TopTop
Begin typing your search above and press return to search.

ദേശീയ-സംസ്ഥാന നാടക മത്സരങ്ങള്‍ ഒരേ ദിവസം; ഇടപെടണമെന്നപേക്ഷിച്ച് മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് കത്ത്

ദേശീയ-സംസ്ഥാന നാടക മത്സരങ്ങള്‍ ഒരേ ദിവസം; ഇടപെടണമെന്നപേക്ഷിച്ച് മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് കത്ത്
ദേശീയ-സംസ്ഥാന തലങ്ങളില്‍ ഒരേ ദിവസം നാടക മത്സരം വന്നതില്‍ ധര്‍മ്മസങ്കടത്തിലാണ് വയനാട് ജില്ലയിലെ പനമരം ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍. ശാസ്ത്ര നാടക മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനം ലഭിച്ച പനമരം ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിലെ നാടക മത്സരത്തിനും പങ്കെടുക്കാന്‍ അവസരം ലഭിച്ച ഈ വിദ്യാര്‍ത്ഥികളുടെ ഇപ്പോഴത്തെ പ്രശ്‌നം ദേശീയ-സംസ്ഥാന തലങ്ങളില്‍ ഒരേ ദിവസമാണ് നാടക മത്സരം എന്നതാണ്.

സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന നാടക ടീമിലെ അഞ്ചോളം പേര്‍ ദേശീയ തലത്തിലെ നാടകത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചവരാണ്. പക്ഷെ ഇവര്‍ അതിനായി പോയാല്‍ സംസ്ഥാന തലത്തില്‍ നാടകം അവതരിപ്പിക്കാന്‍ കഴിയാതെയാകും. മാത്രമല്ല ഈ കുട്ടികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ സ്‌കൂള്‍ തലത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇവരുടെ അവസാന അവസരമാണിത്. അതുകൊണ്ട് തന്നെ സ്‌കൂള്‍ കലോത്സവത്തിലെ നാടക മത്സരത്തിലെ ക്രമീകരണത്തില്‍ മാറ്റം വരുത്തി തരണം എന്നാണ് ഇവരുടെ ആവശ്യം.

ദേശീയ ശാസ്ത്ര നാടകം മത്സരം ജനുവരി 20,21 തീയതികളില്‍ ബംഗളൂരുവില്‍ വെച്ചു നടക്കും. സംസ്ഥാന കലോത്സവത്തിലെ നാടക മത്സരം ജനുവരി 20-നാണ്. ഇത് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ  ധര്‍മ്മസങ്കടം അവതരിപ്പിക്കുകയാണ് സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥികളുടെ നിവേദനം

ഫെയ്‌സ്ബുക്കില്‍ വന്ന വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്


ഞങ്ങള്‍ ദുഃഖിതരാണ്. ഇരട്ട വിജയത്തിന്റെ ഇരട്ടി ദുഃഖം. കൊഴിയാത്ത ഒരിലയുടെ കഥപറഞ്ഞ് കേരളത്തിന് അഭിമാനമായി ഈ വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദേശീയ തല മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന പനമരം ഗവ.ഹൈസ്‌കൂളിലെ കുട്ടികളായ ഞങ്ങള്‍ ഇന്ന് വലിയ ദുഖത്തിലാണ്. സ്‌കൂള്‍ കലോത്സവത്തിലും ജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ ദുഃഖം, സംസ്ഥാനതല മത്സരവും ദേശീയതല മത്സരവും ഒരേ ദിവസം തന്നെ (ജനുവരി 20ന്) നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.


ഇരട്ട വിജയത്തിന്റെ വലിയ സന്തോഷം ഇരട്ടി ദുഃഖമായി മാറിയിരിക്കുന്നു. ഞങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മുട്ടാവുന്ന വാതിലുകള്‍ എല്ലാം മുട്ടി. ഒന്നും തുറക്കപ്പെട്ടില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഈ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയെന്നത്. ഒരു പിന്നോക്ക ജില്ലയായ വയനാട്ടിലെ ഒരു സാധാരണ ഗവ. ഹൈസ്‌ക്കൂളിലെ സാധാരണക്കാരുടെ കുട്ടികളായ ഞങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതിന് പ്രഗത്ഭരായ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതിനാല്‍ ഞങ്ങള്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയോടും, എല്ലാ കലാ, സാംസ്‌കാരിക പ്രവര്‍ത്തകരോടും, രാഷ്ട്രീയ പ്രവര്‍ത്തകരോടും, മാധ്യമ പ്രവര്‍ത്തകരോടും, നിങ്ങളോരുത്തരോടും ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊഴിയാതിരിക്കാന്‍ വേണ്ടി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.


എന്ന്,
 വിഷ്ണു യൂ. കെ, പ്രിന്‍സ് എം, വിനായക് എസ്. ജെ, അജയ് കൃഷ്ണ, ഗ്ലോറിയ, അഞ്ജിത കെ, അശ്വതി സന്തോഷ്, റമീസ, ദേവപ്രിയ, ജിന്‍ഷ ഫെബിന്‍, ശരണ്യ മോഹന്‍, മുഹമ്മദ് സഫ്വാന്‍, അന്‍ഷാന എന്നിവര്‍.

Next Story

Related Stories