TopTop
Begin typing your search above and press return to search.

ഈ ചെറുക്കനെന്തിനാ മാലിന്യം വാരുന്നത്? എന്നാല്‍ പച്ചപ്പുഴു കേരളത്തെ വൃത്തി പഠിപ്പിക്കുകയാണ്

ഈ ചെറുക്കനെന്തിനാ മാലിന്യം വാരുന്നത്? എന്നാല്‍ പച്ചപ്പുഴു കേരളത്തെ വൃത്തി പഠിപ്പിക്കുകയാണ്

'ഒരിക്കല്‍ കളിയാക്കിയവര്‍ ഇന്നു ജാബിറിന്റെ ആശയങ്ങള്‍ക്കായി കാതോര്‍ത്ത് കൂടെ നില്‍ക്കുന്നു എന്നിടത്താണ് നാളെയെ കുറിച്ചും ലോകം ചിന്തിച്ചു തുടങ്ങി എന്നു നാം മനസിലാക്കുന്നത്. രാജ്യത്തൊട്ടാകെ മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് പലവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പലതും വെള്ളത്തിലെ വരപോലെ പരാജയപ്പെട്ട് കോടികള്‍ പാഴാകുകയും ചെയ്യുമ്പോഴാണ് കോഴിക്കോട് പുതുപ്പാടി എന്ന ഗ്രാമത്തില്‍ നിന്ന് ജാബിര്‍ എന്ന ചെറുപ്പക്കാരന്‍ വിജയകരമായ മാലിന്യസംസ്‌കരണ പദ്ധതിയുമായി വേറിട്ടു നില്‍ക്കുന്നത്. ചീഞ്ഞുനാറിയ ഒരു നാടിനെ വൃത്തിയുടെ പുത്തന്‍ പാഠം പഠിപ്പിക്കുന്ന ഈ സ്വയംസംരംഭകന്റെ ജീവിതം പുതുവഴി തേടുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്. വൃത്തിയുടെ പച്ചപ്പുഴു (GREEN WORM) ഒരു ഫോണ്‍കോളിനപ്പുറം ആവശ്യക്കാരന്റെ അരികിലെത്തും.

ഉന്നത വിദ്യാഭ്യാസം നേടിയ ഒരു സമൂഹം അനായാസമായി മാലിന്യം നഗരവീഥിയിലേക്ക് വലിച്ചെറിയുമ്പോള്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഈ യുവാവ് പുതുവഴി തുറന്നു മുന്നേറുന്നത്. കൈവല്യ ഫൗണ്ടേഷന്‍ ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ളവരുടെ പട്ടികയിലേക്ക് തെരഞ്ഞെടുക്കുന്നതുവരെ എത്തിനില്‍ക്കുന്ന ജാബിറിന്റെ അത്ഭുത കഥ. കേരള ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ജാബിറിന്റെ ആശയങ്ങളറിഞ്ഞ് അമ്പരന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തോട് ഇത് വിളിച്ചുപറഞ്ഞിരുന്നു.

ചരിത്രത്തില്‍ നിന്നും വൃത്തിയിലേക്ക്

കോഴിക്കോട്ടെ പുതുപ്പാടി എന്ന കൊച്ചുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനനം. ഉപ്പ കൂലിപ്പണിക്കാരനാണ്. ഏട്ടന്‍ പത്താംക്ലാസിനപ്പുറം പഠിച്ചിട്ടില്ല. പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിനായി ഡല്‍ഹി സര്‍വകലാശാലയുടെ വിശാല ലോകത്തേക്കു പോകും വരെ ജാബിര്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നു. ലോകത്തെ കുറിച്ചും കാലത്തെ കുറിച്ചും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന സഹപാഠികള്‍, വിവിധ ഭാഷകള്‍ അനായസം കൈകാര്യം ചെയ്യുന്ന കൃത്യമായ ലക്ഷ്യ ബോധത്തോടെ പഠിക്കാനെത്തിയ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒറ്റപ്പെട്ടതുപോലെയായിരുന്നു ജാബിറിന്റെ സ്ഥിതി. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അഞ്ചു വര്‍ഷങ്ങള്‍ ജാബിറിന്റെ ചിന്തകളെയും ജീവിതത്തെയും മാറ്റിയെടുത്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം കൈവല്യ ഫൗണ്ടേഷന്റെ ഗാന്ധി ഫെലോഷിപ്പ് ലഭിക്കുകയും രണ്ടു വര്‍ഷം നീളുന്ന പഠത്തിനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ആ യാത്ര ജാബിറിനു സ്വയം കണ്ടെത്തല്‍ കൂടിയായിരുന്നു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ആയാസകരമായിരുന്ന ജാബിര്‍ രണ്ടുവര്‍ഷം കൊണ്ട് ആ കടമ്പ മറികടന്നു. കൂട്ടത്തിലെ ഏറ്റവും മികച്ച അംഗം എന്ന നിലയിലേക്കുയര്‍ന്ന ജാബിറിനോടു കാലാവധി തീര്‍ന്നപ്പോള്‍ ടീം ലീഡറായി തുടരണം എന്ന ആവശ്യം അധികൃതര്‍ മുന്നോട്ട് വെച്ചു. എന്നാല്‍ സ്വന്തമായി പലതും സ്വന്തം നാട്ടില്‍ ചെയ്യാനുണ്ടെന്ന ഉറപ്പോടെ ആ ആവശ്യം ജാബിര്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു.

മാലിന്യ സംസ്‌കരണത്തിനായി തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നന്വേഷിച്ച ജാബിര്‍, അമീര്‍ ഖാന്റെ ടി.വി പ്രോഗ്രാമായ സത്യമേവ ജയതയിലൂടെ പ്രശസ്തനായ വെല്ലൂര്‍ ശ്രീനിവാസനിലേക്കെത്തി. അദ്ദേഹത്തെ നേരിട്ട് കാണാനായി കോയമ്പത്തൂരിലെത്തിയെങ്കിലും ആഗ്രഹം സഫലമായില്ല. എന്നാല്‍ 3 ദിവസം കോയമ്പത്തൂരില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ താമസിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിച്ചു. ഒരു പ്രദേശത്തെ മാലിന്യം മുഴുവന്‍ സ്വയം ഏറ്റെടുത്തു കൊണ്ട് ശ്രീനിവാസന്‍ തീര്‍ത്ത വിജയഗാഥ ജാബിറിന് ഇരട്ടി ആത്മവിശ്വാസം നല്‍കി. നാട്ടിലെത്തി തന്റെ പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ചിലര്‍ പറഞ്ഞു- 'ഇത്രയൊക്കെ പഠിച്ചിട്ട് ഈ ചെക്കനെന്താ ഭ്രാന്താണോ മാലിന്യം വാരാന്‍..'

വലിയ വിജയത്തിനായി ചെറിയ തോല്‍വി

ആദ്യ ഘട്ടമായി പുതുപ്പാടിയിലെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വിഭവ വീണ്ടെടുക്കല്‍ കേന്ദ്രം എന്നൊരു സംരംഭം ആരംഭിച്ചു. 30 രൂപ മാസച്ചെലവില്‍ ഓരോ വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും ജൈവമാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ തന്നെ സംസ്‌ക്കരിക്കുന്നതുമായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നാട്ടുകാരില്‍ നിന്നുണ്ടായ സഹകരണം പിന്നീടില്ലാതായതോടെ പദ്ധതി പാതിവഴിയില്‍ അവസാനിച്ചു. തന്റെ എടുത്തുച്ചാട്ടവും പരാജയത്തിനു കാരണമായതായി ജാബിര്‍ പറയുന്നു.

തോല്‍വി ജാബിറിന് കൂടുതല്‍ ഊര്‍ജം നല്‍കി. പരാജയത്തില്‍ നിന്നു പുതിയ പാഠങ്ങള്‍ കണ്ടെത്തി. മാര്‍ക്കറ്റിനെ കുറിച്ച് കുടുതല്‍ പഠനം നടത്തി. പല സ്ഥലങ്ങളിലെ മാലിന്യസംസ്‌ക്കരണത്തിന്റെ വിജയകരമായ മാതൃകകള്‍ വിലയിരുത്തി. അതില്‍ നല്ല ആശയങ്ങള്‍ തന്റെ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തി.

മാലിന്യക്കൂമ്പാരത്തെ വിഴുങ്ങാന്‍ പച്ചപ്പുഴു പിറക്കുന്നു

2014 ല്‍ ജാബിര്‍ GREEN WORMS എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 'Touching the Roots of dirt' എന്നാണ് സംഘടനയുടെ ടാഗ് ലൈന്‍. തന്റെ ആശയങ്ങളിലും പദ്ധതിയിലും താത്പര്യം പ്രകടിപ്പിച്ചെത്തിയ പലരേയും ജാബിര്‍ കൂടെക്കൂട്ടി.

'തന്റെ വീട്ടില്‍ താന്‍ സൃഷ്ടിക്കുന്ന മാലിന്യം പോലും സംസ്‌ക്കരിക്കാന്‍ അറിയാത്തവരാണ് മലയാളികള്‍. പൊതുഇടങ്ങളാണ് നമ്മുടെ കുപ്പത്തൊട്ടികള്‍. അതുകൊണ്ടു തന്നെ GREEN WORMS ന്റെ പദ്ധതി ആരംഭിക്കുന്ന ഇടങ്ങളില്‍ ആദ്യം ചെയ്യുന്നത് മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പ്രാഥമിക അറിവ് പകര്‍ന്ന് കൊടുക്കുകയാണ്. തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിനുള്ള ഉപകരണങ്ങള്‍ കൈമാറും. മാസത്തില്‍ 30 രൂപ മാത്രമാണ് വീട്ടുകാരുടെ ചെലവ്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മാസത്തില്‍ രണ്ടു തവണ വീടുകളില്‍ ചെന്നു ശേഖരിക്കും. ഓരോ സ്ഥലത്തിനും അനുയോജ്യമായ രീതിയിലാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. ' ജാബിര്‍ പറയുന്നു.

പരിസ്ഥിതി സൗഹൃദ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുക എന്നതും ഗ്രീന്‍ വേംസിന്റെ പ്രധാന പ്രവര്‍ത്തനമാണ്. നൂറിലധികം കല്യാണങ്ങളും സമ്മേളനങ്ങളുമടക്കം നിരവധി പരിപാടികളിലൂടെ ഇതിനകം തന്നെ അടയാളപ്പെടുത്തലുകള്‍ ഉണ്ടാക്കി കഴിഞ്ഞു. അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത കുന്ദമംഗലം മര്‍കസ് സമ്മേളനം 25,000 രൂപയ്ക്കാണ് ഗ്രീന്‍ വേംസ് ഏറ്റെടുത്തത്. പരിപാടി സമാപിച്ചപ്പോള്‍ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കുക വഴി 16,000 രൂപ സംഘാടകര്‍ക്കു തന്നെ തിരിച്ചു നല്‍കി ജാബിര്‍ അവിടെയും അത്ഭുതമായി. അതിനിടെയാണ് കോഴിക്കോടെത്തിയ ധനമന്ത്രി തോമസ് ഐസക്ക് ജാബിറിനെ കണ്ടതും മാലിന്യസംസ്‌ക്കരണത്തെ കുറിച്ചുള്ള ജാബിറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞതും. തോമസ് ഐസക്ക് ആ അമ്പരപ്പ് മാറും മുമ്പേ തന്റെ ഫേസ്ബുക്കില്‍ ജാബിറിനെപ്പറ്റിയും പച്ചപ്പുഴുവിനെ പറ്റിയും എഴുതി. ഇത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

വൃത്തിയിലേക്ക് നമുക്ക് ഒന്നിച്ചുനടക്കാം

'മാലിന്യസംസ്‌കരണ പ്രവര്‍ത്തകര്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരമെന്താണ്. പലരും അറപ്പോടെയാണ് മാലിന്യ സംസ്‌കരണ തൊഴിലാളികളെ നോക്കുന്നത്. നമ്മുടെ ഈ സമീപനം തുടര്‍ന്നാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പോലും ഈ തൊഴില്‍ നിര്‍ത്തും. ഓരോ ദിവസവും അവരാണ് നമ്മുടെ നിരത്തുകള്‍ വ്യത്തിയാക്കുന്നത്. വലിച്ചെറിയാന്‍ നമ്മളും വൃത്തിയാക്കാന്‍ അവരും. പക്ഷേ അവര്‍ക്കു പോലും ആരും അര്‍ഹമായ പരിഗണന നല്‍കുന്നില്ല. ഇത് മാറണം. മാറ്റേത് ജോലി പോലെ തന്നെ ശ്രേഷ്ഠമായ ജോലിയാണിത്. ' ജാബിര്‍ പറയുന്നു.

ജാബിറിനെ ലോകം വിളിച്ചു തുടങ്ങിയിരുക്കുന്നു. പല സെമിനാറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ജാബിറിനു ക്ഷണം കിട്ടുന്നു. ഹരിത കേരളം മിഷന്റെ ഭാഗമായി നിരവധി പ്രോജക്ടുകളില്‍ ജാബിര്‍ പങ്കാളിയാണ്. അവയില്‍ കാണിച്ച മികവിന് അംഗീകാരങ്ങളും ജാബിറിനെ തേടിയെത്തി. കോഴിക്കോട് ജില്ലയില്‍ വിജയകരമായ മാലിന്യസംസ്‌ക്കരണം സാധ്യമാക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ജാബിറിപ്പോള്‍.

മാലിന്യം ഇല്ലാതായാല്‍ രോഗവും ഇല്ലാതാകും

രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല വഴി മരുന്നല്ല, മറിച്ച് ശുചിത്വമുള്ള ജീവിതാന്തരീക്ഷമാണ്. കേരളം പനിച്ചൂടില്‍ വിറയ്ക്കുന്ന ഈ മഴക്കാലത്ത് വീണ്ടും മാലിന്യസംസ്‌ക്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. എത്രയെത്ര പദ്ധതികള്‍ പല പല സര്‍ക്കാറുകള്‍ നടപ്പിലാക്കുയും പരാജയപ്പെടുകയും ചെയ്തു എന്നതിനു കണക്കില്ല. ഈ പദ്ധതികളെല്ലാം തന്നെ എവിടെയും എത്തിയില്ല എന്നതിന്റെ കൃത്യമായ തെളിവാണ് പനി പടര്‍ന്നു പിടിക്കുന്നത്.

'മാലിന്യം ഒരിടത്തു നിന്നെടുത്ത് മറ്റൊരിടത്ത് കൊണ്ട് നിക്ഷേപിക്കുന്നതല്ല മാലിന്യ സംസ്‌കരണം. അങ്ങനെ നിക്ഷേപിക്കപ്പെടുമ്പോള്‍ ആ പ്രദേശം ഇല്ലാതാകുന്നു. ഞെളിയന്‍പറമ്പൊക്കെ ഉത്തമോദാഹരണമാണ്. മാലിന്യം കൃത്യമായി സംസ്‌ക്കരിക്കപ്പെടുകയാണ് വേണ്ടത്. അല്ല എങ്കില്‍ അത് എവിടിരുന്നാലും കണക്കാണ്.'

ജാബിര്‍ പറയുന്നു.

കേരളം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പഴഞ്ചന്‍ മാലിന്യസംസ്‌ക്കരണ രീതികള്‍ ഉപേക്ഷിച്ച് ജാബിറിനെപ്പോലുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്ന പുത്തന്‍ ആശയങ്ങള്‍ കേള്‍ക്കാനും നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. നാളെയെ മുന്നില്‍ കണ്ടാണ് ഇനി മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. കാരണം നാളെ വരുന്ന തലമുറയ്ക്ക് ഈ ഭൂമിയെ ഇതിനെക്കാള്‍ സുന്ദരമായി കൈമാറുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ്.


Next Story

Related Stories