TopTop
Begin typing your search above and press return to search.

വിന്‍ഡ്റഷ് കപ്പലിൽ കുടുങ്ങിയ തെരേസ മേ; എല്ലാ കുടിയേറ്റക്കാരോടും മേയുടെ പെരുമാറ്റം ഇതുതന്നെയെന്ന് വിമർശനം

വിന്‍ഡ്റഷ് കപ്പലിൽ കുടുങ്ങിയ തെരേസ മേ; എല്ലാ കുടിയേറ്റക്കാരോടും മേയുടെ പെരുമാറ്റം ഇതുതന്നെയെന്ന് വിമർശനം

'വിൻഡ്റഷ് തലമുറ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട് യുകെയിൽ. 1948ൽ എച്ച്എംടി എംപയർ വിന്‍ഡ്റഷ് എന്ന കപ്പലിൽ കയറി ലണ്ടന്‍ നഗരത്തിനടുത്തുള്ള പോര്‍ട്ട് ഓഫ് ടിബെറിയിലെത്തിച്ചേർന്ന ജമൈക്കൻ കുടിയേറ്റക്കാരാണ് ഇവർ. ഓസ്ട്രേലിയയിൽ നിന്നും രണ്ടാംലോകയുദ്ധത്തിൽ ജർമനി ഉപയോഗിച്ചിരുന്ന ഈ ക്രൂയിസ് കപ്പൽ പിന്നീട് യുദ്ധവിജയത്തിന്റെ സമ്മാനമായി ബ്രിട്ടന്റെ കൈവശമെത്തി.

ഇപ്പോൾ വിവാദത്തിനാസ്പദമായ സംഭവങ്ങളുടെ തുടക്കം ജമൈക്കയിൽ കിങ്സ്റ്റൺ നഗരത്തിൽ നിന്നാണ്. 1948ൽ കിങ്സ്റ്റൺ തുറമുഖത്തിൽ വളരെ ചെറിയൊരു കൂട്ടമാളുകളെ കാത്ത് കപ്പൽ നങ്കൂരമിട്ടു. ലണ്ടനിൽ നിന്നും ലീവിന് സ്വന്തം നാട്ടിലേക്കെത്തിയ റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ജമൈക്കക്കാരെ കയറ്റി ലണ്ടനിലേക്ക് തിരിച്ചെത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. കപ്പലിൽ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ എന്നത് തിരിച്ചറിഞ്ഞ ചിലർ ഈയവസരം മുതലെടുത്തു. പത്രങ്ങളിൽ പരസ്യം കൊടുത്തു. ചുളുവിന് ലണ്ടനിലെത്തി ജോലി നേടാം!

ഈ സംഭവത്തിനു തൊട്ടുമുമ്പാണ് 'സിറ്റിസൺ ഓഫ് ദി യുനൈറ്റഡ് കിങ്ഡം എന്‍‌ഡ് കോളനീസ്' എന്ന വകുപ്പ് ചേർത്ത് ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് പാസ്സാക്കപ്പെട്ടത്. ഇതുപ്രകാരം ബ്രിട്ടീഷ് ക്രൗണിനു കീഴിൽ വരുന്ന എല്ലാ പ്രജകൾക്കും CUCK (സിറ്റിസൺ ഓഫ് ദി യുനൈറ്റഡ് കിങ്ഡം എന്‍‌ഡ് കോളനീസ്) എന്ന പദവി ലഭിച്ചു. കോമൺവെൽത്ത് രാജ്യങ്ങളിൽ ഇവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന നില വന്നു. കപ്പലിലും ലണ്ടനിലും 'ഒഴിവു'ണ്ടെന്ന പരസ്യം കണ്ടവരിൽ ഇതും ഒരു പ്രതീക്ഷയായി പ്രവർത്തിച്ചു. അപേക്ഷിച്ചവരിൽ വലിയൊരു വിഭാഗം പേർ ആർപിഎഫിൽ നേരത്തെ ജോലി ചെയ്തിരുന്നവരായിരുന്നു. തിരിച്ചു ചെന്ന് ആർപിഎഫിൽ ചേരാനാകുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. ചുരുക്കത്തിൽ 492 പേർ കപ്പലിൽ യാത്ര ചെയ്ത് ലണ്ടൻ നഗരത്തിൽ എത്തിച്ചേർന്നു. ജൂൺ 22ന്.

വിൻഡ്റഷ് കപ്പലിൽ വന്നിറങ്ങിയ കുടിയേറ്റക്കാരും അവരുടെ പിൻതലമുറയും യുകെയിൽ രണ്ടാംതരം പൗരന്മാരായാണ് പതിറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടു വന്നത്. 1962 വരെ ഇത്തരം കുടിയേറ്റങ്ങൾക്ക് യുകെയിൽ നിയന്ത്രണങ്ങളില്ലായിരുന്നു. ഇവരെ മൊത്തത്തിൽ വിന്‍ഡ്റഷ് തലമുറ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇങ്ങനെ സഞ്ചരിച്ചെത്തിയവരില്‍ പലരും അക്കാലത്ത് കുട്ടികളായിരുന്നു. പിതാവിന്റെയോ മാതാവിന്റെയോ രേഖകള്‍ മാത്രമാണ് അന്ന് പരിശോധിക്കപ്പെട്ടത്. പലരും വരുമ്പോൾ സ്വന്തം ദേശങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. അതായത് അവർ യുകെയിലെത്തി കുറെക്കാലം കഴിഞ്ഞപ്പോൾ തങ്ങൾ പിറന്ന ഊര് പുതിയ രാജ്യങ്ങളായി പരിണമിച്ചു. ഇത് രേഖകളുണ്ടാക്കുന്നതിനും മറ്റും വലിയ സങ്കീർണതകൾ സൃഷ്ടിച്ചു. ഇങ്ങനെ എത്തിയ തലമുറയ്ക്ക് പിൽക്കാലത്തും ബ്രിട്ടനിൽ തങ്ങളുടെ നിലനിൽപ്പ് തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചില്ല. 1971ലെ ഇമിഗ്രേഷൻ ആക്ട് പ്രകാരം കോമൺവെൽത്ത് രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രജകള്‍ക്ക് നൽകിയ അനുമതി യുകെ എടുത്തു കളഞ്ഞു. ആരെല്ലാമാണ് യുകെയിൽ നിയപരമായി താമസിക്കുന്നത് എന്നറിയാനുള്ള വഴികൾ ഇന്ന് നിലവിലില്ല. വിന്‍റഷ് തലമുറയിൽ വലിയ വിഭാഗത്തിന്റെയും അസ്തിത്വം തെളിയിക്കുന്ന രേഖകൾ സർക്കാരിന്റെ കൈവശമില്ല.

2013ൽ ആഭ്യന്തരമന്ത്രിയായിരുന്ന തേരേസ മേ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നിലപാടെടുക്കുകയാണെന്ന പ്രഖ്യാപനം നടത്തി. ഇവരെ രാജ്യത്തു നിന്നും കയറ്റിവിടുമെന്നും അവർ പറഞ്ഞു. ഇതിനകം പല തലമുറകളായി മാറിയിരുന്ന വിൻഡ്റഷ് തലമുറക്കാരുടെ പുതിയ തലമുറയ്ക്ക് യുകെ തങ്ങളടെ മാതൃദേശം തന്നെയാണ്. തങ്ങള്‍ ജനിച്ചുവളർന്ന ദേശം വിട്ടുപോകണമെന്ന മേയുടെ ആവശ്യം അവർക്ക് ദഹിക്കാൻ കഴിയുമായിരുന്നില്ല.

1971ലെ നിയമം വരുംവരെ യുകെയിലെത്തിയവരും അവരുടെ പിന്‍തലമുറക്കാരുമായി ഏതാണ്ട് 5 ലക്ഷം പേർ യുകെയിലുണ്ടെന്നാണ് ഓക്സ്ഫഡ് സർവ്വകലാശാലയിലെ മൈഗ്രേഷൻ പഠനകേന്ദ്രം പറയുന്നത്.

മേയുടെ നയങ്ങളുടെ മുഖമായി മാറിയ ഒന്നാണ് കുടിയേറ്റക്കാരോടുള്ള വിരോധം. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രൂപം നൽകിയ ഈ നയത്തെ പിന്തുണയ്ക്കുന്നവർ സമൂഹത്തിൽ ഏറെയാണ്. മേയുടെ കുപ്രസിദ്ധമായ പ്രഖ്യാപനത്തിനു ശേഷം കൊടിയ പീഡനങ്ങളാണ് വിൻഡ്റഷ് തലമുറയ്ക്ക് യുകെയിൽ നേരിടേണ്ടി വന്നത്. പ്രായമായ പലരും ജയിലിലടയ്ക്കപ്പെട്ടു. സമൂഹത്തിൽ‍ വളർന്ന വംശീയവെറി ഇവരിൽ ഭീതി നിറച്ചു.

സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ നിന്നും ഈ തലമുറയെ മാറ്റിനിറുത്തി. ദേശീയ ആരോഗ്യസേവന പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായം നിഷേധിക്കപ്പെട്ടു. രോഗികളായ പലരും മരണം മാത്രമാണ് മുന്നിലെന്ന ഭീതിയിൽ എത്തിച്ചേർന്നു. ആൽബർട്ട് തോംസൺ എന്ന വിൻഡ്റഷ് തലമുറക്കാരന് കാൻസർ ചികിത്സാ സഹായം നിഷേധിച്ച സംഭവം വലിയ വിവാദമായി മാറി. ചികിത്സനിഷേധിക്കില്ലെന്ന് മേ പാർലമെന്റിൽ പറഞ്ഞെങ്കിലും തോംസന്റെ അഭിഭാഷകൻ പറയുന്നതു പ്രകാരം പ്രശ്നപരിഹാരം ഇപ്പോഴുമായിട്ടില്ല. സർക്കാർ നയത്തിൽ മാറ്റം വന്ന വിവരം ഇപ്പോഴും രേഖാമൂലം അറിവായിട്ടില്ല.

തെരേസ മേ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നയമാണ് ഇപ്പോൾ 50,000 പേരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായ കുടിയേറ്റങ്ങൾക്ക് അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്നത് മേയുടെ നയപരിപാടികളുടെ പ്രതിച്ഛായയുമാണ്. ഇവര്‍ വന്ന നാടുകളലേക്കു തന്നെ കയറ്റി അയയ്ക്കപ്പെടുമെന്ന ഭീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാഷണൽ ഹെല്‍ത്ത് സർവ്വീസ്, തൊഴിലുടമകൾ, വീട്ടുടമകൾ തുടങ്ങിയവർ പൗരത്വ രേഖകളോ ഇമിഗ്രേഷൻ രേഖകളോ നിർബന്ധമായും വാങ്ങിയിരിക്കണം എന്നാണ് നിർദ്ദേശം.

ഈ പ്രശ്നം അന്താരാഷ്ട്ര സമൂഹം ഏറ്റെടുത്തതോടെ തെരേസ മേ പ്രതിസന്ധിയിലായി. യുകെയുടെ കുടിയേറ്റ നയം വിൻഡ്റഷ് തലമുറയെ ബാധിക്കില്ലെന്നും അവർക്കണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നതായും മേ പറഞ്ഞു. ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്ര്യൂ ഹോനെസ് അടക്കമുള്ളവർ തെരേസ മേയുമായി ചർച്ചകള്‍ നടത്തി. പൂർണ തൃപ്തരായല്ല അവരെല്ലാം മടങ്ങിയത്.

കോമണ്‍വെൽത്ത് രാജ്യങ്ങളിൽ നിന്നെത്തി യുകെയിലെത്തി ദീര്‍ഘകാലമായി യുകെയില്‍ താമസിക്കുന്ന ആരും നിയമവിരുദ്ധ താമസക്കാരായി എണ്ണപ്പെടുകയല്ലെന്നും പ്രശ്നപരിഹാരത്തിനായി ആഭ്യന്തരമന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി പറയുന്നു.


Next Story

Related Stories