TopTop
Begin typing your search above and press return to search.

ക്രിക്കറ്റിലെ ആ പഴയ രാജാവ് ഇന്നെവിടെ? വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ പതനത്തില്‍ നിന്നു പഠിക്കേണ്ടത്

ക്രിക്കറ്റിലെ ആ പഴയ രാജാവ് ഇന്നെവിടെ? വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ പതനത്തില്‍ നിന്നു പഠിക്കേണ്ടത്

അഴിമുഖം പ്രതിനിധി

കായികലോകത്തെ തിളക്കം എക്കാലവും നിലനില്‍ക്കുന്ന ഒന്നല്ല. ഈ കാരണം കൊണ്ടു കൂടിയാണ് നാം ജീവിതത്തെ വിശദീകരിക്കാന്‍ പലപ്പോഴും കായിക ലോകത്തെ കൂട്ടുപിടിക്കുന്നത്. അവിടെ ഉയര്‍ച്ചകളുണ്ട്. അതോടൊപ്പം താഴ്ചകളും. ചില ഭാഗങ്ങള്‍ മൃദുവാണെങ്കില്‍ അരികുകള്‍ പരുക്കനാണ്. എന്നാല്‍ കായികമേഖലയെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ നിരവധിയായ ഘടകങ്ങള്‍ക്കുമപ്പുറം ചരിത്രത്തില്‍ കൊത്തിവെയ്ക്കപ്പെട്ട ചില വസ്തുകളുണ്ട്. പറഞ്ഞുവരുന്നത് വെസ്റ്റ് ഇന്‍ഡീസിനെക്കുറിച്ചാണ്. 1980കളില്‍ വെസ്റ്റ് ഇന്‍ഡീസിനെപ്പോലെ ഇത്രയേറെ ബഹുമാനിക്കപ്പെട്ട മറ്റൊരു ടീം ലോകത്തുണ്ടായിരുന്നില്ല. 1980 മുതല്‍ 1995 വരെയുള്ള കാലയളവില്‍ ഒരു ടെസ്റ്റ് പരമ്പര പോലും അവര്‍ കൈ വിട്ടിരുന്നില്ല. ആക്രമണോത്സുകരായ ബാറ്റിംഗ് നിരയും ശരം കണക്കേ ബോള്‍ പായിച്ച് എതിരാളികളെ വിറപ്പിച്ചിരുന്ന ഫാസ്‌ററ് ബോളര്‍മാരുടെ നിരയും ചേര്‍ന്നു കരീബിയന്‍ വിജയഗാഥകള്‍ തുടര്‍ക്കഥയാക്കിയ കാലമായിരുന്നു അത്.

സെപ്തംബര്‍ 30. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം മറ്റൊരു പതനത്തിലേക്ക് ചെന്നു പതിച്ചത് അന്നാണ്. ഇതാദ്യമായി ലോകത്തിലെ ഏറ്റവും മികച്ച എട്ടു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ചാംപ്യന്‍സ് ട്രോഫി ഏകദിന മത്സരങ്ങളില്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് യോഗ്യത ലഭിക്കാതെ പോയിരിക്കുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പരക്കായി തിരഞ്ഞെടുത്ത ടീമിനെ സംബന്ധിച്ച് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നു കോച്ച് ഫില്‍ സൈമണ്‍സ് ഇപ്പോള്‍ പുറത്താണ്.

വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ തകര്‍ച്ച എത്ര നാടകീയമാണ് എന്ന് സ്ഥിതിവിവര കണക്കുകള്‍ തെളിയിക്കും. 1976 മാര്‍ച്ച് മുതല്‍ 1995 മാര്‍ച്ചു വരെയുള്ള കാലയളവില്‍ ലോകത്തെ മികച്ച എട്ട് ടെസ്റ്റ് ടീമുകള്‍ക്കെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ 71 ടെസ്റ്റിലും വിജയം കരീബിയന്‍സിനായിരുന്നു. തോറ്റത് വെറും 20 എണ്ണത്തില്‍ മാത്രം. (സിംബാവെയുമായുള്ള കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം അവര്‍ക്ക് ടെസ്റ്റ് പദവി ലഭിച്ചത് 1992ല്‍ മാത്രമാണ്) എന്നാല്‍ 2000 ജൂണ്‍ മുതല്‍ ഇങ്ങോട്ടുള്ള കണക്ക് പരിശോധിക്കുമ്പോള്‍ നേരത്തെ പോയിരുന്നതിന്റെ നേരെ ഏതിര്‍ദിശയിലാണ് ടീമിന്റെ ഇപ്പോഴത്തെ പ്രയാണമെന്നു ബോധ്യമാവും. ഇക്കാലയളവില്‍ മുമ്പ് നേരിട്ട അതേ ടീമുകളുമായി മത്സരിച്ചപ്പോള്‍ 78 ടെസ്റ്റിലും പരാജയമായിരുന്നു ഫലം. ജയിക്കാനായത് വെറും 14 എണ്ണത്തില്‍ മാത്രം. ടെസ്റ്റില്‍ പിടികൂടിയ ദുര്‍ഭൂതം വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനങ്ങളിലും പിന്തുടര്‍ന്നു. 2000 ജൂണ്‍ മുതലുള്ള കണക്കില്‍ ഈ ടീമുകളുമായുള്ള ഏകദിന മത്സരങ്ങളില്‍ 72 എണ്ണത്തില്‍ മാത്രമാണ് കരീബിയന്‍സിനു ജയിക്കാനായത്. 161 എണ്ണത്തിലുമവര്‍ തോല്‍വി രുചിച്ചു. ഇതിനിടയ്ക്ക് 20-20 ക്രിക്കറ്റ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ഒട്ടൊരു ആശ്വാസമായത്. അവരുടെ പ്രതാപ കാലത്തെ അനുസ്മരിപ്പിച്ചു കൊണ്ട് 2012ലെ 20-20 ലോകകപ്പ് സ്വന്തമാക്കിയ കരീബിയന്‍സിന് ഏറെക്കുറേ സ്ഥിരതയാര്‍ന്ന പ്രകടനം ഈ ഫോര്‍മാറ്റില്‍ തുടരാനാവുന്നുണ്ട്.ടീമിന്റെ ദയനീയ പ്രകടനങ്ങളുടെ പേരില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരമായി പഴി കേള്‍ക്കുന്നുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ ക്രിക്കറ്റ് ഭരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം ഒരു കാലത്തും മെച്ചമായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ പ്രതാപ കാലത്തു പോലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന സംവിധാനമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍. 1980കളില്‍ നിലവിലുണ്ടായിരുന്ന ഈ സംവിധാനത്തില്‍ മുഴുവന്‍ സമയ ജീവനക്കാരനായി ഒരേയൊരാള്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനു ശേഷം വന്ന നിലവില്‍ തുടരുന്ന സംവിധാനത്തിനും പല പോരായ്മകളുമുണ്ട്. പല വിധ തര്‍ക്കങ്ങളും പ്രതിസന്ധികളും കാരണം ഇതിലെ ഭരണാധികാരികള്‍ അടിക്കടി മാറുന്ന സാഹചര്യമാണുള്ളത്. പിടിപ്പുകെട്ട ഈ സംവിധാനത്തിന് ടീമിനൊരു വിജയ ഘടന സമ്മാനിക്കാനാവാതെ പോകുന്നതില്‍ അത്ഭുതമില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ അപചയത്തിനു പുറമേ വിവിധ കരീബിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാവുകയാണ്.

ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും കളിക്കാരും തമ്മിലുള്ള വഴക്ക് ഇവിടെ പതിവ് കാഴ്ച്ചയാണ്. മുമ്പ്, കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞു ഏഴു കളിക്കാര്‍ ദക്ഷിണ ആഫ്രിക്കന്‍ പര്യടനത്തില്‍ നിന്നു പിന്മാറിയപ്പോഴും, കഴിഞ്ഞ നവംബറില്‍ കരാര്‍ വ്യവസ്ഥകളുടെ പേരില്‍ ഇന്ത്യന്‍ പര്യടനം പാതി വഴിക്കുപക്ഷിച്ചപ്പോഴും സ്ഥിതി വളരെ സങ്കീര്‍ണ്ണമായിരുന്നു. കളിക്കാരും ബോര്‍ഡും തമ്മിലുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കുമടിസ്ഥാനം പണം തന്നെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പകിട്ടും പണവും വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്ക് വലിയൊരു പ്രലോഭനമാവുന്നുണ്ട്. ദേശീയ ടീമില്‍ കളിക്കുന്നതിന്റെ ഇരട്ടിയിലേറെ പണം ഐ.പി.എലിലൂടെ നേടാമെന്നവര്‍ കരുതുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ഐ.പി. എല്ലിനു വേണ്ടി ദേശീയ മത്സരങ്ങള്‍ ഒഴിവാക്കുന്നത് പതിവാക്കിയിരുന്നു. പ്രമുഖ താരങ്ങളാരുമില്ലാതെ ശക്തി ക്ഷയിച്ച നിലയില്‍ ജനങ്ങളും ക്രിക്കറ്റിനെ കയ്യൊഴിഞ്ഞ മട്ടാണ്. ടി വിയില്‍ വരുന്ന അമേരിക്കന്‍ കായിക ഇനങ്ങളാണ് അവര്‍ക്കിപ്പോള്‍ കൂടുതല്‍ പ്രിയം.

ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്. ജമൈക്കന്‍ മുന്‍ പ്രധാനമന്ത്രി പി.ജെ പാട്ടേര്‍സണ്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച ബൃഹത്തായൊരു രൂപരേഖ 2007ല്‍ അവതരിപ്പിച്ചിരുന്നു. ലോകത്തിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി ഡെലോട്ടി, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതും മൂന്നു വര്‍ഷം മുമ്പാണ്. ബോര്‍ഡിന്റെ അസ്ഥിരതയും മറ്റു പ്രശ്‌നങ്ങളും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് തടസ്സമാവുന്നുണ്ട്. എന്തായാലും ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നൊരു പരിഷ്‌ക്കാരം ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് . ആഭ്യന്തര മത്സരങ്ങളില്‍ ഇതുവരെ അതതു ദ്വീപുകളില്‍ നിന്നു മാത്രമേ കളിക്കാരെ തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. എന്നാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കളിക്കാരെ തിരഞ്ഞെടുക്കാന്‍ ടീമുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ പരിഷ്‌ക്കാരം. ഇതോടെ ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തെ തന്നെ ക്രിക്കറ്റ് ബോര്‍ഡുമായി കരാറുള്ള 15 കളിക്കാര്‍ക്കു പുറമേ 95 പുതിയ പ്രഫഷണല്‍ താരങ്ങളെയാണ് ലഭിക്കാന്‍ പോകുന്നത്. കൂടുതല്‍ മികച്ച താരങ്ങള്‍ വരുന്നതോടെ കൂടുതല്‍ പരസ്യം ലഭിക്കുമെന്നും അതുവഴി കാര്യങ്ങള്‍ മെച്ചപ്പെട്ടു വരുമെന്നുമുള്ള പ്രതീക്ഷയാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറോണ്‍ പങ്കു വയ്ക്കുന്നത്.എന്നാല്‍ ഇതു കൊണ്ടൊന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പരാധീനതകള്‍ക്ക് കാര്യമായ പരിഹാരമുണ്ടാകാനിടയില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയ്ക്ക് പരസ്യ വരുമാനത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, ടെലിവിഷന്‍ സംപ്രേക്ഷണാവകാശത്തിലൂടെയും ഇന്ത്യയിലേയും ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തടിച്ചു കൊഴുത്തപ്പോള്‍ മെലിഞ്ഞുണങ്ങി വാടി നില്‍ക്കാനായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിന്റെ നിയോഗം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള പുതിയ ഭീഷണിയും വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിനെ ശരിക്കും വലയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ചതിന്റെ പേരില്‍ 42 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നതാണ് ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ പേരില്‍ ഭാവിയില്‍ വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ പര്യടനം തന്നെ ഉപേക്ഷിച്ചേക്കുമോയെന്ന ഭയവുമുണ്ട്. അങ്ങനെ വന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിന്റെ വരുമാനത്തില്‍ വീണ്ടും കാര്യമായ ഇടിവു തട്ടും. ഇതിനെല്ലാം പുറമേ രാജ്യന്തര ക്രിക്കറ്റ് സമിതിയായ ഐ.സി. സി നല്‍കി വരുന്ന തുകയിലും കാര്യമായ മാറ്റം വരാന്‍ പോകുകയാണ്. അടുത്ത 8 വര്‍ഷത്തിലായി ഐ.സി.സി ബി.സി.സി.ഐയ്ക്ക് 500 മില്ല്യണ്‍ ഡോളറും ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് 150 മില്ല്യണ്‍ ഡോളറും നല്‍കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിനു ലഭിക്കുക വെറും 80 മില്ല്യണ്‍ ഡോളര്‍ മാത്രം. അത് നിലവിലെ രീതിയില്‍ പ്രതീക്ഷിച്ചതിലും 43 മില്ല്യണ്‍ ഡോളര്‍ കുറവാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

മുമ്പ് വെസ്റ്റ് ഇന്‍ഡീസ്, ക്രിക്കറ്റ് ലോകത്തിന്റെ മുന്‍ നിരയിലിടം പിടിച്ചിരുന്നത് സമ്പത്തിന്റേയോ മികച്ച ഭരണസമിതിയുടേയോ പിന്‍ബലത്തിലായിരുന്നില്ല. പ്രതിഭ മാത്രം കൈമുതലാക്കിയായിരുന്നു ആ നേട്ടങ്ങളത്രയും. നഷ്ടപ്പെട്ടു പോയ ആ പ്രതിഭ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയെന്നതു തന്നെയാണ് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ആദ്യ പടി. ബാക്കിയെല്ലാം താനെ അനുഗമിച്ചോളും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories