UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദുക്കള്‍, സൈന്യം, ചൗക്കിദാര്‍… തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ ഇഷ്ടവാക്കുകള്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ ധ്രൂവികരണ വിഷയങ്ങളാണ് പ്രധാനമന്ത്രി കൂടുതലായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വികസന നായകനായി സ്വയം അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പ്രസംഗങ്ങളില്‍ ഊന്നല്‍ നല്‍കുന്നത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഹിന്ദുത്വ നിലപാടുകള്‍ക്ക്. സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് മോദിയെ കുടുക്കിലാക്കുകയും ചെയ്തു. അതേസമയം ഈ സര്‍ക്കാരിന്റെ കാലത്ത് എടുത്ത ഏറ്റവും വിവാദ തീരുമാനമായ നോട്ടുനിരോധനത്തെക്കുറിച്ചും ജിഎസ്ടി നടപ്പിലാക്കിയ രീതിയെ സംബന്ധിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശമില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ദിവസമാണ് മഹാരാഷ്ട്രയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഏറ്റവും പ്രത്യക്ഷത്തില്‍ മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദുക്കളെ ഉപേക്ഷിച്ച് മതന്യുനപക്ഷമുള്ള സ്ഥലത്തേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരാമര്‍ശം. പിന്നീട് പല സ്ഥലങ്ങളിലും അദ്ദേഹം ഇതിന് സമാനമനായ പരാമര്‍ശം ആവര്‍ത്തിച്ചു.

മഹാരാഷ്ട്രയില്‍ തന്നെ നടന്ന മറ്റൊരു യോഗത്തിലാണ് പ്രധാനമന്ത്രി യുവാക്കളോട് ആദ്യത്തെ വോട്ട് സൈന്യത്തിന് നല്‍കണമെന്ന ആവശ്യപ്പെട്ടത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ പരാതി ഉയര്‍ന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഒസ്മാനബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷമാണ് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ബിജെപിയുടെ വാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ കുടുതലായി ഉയര്‍ന്നത്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുടുതല്‍ പ്രധാനമന്ത്രി ഉന്നയിച്ചെങ്കിലും പാകിസ്താനെ കുറിച്ചുള്ള പരമാര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ താരതമ്യേന കുറവാണെന്ന് ഇത് സംബന്ധിച്ച വിശകലനങ്ങള്‍ ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യമായി ചൗക്കിദാര്‍ പരമാര്‍ശം നടത്തുന്നത്. കാവല്‍ക്കാരന്‍ കളളനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരാമര്‍ശം. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് എന്ന മോദിയുടെ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പരിഹാസം, ഇതിനെ ഉപയോഗിച്ചാണ് ചൗക്കിദാര്‍ പ്രധാനമന്ത്രി പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചത്. മോദി മാത്രമല്ല, ബിജെപി നേതാക്കളെല്ലാം അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിന് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്ത് ആ വാക്ക് മുഖ്യ ചര്‍ച്ചാ വിഷയമാക്കുകയും ചെയ്തു.

തൊഴിലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മോദി ഉപയോഗിക്കുന്നത് 2017 ല്‍ നിന്ന് 2019 എത്തുമ്പോഴെക്കും വ്യാപകമായി കുറവുണ്ടായി. 2017 മുതല്‍ മോദി നടത്തിയ 553 പ്രസംഗങ്ങളെ അവലോകനം ചെയ്താണ് തൊഴിലുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ വലിയ കുറവുണ്ടായതായി കണക്കാക്കുന്നത്. അതേസമയം രാഹുലിനെക്കുറിച്ചും കുടുംബാധിപത്യത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ധിക്കുകയും ചെയ്തു.

നോട്ടുനിരോധനം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്പത് ദിവസം മതിയെന്നും അതിന് ശേഷവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ പച്ചക്ക് കത്തിച്ചുകൊള്ളുവെന്നുമായിരുന്നു മോദി അന്ന് ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് പൊതുചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിരുന്നില്ല.

പശു സംരക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും വലിയ വര്‍ധനയാണ് സമീപകാലത്തുണ്ടായത്. പശു സംരക്ഷണത്തിന്റെ പേരില്‍ ദളിത് മുസ്ലീം വിരുദ്ധ ആക്രമണകാലത്ത് മോദി ഇതേക്കുറിച്ച് കാര്യമായി പ്രസംഗിച്ചിരുന്നില്ല. നോയ്ഡയില്‍ മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകം നടന്നപ്പോഴും അതേക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇതുമായി ബന്ധപ്പെട്ടുള്ള പരമാര്‍ശങ്ങള്‍ വര്‍ധിച്ചുവെന്നാണ് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി മാത്രമല്ല, ബിജെപി അധ്യക്ഷന്‍ അമിത് ഷായും കൂടുതലായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഉതകുന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. വയനാട് പാകിസ്താനിലാണെന്ന് തോന്നിക്കുമെന്ന് പറഞ്ഞ പ്രസംഗം വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സൈന്യമാണെന്ന പരാമര്‍ശവും വലിയ വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍