UPDATES

ട്രെന്‍ഡിങ്ങ്

പൂവാല വിരുദ്ധ സേനയെ ചട്ടം പഠിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ജനങ്ങളെ അപമാനിക്കുന്നതായുമുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ നടപടി

ഉത്തര്‍പ്രദേശില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പുവാല വിരുദ്ധ സേനയിലെ പോലീസുകാരെ ചട്ടം പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങുന്നു. സംസ്ഥാനത്ത് സ്ത്രീകളെ പൊതുസ്ഥലത്ത് ലൈംഗീക പീഡനത്തിന് ഇരയാക്കുന്നത് തടയുന്നതിനായി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം രൂപീകരിച്ച പുവാല വിരുദ്ധ സേന പലയിടത്തും നിയമം കൈയിലെടുക്കുന്നതായും ജനങ്ങളെ അപമാനിക്കുന്നതായുമുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ നടപടിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങയിരിക്കുന്നത്.

പൊതുജനങ്ങളോട് എങ്ങനെ മാന്യമായി പെരുമാറണമെന്ന് സംഘാംഗങ്ങളെ പഠിപ്പിക്കുന്നതിനായി സംസ്ഥാന ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സംവേദന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് പോലീസ് ഇപ്പോള്‍. ഇതിന്റെ തുടക്കമന്ന നിലയില്‍ സംഘത്തിലുള്ള 55 പോലീസുകാര്‍ക്ക് ഒരു ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കാണുന്ന ജോടികളോട് നിങ്ങള്‍ എങ്ങനെ പെരുമാറും? അവരെ അപ്പോള്‍ തന്നെ ശിക്ഷിക്കുമോ അതോ ചോദ്യം ചെയ്യുമോ അതോ വെറുതെ വിടുമോ? തുടങ്ങിയ 10 ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്.

എന്താണ് പൂവാല വിരുദ്ധ സേനയുടെ ദൗത്യം? സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതാണോ അതോ സ്ത്രീകളെയും പെണ്‍കുട്ടികളെയും അപമാനിക്കുന്നത് തടയുകയാണോ അതോ വഴതെറ്റിയ യുവാക്കളെ നേര്‍വഴിക്ക് നയിക്കുകയാണോ അതോ പൊതുസ്ഥലത്ത് ഒരുമിച്ചിരിക്കുന്ന ആണിനെയും പെണ്ണിനെയും ശല്യപ്പെടുത്തുകയാണോ? റോന്ത് ചുറ്റുമ്പോള്‍ സേനാംഗങ്ങള്‍ എങ്ങനെ പെരുമാറണമെന്ന നിര്‍ദ്ദേശവുമുണ്ട്. പൊതുസ്ഥലങ്ങളില്‍ കാണുന്ന ജോഡികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുമോ അതോ പൊതുസ്ഥലങ്ങളില്‍ ഇരിക്കുന്ന ആളുകളെ പരിശോധിക്കുമോ അതോ അവിടെ ഇരിക്കുന്നവരെ തല്ലുമോ അതോ ഇതൊന്നും ചെയ്യാതിരിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

ചോദ്യങ്ങളോട് സേനാംഗങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്ന് വെളിപ്പെടുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കിലും ഇത് വലിയ മാറ്റത്തിന് കാരണമാകുമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ള മോശപ്പെട്ട പ്രതിച്ഛായ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. ആളുകളെ ധാര്‍മ്മിക നീതി പഠിപ്പിക്കാന്‍ ശ്രമിക്കുകയോ ജോഡികളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും പൊതുസ്ഥലങ്ങളില്‍ കുഴപ്പത്തിലാവുന്ന സ്ത്രീകളെ സഹായിക്കുകയാണ് അവരുടെ ദൗത്യമെന്നും സേനാംഗങ്ങളെ മനസിലാക്കിക്കാനാണ് പരിശീലനമെന്ന് വനിത ഹെല്‍പ്പ്‌ലൈന്‍ സര്‍വീസിന്റെ ചുമതലയുള്ള ഐജി നവനീത് ശെഖേര പറയുന്നു.

വ്യക്തിപരമായ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ സേനാംഗങ്ങള്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡപ്യൂട്ടി സുപ്രണ്ട് ബബിത സിംഗ് പറഞ്ഞു. നഗരപ്രദേശങ്ങളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തരധാരികളുടെയും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും ഉത്തരങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ഈ ആഴ്ചലത്തെ പരിശീലനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്റ്റബിള്‍മാരുമാണ് പങ്കെടുത്തത്. ഡിഎസ്പി, എസ്പി തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തിലുള്ള പരിശീലനം നല്‍കാനാണ് തീരുമാനം. എന്നാല്‍ ജോഡികള്‍ പാര്‍ക്കിലിരിക്കുന്നതിനെ നാട്ടുകാര്‍ എതിര്‍ത്താല്‍ എന്തു ചെയ്യും എന്നതായിരുന്നു പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഏറ്റവും വലിയ സംശയം. ഇവിടെ ഇരിക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രശ്‌നമാകുന്നു എന്ന് സംയമനത്തോടെ അവരെ മനസിലാക്കണം എന്നായിരുന്നു ഇതിനുള്ള മറുപടിയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍