TopTop
Begin typing your search above and press return to search.

കേരളം കടുത്ത വറുതിയിലാണെങ്കിലും നിര്‍ബാധം ജലമൂറ്റി കഞ്ചിക്കോട്ടെ പെപ്സി കമ്പനി; പ്രതിഷേധത്തിന് പുല്ലുവില

കേരളം കടുത്ത വറുതിയിലാണെങ്കിലും നിര്‍ബാധം ജലമൂറ്റി കഞ്ചിക്കോട്ടെ പെപ്സി കമ്പനി; പ്രതിഷേധത്തിന് പുല്ലുവില
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പെപ്‌സിയുടെ ജലമൂറ്റലിനെതിരെ ജനരോഷം ശക്തിപ്പെടുകയാണ്. സംസ്ഥാനം കടുത്ത ജലക്ഷാമവും വരള്‍ച്ചാ ഭീഷണിയും നേരിടുന്നതിന് ഇടയിലാണ് പെപ്സിയുടെ ജലചൂഷണം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നത്. ചിറ്റൂരിന് സമീപമുള്ള പെരുമാട്ടി പഞ്ചായത്ത് ആഗോളശ്രദ്ധ പിടിച്ചു പറ്റിയത് കൊക്ക കോളയെന്ന ബഹുരാഷ്ട്ര ഭീമന്റെ ജലചൂഷണത്തിനെതിരായ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്. ജനകീയ സമരം കോളയെ കെട്ട് കെട്ടിച്ചെങ്കിലും നഷ്ടപരിഹാരത്തിലൂടെ അവര്‍ക്ക് ലഭിക്കേണ്ട നീതിയും അതിനായുള്ള ട്രൈബ്യൂണലിനുള്ള ശ്രമങ്ങളും മുന്നോട്ട് നീങ്ങുന്നില്ല. ജനങ്ങള്‍ക്ക് നീതി ഇപ്പോഴും അകലെയാണ്. ഏതാണ്ട് അതേകാലത്ത് തന്നെ വലിയ പ്രശ്‌നമായി തുടങ്ങിയിരുന്ന കഞ്ചിക്കോട്ടെ പെപ്‌സിക്കോയുടെ ജലചൂഷണം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.

കമ്പനി സ്ഥിതി ചെയ്യുന്ന പുതുശേരി പഞ്ചായത്തും സ്ഥലം എംഎല്‍എ വിഎസ് അച്യുതാനന്ദനും എംബി രാജേഷ് എംപിയും സിപിഎം ജില്ലാ കമ്മിറ്റിയുമെല്ലാം പ്രശ്‌നത്തില്‍ പെപ്‌സിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഭൂജല വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് സിപിഎം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും സര്‍ക്കാരിന്റെ ഈ സമീപനം പ്രദേശവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ജനകീയ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിപിഎം ജില്ലാകമ്മിറ്റി, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഭൂജല വകുപ്പിന്റെ സമീപനത്തില്‍ വിഎസ് അച്യുതാനന്ദന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന കൗണ്‍സില്‍ യോഗത്തിലും വിഷയം വലിയ ചര്‍ച്ചയായിരുന്നു. മേഖല കടുത്ത ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കെ പെപ്‌സി നടത്തുന്ന ജലചൂഷണം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കിയിരുന്നു. പ്രമേയം മുന്നോട്ട് വച്ച എംബി രാജേഷ്, പെപ്‌സി കമ്പനിയുടെ മോട്ടോര്‍ പമ്പുകള്‍ സീല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ഒരു ദിവസം ശരാശരി ആറര ലക്ഷം ലിറ്റര്‍ ജലം പെപ്‌സി ഊറ്റുന്നതായാണ് പുതുശേരി പഞ്ചായത്തിന്റെ ആരോപണം. 2011ലെ ഹൈക്കോടതി ഉത്തരവ് ആറ് ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം എടുക്കാന്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്തും വരള്‍ച്ചാക്കാലത്തും കര്‍ശന നിയന്ത്രണമുണ്ട്. വരള്‍ച്ചാക്കാലത്ത് കുടിവെള്ളത്തിനല്ലാതെ, മറ്റ് ആവശ്യങ്ങള്‍ക്കായി ഒരുദിവസം ഒന്നര ലക്ഷം ലിറ്ററിലധികം വെള്ളം എടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. കമ്പനി നില്‍ക്കുന്ന വ്യവസായ മേഖലയ്ക്ക് ചുറ്റുമുള്ളത് കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഗ്രാമങ്ങളാണ്. 10 കുഴല്‍കിണറുകളാണ് ഇവിടെ പെപ്‌സി സ്ഥാപിച്ചിരിക്കുന്നത്. സംയുക്ത പരിശോധനയ്ക്കായി ഭൂജല വകുപ്പിന്റെ സഹകരണം പഞ്ചായത്ത് തേടിയിരുന്നെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. കമ്പനിക്ക് പഞ്ചായത്ത്, സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും കമ്പനി അത് തള്ളിക്കളയുകയാണ് ചെയ്തത്. എടുക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയോ പഞ്ചായത്ത് അംഗങ്ങളേയോ പെപ്‌സിക്കോ അനുവദിക്കുന്നില്ല.

സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് നല്‍കിയ സ്റ്റോപ് മെമ്മോ, പെപ്‌സി തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ സിപിഎം സമരപ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായി ഒന്നുമുണ്ടായില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ക്കും കമ്പനിയുടെ കോംപൗണ്ടിനകത്തേയ്ക്ക് കടക്കാന്‍ അനുവാദമില്ലാത്ത തരത്തില്‍ ഒരു സമാന്തര വ്യവസ്ഥയാണ് പെപ്‌സി, കഞ്ചിക്കോടുണ്ടാക്കിയിരിക്കുന്നത്. 2000ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഒരു രൂപ പോലും നികുതിയായി സര്‍ക്കാരിലേയ്ക്ക് അടച്ചിരുന്നില്ല. കോടികളാണ് നികുതി ഇനത്തില്‍ കമ്പനി അടയ്ക്കാനുള്ളത്. 2015ല്‍ പുതിയ എല്‍ഡിഎഫ് ഭരണസമിതി വന്ന ശേഷം നിരവധി തവണ നോട്ടീസ് അയച്ച ശേഷമാണ് അമ്പത് ലക്ഷം രൂപ നികുതി അടയ്ക്കാന്‍ തയ്യാറായത്. ഏത് സര്‍ക്കാര്‍ വന്നാലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉദാരമായ സഹായമാണ് പെപ്‌സിയുടടെ ധൈര്യം. ആ ധൈര്യമാണ് അകത്തേയ്ക്ക് കടക്കണമെങ്കില്‍ ഡല്‍ഹിയിലുള്ള വൈസ് ചെയര്‍മാന്റെ അനുവാദം വേണമെന്ന് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പറയാനുള്ള ധൈര്യം പെപ്‌സിക്കുണ്ടാക്കുന്നത്.

പ്രദേശവാസികളുടെ മുന്നൂറോളം കുഴല്‍കിണറുകളില്‍ നിന്ന് വെള്ളം കിട്ടാത്ത അവസ്ഥയാണ്. പുതുശേരി പഞ്ചായത്തില്‍ ഇപ്പോള്‍ കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് വിതരണം ചെയ്യേണ്ട അവസ്ഥയിലാണ്. 53 ഏക്കറില്‍ പരന്ന് കിടക്കുന്ന കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് മേഖലയിലെ ജലത്തിന്റെ ഏതാണ്ട് 48.5 ശതമാനം ഊറ്റിയെടുക്കുന്നതായാണ് ആരോപണം. ഈ പ്രശ്‌നത്തില്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ഇങ്ങനെ സംഭവിക്കുന്നില്ല എന്നത് പെപ്‌സി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.

Next Story

Related Stories