TopTop
Begin typing your search above and press return to search.

ദയയില്ലാത്ത അടി മൈതാനത്ത് തിരിച്ചെത്തി; ഇനി വേണ്ടത് തീ തുപ്പുന്ന ബൗളര്‍മാര്‍

ദയയില്ലാത്ത അടി മൈതാനത്ത് തിരിച്ചെത്തി; ഇനി വേണ്ടത് തീ തുപ്പുന്ന ബൗളര്‍മാര്‍

ടീം അഴിമുഖം

എം ടി വാസുദേവന്‍ നായരുടെ നോവലുകളിലെ തകര്‍ന്ന നായര്‍ തറവാട് പോലെയായിരുന്നു അടുത്തിടെവരെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്. പ്രൗഡിയും പ്രതാപവും നിറഞ്ഞ ഭൂതകാലം; പക്ഷേ വേദന നിറച്ചുകൊണ്ടു വര്‍ത്തമാനകാലത്തെ ക്രൂരമാക്കുന്ന ഓര്‍മകള്‍. സമീപഭാവിയിലൊന്നും ഗതകാലഗരിമയിലേക്ക് തിരിച്ചെത്താനാകാത്ത അവസ്ഥ. പോയകാലം കേളികേട്ടതാകുമ്പോള്‍ ഗൃഹാതുരത എല്ലാം വിഴുങ്ങുന്ന കാളസര്‍പ്പമാണ്. അത് പലപ്പോഴും പലതിനെയും നഷ്ടപ്പെടുത്തുന്നു.

എന്നാല്‍ 2016 കാണിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ഒരു കളിക്കാലത്തെക്കുറിച്ച് ക്രിക്കറ്റിന് ആലോചിക്കാനാവില്ല എന്നാണ്. കുറഞ്ഞത് നാലു മാസം കൊണ്ട് 2016 കരീബിയന്‍ ക്രിക്കറ്റിന്റെ ഉണര്‍ന്നെഴുന്നേല്‍ക്കലിന്റെ കാലമായിരുന്നു. 19 വയസിനു താഴെയുള്ളവരുടെ ലോകകപ്പ് വെസ്റ്റിന്‍ഡീസ് നേടി. വനിതകളുടെയും പുരുഷന്മാരുടെയും T-20 ലോകകപ്പും. ഇതോടെ T-20 ലോകകപ്പില്‍ രണ്ടുതവണ ജേതാക്കളായ ബഹുമതിയും ഡാരന്‍ സമിയുടെ ടീമിന് കിട്ടി. ഇതിന് മുമ്പ് 2012ല്‍ ശ്രീലങ്കയിലായിരുന്നു ആദ്യകിരീടം.

അതൊക്കെ വസ്തുതകളാണ്. അതെങ്ങനെ സംഭവിച്ചു എന്നതാണു അസാധാരണമായത്. ഇംഗ്ലണ്ട് കുറിച്ച വിജയലക്ഷ്യമായ 156 മറികടക്കാന്‍ ബെന്‍ സ്‌റ്റോക്‌സ് എറിയുന്ന അവസാന ഓവറില്‍ വെസ്റ്റിന്‍ഡീസിന് വേണ്ടത് 19 റണ്‍സ്. ഒരറ്റത്ത് മാര്‍ലന്‍ സാമുവല്‍സ് 85 റണ്‍സുമായി കാവലുണ്ട്. പക്ഷേ അയാള്‍ അങ്ങേതലയ്ക്കലെ ക്രീസിലാണ്. ഓസ്‌ട്രേലിയക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിലെത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റ് എന്ന ഓള്‍ റൗണ്ടര്‍ എല്ലാ ഭാരവും ബാറ്റിലേന്തി നില്‍ക്കുന്നു.

പിന്നെ അമിട്ട് പൊട്ടും പോലെ നാലു സിക്‌സറുകളാണ് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നത്. വിജയത്തിലേക്കുള്ള സിക്‌സര്‍ ബ്രാത്‌വൈറ്റ് അടിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസ് കളിക്കാര്‍ ആഘോഷത്തിമിര്‍പ്പോടെ മൈതാനത്തേക്ക് ഓടിയിറങ്ങി. അവരാ വിജയം നേടി എന്നു മാത്രമല്ല, അത് കരുത്തും സൗന്ദര്യവും നിറഞ്ഞ ആധികാരികതയോടെ നേടി.ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏതാനും ആഴ്ച്ച മുമ്പുവരെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി പ്രതിഫലത്തെച്ചൊല്ലി പ്രതിസന്ധിയിലായിരുന്ന സംഘമാണിത് എന്നുമോര്‍ക്കണം. പക്ഷേ അത് കഴിഞ്ഞ കഥയാണ്. ഇത് കളിക്കളത്തില്‍ സംഭവിച്ച കാര്യമാണ്. ആദ്യ ഓവറും അവസാന ഓവറും വിന്‍ഡീസിനായിരുന്നു ആധിപത്യം. ക്രമത്തില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനു രണ്ടാം T-20 കിരീടത്തിന് സാധ്യതയും ഉണ്ടായിരുന്നു.

പക്ഷേ അവസാന ഓവറില്‍ ബ്രാത്വൈറ്റാണ് അവരെ തകര്‍ത്തതെങ്കില്‍ കളി അവരുടെ കയ്യില്‍ നിന്നും പതുക്കെ പിടിച്ചുവാങ്ങിയത് സാമുവല്‍സ് ആണ്. ആദ്യ ഓവറില്‍ പുത്തന്‍ പന്തില്‍ ജോ റൂട്ട് ജോണ്‍സണ്‍ ചാള്‍സിനെയും ക്രിസ് ഗെയിലിനേയും പുറത്താക്കി ഇംഗ്ലണ്ട് രക്തം മണത്ത നേരത്താണു രണ്ടാം ഓവറില്‍ സാമുവല്‍സ് ക്രീസിലെത്തുന്നത്. ഒരു കുന്നോളം പണിയുണ്ടായിരുന്നു. അതയാള്‍ ഭാഗിയായി ചെയ്തു, 2012ലെ പോലെ.

സാമുവല്‍സ് ഒരു സമസ്യപോലുള്ള ക്രിക്കറ്റ് കളിക്കാരനാണ്. നീണ്ട നാളുകള്‍ അയാള്‍ ഉള്‍വലിയും. അക്കാലത്തൊക്കെ എന്തു സംഭവിച്ചാലും അയാള്‍ക്കൊരു ആധിയുമില്ല. പക്ഷേ അതില്‍ നിന്നും പുറത്തുവന്നാല്‍ അയാളെന്തും ചെയ്തുകളയും, 2012ലെ പോലെ. അന്ന് കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ 56 പന്തില്‍ നിന്നും 76 റണ്‍സാണ് അയാള്‍ അടിച്ചെടുത്തത്. ഇപ്പോള്‍ കൊക്കൂണില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കുങ്ഫു പാണ്ഡയെപ്പോലെ ഇംഗ്ലണ്ട് ബൗളര്‍മാരെ നിലം തൊടാന്‍ സമ്മതിച്ചില്ല.

പുതിയ തലമുറ ക്രിക്കറ്റ് ആരാധകര്‍ക്ക് വെസ്റ്റിന്‍ഡീസ് പ്രത്യേകിച്ച് ആവേശമൊന്നും ഉണ്ടാക്കാത്ത മറ്റൊരു ടീം മാത്രമായിരിക്കും. പക്ഷേ ഏതാനും ദശാബ്ദം മുമ്പുവരെ അതായിരുന്നില്ല കഥ. 1970കളിലും 1980കളിലും കരീബിയന്‍ ദ്വീപില്‍ നിന്നു വന്നിരുന്ന ഏത് സംഘവും ക്രിക്കറ്റ് മൈതാനങ്ങളിലെ ഏകച്ഛത്രാധിപതികളായിരുന്നു. എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രതിഭകളുടെ വിളയാട്ടം. അവരറിയുന്നതിനെക്കാളും കളിക്കാരുടെ പ്രശസ്തി വിദേശങ്ങളിലുമെത്തി. 1970കളുടെ അവസാനത്തില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ടീമിലെ ബാര്‍ബഡോസില്‍ നിന്നുള്ള ബൗളിങ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിന്റെ ആവേശം മറക്കാനാവില്ല.കരീബിയന്‍ സംഘത്തിന്റെ ഗതകാല പ്രൗഡിയില്‍ മയങ്ങുകയല്ല ഇവിടെ. കൂട്ടത്തിലൊരു കളിക്കൂട്ടമാകുന്നതിന് മുമ്പ് അവര്‍ക്കുണ്ടായിരുന്ന അജയ്യമായ കളിമികവു സൂചിപ്പിച്ചെന്നു മാത്രം. ബ്രയാന്‍ ലാറയും ഗെയിലും ഇടക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. പക്ഷേ 1990കള്‍ മുതല്‍ക്കിങ്ങോട്ട് ടീമിന് ശനിദശയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന് ആളില്ലാതായി. ചെറുപ്പക്കാര്‍ കൂടുതല്‍ വരുമാനമുള്ള ബാസ്‌കറ്റ് ബോള്‍ പോലുള്ള കളി തേടിപ്പോയി. അത് ഇരുണ്ട കാലമായിരുന്നു.

എന്നാല്‍ ടി-20 ഇതിനെയൊക്കെ മാറ്റിമറിച്ചു. ടി-20 ലോകകപ്പിലെ അവരുടെ വിജയം കരീബിയന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെയാണ് കാണിക്കുന്നത്. പഴയ അപ്രമാദിത്യം ഉണ്ടായേക്കില്ല. എന്നാലും അവരുടെ ടീം തുടര്‍ച്ചയായ വിജയങ്ങള്‍ നേടുന്നുണ്ട്.

വിനോദം കളിയുമായി കലര്‍ത്തിയ കലിപ്‌സോ ക്രിക്കറ്റിനെ പലരും ഒരു അധിക്ഷേപ സൂചകമായി കണ്ട ഇരുണ്ട കാലമുണ്ടായിരുന്നു. എന്നാല്‍ ടി-20 അതിനു സ്വീകാര്യത നല്‍കി. കാലിപ്‌സോ രീതിയിലാണോ അല്ലയോ എന്നല്ല, വിന്‍ഡീസ് അവരുടെ താളം കണ്ടെത്തിയിരിക്കുന്നു. കരീബിയന്‍ ദ്വീപുകളില്‍ പ്രചാരം ഇടിഞ്ഞ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനിയീ താത്പര്യത്തെ സംക്രമിപ്പിക്കണം.

ഈ പ്രകടനത്തോടെ ഗെയില്‍, ഡാരന്‍ സമി, ഡ്വെയെന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍, സിമ്മണ്‍സ്, ജോണ്‍സണ്‍ ചാള്‍സ് എന്നിവര്‍ വെസ്റ്റിന്‍ഡ്യന്‍ ക്രിക്കറ്റിന്റെ നല്ല നാളുകള്‍ വിളിച്ചുപറയുന്നുണ്ട്. ദയയില്ലാത്ത അടി മൈതാനത്ത് തിരിച്ചെത്തി. തീ തുപ്പുന്ന ബൗളര്‍മാര്‍ ഇനിയുമായില്ല. പ്രതിഭയ്ക്ക് ക്ഷാമമില്ല, എന്നാല്‍ അത് ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നം. കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കാലമായി. കൂട്ടത്തിലൊരു സംഘമായി അവരെ കാണാന്‍ പഴയ ആളുകള്‍ ഇഷ്ടപ്പെടില്ല.

വിന്‍ഡീസ് ക്രിക്കറ്റ് കടപ്പെട്ടിരിക്കുന്നത് അവരുടെ ചിരകാല ആരാധകരോടാണ്. അവരാ സൗന്ദര്യം പുതിയ തലമുറയ്ക്കായി പ്രകടിപ്പിക്കണം. ഇന്ന് ലോക ക്രിക്കറ്റിന് അത് കൂടിയേ തീരൂ.

Next Story

Related Stories