TopTop

ഇതാ, കേരളത്തിന്റെ ഫുട്ബോള്‍ ഭൂപടത്തിലേക്ക് വയനാടന്‍ ഗ്രാമങ്ങള്‍ ഉണരുന്നു

ഇതാ, കേരളത്തിന്റെ ഫുട്ബോള്‍ ഭൂപടത്തിലേക്ക് വയനാടന്‍ ഗ്രാമങ്ങള്‍ ഉണരുന്നു
കേരള ഫുട്‌ബോളിന് പുതിയ പ്രതീക്ഷ നല്‍കി വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഗംഭീര തുടക്കം. ഇനിയുള്ള ദിവസങ്ങളില്‍ വയനാടന്‍ മനസ്സും ഫുട്‌ബോളിന് പിന്നാലെ ഉരുളും. അതുകൊണ്ട് തന്നെ ഇത് വയനാട്ടുകാരുടെ ഐ.എസ്.എല്‍ ആണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ആരംഭിച്ച ലീഗ് വളര്‍ന്ന് വരുന്ന ഫുട്‌ബോള്‍ തലമുറക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ചെറു ഗ്രാമങ്ങളിലെ പെട്ടിക്കടകള്‍ മുതല്‍ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും കലാലയങ്ങളിലും കവലകളിലും എന്നു വേണ്ട നാലു പേര്‍ കൂടുന്നിടത്തൊക്കെ ഇപ്പോള്‍ ഫുട്‌ബോളാണ് ചര്‍ച്ച.

കേരളത്തില്‍ ഫുട്‌ബോളിന്റെ മക്കയായ മലപ്പുറം ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയവര്‍ കാല്‍പ്പന്തുകളിയും ഒപ്പം കൂട്ടിയിരുന്നു. അത് അതിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ വയനാടന്‍ മണ്ണുകളില്‍ കിക്കുകള്‍ ആയിട്ടും പെനാല്‍ട്ടികള്‍ ആയിട്ടും പ്രവഹിച്ചുകൊണ്ടേയിരുന്നു. ആ വികാരം ഇന്നും ലോകകപ്പിന്റെ ആവേശത്തോടെ ജില്ലയുടെ സിരകളില്‍ ഒഴുകുന്നുണ്ട്. ജില്ലയുടെ പിറവിക്ക് മുന്‍പും പിന്‍പും അത് അങ്ങനെ തന്നെ നിന്നിട്ടുമുണ്ട്. ടിവിയും ഇന്റര്‍നെറ്റുമൊക്കെ ഇല്ലാതിരുന്ന കാലത്തും ജില്ലയിലെ ഏത് ഗ്രൗണ്ടിലോ പാടത്തോ പറമ്പിലോ ടൂര്‍ണമെന്റ് നടന്നാലും നാടൊന്നാകെ ഒഴുകിയെത്തി കളിയെ നെഞ്ചോട് ചേര്‍ത്ത് പ്രോത്സാഹിപ്പിച്ച ചരിത്രം ജില്ലക്ക് പറയാന്‍ ഉണ്ട്. അതില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കളിയും, ക്‌ളബുകളും, സംഘടനകളുമൊക്കെ സംഘടിപ്പിച്ച കളികളുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. അത് സെവന്‍സ് മത്സരമാണെങ്കിലും ഇലവന്‍സ് മത്സരമാണെങ്കിലും ആവേശം ഒട്ടും കുറഞ്ഞിരുന്നില്ല. അതില്‍ നിന്ന് എല്ലാം ഒരുപാട് മുന്‍പോട്ട് വന്ന് ഇന്ന് അത് ജില്ലക്ക് സ്വന്തമായ ഒരു പ്രീമിയര്‍ ലീഗിലേക്ക് വന്നപ്പോഴേക്കും അതിന്റെ ആവേശം ആരാധകരില്‍ മൂര്‍ത്തിഭാവത്തിലേക്ക് എത്തുകയും ചെയ്തു.ചടുലതയാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അതുകൊണ്ട് തന്നെ സെവന്‍സ് എന്ന ഫുട്‌ബോളിന്റെ ആവേശം ഉയര്‍ത്തുന്ന വിധത്തിലുള്ള മോഡിഫൈഡ് സെവന്‍സ് നിയമങ്ങളാണ് വയനാട് പ്രീമിയര്‍ ലീഗില്‍ പരീക്ഷിക്കുന്നത്. തങ്ങളുടെ ടീമിന് വേണ്ടി ആര്‍ത്തും പാടിയും ഉല്ലസിച്ച് ഗാലറി തിളച്ചു മറിയുമ്പോള്‍ റഫറിയുടെ ഓഫ് സൈഡ് വിസില്‍ കളിയുടെ ആവേശം മുറിക്കുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ അത്തരത്തിലുള്ള ഓഫ്‌സൈഡുകള്‍ ഈ കളിക്കില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഇതിനോടൊപ്പം തന്നെ സെവന്‍സ് മത്സരങ്ങളുടെ സൗന്ദര്യത്തിന് പൂര്‍ണ്ണത വരുത്തുന്ന വിദേശ താരങ്ങളുടെ മിന്നലാട്ടങ്ങളും പ്രീമിയര്‍ ലീഗിന് കൊഴുപ്പേകുന്നുണ്ട്. ഇവരുടെ അതിവേഗ പാസുകള്‍ എല്ലാം കളിക്കളത്തില്‍ തീ പാറിക്കുന്നുണ്ട്.

ഓരോ ടീമിലും രജിസ്റ്റര്‍ ചെയ്യാവുന്ന പന്ത്രണ്ട് കളിക്കാരില്‍ രണ്ട് വയനാട്ടുകാരും രണ്ട് ഗോള്‍ കീപ്പര്‍മാരും നിര്‍ബന്ധമാണ്. പ്രധാനമായും നൈജീരിയ, സുഡാന്‍, മൊറോക്കോയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ താരങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിലെ ചില മിന്നും താരങ്ങളും ഓരോ ടീമിന് വേണ്ടി ബൂട്ട് കെട്ടുന്നു എന്നുള്ളതും ആവേശമുയര്‍ത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കാണികള്‍ നെഞ്ചോട് ചേര്‍ത്ത പുതിയ പതിപ്പായി മാറിയ ഐ.എസ്.എല്‍ താരങ്ങളും എത്തുന്നതോടെ കളി മറ്റൊരു ആവേശത്തിലേക്ക് ഉയരും.
'ഞങ്ങള്‍ കാത്തിരിക്കുകയാണ് ഈ ആവേശത്തെ വരവേല്‍ക്കാന്‍. 16 ടീമുകളാണ് കളിക്കളത്തില്‍ വരുന്നതെങ്കിലും ഓരോ ടീമും ഞങ്ങള്‍ക്ക് പ്രീയപ്പെട്ടതാണ്. അതുകൊണ്ട് ഞങ്ങള്‍ ഇത് ഉത്സവമാക്കി മാറ്റും. ഒരു കളി പോലും നഷ്‌പ്പെടുത്താതെ കാണണമെന്നാണ് ആഗ്രഹം'
. എന്ന് ഫുട്‌ബോള്‍ പ്രേമിയും ബാങ്ക് ഉദ്യോഗസ്ഥനും കൂടിയായ സനീഷ് പറയുന്നു. ഐ.എസ്.എല്‍ മാതൃകയില്‍ തന്നെയാണ് വയനാട് പ്രീമിയര്‍ ലീഗും ഒരുക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിലും മികച്ച രീതിയില്‍ തന്നെ ലീഗ് സംഘടിപ്പിച്ച് ഫുട്‌ബോളിന് വലിയ രീതിയിലുള്ള സംഭാവന നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.'പുതിയ തലമുറയെ വലിയ രീതിയില്‍ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാന്‍ വയനാട് പ്രീമിയര്‍ ലീഗിന് കഴിയും.ഇപ്പോള്‍ തന്നെ സ്‌പോര്‍ട്‌സ് അക്കാദമി വഴി ഫുട്‌ബോള്‍ പരീശീലിക്കുന്ന 400 കുട്ടികള്‍ക്കും ഇത് ഭാവിയില്‍ പ്രയോജനപ്പെടുന്നതിനൊപ്പം വയനാട്ടിലെ പഴയകാല ഫുട്‌ബോള്‍ പ്രേമികളെ ഫുട്‌ബോളിലേക്ക് തിരികെ കൊണ്ട് വരാനും കഴിയും. യുവ ഫുട്‌ബോള്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് നിരവധി താരങ്ങളെ സംഭാവന ചെയ്യാനും നമുക്കാകും. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം മുതല്‍ ജൂനിയര്‍ തലത്തിലുള്ള കുട്ടികള്‍ക്കായി ഇതു പോലുള്ള വലിയ ലീഗുകള്‍ സംഘടിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അത് സാധ്യമായാല്‍ ഒരുപിടി മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ നമുക്കാകും'
എന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചും വയനാട് പ്രീമിയര്‍ ലീഗ് ടെക്‌നിക്കല്‍ കമ്മറ്റി ഹെഡുമായ ഷഫീക്ക് ഹസ്സന്‍ മഠത്തില്‍ പറയുന്നു.

കഴിഞ്ഞ കാലങ്ങളില്‍ വയനാടന്‍ മണ്ണില്‍ പ്രതിഭയുടെ ധാരാളിത്തം ഉണ്ടായിരുന്ന പ്രാദേശിക തലങ്ങളില്‍ നിന്നാണ് 16 ടീമുകളെ തിരഞ്ഞെടുത്തത്. നിലവില്‍ ഗ്രൂപ്പ് എ യില്‍ നോവ അരപ്പറ്റ, വിഡിയോ ക്‌ളബ് ബത്തേരി, ഇലവന്‍ ബ്രദേഴ്‌സ് മുണ്ടേരി, പി.എല്‍.സി പെരുങ്കോട്ടയും ഗ്രൂപ്പ് ബി യില്‍ സ്‌പൈസ് മുട്ടില്‍, മഹാത്മ എഫ്.സി ചുണ്ടേല്‍, ജുവന്‍സ് മേപ്പാടി, ഓക്‌സ്ഫഡ് എഫ് സി വയനാട്, ഗ്രൂപ്പ് സി യില്‍ ഡൈന അമ്പലവയല്‍,ഇന്‍സൈറ്റ് പനമരം, ആസ്‌ക് ആറാം വയല്‍, വയനാട് എഫ്.സിയും ഗ്രൂപ്പ് ഡി യില്‍ വയനാട് ഫാല്‍ക്കണ്‍സ്, എ.എഫ്.സി അമ്പലവയല്‍, എ.വണ്‍ ചെമ്പോത്തറ, സാസ്‌ക് സുഗന്ധഗിരി എന്നിങ്ങനെ 16 ടീമുകളാണ് ഗ്രൂപ്പ് തിരിഞ്ഞ് ഫുട്‌ബോള്‍ യുദ്ധത്തിനായി അണിനിരക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിച്ച പല ടൂര്‍ണമെന്റെുകളിലും മുഖാമുഖം പോരാടിയ ഈ ടീമുകള്‍ പ്രീമിയര്‍ ലീഗിലും ആവേശം ഇരട്ടിയാക്കുന്നുണ്ട്. ഓരോ ടീമിന് വേണ്ടി അനുവദിച്ച ജഴ്‌സികള്‍ അണിഞ്ഞ് ആരാധകരും ടീമുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. മുളങ്കാലുകളിലെ താല്‍ക്കാലിക ഗാലറിക്ക് പകരമായി ജില്ലയില്‍ ആദ്യമായി അയ്യായിരത്തിലധികം പേര്‍ക്കിരിക്കാവുന്ന ഇരുമ്പ് ഗാലറിയും വയനാട് പ്രീമിയര്‍ ലീഗിന്റെ പ്രത്യേകതയാണ്. ഒപ്പം രാത്രിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് വെളിച്ചമേകുന്നത് ആധുനിക രീതിയിലുള്ള മികച്ച ലൈറ്റുകളുമാണ്.

ദിവസവും രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഈ മത്സരങ്ങള്‍ക്കിടയില്‍ കാണികളെ ഹരം കൊള്ളിക്കാന്‍ കലാ പ്രകടനങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ സ്വന്തം ബാന്‍ഡായ മറ്റ ഡോറിയയും പരിപാടികള്‍ക്ക് കൊഴുപ്പേകുന്നുണ്ട്. ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ളവരും ലീഗിന് സാന്നിധ്യമേകുന്നുണ്ട്. ദേശീയ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ച റഫറിമാര്‍ വിധി നിര്‍ണയം നടത്തുന്നത് കൊണ്ട് മികച്ച കളിയാസ്വാദനം കാണികള്‍ക്ക് ലഭിക്കുന്നുമുണ്ട്. തങ്ങളുടെ ടീമിനെ കളിക്കളത്തിലിറക്കാന്‍ നാടും നാട്ടുകാരും പിരിച്ചു നല്‍കിയ ഭീമമായ തുക വയനാടന്‍ ജനത ഫുട്‌ബോളിനെ എത്രയധികം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവായി.'ഒരുപിടി മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ വയനാട് പ്രീമിയര്‍ ലീഗ് കൊണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ടൂര്‍ണമെന്റെ സംഘടിപ്പികുക അതില്‍ നിന്ന് ലാഭമുണ്ടാക്കുക എന്നതിലമുപരിയായി ലോകമറിയുന്ന ഒരുപിടി താരങ്ങളെ സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം. അവസരം കിട്ടാതെ പോയ നിരവധി താരങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഇപ്പോഴുമുണ്ട്. അവരെ വളര്‍ത്തിയെടുക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ക്ക് ടെക്‌നിക്കല്‍ ആയും മാനസികമായും ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. അതിലുപരി വയനാടിന് സ്വന്തമായി മികച്ച നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം ആവശ്യമാണ്.എങ്കില്‍ മാത്രമേ മുന്‍പോട്ട് ഈ യാത്രയില്‍ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിയു'
, വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സഫറുള്ള പറയുന്നു.

ഇന്ത്യയിലെ കോടിക്കണക്കിനാളുകളുടെ ഹരമായി മാറിയ ഐ.എസ്.എല്ലിന്റെ വരവോടെ രാജ്യമെങ്ങും നിരവധി കോച്ചിംഗ് ക്യാംപുകളും വളര്‍ന്ന് വന്നിരുന്നു. ഈ കാര്യത്തില്‍ കേരളവും പ്രത്യേകിച്ച് വയനാടും ഒട്ടും പിന്നിലല്ല. ജില്ലയിലെ അരപ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, പുല്‍പ്പള്ളി പോലുള്ള സ്ഥലങ്ങളില്‍ നിരവധി കോച്ചിംഗ് ക്യാംപുകളാണ് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. അതൊരു ശുഭസൂചനയാണ്. ഇത് മുന്നില്‍ കണ്ട് അബുദാബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി പോലുള്ള വലിയ ക്‌ളബുകള്‍ ജില്ലയില്‍ കോച്ചിംഗ് ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്. അരപ്പറ്റയില്‍ നോവയുമായി ചേര്‍ ന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന ക്യാംപില്‍ 417 കുട്ടികള്‍ പങ്കെടുക്കുന്നതും ഭാവിയില്‍ ഗുണം ചെയ്യും.

നിരവധി ഫുട്‌ബോള്‍ താരങ്ങളുടെ വളര്‍ച്ചക്ക് കാരണമായ വയനാട ന്‍ മണ്ണില്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനാവും എന്നാണ് ജില്ലയിലെ ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories