TopTop
Begin typing your search above and press return to search.

മാലിന്യത്തിലെ ജാതി-ലിംഗക്കളികള്‍

മാലിന്യത്തിലെ ജാതി-ലിംഗക്കളികള്‍

നീണ്ട പന്ത്രണ്ട് വര്‍ഷങ്ങളായി മാലിന്യവും അതിനു ചുറ്റുമുള്ള സാമൂഹ്യ ജീവിതത്തെ കുറിച്ചുമുള്ള പഠനം ഞാന്‍ ആരംഭിച്ചിട്ട്. ഒരു അക്കാദമിഷ്യനോ സൈദ്ധാന്തികനോ അല്ല ഞാന്‍. എന്നിരിക്കിലും ഇതുമായി ബന്ധപ്പെട്ട എന്റെ ചില ചിന്തകള്‍ നിങ്ങളുടെ പരിഗണണനയ്ക്കായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

നമ്മുടെ രാജ്യത്തിന് ഇതുവരെ പരിഹരിക്കാനാവാത്ത ഒന്നായി നിലനില്‍ക്കുകയാണ് മാലിന്യ പ്രശ്നം. ഇതിനായി നിരവധി കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞു. ധാരാളം പണവും മുടക്കിക്കൊണ്ടിരിക്കുന്നു. ഖര മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികളെ അഭിസംബോധന ചെയ്യുമ്പോള്‍ പരാജയപ്പെടുന്നതില്‍ മാലിന്യവുമായി ബന്ധപ്പെട്ട രണ്ടു ഘടകങ്ങള്‍ നിര്‍ണ്ണായകമാണ് എന്നാണ് ഞാന്‍ കരുതുന്നത്.

ലിംഗപദവി
നമ്മുടെ വീടുകള്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വരെ കണ്ടു വരുന്ന ഒന്നാണ് ലിംഗവിഭജനം. മാലിന്യനിര്‍മ്മാര്‍ജനം / ശുചീകരണം സ്ത്രീകളുടെ മാത്രം ചുമതലയാണ് എന്നതാണ് നമ്മുടെ പൊതുധാരണ. അഥവാ മാലിന്യനിര്‍മാര്‍ജനത്തെ നമ്മള്‍ സ്‌ത്രൈണവല്‍ക്കരിക്കുകയാണ്. എന്നാല്‍ ഇതൊരു മഹത്തായ സേവനം എന്ന തരത്തില്‍ നാം വിലകല്‍പ്പിക്കുന്നില്ല എന്നു മാത്രമല്ല വളരെ അവജ്ഞയോടെ തന്നെയാണ് ഇതിനെ പൊതുസമൂഹം കാണുന്നതും.


നിത്യജീവിതത്തിലെ ചില ഉദാഹരണങ്ങള്‍ നോക്കുക: ഒരു പുരുഷന്‍, തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുകയോ അടുക്കളയില്‍ സഹായിക്കുകയോ വീടുവൃത്തിയാക്കാന്‍ ഒപ്പം കൂടുകയോ ചെയ്താല്‍ സാധാരണനിലയില്‍ നാം അത്തരം പുരുഷന്‍മാരെ വിളിക്കാന്‍ ഒരു പേര് കണ്ടുപിടിച്ചിട്ടുണ്ട്; പെണ്‍കോന്തന്‍. ഇതേ ജോലികള്‍ ഒരു സ്ത്രീ അവളുടെ കടമകളായി കണ്ടുകൊണ്ട് മികച്ച രീതിയില്‍ ചെയ്യുമ്പോഴാണ് അവള്‍ ഒരു മാതൃകാഭാര്യയാകുന്നത് എന്നും നാം പറഞ്ഞുവയ്ക്കുന്നു.

അമ്മ എപ്പോഴും തന്റെ പെണ്‍മകളോട് വിളിച്ചു പറയുന്നതുകേള്‍ക്കാം; അവളുടെ സഹോദരന്‍ കഴിച്ച പാത്രംകൂടി കഴുകി വയ്ക്കണേന്ന്. ഈ അമ്മ ഒരിക്കലും ആണ്‍മകനോട് ഇതേ രീതിയില്‍ ആവശ്യപ്പെടാറുമില്ല. വീടുകളില്‍ നിന്ന് പുറത്തിറങ്ങി നമുക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചെല്ലാം. അവിടെയും ഉണ്ടല്ലോ മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍. അവിടെയും സത്രീകളുടെ സ്വാശ്രയസംഘങ്ങളെയാണ് വീടുവീടാന്തരം കയറിയിറങ്ങിയുള്ള മാലിന്യശേഖരണത്തിന് അയക്കുന്നത്. ഇത്തരം ജോലികള്‍ നല്‍കി ഈ ഭരണസ്ഥാപനങ്ങള്‍ സ്ത്രീകളെ സഹായിക്കുകയാണത്രേ!


മറ്റൊന്ന്കൂടി ചൂണ്ടിക്കാണിക്കാം. നമ്മുടെ ഓഫീസില്‍ ഒരു ചായസല്‍ക്കാരം നടന്നെന്നിരിക്കട്ടെ; ചായകുടിയെല്ലാം കഴിഞ്ഞ് ഒഴിഞ്ഞ ഗ്ലാസുകള്‍ മിച്ചമാകുമ്പോള്‍ അതെല്ലാമെടുത്ത് കഴുകി വയ്‌ക്കേണ്ട ചുമതലും സാധാരണഗതിയില്‍ വന്നുചേരുന്നത് നമ്മുടെ വനിതാ സഹപ്രവര്‍ത്തകരുടെ ചുമലിലാണ്.

ഇൗ സംസ്‌കാരം അടുത്തകാലത്തായിട്ട് തുടങ്ങിയതൊന്നുമല്ല, നൂറ്റാണ്ടുകളായി ഇതിങ്ങിനെ തന്നെയാണ്. ഇപ്പോഴും നമ്മുടെയെല്ലാം മനസ്സിനെ അത് പിന്തുടരുന്നു എന്നുമാത്രം.

ജാതി

ജാതിവ്യവസ്ഥിതിയില്‍ നമ്മുടെ രാജ്യത്തിന് ഒരു കുപ്രസിദ്ധിയുണ്ടായിരുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇതിനോളം പോന്ന ഉദാഹരണങ്ങള്‍ ഉണ്ടോയെന്ന് എനിക്ക് നിശ്ചയമില്ല. ഏതാനും മനുഷ്യരെ നാം കീഴ്ജാതിക്കാരായി നിലനിര്‍ത്തിയിരുന്നു. നമ്മുടെ മാലിന്യങ്ങള്‍ വാരാന്‍ അവരെ നാം നിര്‍ബന്ധിതരാക്കിയിരിക്കുന്നു. എല്ലാ മനുഷ്യാവകാശങ്ങളും ജീവിതത്തിന്റെ അന്തസ്സും അവര്‍ക്ക് നിഷേധിച്ചു. അതെല്ലാം ദൈവത്തിന്റെ പേരിലാണ് നാം നടപ്പാക്കിയതും. നൂറ്റാണ്ടുകളോളം നിലനിന്ന ഈ പാര്‍ശ്വവത്കരണം, നിയമം മൂലം ഇല്ലാതാക്കിയെന്ന് പറയുമ്പോഴും അവയൊന്നും പൂര്‍ണമായി ഈ സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്നതും വാസ്തവം.

സമൂഹത്തിന് ഒരു ന്യായവാദമുണ്ട്. മാലിന്യങ്ങള്‍ കോരുന്നത് കീഴ്ജാതിയുടെ ചുമതലയാണ്, അല്ലെങ്കില്‍ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ കീഴ്ജാതിയില്‍ നിന്നുവരുന്നവനാണ് എന്നതാണത്.


ആധുനിക യുഗത്തില്‍ കീഴ്ജാതിക്കാരനെ അവന്റെ സമുദായത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നിശ്ചയിക്കുന്ന ഘടകങ്ങള്‍ ഇവയാണ്; സാമ്പത്തികമായും ശാരീരകമായും ദുര്‍ബ്ബലനായവന്‍, കറുത്ത തൊലിയുള്ളവന്‍, വിലപേശലിന് ത്രാണിയില്ലാത്തവന്‍. ഇങ്ങനെയുള്ളവരൊക്കെ നമുക്ക് കീഴാളരാണ്.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, മാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങള്‍ എങ്ങനെയുള്ളതാണെന്ന്? മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളാനും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുമൊക്കെ ഏത് തരം ആളുകള്‍ ജീവിക്കുന്ന ചുറ്റുപാടുകളാണ് തെരഞ്ഞെടുക്കുന്നതെന്ന്? ഞാന്‍ മനസ്സിലാക്കിയെടുത്തോളം ദളിതരും ന്യൂനപക്ഷവും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും തങ്ങുന്ന പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ ആക്‌സമികമായി സംഭവിക്കുന്നതാണെന്ന് വിശ്വാസിക്കാന്‍ തക്ക കാരണങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

വംശീയ യാഥാസ്തിതികത്വം നമുക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ പൊതുസമീപനം ഇപ്പോഴും മാലിന്യവേര്‍തിരിക്കലും കംപോസ്റ്റിംഗും വൃത്തിയാക്കലും സ്ത്രീകളുടെയും കീഴാജാതിയുടെയും ചുമതലയാണെന്ന തരത്തിലേക്ക് മാറുന്നത്. അശക്തനായ പുരുഷനും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇതിനൊക്കെ കാരണം എന്താണെന്നോ? സമൂഹത്തിന്റെ പ്രത്യേകിച്ച് പുരുഷന്റെ ഇടുങ്ങിയ മനസ്സാണ്. അവന്‍ ഒരിക്കലും തന്റെ കുറ്റങ്ങള്‍ സമ്മതിക്കാനോ മേല്‍പ്പറഞ്ഞ കടമകള്‍ നിര്‍വഹിക്കാനോ തയ്യാറാവുന്നില്ല.

എനിക്കുറപ്പുണ്ട്, സ്വയം നിങ്ങളുടെ ചുറ്റുപാടിലേക്ക് ശ്രദ്ധിച്ചാല്‍ ഇത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിയുമെന്ന്. ഒരുപക്ഷേ നിങ്ങള്‍ ഇതൊക്കെ സ്വാഭാവിക കാഴ്ച്ചകളായി പിന്തള്ളുകയാകാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ദുര്‍ഗ്രഹമായവ ആയിരിക്കാം. പക്ഷേ ഈ കാര്യങ്ങള്‍ ആഴത്തില്‍ ചിന്തിക്കേണ്ടവയാണ്. ഇവിടെ നമുക്ക് കാണാനാവുന്നത് പൈശാചിക മാര്‍ഗ്ഗം തിരഞ്ഞെടുത്ത ചില ശാഖകളെ മാത്രമാണ്. വേരുകള്‍ പുറത്തെവിടെയോ ആണ്. അവ അറത്തുകളയേണ്ടത് ആവശ്യമായി മാറിയിരിക്കുന്നു; അനേകം തലകളുള്ള സര്‍പ്പത്തോടുള്ള ഏറ്റമുട്ടല്‍പ്പോലെ പ്രയാസമേറിയതാവുമെങ്കിലും.


അതിനു നമുക്ക് കഴിയുമെങ്കില്‍ നൂറ്റാണ്ടുകളായി തുടരുന്ന ചില തടസ്സങ്ങളെ നമുക്ക് തകര്‍ക്കാന്‍ കഴിയും. ഈ സാമൂഹ്യപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നെങ്കില്‍ മാത്രമെ നാം വേവലാതിപ്പെടുന്ന മാനില്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയൂ എന്നാണ് എന്റെ വിശ്വാസം.
എങ്ങിനെയാണ് ഈ പ്രശ്‌നം നാം പരിഹാരിക്കാന്‍ പോവുന്നത്? എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ? അതേക്കുറിച്ചുള്ള ആലോചനകള്‍ അടുത്ത ലക്കങ്ങളില്‍.
Next Story

Related Stories