TopTop
Begin typing your search above and press return to search.

കോളകമ്പനി മാത്രമല്ല ജലം ഊറ്റാന്‍ സര്‍ക്കാര്‍ അനുമതിയോടെ മദ്യകമ്പനികളും

കോളകമ്പനി മാത്രമല്ല ജലം ഊറ്റാന്‍ സര്‍ക്കാര്‍ അനുമതിയോടെ മദ്യകമ്പനികളും
സംസ്ഥാന കണ്ട ഏറ്റവും വലിയ ജല ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന പാലക്കാട്ടെ ജനങ്ങളെ കൂടുതല്‍ ദുരിതലേക്ക് നയിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നത്. പല രീതിയിലാണ് ജില്ലയില്‍ ജല ചൂഷണം നടക്കുന്നത്. നല്ലൊരു പങ്ക് ജലം ഊറ്റിയ കോളക്കമ്പനികള്‍ക്ക് ജനങ്ങളുടെ പ്രതിഷേധം മൂലം ചെറിയ ഒരു തടയിടാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായും പ്രദേശത്തെ ജലചൂഷണം തടയാന്‍ കഴിഞ്ഞിട്ടില്ല. വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റുന്ന നടത്തുന്ന മദ്യനിര്‍മാണ ഫാക്ടറികളാണ് കുടിവെള്ളംപോലും മുട്ടി നില്‍ക്കുന്ന പാലക്കാടന്‍ ജനങ്ങളെ വറുതിയില്‍ കൂടുതല്‍ പരീക്ഷിക്കുന്നത്. ഇതേ സര്‍ക്കാരാണ് രണ്ടുമാസം മുമ്പ് നിയമസഭയില്‍ കേരളം വരള്‍ച്ചാബാധിത പ്രദേശമാണെന്ന് പ്രഖ്യാപിച്ചത്.

മീങ്കര ഡാമിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ സ്പിരിറ്റ്സ്, പുതുശ്ശേരിയിലെ യുണൈറ്റഡ് ബ്രൂവറീസ്, എംപി ഡിസ്റ്റിലറി തുടങ്ങിയ കമ്പനികള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് കവര്‍ന്നെടുക്കുന്നത്. ഇംപീരിയല്‍ സ്പിരിറ്റ്സ് ദിനംപ്രതി പത്തു ലക്ഷത്തിലധം ലിറ്റര്‍ വെള്ളം ഭൂഗര്‍ഭ കുഴല്‍കിണറുകളിലൂടെ ചോര്‍ത്തിയെടുത്താണ് മദ്യം നിര്‍മിക്കുന്നത്. അതേ സമയം ജലസേചന വകുപ്പ് യുണൈറ്റഡ് ബ്രൂവറീസിന് ഒരു ദിവസം ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍, എംപി ഡിസ്റ്റിലറിക്ക് 33,000 ലിറ്റര്‍ വെള്ളവുമാണ് നല്‍കുന്നത്. എന്നാല്‍ ഈ കണക്കുകളിലും കൂടുതല്‍ ജലം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. കുടിവെള്ളത്തിനായി നിര്‍മ്മിച്ച പൈപ്പ് ലൈന്‍ വഴിയാണ് ഈ കമ്പനികള്‍ക്ക് വെള്ളം അനധികൃതമായി നല്‍കുന്നത്.
ഇംപീരിയല്‍ സ്പിരിറ്റ്സ് ഫാക്ടറി

ഇംപീരിയല്‍ സ്പിരിറ്റ്സില്‍ ദിനംപ്രതി അയ്യായിരം കെയ്സ് മദ്യമാണ് ഉല്‍പാദിപ്പിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ വി.പി. നിജാമുദ്ദീന്‍ നല്‍കിയ വിവരാവകാശ നിയമത്തിനുള്ള മറുപടിയായി എക്സൈസ് വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ഇരുപതിനായിരം കെയ്സ് വരെ മദ്യമാണ് നിര്‍മിക്കുന്നതെന്നാണ് ആരോപണമുണ്ട്. ആറു കെയ്സ് മദ്യം നിര്‍മിക്കുവാന്‍ 150 ലിറ്റര്‍ ജലമാണ് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ മദ്യം നിറക്കുന്ന ബോട്ടിലുകള്‍ കഴുകുന്നതിനും യന്ത്രങ്ങള്‍ ഇടക്കിടെ ശുചീകരിക്കുന്നതിനുമായി വന്‍ തോതില്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ജലചൂഷണത്തന്റെ അളവ് ഭീകരമാണ്.

ആറിലധികം ബ്രാന്റുകളിലായി മദ്യം നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തമിഴ്നാട്ടിലേക്കും കേരളത്തിലെ ബീവറേജസിനും മദ്യം നിര്‍മിച്ചു നല്‍കാറുണ്ടെന്ന് ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. നാലിലധികം കുഴല്‍കിണറുകള്‍ സ്ഥാപിച്ച് വന്‍തോതിലാണ് ഭൂഗര്‍ഭജലം കമ്പിനി ഊറ്റുന്നത്. ഇതു കാരണം കേരളത്തിലെയും തമിഴ്നാട്ടിലെയും കമ്പിനിയോട് അടുത്തുള്ള ഗ്രാമങ്ങളില്‍ ഭൂഗര്‍ഭജലം കൂടുതല്‍ താഴ്ചയിലേക്ക് പോയിരിക്കുകയാണ്. 300 അടിയല്‍ നീരുറവ കണ്ടെത്തിയിരുന്ന കുഴല്‍കിണറുകളില്‍, 860-910 അടിയിലധികം താഴ്ചയിലേക്ക് പോയിട്ടും വെള്ളം കാണാന്‍ പ്രയാസമായിരിക്കുകയാണ്.

പുതുശ്ശേരിയിലെ കമ്പനികള്‍ ജലസേചനവകുപ്പിന്റെ അനുമതിയോടെയാണ് വെള്ളം ഊറ്റുന്നത്. ജലസേചനവകുപ്പ് മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളം പുതുശ്ശേരിയിലെ ജലസംഭരണയില്‍ ശേഖരിച്ച് ശുദ്ധീകരിച്ചാണ് പുതുശ്ശേരി, മരുതറോഡ് പഞ്ചായത്തുകളിലേക്കും കാഞ്ചിക്കോട് ഉള്‍പ്പടെയുള്ള വ്യവസായ മേഖലയിലെ വിവിധ ഭാഗങ്ങളിലേക്കും വാളയാറിലെക്കും വിതരണം ചെയ്യുന്നത്. ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് നാട്ടുകാര്‍ക്ക് വെള്ളം ലഭിക്കുന്നത്. അതേസമയം മദ്യകമ്പനികള്‍ക്ക് 24 മണിക്കൂറും യഥേഷ്ടം വെള്ളം നല്‍കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ജലസേചന വകുപ്പുമായി പ്രത്യേക കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പറയുന്നു.


എന്നാല്‍ പ്രതിഷേധത്തേ തുടര്‍ന്ന് പുതുശ്ശേരിയിലെ കമ്പിനികള്‍ക്ക്, മഴക്കാലം തുടങ്ങുന്നതുവരെ നല്‍കുന്ന വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. മെയ് 31 വരെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വെള്ളത്തിന് 75 ശതമാനമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 15 വരെ സാന്റ് ഫില്‍ട്രൈസേഷനും നിയന്ത്രണമുണ്ടായിരിക്കും. കൃഷി ആവശ്യത്തിനല്ലാതെ വെള്ളം പമ്പ് ചെയ്താല്‍ അവരുടെ വൈദ്യുത കണക്ഷന്‍ വിച്ഛേദിക്കാനും കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കള്ള് ചെത്തുന്നതുമായി ബന്ധപ്പെട്ട് തെങ്ങിന്‍തോട്ടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്താലും കെഎസ്ഇബിക്ക് നടപടിയെടുക്കാം.

കൂടാതെ വെള്ളം ചൂഷണം ചെയ്യുന്ന അനധികൃത ചൂളകള്‍ക്കെതിരെ നടപടിയെടുക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെക്ക് ഡാമുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസിനെ നിയോഗിക്കുന്നുണ്ട്. ഇത് ലംഘിച്ചാല്‍ ദുരന്തനിവാരണ വകുപ്പ് നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇംപീരിയല്‍ സ്പിരിറ്റ്സ് ഉള്‍പ്പടെയുള്ള കമ്പിനികള്‍ നടത്തുന്ന ജലചൂഷണത്തിന് ഇപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടായിട്ടില്ല. നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ കേന്ദ്രമെന്ന് അറിയപ്പെടുന്ന കഞ്ചിക്കോട് പ്രദേശത്ത് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പല കമ്പനികളും ഊറ്റുന്നത്. ഇനിയും സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രയോഗികമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തിരിച്ചടികള്‍ ഭീകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Next Story

Related Stories