TopTop
Begin typing your search above and press return to search.

ക്വാറി നടത്തുന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെങ്ങനെ ക്വാറിവിരുദ്ധരെ സംരക്ഷിക്കും? ഈ ജീവിതങ്ങള്‍ അറിയൂ

ക്വാറി നടത്തുന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെങ്ങനെ ക്വാറിവിരുദ്ധരെ സംരക്ഷിക്കും? ഈ ജീവിതങ്ങള്‍ അറിയൂ

ചിറ്റാറിലെ അനധികൃത ക്വാറിക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന നിതിന്‍ കിഷോറിനെ പാര്‍ട്ടി വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചതില്‍ തനിക്കൊട്ടും തന്നെ അത്ഭുതം
തോന്നുന്നില്ല എന്നാണ് പ്രമുഖ ക്വാറിവിരുദ്ധ പ്രവര്‍ത്തകന്‍ ധര്‍മ്മരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മ്മരാജിന് പറയാനുള്ളത് നിതിന്‍ കിഷോറിനെപ്പോലെ പാര്‍ട്ടി (സിപിഎം, സിപിഐ) വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ച ധാരാളം പേരുടെ വിവരങ്ങളാണ്. പോട്ടയില്‍ ജോസഫേട്ടന്‍, കെ പി ജേക്കബ്, റോയ് ദാസ്, മോയിന്‍, ജോര്‍ജ്ജ് മാഷ്, കിഷോം കോറം തുടങ്ങി പാര്‍ട്ടിയുടെ ഇരകളുടെ പേരുകള്‍ നീളുകയാണ്. ഈ ഇരകളെക്കുറിച്ചും പാര്‍ട്ടിയുടെ എതിര്‍പ്പുകാരണം ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചും ധര്‍മ്മരാജ് വയനാട് അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുന്നു.


പോട്ടയില്‍ ജോസഫ് - ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ടാണ് ഞങ്ങള്‍ ക്വാറി സമരത്തിലേക്ക് ഇറങ്ങുന്നത്. കുബ്ലേരി ആറാട്ടുപാറ സ്വദേശിയായ ജോസഫിന്റെ വീട് ചട്ടം ലംഘിച്ച് അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറികളുടെ ഇടയിലായിരുന്നു. കര്‍ഷക തൊഴിലാളിയായ ജോസഫ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. എന്നാല്‍ ക്വാറി ഖനനത്തിനെതിരെ സഹായം ചോദിച്ചതും പ്രതിഷേധിച്ചതും കാരണം ജോസഫ് പാര്‍ട്ടി വിരുദ്ധനായി. ജോസഫിന്റെ ഭാര്യ മോളിക്ക് ക്വാറികള്‍ കാരണം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതും സ്വന്തം വീട്ടില്‍ ഇരിക്കുമ്പോള്‍. ക്വാറികളില്‍ വെടിമരുന്നു ഉപയോഗിക്കുമ്പോള്‍ പാറകഷ്ണം വീഴുമോ എന്ന് ഭയന്ന് അവര്‍ വീടിനടുത്തുള്ള വീട്ടി മരത്തിന്റെ മറവിലായിരിക്കും പകല്‍ കഴിയുക. പാര്‍ട്ടിയോട് ഇതിന് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ പാര്‍ട്ടി നിഷ്‌കരുണം തള്ളുകയായിരുന്നു. കൂടാതെ അവരെ ഒറ്റപ്പെടുത്തുകയും പാര്‍ട്ടി വിരുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം 2010-ല്‍ തന്റെ സ്വന്തം കിടപ്പാടം കിട്ടിയ വിലയ്ക്ക് വിറ്റ് നാടുവിട്ടുപോകേണ്ടി വന്ന, പാര്‍ട്ടിയുടെ ഇരയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി പോട്ടയില്‍ ജോസഫ്.


ചിത്രങ്ങള്‍- നബീല്‍ സികെഎം

ജോര്‍ജ്ജ് മാഷ് - ഇടതുപക്ഷത്തിന്റെ അധ്യാപക സംഘടനയിലെ ഭാരവാഹിയായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം അമ്പലവയലിലെ ആറാട്ടുപാറയിലെ ക്വാറി പ്രശ്‌നത്തില്‍ ഇപെട്ടത്തിന്റെ പേരില്‍ പാര്‍ട്ടി വിരുദ്ധനും വര്‍ഗ്ഗ ശത്രുവുമായ വയനാട്ടിലെ ഏറ്റവും പുതിയ ആളാണ് ജോര്‍ജ്ജ് മാഷ്. കടുത്ത സിപിഎം പ്രവര്‍ത്തകനായിരുന്നു ജോര്‍ജ്ജ് മാഷ്. റിട്ടയര്‍മെന്റിന് ശേഷം ആറാട്ടുപാറ സംരക്ഷണവുമായി വന്നപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതായിരുന്നു, പാര്‍ട്ടി മാഷിനെതിരെ തിരിയുമെന്ന്. അതു കണക്കിലെടുക്കാതെ പാര്‍ട്ടി പിന്തുണക്കുമെന്നു കരുതി ക്വാറികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. പക്ഷെ പിന്നീട് പാര്‍ട്ടി ഒരു പിന്തുണയും നല്‍കാതെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി.

മൊയിന്‍- വടക്കേ വയനാട്ടിലെ പടിഞ്ഞാറെതറ ബ്രഹ്മഗിരി,ബാണാസുര മല പ്രദേശങ്ങളിലെ ക്വാറികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. മൊയിന്റെ പ്രവര്‍ത്തനത്തിന് ഒരു പിന്തുണയും പാര്‍ട്ടി നല്‍കിയിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ഭൂമി കൈയ്യേറി അനധികൃത ക്വാറി നടത്തുന്ന കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പ്രക്ഷോഭത്തിന് പാര്‍ട്ടി കണ്ണടയ്ക്കുകയാണ് ചെയ്തത്. ഇപ്പോഴും അവിടെ പ്രതിഷേധം നടക്കുകയാണ്. പാര്‍ട്ടിയുടെ ഭീഷണികളെ വകവയ്ക്കാതെയാണ് മൊയിന്‍ ക്വാറികള്‍ക്കെതിരെ സമരം നടത്തുന്നത്.

പാര്‍ട്ടി അംഗമായ ഹിഷാം കോറോമിനും സമാന അനുഭവമാണുള്ളത്. വെള്ളമുണ്ടയിലെ ക്വറികള്‍ക്കെതിരെയാണ് കിഷോം കോറം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി വിരുദ്ധനായി, വര്‍ഗ്ഗശത്രുവാകുവാന്‍ ഇനി ഏറെ നാളു വേണ്ട. പാര്‍ട്ടിയും ക്വാറി മുതലാളിമാരും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ച ഒരു വ്യകതിയാണ് കെപി ജേക്കബ്. സ്വന്തമായുണ്ടായിരുന്ന ഒരു അടയ്ക്ക സംസ്‌കരണ പ്ലാന്റ് പൂട്ടിക്കുകയും പിന്നീട് വീട് ജപ്തി ചെയ്യുന്ന അവസ്ഥ വരെ സൃഷ്ടിക്കുകയും ചെയ്തു. ക്വാറികള്‍ക്കെതിരെ പ്രഷോഭം നടത്തിയെന്നതാണ് അദ്ദേഹം ചെയ്ത കുറ്റം.ഞാനും റോയ് ദാസും ഒറ്റത്തടിയായതു കൊണ്ട് പാര്‍ട്ടിയുടെ വര്‍ഗ്ഗശത്രു എന്ന രീതിയിലെ അവര്‍ കാണുന്നുള്ളൂ. എന്നാല്‍ ക്വാറി മുതലാളിമാരുടെ ആക്രമണങ്ങള്‍ ഒന്നു രണ്ട് തവണ ഉണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കുന്നത് ക്വാറികള്‍ക്കാണ്. ക്വാറി വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ല. അവരില്‍ മിക്കവരും ക്വാറി ഉടമകളോ പങ്കാളികളോ അല്ലെങ്കില്‍ അവരുടെ പങ്കു പറ്റുന്നവരോ ആണ്. ഇവിടെയുള്ള പല പാര്‍ട്ടി നേതാക്കളും സമ്പന്നരായത് ഇങ്ങനെയാണ്. പാര്‍ട്ടിക്ക് കിട്ടുന്ന സംഭാവന മാത്രമല്ല വ്യക്തിപരമായി കിട്ടുന്ന 'സംഭാവന'കളും ക്വാറിക്ക് അനുകൂല നിലപാട് എടുക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. കേരളത്തില്‍ 200-ഓളം ക്വാറി വിരുദ്ധ സമരം നടക്കുന്നുണ്ട്. ഇവിടെങ്ങും സിപിഎമ്മിന്റെ ഒരു പിന്തുണയും കാണുന്നില്ല. (സിപിഎം മാത്രമായിരുന്നു ഒരു പ്രതീക്ഷയുണ്ടായിരുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയെയും എഴുതി തള്ളി. അവര്‍ ഒന്നും ചെയ്യില്ല)

വയനാട്ടിലെ ക്വാറികളുടെ ആസ്ഥാനം എന്നുപറയാവുന്നത് അമ്പലവയലാണ്. ഇവിടുത്തെ ആറു മലകള്‍ കേന്ദ്രീകരിച്ചാണ് ക്വാറികള്‍ നടക്കുന്നത്. ഇടയ്ക്കല്‍ മല സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയൊഴിച്ചുള്ള ബാക്കി ആറു മലകളും ക്വാറികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആറാട്ടുപാറ, മട്ടപ്പാറ, ചീങ്ങേരി മല, കാരംകൊല്ലി മല, കുളഗപാറ, മഞ്ഞപ്പാറ തുടങ്ങിയവയാണ് ആ ആറുമലകള്‍. മട്ടപ്പാറ മുക്കാലും നശിച്ചു. ഇവിടെങ്ങളിലെ റവന്യു ഭൂമിയിലും സ്വകാര്യ ഭുമിയിലും വന്‍തോതിലാണ് ഖനനം നടക്കുന്നത്.

മട്ടപ്പാറ മലയിലെ 9 ക്വാറികളിലെ പധാനപ്പെട്ട ഒരു ക്വാറി നടത്തുന്നത് പാര്‍ട്ടിയാണ്. മൈനിംഗ് ആന്‍ഡ് മരാമത്ത് സൊസൈറ്റി എന്ന സിപിഎമ്മിന്റെ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഭാരവാഹി അമ്പലവയല്‍ ലോക്കല്‍ സെക്രട്ടറി ഷെമീറാണ്. കേരളത്തിലെ അനധികൃത ക്വാറികളുടെയും നിയലംഘനങ്ങളുടെയും പണ്ടു മുതല്‍ക്കെയുള്ള ഒരു മാതൃക മൈനിംഗ് ആന്‍ഡ് മരാമത്ത് സൊസൈറ്റിയാണ്. പാര്‍ട്ടിയുടെ സ്വാധീനത്തെക്കുറിച്ചറിയാന്‍ ഒരു സംഭവം വിവരിക്കാം.


ചിത്രങ്ങള്‍- നബീല്‍ സികെഎം

കുളഗപാറയിലെ പി വി ഏലിയാസ് നടത്തുന്ന ഒരു ക്വാറിക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രമേയം പസാക്കിയിരുന്നു. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആ ക്വാറി ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്വാറിക്കെതിരെ ഈ പ്രമേയം പസാക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്തംഗം കൂടിയായ പാര്‍ട്ടി പ്രവര്‍ത്തകനായ രോഹിത ദാസിനോട് ഏലിയാസ് പറഞ്ഞത് സിപിഎം ഈ പഞ്ചായത്ത് ഭരിക്കുന്നടത്തോളം കാലം ഈ ക്വാറി പൂട്ടിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട, അതു നടക്കില്ല എന്നാണ്.

2009-ലാണ് ക്വാറി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞാന്‍ വരുന്നത്. ഡിവൈഎഫ്‌ഐക്കാരനായ സണ്ണി എന്ന പ്രവര്‍ത്തകനാണ് എന്നെ ഇതിലേക്ക് കൊണ്ടു വരുന്നത്. പക്ഷെ സണ്ണി പിന്നീട് മൈനിംഗ് ആന്‍ഡ് മരാമത്ത് സൊസൈറ്റിയുടെ ഭാരവാഹിയായി. ഞങ്ങള്‍ പിന്നീട് ക്വാറിക്കള്‍ക്കെതിരെ പോരാടാനായി ഒരു സംഘടന രൂപീകരിച്ചു. ഔവര്‍ ഓണ്‍ നേച്ചര്‍ എന്ന സംഘടനയിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പാരിസ്ഥികം, ആരോഗ്യം, മനുഷ്യാവകാശം ഇതിലെല്ലാം അനധികൃത ക്വാറികള്‍ കടന്നു കയറന്നുണ്ട്. പാരിസ്ഥികമായി പ്രദേശത്തെ കിണറുകള്‍ വറ്റുക, ആവാസ വ്യവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാവുക. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഈ ക്വാറികള്‍ കൊണ്ടുണ്ടാവുന്നത്. ആരോഗ്യ സംബന്ധമായും ക്വാറികള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ ക്വാറികളില്‍ ഖനനം നടക്കുമ്പോള്‍ തീരെ ചെറിയ സിലിക്കോണ്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ കലരുകയും അത് ശ്വസിക്കുന്നവര്‍ക്ക് ആസ്തമ മുതല്‍ അര്‍ബുദം വരെയുണ്ടാക്കുകയും ചെയ്യും. ഇവിടങ്ങളില്‍ പാറപൊട്ടിക്കാന്‍ സ്ഥിരമായി വെടിമരുന്ന് ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫലമായി കേള്‍വി തകരാര്‍, ഗര്‍ഭസ്ഥ ശിശുകള്‍ക്ക് വൈകല്യം തുടങ്ങിയവയുമുണ്ടാകുന്നുണ്ട്. കൂടാതെ തുടര്‍ച്ചയായി പാറതുളയ്ക്കാന്‍ ഉപയോഗിക്കുന്ന മെഷ്യന്റെ ആരോചകമായ ശബ്ദം ചിലരെ മാനസിക തകരാറിലേക്കും നയിച്ചിട്ടുണ്ട്.കേരളത്തില്‍ ഒരു ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 5 ലൈസന്‍സ് എങ്കിലും വേണം. ജിയോളജി പെര്‍മിറ്റ്, പൊല്യൂഷന്‍ കണ്‍ട്രോളറിന്റെ കണ്‍സെന്റ്, എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, ബ്ലാസ്റ്റ്മാന്‍ ലൈസന്‍സ്- ഇതു നാലും കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ അഞ്ചാമത്തെ പഞ്ചായത്ത് ലൈസന്‍സ് കിട്ടുകയുള്ളു. ഇത് ഉണ്ടെങ്കില്‍ മാത്രമെ ക്വാറിക്കുള്ള അനുമതി ലഭിക്കൂ. ഇത് ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് (ഡി ആന്‍ഡ് ഓ ലൈസന്‍സ്) വിഭാഗത്തില്‍പ്പെട്ടതാണ്. നമ്മുടെ നാട്ടിലെ പകുതിയിലേറെ ക്വാറികളും ചട്ടവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യമൊക്കെ നാട്ടുകാര്‍ ക്വാറികള്‍ക്കെതിരെ പ്രതികരിക്കുമെങ്കിലും പിന്നീട് അതെല്ലാം നിലയ്ക്കും. ക്വാറി ഉടമകളുടെ പൈസ മേടിച്ച് അവര്‍ സ്ഥലം ഒഴിയുകയോ അല്ലെങ്കില്‍ ഭയന്ന് മിണ്ടാതിരിക്കുകയോ ചെയ്യും. ക്വാറി ഉടമകള്‍ക്ക് ഇതിനെല്ലാം കുട പിടിക്കുന്നത് സിപിഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ്.


ധര്‍മരാജ് വയനാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചിറ്റാറിലെ അനധികൃത ക്വാറിക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന നിതിന്‍കിഷോറിനെ പാര്‍ട്ടി വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചതില്‍ എനിക്കൊട്ടും തന്നെ അല്‍ഭുതം തോന്നുന്നില്ല.കാരണം ഇത് കേരളത്തില്‍ പുതിയ സംഭവമല്ല.നിതിന്‍കിഷോര്‍ ഒടുവിലത്തെ സംഭവുമല്ല. ഏതെങ്കിലും ക്വാറിവിരുദ്ധ സമരത്തിനോ, ക്വാറിമാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനോ പാര്‍ട്ടിയുടെ പിന്തുണ ലഭിച്ച സംഭവം എന്റെ അറിവിലില്ല. എന്നു മാത്രമല്ല ക്വാറിമാഫിയക്കെതിരെ പടവാളെടുക്കുന്ന ഏതൊരു സി പി എം പ്രവര്‍ത്തകനും പാര്‍ട്ടിയുടെ മുഖ്യവര്‍ഗ്ഗശത്രുവായി മാറുന്ന കാഴ്ച എത്രയോ കാലമായി കണ്ടുകൊണ്ടിരിക്കുന്നു.പോട്ടയില്‍ ജോസഫേട്ടന്‍, കെ പി ജേക്കബ്,റോയ്ദാസ്, മോയിന്‍,ജോര്‍ജ്ജ് മാഷ് എന്നിവര്‍ ഇക്കൂട്ടത്തില്‍ ചിലപേരുകള്‍ മാത്രം. എന്നാല്‍ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ക്വാറിമാഫിയക്ക് പാര്‍ട്ടി പിന്തുണ നിര്‍ലോഭം ലഭിച്ചുകോണ്ടിരിക്കുന്നതിനും ക്വാറിമാഫിയ പാര്‍ട്ടിയുടെ വര്‍ഗ്ഗമിത്രമായി പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനും എത്ര ഉദാഹരണം വേണമെങ്കിലും നിരത്താനാവും. മാറിയ ഈ നവലിബറല്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചും അതില്‍ വര്‍ഗ്ഗനിര്‍വ്വചനത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതികളെക്കുറിച്ചും ധാരണയുളള ഒരാളും പാര്‍ട്ടി പിന്തുണ സ്വപ്നംകണ്ട് മാഫിയ വിരുദ്ധ പോരാട്ടത്തിനിറങ്ങുകയില്ല.നിതിന്‍ കിഷോറിന് പിഴച്ചതവിടെയാണെന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ...കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാഫിയയിസ്റ്റ്) അയി പരിണമിച്ചത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).

Next Story

Related Stories