂല്യങ്ങള്‍; ആ വാക്ക് തന്നെ ഉറപ്പിച്ച് പ്രയോഗിക്കുന്നു, ജനതക്ക് മുഴുവനായി അല്ലാതെ ശതമാനക്കണക്ക് നോക്കി ഒരു വിഭാഗത്തിന് മാത്രം നല്കിയ പാക്കേജുകളെ അവകാശങ്ങള്‍ എന്നു പേരിട്ടു വിളിച്ച അന്നാണ് ഈ രാജ്യത്തിന്‍റെ പതനവും ദുര്‍വിധിയും ആരംഭിക്കുന്നത്).

ഒരു ദേശത്ത്, അതും നിയമവാഴ്ച നടക്കുന്ന ഒരു ദേശത്തു ജീവിക്കുമ്പോള്‍ ദേശീയ ബിംബങ്ങളെ മാനിക്കേണ്ടി വരും. അവിടെയാണ് പതാകയും ദേശീയഗാനവും കടന്നു വരുന്നത്. ദേശീയഗാനം മുഴങ്ങവേ എഴുന്നേറ്റില്ലെങ്കില്‍ ഹിന്ദുവായാലും ബുദ്ധമതാനുയായിയായാലും നടപടി നേരിടേണ്ടി വരും. ദേശീയപതാകയെ അപമാനിച്ചാല്‍ കേസെടുക്കുക പേരോ ജാതി, മത, വര്‍ണ വൈജാത്യങ്ങളോ നോക്കിയല്ല. പക്ഷേ ഇതിനൊക്കെ മതത്തെ കൂട്ടുപിടിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നത്, കുറ്റം എന്നു വ്യാഖ്യാനിക്കാവുന്ന പ്രവര്‍ത്തി ചെയ്തിട്ട് ഇരവാദം മുഴക്കുന്നത് കുറ്റകൃത്യങ്ങളിലും ശിക്ഷാനടപടികളിലും ന്യൂനപക്ഷാവകാശം ഭരണഘടനാപരമായി വേണമെന്ന് വാദിക്കുന്നതിന് തുല്യമാണ്. സിനിമ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് ഒരിയ്ക്കലും ആശാസ്യമല്ല. അതില്‍ പക്ഷേ ദേശീയഗാനം പ്രതിയാവുന്നതെങ്ങനെ? കേള്‍പ്പിച്ചാല്‍ അവിടെ എഴുന്നേറ്റ് നിന്നേ പറ്റൂ. കേള്‍പ്പിക്കുന്നതിനെതിരെ പുലഭ്യദശകങ്ങള്‍ രചിച്ച ആവേശക്കമ്മിറ്റിക്കാര്‍ ആ അനഭിലഷണീയ നടപടി നിര്‍ത്തലാക്കാന്‍ എന്തു ചെയ്തു? ഒന്നും ചെയ്തതായി അറിവില്ല. പകരം ഒന്നാം തരം ഇരവാദം ഇറക്കി.

ഒരു യുവാവിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട സ്ക്രീന്‍ ഷോട്ടും അതിന്‍റെ കൌണ്ടറും ആണ് മറ്റൊരു ബിന്ദു. അതിന്‍റെ യാഥാര്‍ഥ്യം പുറത്തു വരാന്‍ പോകുന്നേയുള്ളൂ. കുറ്റാരോപിതന്‍ തന്‍റെ നിലപാടില്‍ പലതവണ മലക്കം മറിഞ്ഞത് പലമാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണവും വിചാരണയും നടക്കട്ടെ. പക്ഷേ ആ കൌണ്ടര്‍ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ അതില്‍ ആ യുവാവിന്റെ പേരിനൊപ്പം ഇര എന്നു വലിയ മലയാള അക്ഷരത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. വീണ്ടും ഇരവാദമാണിവിടെ.

ഇവിടെയുള്ള എല്ലാ ഇരവാദ ഭയങ്ങളും കുറ്റവാളികളെയും കുറ്റാരോപിതരേയും, മതം നോക്കി സംരക്ഷിക്കില്ല എന്നു തീരുമാനമെടുത്താല്‍ തീരുന്നതേയുള്ളൂ. മറിച്ച് ഇവിടെ നടക്കുന്നത് സംരക്ഷണമാണ്. മൂവാറ്റുപുഴയില്‍ ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസിലെ ഒരു കുറ്റാരോപിതന്‍ ബ്ളോക്ക് പഞ്ചായത്തിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പാറ്റേണ്‍ മാത്രം നോക്കിയാല്‍ മതി, മതം എത്രത്തോളം ഇത്തരക്കാരെ ആശ്ലേഷിക്കുന്നു എന്നു മനസ്സിലാക്കാന്‍. സ്ഥാനാർത്ഥി: പ്രൊ. അനസ്. വാഴക്കുളം ബ്ലോക്ക് വഞ്ചിനാട് ഡിവിഷൻ, ഭൂരിപക്ഷം: 1902 വോട്ട്. അനസിന് 3992 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിലെ എതിര്‍സ്ഥാനാര്‍ഥി എംഎം മുഹമ്മദിന് 2089 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. 1902 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിലെ കുഞ്ഞുമുഹമ്മദ് (മമ്മി സെഞ്ചുറി) 1666 വോട്ട് നേടി. പിഡിപിക്ക് ഇവിടെ 223 വോട്ട് കിട്ടി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുഹമ്മദ് അര്‍ഷദ് 498 വോട്ടും, കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥി 228 വോട്ടും നേടി. സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ നടന്ന പ്രചാരണത്തിലൂടെയാണ് ഇത്രയും കനത്ത വിജയം നേടിയത്. വാഴക്കുളം പഞ്ചായത്തിലെ 6,7,8,9,10,11 വെങ്ങോല ഗ്രാമ പഞ്ചായത്തിലെ 7,9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് വഞ്ചിനാട് ഡിവിഷന്‍.

ഇരവാദികള്‍ പറയുന്ന മനുഷ്യാവകാശത്തില്‍ പോലുമുണ്ട് ഇരട്ടത്താപ്പ്. ഇത്തരം ഇരവാദക്കാര്‍ എന്നും പറയുന്ന പേരാണ് പ്രാണേഷ് കുമാര്‍ പിള്ള അഥവാ ജാവേദ് ഷെയ്ക്ക്. അയാള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നാണ് ആരോപണം. ഇന്ത്യയില്‍ ഇങ്ങനെ നടക്കുന്ന പോലീസ് ഏറ്റുമുട്ടലുകളില്‍ മറ്റൊന്നിലും ഇവര്‍ മനുഷ്യാവകാശം പറഞ്ഞു രംഗത്ത് വരുന്നില്ല എന്നതാണു വിചിത്രം. 2006-ല്‍ മുംബൈയില്‍ ഡോംബിവ്ളിയില്‍ രാജേഷ് ഭാസ്കര്‍ നായര്‍ എന്നൊരാള്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജാവേദ് ഷേക്ക്, ഇസ്രത്ത് ജഹാന്‍ കേസിലെ എല്ലാ മനുഷ്യാവകാശ വിഷയങ്ങളും ഉള്ള സംഭവമാണ് ഇതും. പക്ഷേ ഏതെങ്കിലും ഒരു ഇസ്ളാമിക ജിഹ്വ ഒരിക്കലെങ്കിലും ഇതൊരു വാര്‍ത്തയാക്കിയോ? ഇല്ല. ഭരണകൂടം എന്നു പറഞ്ഞാല്‍ ഉടന്‍ പ്രാണേഷ് എന്നു പറയുന്നവര്‍ രാജേഷ് എന്നു മിണ്ടുക പോലും ചെയ്യാത്തത് ആ വിഷയത്തില്‍ ഒരു ഇസ്ലാമിക് കണ്ടെന്‍റ് ഇല്ലാത്തത് കൊണ്ടാണ്. അവരുടെ വിഷയം ഒരിക്കലും മനുഷ്യാവകാശമല്ല, കേവലം മതപരമായ ഐക്യപ്പെടല്‍ മാത്രമാണ്. കണക്ക് നോക്കിയാല്‍ ഭരണകൂടത്തിന്‍റെ ഏറ്റവും വലിയ ഇര നമ്പി നാരായണന്‍ ആണ്. പക്ഷേ അദ്ദേഹം ഒരിക്കലും മത, ജാതി സമവാക്യങ്ങളില്‍ രക്ഷ നേടാന്‍ നോക്കിയിട്ടില്ല.

ദേശാഭിമാന പ്രചോദിതരായി കല്ലും കുറുവടിയുമായി കടയ്ക്കു നേരെ പാഞ്ഞു വരുന്ന സംഘീകളെ ഭയക്കുന്ന മുസ്ലീം യുവാവിന്‍റെ കദനകഥ പാടുമ്പോള്‍ സമീപ ഭൂതകാലത്ത് കണ്ണൂരില്‍ മതതീവ്രവാദികള്‍ കത്തിച്ചുകളഞ്ഞ സ്റ്റുഡിയോ നാം മറക്കരുത്. ഇവിടെ ത്രിവര്‍ണത്തെക്കുറിച്ചുള്ള സൂചന പോലും ആസ്ഥാനത്താണ് എന്നു പറയാതെ വയ്യ. നായനാര്‍ എന്നു പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ എന്താണ് ഓര്‍മ വരുന്നത്? ആരാണ് ഓടിയെത്തുക? ഇതേപോലെ ഓരോവാക്കും ഓരോ പ്രതീകങ്ങള്‍ തന്നെയാണ്. അതൊക്കെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായകളുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ത്രിവര്‍ണം എന്നാല്‍ വയലറ്റ്, ഇന്‍ഡിഗോ, യെല്ലോ എന്നല്ല. അങ്ങനെ സാമാന്യവത്ക്കരിക്കാന്‍ പറ്റുകയുമില്ല.

ഇവിടെ ആ യുവാവ് ഭയപ്പെടുന്നത് സംഘികളെ എന്തെങ്കിലും പറഞ്ഞിതിനല്ല, ത്രിവർണ്ണത്തെ പരിഹസിച്ചതിനാണ്. നിയമവാഴ്ച്ച നിലവിലുള്ള രാജ്യത്ത് പൗരൻ എന്തിനെയെങ്കിലുമൊക്കെ പേടിക്കുക തന്നെ വേണ്ടി വരും. രാജ്യത്തെ നിർഭയമായി അവഹേളിക്കാൻ സാധിക്കുന്ന അവസ്ഥയെക്കാൾ എന്തുകൊണ്ടും ഭേദം തന്നെയാണ് ദേശത്തെയും ദേശീയ ബിംബങ്ങളേയും ഒക്കെ അപമാനിക്കുന്നവർക്ക് ആരെയെങ്കിലുമൊക്കെ പേടിക്കാനുണ്ട് എന്നത്. എന്നാലാ പേടി ഉറപ്പാക്കേണ്ടത് സംഘികളുടെ മാത്രം പണിയല്ല. അതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണ്. ബാക്കിയുള്ളവരെല്ലാം പുറകോട്ടു മാറിയത് കൊണ്ട് ആ കടമയിൽ സംഘികൾ മാത്രം ബാക്കിയായതാണ്. ദേശീയതയുടെ പേരിലുള്ള സാങ്കല്പിക ആക്രമണങ്ങളെ പ്രതിയാക്കുമ്പോള്‍ ഇവിടെ നടന്ന, നടന്നുകൊണ്ടിരിക്കുന്ന മതപരമായ അക്രമങ്ങള്‍ കാണാതെ പോകുന്നു. അതിനോടൊക്കെ സമൂഹമെടുക്കുന്ന മൃദുസമീപനമാണ് യഥാര്‍ത്ഥ പ്രതി.

ചുരുക്കട്ടെ ഇവിടെ വിഷയം ദേശസ്നേഹമല്ല. ദേശസ്നേഹം എന്താണ് എന്നുള്ളതാണ്. മുന്‍ ലേഖനം പറയുന്നതുപോലെ അത് ചിലര്‍ക്ക് പുതപ്പാണ്. തണുപ്പ് വരുമ്പോള്‍ എടുത്തു പുതക്കാനുള്ള, കള്ളത്തരം പിടിക്കപ്പെടുമ്പോള്‍ തലവഴി മൂടാനുള്ള പുതപ്പ്. ചിലര്‍ക്കത് അടിവസ്ത്രമാണ്, വേണമെങ്കില്‍ മാത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒന്ന്. (ഈ കുറിപ്പിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ച ഭാഷാപരമായ സ്മൃതിനഷ്ടം (അഫാസിയാ) അല്ല ഇത്തരം കല്‍പനകള്‍ക്ക് കാരണം. കൃത്യമായ അജണ്ടയാണ്. ആ അജണ്ടയില്‍ അതുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്തവര്‍ വീണു പോകുന്നു. അങ്ങനെയാണ് കശ്മീര്‍ തീവ്രവാദികളെ പോരാളികള്‍ എന്നു വിശേഷിപ്പിച്ച രീതി. (അതിപ്പോള്‍ മിക്ക മലയാള പത്രങ്ങളും പിന്തുടരുന്നു.) പക്ഷേ ഇതൊന്നുമല്ലാത്ത, ദേശവും അതിനോടുള്ള സ്നേഹവും കാഴ്ചയും കേള്‍വിയും ശ്വാസവുമായ ഒരു വിഭാഗമിവിടെയുണ്ട്. ദേശസ്നേഹത്തെ പുതപ്പും വിരിപ്പും വിഴുപ്പും ഒക്കെയായി ഉപയോഗിക്കുന്നത് തീര്‍ച്ചയായും ആ ജനത ചോദ്യം ചെയ്തെന്നിരിക്കും. അപ്പോള്‍ ഇരവാദം മുഴക്കിയിട്ടു കാര്യമില്ല.

(മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories