TopTop
Begin typing your search above and press return to search.

വിണ്ടുകീറുന്ന വയനാടന്‍ മണ്ണ്

വിണ്ടുകീറുന്ന വയനാടന്‍ മണ്ണ്

വയനാടന്‍ കാടുകള്‍ മറയാക്കി ബ്രീട്ടിഷുകാരെ വെല്ലുവിളിച്ച പഴശിരാജാവിന്റെ ഒളിപ്പോരുകളെ നേരിടാന്‍ വഴിയാലോചിച്ച്, ഒടുവില്‍ ഉള്‍ക്കാടുകളില്‍ പതിയിരിക്കുന്ന കോട്ടയത്തു തമ്പുരാനെ വളഞ്ഞു പിടിക്കാനായി പല വഴികളും വെട്ടിയ വെള്ളക്കാർ കടലു കടന്നതിനിപ്പുറവും വയനാട്ടില്‍ പുത്തന്‍ വഴികള്‍ വെട്ടിത്തുറന്നുകൊണ്ടേയിരുന്നു.

ആദ്യകാലങ്ങളിലെല്ലാം അതു കല്ലുവഴികളായിരുന്നെങ്കില്‍ പിന്നീടവയെല്ലാം ടാറു പുതച്ചു. ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള പഞ്ചായത്തും വയനാട്ടിലാണ്; പുല്‍പ്പള്ളിയിലെ മുള്ളന്‍കൊല്ലി. പഴശിയെ പിടിക്കാനായിരുന്നു ബ്രിട്ടീഷുകാര്‍ വഴി വെട്ടിയതെങ്കില്‍ കിഴക്കന്‍ നാട്ടില്‍ നിന്നും മറ്റും വന്ന കുടിയേറ്റക്കാര്‍ മല്ലുവെട്ടിയാണെങ്കിലും വയനാടിന്റെ മണ്ണില്‍ പൊന്നുവിളയിക്കാന്‍ തുടങ്ങിയപ്പോള്‍ കാപ്പിയും കുരുമുളകും ഏലവുമെല്ലാം കയറ്റിപ്പോകാന്‍ വരുന്ന ലോറികള്‍ക്കു വേണ്ടിയാണു പുതിയ വഴികള്‍ ഉണ്ടായത്.

ഒരു കാലത്തു ദിവസം നൂറു ലോറികള്‍ വരെ വന്നുപോയിരുന്നു, ഇപ്പോള്‍ കൈവിരലില്‍ എണ്ണാവുന്നതുപോലുമില്ല; വറീതേട്ടന്റെ എഴുപതു പിന്നിട്ട മുഖത്തു നിരാശ. വറീതേട്ടനെ പിന്തുണയ്ക്കുന്നതവരാണ് മുള്ളന്‍കൊല്ലയിലെ ജോസഫും വര്‍ഗീസുമെല്ലാം. ഇവരുടെ ഈ നിരാശയിലുണ്ട് വായനാടിന്റെ കാര്‍ഷികമേഖലയുടെ തകര്‍ച്ച.

പത്തുനാല്‍പ്പതു വര്‍ഷമായി കൃഷിയാണു ജോലി. പതിനാറും പതിനേഴും ക്വിന്റല്‍ മുളക് കിട്ടിയിരുന്നു. രണ്ടായിരത്തിലെ വലിയൊണക്കിനു ശേഷവും അഞ്ചു ക്വിന്റലു കിട്ടിയതാണ്. ഇപ്പോള്‍ ഇരുപതു കിലോ കിട്ടിയാലായി. മുളകു മാത്രമല്ല, തെങ്ങേലും കായ്ഫലമില്ല. കാപ്പിയുമില്ല, ഏലവുമില്ലാ... വയനാട്ടിലെ കര്‍ഷകന്റെ ഉള്ളും ഈ മണ്ണും ഇപ്പോള്‍ ഒരുപോലെയാ...രണ്ടും വിണ്ടുകീറിക്കിടക്കുകയാ...വര്‍ഗീസിന്റെ വാക്കുകളില്‍ രോഷവും വേദനയും ഒരുപോലെയുണ്ടായിരുന്നു. അരനൂറ്റാണ്ടിനു മുമ്പ് കോട്ടയത്തു നിന്നും കുടിയേറിയെത്തിയതാണ് ഈ കര്‍ഷകന്‍. മണ്ണിനോടും പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും ഒരുപോലെ പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ചവരാണു വയനാട്ടില്‍ ഏറെയും. പക്ഷേ ഇന്നീ കര്‍ഷകര്‍ക്കു പോയകാലത്തെ സ്മരണകളില്‍ മാത്രമാണ് ആവേശവും സന്തോഷവും ഉള്ളത്. ഉണങ്ങിപ്പോയൊരു മണ്ണിന്റെ മുകളില്‍ ജീവിതം പൊള്ളിപ്പിളര്‍ന്നുപോവുകയാണെന്നു പറയുമ്പോള്‍, അതു കേള്‍ക്കാന്‍ ആരുമില്ല എന്നതാണ് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്.

2000 മുതല്‍ കൊടുംവരള്‍ച്ചയാണ് വയനാടിനെ ബാധിച്ചത്. ഓരോ തവണയും അതിന്റെ തീവ്രത കൂടി വരുന്നു. ഇത്തവണ സ്ഥിതി അതീവ ഗുരുതരം. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന മഴക്കുറവ് വയനാടിനെ കാര്യമായി തന്നെ ബാധിച്ചു. പ്രതിവര്‍ഷം ശരാശരി 310 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട കേരളത്തില്‍ ഇതുവരെ ലഭിച്ചത് 186 സെന്റിമീറ്റര്‍ മാത്രം. ജനുവരി മുതല്‍ മേയ് വരെ പരമാവധി ലഭിക്കാവുന്ന മഴ 60 സെന്റിമീറ്റര്‍ മാത്രമേ വരൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്. വയനാടും ഈ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇടവപ്പാതിയും തുലാവര്‍ഷവും ഒരുപോലെ വയനാടിനെ ചതിച്ചു എന്നു വേണം പറയാന്‍. തുലാവര്‍ഷത്തിന്റെ കണക്കില്‍ 72 ശതമാനം മഴയാണ് വയനാട്ടില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 25 സെന്റിമീറ്റര്‍ മഴ എങ്കിലും കിട്ടേണ്ട സ്ഥാനത്ത് 7 സെന്റിമീറ്റര്‍ മാത്രമാണ് മഴ കിട്ടിയത് എന്നര്‍ത്ഥം.

ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരായ വയനാട്ടില്‍ ഈ വരള്‍ച്ചക്കാലം ജനങ്ങളുടെ ജീവിതം പാടെ തകര്‍ത്തിരിക്കുകയാണ്. മഴയുടെ കുറവ് ജില്ലയിലെ താപനിലയിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പം കബനിഗിരി, മരക്കടവ്, കൊളവള്ളി, സീതാമൗണ്ട്, ചണ്ണോത്തുകൊല്ലി പോലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. കാലാവസ്ഥ വിദഗ്ദര്‍ പോലും ആശങ്കയോടെ കാണുന്ന ജില്ലയിലെ മഴക്കുറവും കാലാവസ്ഥ മാറ്റവുമെല്ലാം വലിയ ദുരന്തത്തിലേക്കാണ് വയനാടിനെ കൊണ്ടു പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. മഴക്കുറവ് ജില്ലയുടെ ജീവവായുവായ കൃഷിയെ തകിടം മറിക്കുമെന്ന് മാത്രമല്ല കുന്നും മലകളും പാറക്കെട്ടുകളും നിറഞ്ഞ ജില്ലയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.

'ജില്ല ഒരിക്കല്‍ പോലും അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലേക്കാണ് ഇപ്പോള്‍ നാം എത്തിയിരിക്കുന്നത്. കര്‍ഷകനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുടെ കാലമാണിത്. പ്രത്യേകിച്ച് കന്നുകാലി കര്‍ഷകര്‍ ഏറ്റവുമധികമുള്ള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളെ ഈ വരള്‍ച്ച കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ വളരെ കാര്യക്ഷമതയോടെയും സൂക്ഷ്മതയോടെയുമുള്ള ഇടപെടലുകളാണ് നടത്തേണ്ടതും' മുള്ളന്‍കൊല്ലി കൃഷി ഓഫീസര്‍ ടി. ഉഷാകുമാരി പറയുന്നു.

1776 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ജില്ലയിലെ വനവും കൊടും വരള്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തിന്റെ അവസാനവും മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലും കാണുന്ന ഉണക്കിന്റെ ആരംഭം ഇപ്പോഴെ വയനാട് വന്യജീവി സങ്കേതത്തിലും കണ്ടുതുടങ്ങി. പ്രത്യേകിച്ച് വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന നാഗര്‍ഹൊളെ, ബന്ദിപ്പൂര്‍, മുതുമല വന്യജീവി സങ്കേതങ്ങളിലും വരള്‍ച്ച രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്. കാട്ടാനയും കാട്ടുപോത്ത് അടക്കമുള്ള വന്യജീവികള്‍ തീറ്റയും വെള്ളവും തേടി ജനവാസ കേന്ദ്രങ്ങളില്‍ ആക്രമിക്കുകയും കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുമുണ്ട്.

വയനാട് വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, മുത്തങ്ങ, ബത്തേരി, കുറിച്ച്യാട് എന്നിങ്ങനെ നാലു റേഞ്ചുകളിലായി 167 ജലാശയങ്ങളാണ് ഉള്ളത്. 'മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ഈ ജലാശയങ്ങള്‍ എല്ലാം അഴുക്ക് മാറ്റി വൃത്തിയാക്കുന്ന ജോലികള്‍ നേരത്തെ വനം വകുപ്പ് തീര്‍ത്തിട്ടുണ്ട്. ഇവയില്‍ 80 ശതമാനത്തിലും ഇപ്പോഴും കുറഞ്ഞ അളവില്‍ വെള്ളമുണ്ട്. ജലാശയങ്ങളിലെ വെള്ളത്തിന്റെ തോത് സംബന്ധിച്ചുള്ള കണക്കുകള്‍ എടുത്ത് വരികയാണ്.' എന്ന് വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ വരള്‍ച്ച മുന്നില്‍ക്കണ്ടുകൊണ്ട് കാട്ടുതീ പടരാതിരിക്കാനുള്ള ഫയര്‍ലൈന്‍പോലുള്ള പ്രവര്‍ത്തികളും വനംവകുപ്പ് നേരത്തെ തുടങ്ങി വെച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറ് ചെരിഞ്ഞുകിടക്കുന്ന സ്ഥലത്തെ മഴക്കുഴികള്‍ ചപ്പുചവറുകള്‍ ഇട്ട് മൂടുക, ബാഷ്പീകരണ ജലനഷ്ടം തടയുന്നതിന് തോട്ടങ്ങളിലെ ചപ്പുചവറുകള്‍ കത്തിക്കാതിരിക്കുക, വേനല്‍ക്കാലങ്ങളില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കാതിരിക്കുക, ജലസ്രോതസ്സുകളില്‍ വലിയ പമ്പ് സെറ്റ് ഉപയോഗിക്കാതിരിക്കുക, മരങ്ങള്‍ മുറിക്കാതിരിക്കുക, വീടുകളിലെ ജലത്തിന്റെ ദുരുപയോഗം തടയുക, പൊതുസ്ഥലങ്ങളില്‍ വെള്ളം നഷ്ടപ്പെടുന്നത് പരമാവധി തടയുക തുടങ്ങി നിരവധി കാര്യങ്ങള്‍ മന്ദഗതിയിലും ദ്രുതഗതിയിലുമായി ജില്ല ചെയ്യേണ്ടതുണ്ട്. മഴകുറഞ്ഞ് വരള്‍ച്ച കൂടിയതോടെ ജില്ലയില്‍ ജലസേചന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും അത്യാവശ്യമായി. നിലവില്‍ 150 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും 332 ചെക്ക് ഡാമുകളും മൂവായിരത്തിലേറെ ചിറകളും കുളങ്ങളും കിണറുകളുമാണ് ജില്ലക്ക് ജലസൗകര്യങ്ങളായി ഉള്ളത്. പക്ഷേ ഇതില്‍ പലതിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ജില്ലയിലെ സന്നദ്ധ-രാഷ്ട്രീയ സംഘടനകള്‍ നിരവധി ചെക്ക് ഡാമുകളും തടയണകളും നിര്‍മ്മിച്ചു കഴിഞ്ഞു. വരാന്‍ പോകുന്ന വിപത്തിനെ നേരിടാന്‍ ജനങ്ങളും തയാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇത്.

കാലൊന്ന് അമര്‍ത്തിച്ചവിട്ടിയാല്‍ വെള്ളം കിനിഞ്ഞിരുന്ന വയനാടിന്റെ പഴയ അവസ്ഥ എങ്ങോ പോയി മറഞ്ഞു. ജലം സമൃദ്ധമായിരുന്ന നാട്ടില്‍ ഇന്ന് മഴക്കാലത്തുപോലും കുടിവെള്ളക്ഷാമമാണ്. ജലം സംരക്ഷിക്കുക എന്നത് ഒരു ജീവിതചര്യയായി ഏവരും ഏറ്റെടുത്തില്ലെങ്കില്‍ ഈ ജില്ലയുടെ നാശം ഈ തലമുറ തന്നെ നേരിട്ടു കണ്ടു നില്‍ക്കുന്ന ഭീതിപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം.

അടുത്ത ഭാഗം: അരികില്‍ കബിനിയുണ്ടായിട്ടും വേവുന്ന മുള്ളന്‍കൊല്ലി

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് സനല്‍, മാധ്യമപ്രവര്‍ത്തകനായ ജിബിന്‍ വര്‍ഗീസ് വയനാട് പുല്‍പ്പള്ളി സ്വദേശിയാണ്.)


Next Story

Related Stories