TopTop
Begin typing your search above and press return to search.

മാലിന്യ സംസ്കരണത്തിന്റെ ആറ്റിങ്ങല്‍ മാതൃക- പരമ്പര ഭാഗം 1

മാലിന്യ സംസ്കരണത്തിന്റെ ആറ്റിങ്ങല്‍ മാതൃക- പരമ്പര ഭാഗം 1

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രാദേശിക ഗവണ്‍മെന്റുകള്‍ എന്ന നിലയില്‍ വികസനത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. സുസ്ഥിര വികസനം സാധ്യമാക്കാന്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വേറിട്ട ശ്രമങ്ങളെ നോക്കികാണാന്‍ ശ്രമിക്കുകയാണ് അഴിമുഖം ഈ അന്വേഷണ പരമ്പരയിലൂടെ.

നീതു ദാസ്

മനുഷ്യരുടെ പെരുപ്പത്തിനൊപ്പം, അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം പെരുകിക്കൊണ്ടിരിക്കുന്നതും സമൂഹത്തിന്റെ വികസന നയങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്താനാകാത്തതുമായ ഒന്നായി മാലിന്യവും അതിന്റെ സംസ്‌കരണവും മാറിയിരിക്കുന്നു. 6000 ടണ്ണോളം ഖരമാലിന്യം കേരളത്തില്‍ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മുനിസിപ്പല്‍ സോളിഡ് വേസ്റ്റ്‌സ് ആക്ട് 2000 പ്രകാരം നഗരപരിധിയിലെ ഖരമാലിന്യത്തിന്റെ ശേഖരണവും തരംതിരിക്കലും സംസ്‌കരണവും അതാത് നഗരസഭയുടെ ചുമതലയാണ്. നഗരപരിധിക്കപ്പുറത്തെ തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കൊണ്ട് തള്ളുന്നത് ഈ നിയമം കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് രീതികള്‍ നിലവിലുണ്ടെങ്കിലും അത് പ്രായോഗികമായി നടപ്പാക്കുന്നതില്‍ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിളപ്പില്‍ശാലയിലെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചത് ഒരു കൂട്ടരുടെ മാലിന്യം മറ്റൊരു കൂട്ടര്‍ സഹിക്കണമെന്ന യുക്തിയില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ടാണ്. കാര്യക്ഷമമായി മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ നാട്ടുകാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അത്തരം പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും കൂടുകയേ ഉള്ളൂ. ജാഗ്രതയോടു കൂടിയ, നാട്ടുകാരെ പങ്കാളികളാക്കിക്കൊണ്ടുള്ള, സമൂഹത്തിന്റെ ശുചിത്വത്തിലും ആരോഗ്യത്തിലും ഊന്നിക്കൊണ്ടുള്ള മാലിന്യ സംസ്‌കരണം ജനതയുടെ സംസ്‌കാരമായി മാറുമ്പോഴെ അത് പൂര്‍ണമാകുന്നുള്ളു.

ഖരമാലിന്യ സംസ്കരണം- ആറ്റിങ്ങല്‍ മാതൃക
മാലിന്യം അതുണ്ടാകുന്നിടത്തുതന്നെ സംസ്‌കരിക്കുക എന്ന രീതി ജനങ്ങളുടെയും ഭരിക്കുന്നവരുടെയും കൂട്ടുത്തരവാദിത്തത്തെയാണ് ഓര്‍മിപ്പിക്കുന്നത്. മാലിന്യം ഉണ്ടാകുന്നതിന് കാരണമായവര്‍ അതിന്റെ സംസ്‌കരണത്തിലും പങ്കാളിയാവുക എന്നത് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന സാമൂഹ്യബോധവും കര്‍ത്തവ്യബോധവും ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയെ മാത്രം ആശ്രയിച്ചാലുള്ള പരിമിതികള്‍ മറികടക്കാനാണ് ആറ്റിങ്ങല്‍ നഗരസഭ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റ് എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നത്.



ഉറവിട മാലിന്യ സംസ്‌കരണ രീതിയിലൂടെ ഭാവിയില്‍ ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ആവശ്യകത തന്നെ കുറച്ചു കൊണ്ടുവരികയെന്നതാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. നഗരസഭ പരിധിയില്‍ വരുന്ന 9000 വീടുകളില്‍ ആയിരം വീടുകള്‍ക്കും ബയോഗ്യാസ് പ്ലാന്റ് നഗരസഭ അനുവദിച്ചു. ഇതില്‍ അഞ്ഞൂറോളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാണ്. ഒരു മണിക്കൂര്‍ പാചകത്തിനായുള്ള ഇന്ധനവും വീട്ടുവളപ്പിലെ കൃഷിക്ക് ആവശ്യമായ വളവും ഒരു ബയോഗ്യാസ് പ്ലാന്റിലൂടെ കണ്ടെത്താനാകും. അത്തരത്തില്‍ ഓരോ വീടും തങ്ങളുടെ മാലിന്യങ്ങളിന്‍ നിന്ന് ഊര്‍ജം കണ്ടെത്തുകയാണെങ്കില്‍ മാലിന്യ പ്രശ്‌നം വലിയൊരളവില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. മൂന്നര കിലോ ജൈവ മാലിന്യവും അത്ര തന്നെ വെള്ളവും ആവശ്യമായുള്ള ബയോഗ്യാസ് പ്ലാന്റാണ് വീടുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. 10000 രൂപ ചെലവു വരുന്ന ഒരു പ്ലാന്റ് 75 ശതമാനം സബ്‌സിഡിയിലാണ് നഗരസഭ വിതരണം ചെയ്യുന്നത്. കൂടാതെ സ്‌കൂളുകളിലും ആശുപത്രികളിലുമടക്കം എട്ടോളം കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിലെ കാന്റീനുകളിലെ പാചകത്തിന് ഇങ്ങനെയാണ് ഇന്ധനം കണ്ടെത്തുന്നത്.

ഇതുകൂടാതെ നാലര ഏക്കര്‍ സ്ഥലത്ത് ഖരമാലിന്യ പരിപാലന കേന്ദ്രത്തിനും നഗരസഭ മേല്‍നോട്ടം വഹിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് വീടുകളിലും കടകളിലും നിന്നും മാലിന്യം ശേഖരിച്ച് ഇവിടെ എത്തിക്കുന്നത്. വീടൊന്നിന് 75 രൂപ നിരക്കിലാണ് ഇവര്‍ മാലിന്യ ശേഖരണം നടത്തുന്നത്. മാലിന്യം സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു കഴിയുന്നതോടെ കുടുംബശ്രീയുടെ ഉത്തരവാദിത്തം കഴിഞ്ഞു. ദി കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന ഏജന്‍സിയാണ് തുടര്‍ന്നുള്ള തരംതിരിക്കലും സംസ്‌കരണവും ചെയ്യുന്നത്. 200 രൂപ ദിവസ വരുമാനത്തില്‍ 6 പുരുഷന്മാരും 13 സ്ത്രീകളുമാണ് മാലിന്യസംസ്‌കരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാലിന്യത്തിന്റെ അളവും ഈര്‍പ്പവും കണക്കിലെടുത്ത് കേരളത്തിന് ഏറ്റവും അനുയോജ്യമായ വിന്‍ഡ്രോ കമ്പോസ്റ്റിങ് രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും മറ്റും ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം ഒന്നുകൂടി തരംതിരിച്ച് (പ്രീ സെഗ്രിഗേറ്റ്) നിശ്ചിത ഉയരത്തിലും അളവിലും കൂട്ടിയിടും. 15 ദിവസത്തിനുള്ളില്‍ കൂനയിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം കാരണം ഊഷ്മാവ് 70 മുതല്‍ 90 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരുകയും സൂക്ഷ്മാണുക്കള്‍ മുഴുവന്‍ നശിക്കുകയും ചെയ്യുന്നു. കൂനയിലേക്ക് മാലിന്യം കമ്പോസ്റ്റായി മാറാന്‍ സഹായിക്കുന്ന സൂക്ഷ്മാണുക്കളെ മാത്രം ചേര്‍ക്കുന്നു. ഇത് 28-30 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റായി മാറും. അതിനുശേഷം കമ്പോസ്‌ററായി മാറിക്കഴിഞ്ഞ മാലിന്യത്തെ മറ്റൊരു സ്ഥലത്ത് 30 ദിവസത്തോളം കൂട്ടിയിടുന്നു. മാലിന്യത്തിലെ ഇര്‍പ്പം കളയാനാണിത്. അങ്ങനെ മൊത്തത്തില്‍ അറുപത് ദിവസത്തിന് ശേഷം കമ്പോസ്റ്റായി മാറിയ മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുന്നു. അത് പ്ലാസ്റ്റിക് ഷ്രെഡിംങ് മെഷീനിലൂടെ നുറുക്കിയെടുക്കുന്നു. ഇങ്ങനെ പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് റോഡ് ടാറിങ്ങിന് ഉപയോഗിക്കാനും മറ്റും ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഓരോ വിന്‍ഡ്രോയും പൊടിഞ്ഞ് കമ്പോസ്റ്റ് പാകമാകുമ്പോള്‍ അരിപ്പ യന്ത്രം ഉപയോഗിച്ച് ചെറു തരികളുള്ള കമ്പോസ്റ്റായി മാറ്റി പാക്ക് ചെയ്യുന്നു. ഇത് പാക്കൊന്നിന് നാലു രൂപ നിരക്കില്‍ ഇവിടെ നിന്ന് വില്‍ക്കുന്നുണ്ട്. 11 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള സ്ഥലസൗകര്യത്തില്‍ പോലും 15 ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കുന്നുണ്ട്. അതുകാരണം നഗരസഭ പരിധിക്കുള്ളില്‍ മാലിന്യം കെട്ടിക്കിടന്ന് അതൊരു സാമൂഹിക പ്രശ്‌നമോ ആരോഗ്യ പ്രശ്‌നമോ ആകുന്നില്ല.



'ആത്മാര്‍ഥമായി ഇടപെടാന്‍ താത്പര്യമുള്ള കൗണ്‍സിലും ഉദ്യോഗസ്ഥരും അത് കാര്യക്ഷമമായി നടത്താന്‍ പ്രാപ്തിയുള്ള ഏജന്‍സികളുമുണ്ടെങ്കിലെ മാലിന്യ സംസ്‌കരണം വിജയമാവുകയുള്ളു'വെന്ന് ദി കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി മോഹന്‍കുമാര്‍ പറയുന്നു. മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും പ്രധാനമായ കാര്യമാണ് ലീച്ചെറ്റിന്റെ പരിചരണം. മാലിന്യം അഴുകുമ്പോള്‍ അതില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ദ്രാവകമാണ് ലീച്ചെറ്റ്. ഇത് ഭൂമിക്കടിയിലെ നീരുറവകളില്‍ കലരുമ്പോഴാണ് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇതിനെ വരുതിയിലാക്കുക എന്നത് ഏതൊരു മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെയും വിജയത്തിന് അനിവാര്യമാണ്. ഇവിടെ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിലൂടെ ഉണ്ടാകുന്ന ലീച്ചെറ്റിനെ ഭൂമിയിലിറങ്ങാനനുവദിക്കാതെ പൈപ്പിലൂടെ ബയോഗ്യാസ് പ്ലാന്റിനകത്തേക്ക് കടത്തിവിട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്. കേന്ദ്രത്തിനകത്തെ ബയോഗ്യാസ് പ്ലാന്റിലേക്ക് അറവുശാലകളില്‍ നിന്നുമായി ദിവസവും 700 മുതല്‍ 1000 വരെ കിലോഗ്രാം മാലിന്യമാണ് എത്തുന്നത്. 35 ക്യൂബിക് മീറ്റര്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 5 കിലോ വാട്ട് ശേഷിയുള്ള ജനറേറ്ററിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അത്രയുമാണത്. സാങ്കേതികവും സാമ്പത്തികവുമായ കടമ്പകള്‍ മറികടക്കാനായാല്‍ കേന്ദ്രത്തിന് ആവശ്യമായ വൈദ്യുതി ഇത്തരത്തില്‍ ജനറേറ്ററില്‍ നിന്ന് ഉത്പാദിപ്പിക്കാവുന്നതാണ്. നിലവില്‍ ജീവനക്കാരുടെ പാചകാവശ്യങ്ങള്‍ക്കായി മാത്രമാണ് ഇന്ധനം ഉപയോഗിക്കുന്നത്. കേന്ദ്രത്തിനകത്ത് ഒരു മണ്ണിര കമ്പോസ്റ്റ് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ചുമതല കുടുംബശ്രീക്കാണ്.

മാലിന്യ സംസ്‌കരണവും സര്‍ക്കാര്‍ നയങ്ങളും
'മാലിന്യ സംസ്‌കരണമെന്നത് മിക്കവാറും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കീറാമുട്ടി ആയി തുടരുമ്പോള്‍ ആറ്റിങ്ങലില്‍ സ്ഥിതി വ്യത്യസ്തമായത് നഗരസഭ ജീവനക്കാരുടെയും ഏജന്റിന്റെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും 31 ജനപ്രതിനിധികളുടെയും ആത്മാര്‍ഥതയും അതിലുപരി നഗരത്തിലെ ജനങ്ങളുടെ അവബോധവും ഉയര്‍ന്ന ചിന്തയും കാരണമാണ്.' നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് കുമാരി പറയുന്നു. മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി എന്നതാണ് ആറ്റിങ്ങലിന്റെ വിജയരഹസ്യം.

മാലിന്യം വഴിയരികില്‍ വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്തയാളെ കണ്ടെത്തി പിഴയടപ്പിക്കുന്നത് നാട്ടുകാരുടെ സഹകരണത്തോടുകൂടിയാണ്. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെ വിളിച്ചു ചേര്‍ത്ത് മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ നടത്തിയത് ഗുണമായി. കെട്ടിക്കിടക്കുന്ന മാലിന്യമില്ലാതായതോടെ തന്നെ പകര്‍ച്ചപ്പനികള്‍ ഇവിടെ നിന്ന് വിട്ടു നിന്നു. ശാസ്ത്രീമായ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് താമസിക്കാം എന്നതിന് തെളിവു കൂടിയാണ് ആറ്റിങ്ങലിലെ ഖര മാലിന്യ പരിപാലന കേന്ദ്രം. കേരളത്തിലെ മറ്റ് നഗരസഭകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി മാലിന്യ സംസ്‌കരണത്തിലെ ആറ്റിങ്ങല്‍ മാതൃക പഠിക്കാന്‍ ഇവിടെ നിരവധിപേര്‍ എത്തുന്നു. പുതിയ സാങ്കേതിക വിദ്യയോ ചെലവേറിയ മാര്‍ഗങ്ങളോ അല്ല വിഷയത്തിനോടുള്ള ആത്മാര്‍ഥതയും താത്പര്യവുമാണ് മാലിന്യ സംസ്‌കരണം സുഗമമായി നടക്കാന്‍ കാരണം. ഏറ്റവും ചെലവ് കുറഞ്ഞതും അനുയോജ്യമായതുമായ വിന്‍ഡ്രോ രീതിയിലെ മാലിന്യ സംസ്‌കരണം തുടങ്ങിവെച്ച പലയിടങ്ങളിലും തുടരാനായില്ല. ജാഗ്രതയോടെ ഓരോ ദിവസത്തെയും മാലിന്യം കെട്ടിക്കിടക്കാതെ കൈകാര്യം ചെയ്യുക എന്നതായിരിക്കണം വിജയമന്ത്രം.

ഒരു കിലോ വെയ്‌സ്റ്റ് സംസ്‌കരിച്ച് വളമാക്കുന്നതിന് കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന ഏജന്‍സിക്ക് 40 പൈസയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുക. ഇത് അപര്യാപ്തമായതിനാല്‍ 80 പൈസ മുതല്‍ ഒരു രൂപ വരെ നിരക്ക് ഇവരാവശ്യപ്പെടുന്നു. നിലവില്‍ 14-16 ടണ്‍ മാലിന്യമാണ് എത്തുന്നതെന്നതിനാല്‍ 1,60,000 - 1,70,000 രൂപ വരെയാണ് ഏജന്‍സിയുടെ വരുമാനം. ഈ തുക നഗരസഭ സ്വന്തം ഫണ്ടില്‍ നിന്ന് കൊടുക്കുന്നു എന്നത് കൊണ്ട് ഇവിടെ പ്രവര്‍ത്തനം മുടങ്ങുന്നില്ല. മുഴുവന്‍ ഉത്തരവാദിത്തവും ഏജന്‍സിയെ ഏല്‍പ്പിച്ച് മാറി നില്‍ക്കുകയല്ല മറിച്ച് നഗരസഭയുടെ ഗുണപരമായ ഇടപെടലുകള്‍ ദിനംപ്രതി ഇവിടെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലൊരു ഇടപെടല്‍ നടക്കാത്തതിന്റെ പേരിലാണ് പലയിടത്തും പാതി വഴിയില്‍ പ്രവര്‍ത്തനം മുടങ്ങുന്നത്. സംസ്‌കരിക്കുന്നതിനുള്ള കഴിവുകേടും അനാസ്ഥയുമാണ് മാലിന്യമെന്നത് ഒരു പ്രശ്‌നമാക്കി മാറ്റുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ആര്‍വിജി മേനോന്‍ പറയുന്നു. ''മാലിന്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ നമുക്കില്ല. മുനിസിപ്പാലിറ്റികളില്‍ മാലിന്യസംസ്‌കരണത്തിന്റെ ചുമതല അതാത് ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കാണ്. എന്നാല്‍ ഇവര്‍ വിഷയത്തില്‍ പരിശീലനം നേടിയവരല്ല. പിന്നെ ഇത് നഗരസഭയുടെ മാത്രം ഉത്തരവാദിത്തമാണെന്ന ബോധം ജനങ്ങള്‍ക്കുമുണ്ട്. ഓരോ വീട്ടിലും സംസ്‌കരിക്കാന്‍ പറ്റുന്നതും അല്ലാത്തതുമായ മാലിന്യം ഉണ്ടാകുന്നുണ്ട്. വീടുകളില്‍ സംസ്‌കരിക്കാന്‍ പറ്റാത്ത മാലിന്യം അതിന് സൗകര്യമുള്ള കേന്ദ്രങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തം അവരവര്‍ക്കാണ്.''

മാത്രവുമല്ല സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനോ സാമ്പത്തികമായി പിന്തുണക്കാനോ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രാപ്തമല്ലെന്നത് യാഥാര്‍ഥ്യമാണ്.

പരിഹരിക്കാനാകാത്ത പരിമിതികള്‍
ജൈവമാലിന്യം പൂര്‍ണമായി സംസ്‌കരിച്ച് വളമായും മറ്റും ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഒരു പരിധി വരെ രൂപം മാറ്റം വരുത്തി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ സംസ്‌കരണത്തിന്റെ അവസാനം പുറന്തള്ളുന്ന ടയര്‍, കുപ്പിച്ചില്ല് തുടങ്ങിയ റിജക്ടുകളെയും മറ്റും സാനിറ്ററി ലാന്റ് ഫില്ലിങിലൂടെ കുഴിച്ചുമൂടുക എന്നതല്ലാതെ മറ്റ് വഴികളൊന്നും നമ്മുടെ മുന്നിലില്ല. ലാന്റ് ഫില്ലിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് ഒരു മീറ്റര്‍ വരെ ഘനത്തില്‍ മാലിന്യം നിക്ഷേപിച്ചതിന് ശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് അതിനെ ഇടിച്ചമര്‍ത്തിവെക്കുന്ന രീതിയാണിത്. മണ്ണുമായോ ഭൂഗര്‍ഭജലവുമായോ കലരാതിരിക്കാനായി 1.5 ഘനമുള്ള ഹൈഡെന്‍സിറ്റി പോളിഎത്തിലിന്‍ ഷീറ്റ് വിരിച്ചതിന് മുകളിലാണ് റിജക്ടുകള്‍ നിക്ഷേപിക്കുക. ഇതില്‍ രൂപപ്പെടുന്ന വായുവും വെള്ളവും തിരിച്ചെടുക്കാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്. ആറ്റിങ്ങല്‍ നഗരസഭ ഇതിനായി ടെന്റര്‍ വിളിച്ചെങ്കിലും പ്രവൃത്തിപരിചയമുള്ള ഒരു ഏജന്‍സിയും മുന്നോട്ട് വന്നിട്ടില്ല. കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് തന്നെ ലാന്റ്ഫില്ലിങ്ങിനുള്ള സര്‍ക്കാര്‍ അനുമതിക്കായി നഗരസഭ അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. ഇത്തരത്തില്‍ 5 വര്‍ഷത്തെ മാലിന്യം കുഴിച്ചുമൂടാന്‍ ഒന്നരക്കോടിയോളം രൂപ ചെലവ് വരും. സ്ഥലപരിധി കഴിഞ്ഞാല്‍ 25 വര്‍ഷത്തേക്ക് അവിടം മൂടിയിട്ട് മലിനമായ വെള്ളവും മീതെയ്ന്‍ പോലുള്ള വാതകങ്ങളും പുറത്തേക്ക് മാറ്റാനുള്ള സൗകര്യവും ഒരുക്കണം. ഇതിനായി 5 വര്‍ഷത്തേക്ക് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടി വരും. കേരളത്തിലെ സ്ഥലപരിമിതി കാരണം ഈ രീതി പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി മോഹന്‍കുമാര്‍ പറയുന്നു.



ഒരു തരത്തിലും സംസ്‌കരിക്കാന്‍ കഴിയാത്ത റിജക്ടുകളെ ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ 600 മുതല്‍ 1400 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഊഷ്മാവില്‍ സംസ്‌കരിക്കുന്ന രീതിയാണ് വേറൊന്ന്. ആറു കോടി രൂപയാണ് യന്ത്രത്തിനും അതിന്റെ പ്രവര്‍ത്തനത്തിനുമായി ചെലവ് വരിക. പൈറോലിസിസ് രീതി വലിയ ആരോഗ്യ, സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. മാരകമായ കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍, ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങിയവ പൈറോലിസിസിലൂടെ ഉത്പാദിപ്പിക്കപ്പെടും. യന്ത്രത്തകരാറുമൂലമോ മറ്റോ വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്ത് കടക്കാനുള്ള സാധ്യതയും ഹൈഡ്രജന്റെ സാന്നിധ്യം മൂലമുള്ള സ്‌ഫോടന സാധ്യതയുമാണ് പൈറോലിസിസ് ഉയര്‍ത്തുന്ന ഭീഷണികള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും ടയറുകളും പൈറോലിസിസിന് വിധേയമാക്കിയാല്‍ ലഭിക്കുന്ന പൈറോലിസിസ് ഓയില്‍, പൈറോലിസിസ് വാതകം, കാര്‍ബണ്‍ ബ്ലാക്ക് എന്നിവ വ്യവസായശാലകളില്‍ ഇന്ധനമായി വീണ്ടും ഉപയോഗിക്കാം.

ഇലക്ട്രോണിക് ഉത്പന്നത്തിന്റെ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായാല്‍ അതിന്റെ ഉത്തരവാദിത്തം അതത് ഉത്പാദകര്‍ക്കാണെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് 2011ല്‍ പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയ ഇ-വേസ്റ്റ് (മാനേജ്‌മെന്റ് ആന്റ് ഹാന്റലിങ്) നിയമം. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലെ മെര്‍ക്കുറി, ലെഡ്, കാഡ്മിയം തുടങ്ങിയ മാരകമായ മാലിന്യങ്ങളെ സംസ്‌കരിക്കുന്ന ഉത്തരവാദിത്തം ഈ നിയമത്തിലൂടെ കമ്പനികള്‍ക്ക് കൈമാറപ്പെടുന്നുണ്ടെങ്കിലും സംസ്‌കരണരീതി അവിടെയും പ്രശ്‌നമായേക്കാം. പ്രാദേശിക കേന്ദ്രങ്ങളില്‍ ഇ-വേസ്റ്റുകളും ഹസാഡസ് വേസ്റ്റുകളും ശേഖരിച്ച് പരിസ്ഥിതിയുമായി കലരാത്ത വിധം സൂക്ഷിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കേണ്ടതാണ്. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് ഉപയോഗശൂന്യമായ ഇ-വേസ്റ്റുകളെയും മറ്റും കാര്യക്ഷമമായി സംസ്‌കരിക്കാനുള്ള കഴിവ് നമ്മള്‍ നേടിക്കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാത്ത അത്തരം വിഷയങ്ങളില്‍ അടിയന്തരമായ ഇടപെടല്‍ തത്സ്ഥിതി ആവശ്യപ്പെടുന്നുണ്ട്.


Next Story

Related Stories