TopTop
Begin typing your search above and press return to search.

കുട്ടികളെ മാറാരോഗികളാക്കരുത്; സ്കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കുക തന്നെ വേണം

കുട്ടികളെ മാറാരോഗികളാക്കരുത്; സ്കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കുക തന്നെ വേണം

അമ്പിളി എസ്.

എല്ലാ വർഷവും സ്കൂൾ തുറന്ന് ആദ്യ ദിവസങ്ങളിൽ തന്നെ മോൾ തലേവർഷത്തെ സ്കൂൾ മാഗസിൻ കൊണ്ടുവരാറുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. ഞാൻ അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു “ക്ലാസ്സിൽ കൊണ്ടുവന്നിരുന്നു പക്ഷെ ഞാൻ എടുത്തില്ല. ഇനി അതൂടെ ചുമക്കാൻ വയ്യ, അല്ലെങ്കിൽ തന്നെ എനിക്കു ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ല” എന്ന്. ഒരു മാഗസിൻ കൂടെ വച്ചാൽ എന്തുമാത്രം ഭാരം കൂടാനാണ് എന്നു കുറ്റപ്പെടുത്താനാണ് ആദ്യം തോന്നിയത്. പക്ഷെ ഞാൻ ഒന്നാലോചിച്ചു. അന്ന് രാവിലെയും ബാഗിൽ വച്ചുകൊണ്ടുപോയ ചില പാഠപുസ്തകങ്ങൾ അവൾ ബസ് സ്റ്റോപ്പിൽ വച്ച് അച്ഛൻറ്റെ കൈയിൽ തിരിച്ചു കൊടുത്തുവിട്ടിരുന്നു, ഭാരം താങ്ങാനാവാതെ.

പിറ്റേന്നു തന്നെ എട്ടാം ക്ലാസുകാരിയുടെ എല്ലാ പാഠപുസ്തകങ്ങളും രണ്ടായി പകുത്തു സോഫ്ട് ബൈൻഡ് ചെയ്യിച്ചു. ഇപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്. എങ്കിലും പ്രശ്നം മുഴുവനായി പരിഹരിച്ചു എന്നു പറയാനാവില്ല.

കുറഞ്ഞത് രണ്ട് പാഠപുസ്തകങ്ങൾ, എട്ടു നോട്ടു ബുക്കുകൾ, സ്കൂൾ ഡയറി, പെൻസിൽ പൗച്ച്, ക്രയോൺസ്, ലഞ്ച്, സ്നാക്സ്, വാട്ടർ ബോട്ടിൽ, കുട - ഇത്രയുമാണ് ഒന്നാം ക്ളാസുകാരിയുടെ ബാഗിലുള്ളത്. പതിനഞ്ചു കിലോ ഭാരമുള്ള അവൾ ചുമക്കുന്നത് മൂന്നു കിലോയുള്ള ബാഗ്. കൊണ്ടു പോകുന്ന ബുക്കുകളിൽ മിക്കവാറും 50% മാത്രമാണ് ഉപയോഗിക്കാറ്. പക്ഷേ ഒരു ബുക്കുപോലും കൊണ്ടുപോവാതിരിക്കാൻ കുട്ടികൾക്ക് പേടിയാണ്. ടൈം ടേബിൾ അനുസരിച്ച് എല്ലാ ബുക്കുകളും കൊണ്ടുവരാണെമെന്ന് ടീച്ചറുടെ കർശനമായ നിർദേശമുണ്ട്.

ബാഗിന്റെ അമിത ഭാരം ഒരു പ്രശ്നമായി പലരും പറയാറുണ്ട്. പത്രങ്ങളിലും മാഗസിനുകളിലും പലപ്പോഴും ഇതേപ്പറ്റി വായിച്ചിട്ടുണ്ട്. പല പഠനങ്ങളും നടന്നിട്ടുള്ളതായും അറിയാം. പക്ഷെ ഇതിനൊരു പരിഹാരം ഇന്നും ഉണ്ടായിട്ടില്ല . മറ്റു വിദേശ രാജ്യങ്ങളൊക്കെ വളരെ മുൻപേ പരിഹരിച്ച പ്രശ്നമാണിത്. യു എസിലും യൂറോപ്യൻ രാജ്യങ്ങളിലും സ്കൂളിൽ കുട്ടികൾക്ക് ലോക്കർ സൗകര്യം കൊടുക്കുന്നു, ഇ-ബുക്കുകളും ടാബ്ലറ്റുകളും പല സ്കൂളുകളും ഉപയോഗിക്കുന്നു. കുട്ടികളുടെ ശരീരഭാരത്തിൻറ്റെ 10 - 15% നെ ക്കാൾ കുറവാകണം ബാഗിൻറ്റെ ഭാരം എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ഓർത്തോപീഡിക് സർജൻസ് റെക്കമെൻറ്റ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ കുട്ടികൾ ചുമക്കുന്നത് അനുവദനീയമായതിന്‍റെ രണ്ടോ മൂന്നോ ഇരട്ടി ഭാരമാണ്.

അമിത ഭാരം ചുമക്കുന്നത് കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. അത് ആവശ്യത്തിലധികം പലരും സംസാരിച്ചിട്ടുള്ള കാര്യമാണ്. ഇനി വേണ്ടത് പ്രശ്ന പരിഹാരം മാത്രം. എന്തു പരിഹാരമാർഗമാണ് നമ്മുടെ മുന്നിലുള്ളത്?

ഏറ്റവും പ്രധാന പങ്ക് വഹിക്കാനാവുന്നത് സ്കൂളുകൾക്ക് തന്നെയാണ്. മാതാപിതാക്കളുടെ സഹകരണത്തോടെ പണച്ചിലവില്ലാത്തതും, ചിലവുള്ളതുമായ പല മാർഗങ്ങളുണ്ട്.

സ്കൂളുകൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ

1. പീരീഡുകൾ പുനഃക്രമീകരിക്കുക - എട്ടാം ക്ളാസിൽ പഠിക്കുന്ന എന്‍റെ മകൾക്ക് ആഴ്ചയിൽ നാലു ദിവസം ആയി നാല് ഫിസിക്സ് പീരീഡുകളുണ്ട്. ഇത് രണ്ടു ദിവസം രണ്ടു പീരീഡുകൾ വീതമായി ക്രമീകരിക്കാവുന്നതേയുള്ളു. എല്ലാ വിഷയങ്ങളും ഇങ്ങനെ പുനഃക്രമീകരിച്ചാൽ ദിവസവും കൊണ്ടുപോകേണ്ട ബുക്കുകൾ പകുതിയായി കുറയ്ക്കാം.

2. ക്ളാസിൽ കുട്ടികൾക്ക് സ്റ്റഡി പാർട്ണറിനെ ഉണ്ടാക്കാം. ഇവർ തമ്മിൽ പാഠപുസ്തകങ്ങൾ ഷെയർ ചെയ്ത് ഉപയോഗിക്കാം. (ഇന്ന് പാഠപുസ്തകങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ പലപ്പോഴും കുറ്റക്കാരായിട്ടാണ് അദ്ധ്യാപകർ കാണുന്നത്). അപ്രതീക്ഷിതമായി ഇവരിലൊരാൾക്ക് അവധി എടുക്കേണ്ട സന്ദർഭം പോലും ഫോണും വാട്സാപ്പും ഒക്കെയായി കണക്ടഡ് ആയ കുട്ടികൾ എളുപ്പത്തിൽ മാനേജ് ചെയ്യും. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇതു പരീക്ഷിക്കാം.

3. നോട്ടു ബുക്കുകൾക്കു പകരം പേപ്പറിൽ എഴുതി ദിവസവും വീട്ടിൽ കൊണ്ടുവന്നു വിഷയം തിരിച്ചു ഫയൽ ചെയ്യുന്ന രീതി അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് സ്വീകരിക്കാം.

4. ഏതൊക്കെ ബുക്കുകൾ കൊണ്ടുവരണം എന്നതിനെപ്പറ്റി അദ്ധ്യാപകർ വ്യക്തമായ വിവരം കുട്ടികൾക്ക് കൊടുക്കുക. ടൈംടേബിൾ നോക്കി കുട്ടികൾ ആവശ്യമില്ലാത്ത ബുക്കുകൾ കൊണ്ടുവരുന്നത് ഇങ്ങനെ തടയാം.

5. കുട്ടികളുടെ ബുക്കുകൾ സ്കൂളിൽ തന്നെ സൂക്ഷിക്കാൻ മാർഗം ഉണ്ടാക്കുക. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് അവരുടെ ഡെസ്കിൽ തന്നെ സ്റ്റോറേജ് കപ്പാസിറ്റി ഉണ്ടെങ്കിൽ അധ്യാപകരുടെ സഹായമില്ലാതെ തന്നെ കുട്ടികൾക്കിത് കൈകാര്യം ചെയ്യാം. മുതിർന്ന കുട്ടികൾക്ക് ക്ളാസിൽ തന്നെ ലോക്കർ സംവിധാനം ഉണ്ടാക്കുക. ഇതിനുണ്ടാവുന്ന പണ ചിലവ്, അൺഎയ്ഡഡ് സ്കൂളുകളിൽ മാതാപിതാക്കളും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സർക്കാരും വഹിക്കുക.

6. സ്കൂളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക. കുട്ടികൾക്ക് വാട്ടർ ബോട്ടിൽ വീട്ടിൽ നിന്നു നിറച്ചുകൊണ്ടു പോവുന്നത് ഒഴിവാക്കാം. കുറച്ചു വാട്ടർ പൈപ്പുകളുടെ അടുത്ത് കുടിവെള്ളം എന്നു എഴുതി വച്ചതുകൊണ്ടു കാര്യമായില്ല, ശുദ്ധജലമാണെന്നു വിശ്വസിച്ച് ഉപയോഗിക്കാൻ കഴിയുന്നതാവണം. സ്കൂളിലെ എല്ലാ ബ്ലോക്കുകളിലും വാട്ടർ പ്യൂരിഫൈർ സ്ഥാപിക്കുകയാണ് നല്ല മാർഗം.

7. സ്കൂളുകൾ ഡിജിറ്റൽ ആക്കുക എന്നതാണ് മറ്റൊരു മാർഗം. പാഠപുസ്തകങ്ങൾക്കു പകരം ടാബ്ലറ്റ് ഉപയോഗിക്കാം.

മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ

1. ഭാരം ഏറ്റവും കുറഞ്ഞ ബാഗ് വാങ്ങുക. പെൻസിൽ ബോക്സിനു പകരം ഭാരം കുറഞ്ഞ പൗച്ച് ആക്കാം. ലഞ്ച് ബോക്സും സ്നാക്സ് ബോക്സും കുടയും - കുട്ടികൾക്കായി വാങ്ങുന്ന എന്തും ഭാരക്കുറവുള്ളതു വാങ്ങുക.

2. ഇടയ്ക്കിടെ ബാഗ് പരിശോധിക്കുക. കഥാപുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉൾപ്പടെ അത്യാവശ്യമില്ലാത്തതെന്തും ഒഴിവാക്കുക.

3. സ്കൂളുകൾ ബാഗിന്റെ ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നില്ലെങ്കിൽ ഈ വിഷയം മീറ്റിങ്ങുകളിൽ ഉന്നയിക്കുക. എല്ലാവരും ഇത്രനാളായി സഹിക്കുന്നതല്ലേ, പിന്നെ എന്‍റെ കുട്ടിയ്ക്ക് മാത്രമെന്താ പ്രശ്നം എന്ന സമീപനം ഉപേക്ഷിക്കുക.

പാഠപുസ്തകങ്ങൾ അച്ചടിക്കാനായി ഭാരം കുറഞ്ഞ പേപ്പർ (lightweight paper) ഉപയോഗിക്കാൻ ഗവണ്മെന്റ് നിർദേശം കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ 35 ശതമാനം വരെ ഭാരം കുറയ്ക്കാനാവും. വിദേശ രാജ്യങ്ങളിൽ ഇതു സാധാരണയാണ്.

നമ്മുടെ മുൻപിൽ ഇത്രയേറെ മാർഗങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പരീക്ഷിക്കാൻ ഭൂരിഭാഗം സ്കൂളുകളോ നിയമം കൊണ്ടു നിയന്ത്രിക്കാൻ സർക്കാരോ തയ്യാറാവുന്നില്ല. കുട്ടികളുടെ ശരീരഭാരത്തിൻറ്റെ 10% ന് താഴെ ആവണം സ്കൂൾ ബാഗിൻറ്റെ ഭാരം എന്ന് മഹാരാഷ്ര സർക്കാർ 2015ൽ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം നിയമങ്ങളില്ല. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് സി ബി എസ് ഇ യും ഇന്ത്യയിലെ പല ഹൈ കോടതികളും മാർഗനിർദേശം നൽകിയിട്ടുണ്ട്. പക്ഷെ എല്ലാം പേപ്പറിൽ ഒതുങ്ങുന്നു. കേരളത്തിൽ വളരെ കുറച്ച് സ്കൂളുകൾ മാത്രമാണ് ആത്മാർത്ഥമായ ഒരു ശ്രമം ഇതിലേക്കായി നടത്തിയിട്ടുള്ളത്.

കൊല്ലം ജില്ലയിലെ തളിക്കോട് എൽ പി സ്കൂൾ മാതൃകാപരമായ ഒരു സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ കെ ജി അബ്രഹാമിന്‍റെ നേതൃത്വത്തിൽ അവർ നടപ്പിലാക്കിയ മാതൃക തികച്ചും അഭിനന്ദനാർഹമാണ്. കുട്ടികൾ 40 പേജിന്റെ കുറച്ച് നോട്ടുബുക്കുകൾ മാത്രമായാണ് സ്കൂളിൽ വരുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്നല്ലേ.

ഓരോ കുട്ടിക്കും രണ്ടു സെറ്റ് പാഠപുസ്തകങ്ങളുണ്ട്. ഇതിൽ ഒരു കോപ്പി സ്കൂളിന്‍റേതാണെന്നു പറയാം. ഈ കോപ്പി സ്കൂളിൽ സൂക്ഷിക്കുന്നു. വരും വർഷങ്ങളിലും കുട്ടികൾക്ക് ഇതുതന്നെ ഉപയോഗിക്കാം. പാഠ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും സൂക്ഷിക്കാൻ കുട്ടികൾക്ക് ഷെൽഫുകൾ ഉണ്ട്. കെ എൻ ബാലഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നു ലഭിച്ച മൂന്നു ലക്ഷം രൂപകൊണ്ടാണ് ഷെൽഫുകൾ ഉണ്ടാക്കിയത്. കുടിവെള്ളത്തിനായി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു , കുട്ടികൾക്ക് ഭാരം കുറഞ്ഞ തുണി സഞ്ചികൾ സ്കൂളിൽ നിന്നു തന്നെ കൊടുക്കുന്നു.

പട്ടാമ്പിയിലെ എം ഇ എസ് ഇന്‍റര്‍നാഷനൽ സ്കൂൾ കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സ്കൂൾ ആണ്. പാഠപുസ്തകങ്ങൾക്കും നോട്ടുബുക്കിനും പകരം ടാബ്ലറ്റ് ഉപയോഗിക്കുന്നു. ഓരോ ക്ളാസ്സിലേക്കും വേണ്ട കോഴ്സ് മെറ്റീരിയലുകൾ ടാബ്ലറ്റിൽ ഉണ്ടാവും. അതുകൂടാതെ ഡിജിറ്റൽ ബോർഡിൽ അദ്ധ്യാപകർ എഴുതുന്ന നോട്ടുകൾ വൈ ഫൈ വഴി കുട്ടികളുടെ ടാബ്ലറ്റിൽ സേവ് ചെയ്യപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം. എം ഇ എസ്സിന്റെ മറ്റു സ്കൂളുകളും ഡിജിറ്റൽ ആക്കിമാറ്റണമെന്നു താല്പര്യമുണ്ടെങ്കിലും പലപ്പോഴും മാതാപിതാക്കളും അധ്യാപകരും ഈ നീക്കത്തെ എതിർക്കുന്നു എന്ന് എം ഇ എസ് പ്രസിഡൻറ് ഡോക്ടർ ഫസൽ ഗഫൂർ പറയുന്നു. സാമ്പ്രദായിക രീതികളിൽ നിന്നു മാറി ചിന്തിക്കാൻ പലപ്പോഴും അദ്ധ്യാപകരും രക്ഷിതാക്കളും മടിക്കുന്നതാണ് എതിർപ്പുകൾക്കു കാരണം.

ഇത്രയും പറഞ്ഞെങ്കിലും ഈ വിഷയത്തിൽ ഏറ്റവും പ്രായോഗികമായ ആയ ഒരു തീരുമാനം നടപ്പിൽ വരുത്താനാവുന്നത് ഗവണ്മെൻറിനാണ്. സ്കൂളുകൾ തന്നെ ഈ കാര്യങ്ങൾ നടപ്പിലാക്കും എന്നു കരുതി കാത്തിരിക്കാൻ പറ്റില്ല. സർക്കാരിന്റെ വളരെ സ്ട്രോങ് ആയ ഇടപെടലിലൂടെ മാത്രമേ എന്തെങ്കിലും നടക്കൂ. പീര്യഡ് പുനഃക്രമീകരണം ഉൾപ്പടെയുള്ള പണച്ചിലവില്ലാത്ത കാര്യങ്ങൾ ഉടനടി നടപ്പിൽ വരുത്താനും മറ്റുള്ള മാർഗങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്താനും സർക്കാർ നിർദേശം കൊടുത്തേ മതിയാവൂ. ഇല്ലെങ്കിൽ ചുമടെടുത്തു രോഗികളാവാനാവും കുട്ടികളുടെ വിധി.

(തിരുവനന്തപുരത്ത് ഐ ടി പ്രൊഫഷണലാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories