TopTop
Begin typing your search above and press return to search.

ഈജിപ്തിലെ കുറിക്കല്ല്യാണങ്ങള്‍

ഈജിപ്തിലെ കുറിക്കല്ല്യാണങ്ങള്‍

അഹമ്മദ് ഫെതേഹ/ബ്ലൂംബെര്‍ഗ് ന്യൂസ്‌

ആ രാത്രി മദ്യമെല്ലാം കുടിച്ചു വറ്റിയപ്പോഴേക്കും, മയക്കുമരുന്ന് പുകച്ചുതീര്‍ത്തപ്പോഴേക്കും നിശാനര്‍ത്തകികള്‍ അവരുടെ കസര്‍ത്തുകള്‍ അവസാനിപ്പിച്ചപ്പോഴേക്കും അന്നത്തെ വരന്‍ ഏകദേശം 16,000 ഡോളര്‍ സമ്പാദിച്ചു കഴിഞ്ഞിരിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികച്ചും ലാഭകരമായ ഒരു വിവാഹം തന്നെ. അദ്ദേഹത്തിന്റെ 'വധു' അവിടെ എവിടെയും ഉണ്ടായിരുന്നില്ല. ഓ അതത്ര പ്രധാനമൊന്നുമല്ലെന്നേ. ചിലര്‍ വിവാഹം ഒരു പ്രധാന ചടങ്ങ് എന്ന രീതിയില്‍ നടത്തുന്നു. എന്നാല്‍ ചിലര്‍ക്കിതു ഒരു ബിസിനസ് മാത്രമാണ്. ആ രാത്രിയിലെ വരനും സെക്കന്‍ഡ് ഹാന്‍ഡ് ഗൃഹോപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന ആളുമായ മുഹമ്മദ് പറഞ്ഞു. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ബിസിനസിനുള്ള മൂലധനശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി പരമ്പരയിലെ ഒന്ന് മാത്രമായാണ് മുഹമ്മദ് ഇതിനെ കാണുന്നത്. ചിലപ്പോള്‍ ഇദ്ദേഹം പണം ശേഖരിച്ചു നല്‍കുന്നു. മറ്റു ചിലപ്പോള്‍ വേറെ ആരെങ്കിലും അത് ചെയ്യും.

ഈജിപ്തിലെ ജിഡിപിയുടെ 40 ശതമാനത്തിലേറെ വരുന്ന ഒരു അനൗദ്യോഗിക സാമ്പത്തിക മേഖലയുടെ ഭാഗമായാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ പോലും ബാങ്കുകളില്‍ കാല് കുത്താന്‍ 'ആവശ്യം' ഉണ്ടാകാത്ത ആളുകളുള്ള ഈ രാജ്യത്തിന്റെ നാലിലൊന്ന് വരുന്ന അതായത് ദാരിദ്യത്തില്‍ കഴിയുന്ന 87 മില്യണ്‍ ജനങ്ങള്‍ക്കും ഇത്തരത്തില്‍ നടക്കുന്ന തെരുവ് 'വിവാഹങ്ങള്‍' അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു പരിപാടികള്‍ സുരക്ഷിതമായ ഒരു നിക്ഷേപത്തിനുള്ള അവസരമായി മാറുന്നു.ചിലര്‍ക്ക് വിവാഹം ഒരു ആഘോഷമാണ്. ചിലര്‍ക്ക് ഒരു ബിസിനസ്സും. സംഘം ചേര്‍ന്നുള്ള പരിപാടികളിലൂടെ പണം സമ്പാദിക്കുക എന്നത് ഈജിപ്തിലും മറ്റു വികസ്വര രാജ്യങ്ങളിലും കാലങ്ങളായി നിലനിന്നുപോരുന്ന രീതിയുടെ ഭാഗമാണ് (കേരളത്തിലെ കുറിക്കല്യാണങ്ങള്‍ പോലെ). ചിലപ്പോള്‍ ഈ വിവാഹങ്ങള്‍ ശരിക്കും ഉള്ളതായിരിക്കും. അപ്പോള്‍ ആളുകള്‍ നവദമ്പതികള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങുന്നതിനുള്ള സഹായം എന്ന നിലയ്ക്കാണ് ഈ പണം നല്‍കുന്നത്.

എന്നാല്‍ ചില സമയത്ത് കമ്പനികളും മറ്റും ധന ശേഖരണാര്‍ത്ഥം വിവാഹ പാര്‍ട്ടികള്‍ പോലെയുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. എന്നിരുന്നാലും ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ധന ശേഖരണ പരിപാടികളാണ് സാധാരണ നടക്കാറുള്ളത്. തങ്ങളുടെ സാമ്പത്തിക ഞെരുക്കം കുറയ്കുക എന്നത് തന്നെ ആണ് ഈ മൂന്ന് പരിപാടികളുടെയും ആത്യന്തിക ലക്ഷ്യം.

ഇത്തരം പണമിടപാടുകള്‍ ഒരു സാമ്പത്തിക ഘടനയുടെ മുഖ്യധാരയില്‍ വരുന്നത് ഒരു വെല്ലുവിളിയായാണ് പ്രസിഡന്റ് അബ്ദെല്‍ ഫറ്റാഹ് എല്‍-സിസി കാണുന്നത്. 2011-ലെ ഹോസ്‌നി മുബാറക്കിന്റെ നിഷ്‌കാസനവുമായി ബന്ധപ്പെട്ടു രാജ്യത്ത് തുടര്‍ന്ന് പോരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളുടെ അനന്തരഫലമായി പല പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതോടൊപ്പം രാജ്യത്തില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിനായി രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും ധനക്കമ്മിയും പരിഗണിച്ചു നികുതിയില്‍ വര്‍ധനവ് കൊണ്ടുവരാനും അതിലൂടെ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്താനും അദ്ദേഹം ശ്രമിക്കുന്ന സമയത്ത് ആണ് ഈ വെല്ലുവിളികള്‍ എന്നതും ഒരു പ്രശ്‌നമായി കണക്കാക്കേണ്ടി വരും. അതത്ര എളുപ്പമല്ല. ബാങ്കുകളുടെ നടത്തിപ്പിന് ഈജിപ്തിന്റെ സമ്പദ്ഘടനയുടെ സ്വഭാവുമായി യോജിച്ചു പോകാത്ത പല കാര്യങ്ങളും ആവശ്യമായി വരുന്നു എന്നത് ചിന്താവിഷയമാണെന്ന് ഈജിപ്ത് സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറി ഫൈക എല്‍ രേഫ പറയുന്നു. രാജ്യത്തിലെ ഭൂരിഭാഗവും ദരിദ്രര്‍ ആണ്. പണമുള്ളവര്‍ക്കാകട്ടെ അത് ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ രേഖകളും ഉണ്ടാകില്ല.

ഈ രണ്ടാമത്തെ കൂട്ടത്തില്‍ ആണ് മുഹമ്മദ് ഉള്‍പ്പെടുക. അദ്ദേഹത്തിന്റെ ബിസിനസ് നല്ല ലാഭം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അദ്ദേഹം കച്ചവടം നടത്തുന്നത് സ്വന്തം വീട്ടില്‍ തന്നെയാണ്. അദ്ദേഹം നികുതി അടയ്ക്കുന്നുമില്ല. ഒരിക്കല്‍ ഒരു ബാങ്ക് ലോണിനു അദ്ദേഹം അപേക്ഷിച്ചിരുന്നു. പക്ഷെ ബാങ്കിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ അദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. കൂടാതെ താങ്ങാനാകാത്ത പലിശ നിരക്കും. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ചേര്‍ന്ന് ബിസിനസ് ആരംഭിക്കാന്‍ നിര്‍ബന്ധിതനായി.

തെരുവില്‍ 'വിവാഹത്തിനായി' കെട്ടിപ്പൊക്കിയ നീണ്ട വീഥിയിലേക്ക് വര്‍ണാഭമായ സ്വാഗതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് അതിഥികള്‍ പ്രവേശിച്ചു. ഭക്ഷണം കഴിച്ച മുറയ്ക്ക് അവരില്‍ ഓരോരുത്തര്‍ ആയി വേദിയില്‍ കയറി തങ്ങളുടെ പങ്ക് പണമായി മുഹമ്മദിന് നല്‍കി. അദ്ദേഹത്തിന്റെ സഹായികള്‍ ഓരോരുത്തരുടെയും പങ്ക് എന്നി തിട്ടപ്പെടുത്തി ഒരു നോട്ട്ബുക്കില്‍ കുറിച്ചുവച്ചു. ഇത് വ്യക്തിപരമായ ബന്ധങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു സംവിധാനമാണ്. മുഹമ്മദിനെ ഇപ്പോള്‍ സഹായിച്ചവരെ ഇതേപോലെ സഹായിച്ചില്ലെങ്കില്‍ മുഹമ്മദിന് അതൊരു ചീത്തപ്പേരാകും. ചിലപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. ഇതേ പോലെ പണം തിരിച്ചു നല്‍കാന്‍ സാധിക്കാത്തത്തിന്റെ പേരില്‍ കൊലപാതകം വരെ നടന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒരു സമാന്തര സൂയസ് കനാലിനു വേണ്ടി 64 ബില്ല്യണ്‍ പൗണ്ട് വരുന്ന കടപത്രങ്ങള്‍ വിറ്റപ്പോള്‍ ആണ് ഈജിപ്ത് ബാങ്കിംഗ് സംവിധാനത്തിന് ബദലായി നിലനിക്കുന്ന ഈ സംവിധാനത്തിന്റെ വ്യാപ്തി എന്തെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. 64 ബില്ല്യണിന്റെ 42 ശതമാനവും ഇത്തരത്തിലുള്ള ബദല്‍ സംവിധാനങ്ങളില്‍ നിന്നാണ് ലഭിച്ചതെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഹിഷാം റമീസ് പറഞ്ഞു.

ഈ കടപത്രങ്ങളുടെ വര്‍ധിച്ച പലിശ നിരക്ക് ഇത് വാങ്ങുന്നതിനായി സ്വന്തം സ്ഥലവും മറ്റു സ്വത്തും വില്‍ക്കുന്നതിനു പോലും ആളുകളെ പ്രേരിപ്പിച്ചു. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതില്‍ പ്രത്യേകിച്ച് ഗുണമൊന്നും കാണാതിരുന്നവര്‍ പോലും ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് എല്‍ രേഫജെ അഭിപ്രായപ്പെട്ടു.

ഈജിപ്തില്‍ പണത്തിന്റെ സിംഹഭാഗവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ചെലവാക്കുന്നത്. ഇവിടെ ആകെ 2.5 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകളും 7,300 എടിഎം കൗണ്ടറുകളും മാത്രമേ ഉള്ളൂ എന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍. സമൂഹത്തിലെ ന്യൂനപക്ഷമായ വലിയ കമ്പനികള്‍ക്ക് കടം കൊടുക്കാന്‍ ആണ് ഈജിപ്തിലെ ബാങ്കുകള്‍ക്ക് താത്പര്യം. 2011-ലെ വിപ്ലവത്തിന് ശേഷം സര്‍ക്കാര്‍ തങ്ങളുടെ വര്‍ധിച്ചുവരുന്ന ധനക്കമ്മി നികത്താന്‍ തദ്ദേശീയ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ കടമെടുക്കാന്‍ തുടങ്ങി. അത് ബാങ്കുകളിലെ വായ്പ-നിക്ഷേപ അനുപാതത്തെ 2011-ലെ 50 ശതമാനത്തില്‍ നിന്ന് 2014 ആയപ്പോഴേക്കും 41 ശതമാനമാകുന്ന അവസ്ഥയില്‍ എത്തിച്ചു.

സമൂഹത്തിന്റെ വലിയൊരു ശതമാനം വരുന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഈ ബദല്‍ സാമ്പത്തിക സംവിധാനം. ഇതില്‍ ബെഡ്ഷീറ്റുമുതല്‍ കുരുമുളക് സ്‌പ്രേ വരെ വില്‍ക്കുന്ന തെരുവ് വില്‍പ്പനക്കാരും, കെയ്‌റോയിലെ ചേരികളിലൂടെ സൈക്കിള്‍ ചവിട്ടുന്ന റിക്ഷാ തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ പല ചെറുകിട കമ്പനികളും ഇതില്‍ ഭാഗഭാക്കായിട്ടുണ്ട്. കാര്‍നെഗി മിഡില്‍ ഈസ്റ്റ് സെന്ററിലെ ഗവേഷക അമര്‍ ആഡിലി പറയുന്നു.

നിര്‍മാണവിഭാഗത്തിന്റെ കാര്യം എടുക്കാം. അതിലെ വലിയ കമ്പനികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന കരാറുകളെ പണം നല്‍കി ചെറുകിട കമ്പനികള്‍ക്കായി ഉപകരാറുകള്‍ കൊടുക്കുന്നുവെന്ന് ആഡിലി പറഞ്ഞു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ ഒരു പഠനത്തില്‍, ഈജിപ്തിലെ 90 ശതമാനം യുവാക്കളും ഇത്തരത്തില്‍ ഉള്ള അനൗദ്യോഗിക മേഖലകളില്‍ ആണ് തൊഴില്‍ എടുക്കുന്നത്. ഇത്തരം അവസ്ഥകളില്‍ നിലനില്‍പ്പിനും സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാനും, മുഹമ്മദിനെ പോലെ 'കല്യാണം' നടത്തുക തന്നെയാണ് ഒരു നല്ല മാര്‍ഗം. എന്നാല്‍ ഈ സംവിധാനങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അത് സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബാങ്കും ഈ സംവിധാനങ്ങളും ഒന്നും നമുക്കുള്ളതല്ലെന്നും ആളുകളുടെ സ്‌നേഹം ആണ് പ്രധാനമെന്നും മുഹമ്മദ് പറഞ്ഞു. നിങ്ങളെ ആളുകള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള പണം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മുഹമ്മദിന്റെ യഥാര്‍ത്ഥ കല്യാണത്തില്‍ വളരെ അടുത്ത കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇത്തവണ പക്ഷെ വധു ഹാജരായിരുന്നു കേട്ടോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories