TopTop
Begin typing your search above and press return to search.

കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ ബാങ്ക് മേഖലയെ അടിമുടി മാറ്റും, പുറത്തു നില്‍ക്കുന്നത് മലപ്പുറം ബാങ്ക് മാത്രം; ആശങ്കകളും ഒഴിയുന്നില്ല

കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ ബാങ്ക് മേഖലയെ അടിമുടി മാറ്റും, പുറത്തു നില്‍ക്കുന്നത് മലപ്പുറം ബാങ്ക് മാത്രം; ആശങ്കകളും ഒഴിയുന്നില്ല

ഇടതുപക്ഷ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കേരള ബാങ്ക് അനിശ്ചിതത്വത്തില്‍ തുടരാനാരംഭിച്ചിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ തന്നെ കേരള ബാങ്ക് എന്ന ആശയത്തിലേക്കുള്ള വഴിയൊരുക്കാനാരംഭിച്ചിരുന്നെങ്കിലും, നാളിതുവരെ സഹകരണ ബാങ്കുകളെ ലയിപ്പിച്ചുള്ള ഈ വാണിജ്യ ബാങ്കിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. കാത്തിരിപ്പിനൊടുവില്‍, 2019-ലെ ഓണക്കാലത്ത് കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും എന്നാണ് നിലവില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് ജില്ലാ സഹകരണ ബാങ്കുകളില്‍ ചിലത് രംഗത്തെത്തിയതോടെ, കേരള ബാങ്കിന്റെ ഭാവി വീണ്ടും തുലാസ്സിലായി. അനവധി നിയമ ഭേദഗതികള്‍ക്കു ശേഷവും, മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ അനുമതി നേടാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. കേരള ബാങ്ക് എന്ന പദ്ധതിയെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തകര്‍ക്കുമോ, അതോ മറിച്ചു സംഭവിക്കുമോ എന്ന ആശങ്കയിലാണ് സഹകരണ രംഗമാകെ.

അത്ര പെട്ടന്ന് പരിഹരിക്കപ്പെടാവുന്ന ഒരു സാങ്കേതികതയല്ല കേരള ബാങ്കിനോടുള്ള മലപ്പുറത്തിന്റെ എതിര്‍പ്പിനു പിന്നില്‍. കേരള ബാങ്ക് എന്ന ആശയത്തോടുള്ള പ്രായോഗികമായ എതിര്‍പ്പും, ഒപ്പം രാഷ്ട്രീയ നിലപാടിലെ കാര്‍ക്കശ്യവും ഈ വിഷയത്തില്‍ നിര്‍ണായക ശക്തികളാകുന്നുണ്ട്. കേരള ബാങ്ക് നിലവില്‍ വരുന്നത് സഹകരണമേഖലയെത്തന്നെ പാടേ നശിപ്പിക്കും എന്ന പ്രതിപക്ഷത്തിന്റെ വളരെക്കാലമായിട്ടുള്ള ആശങ്ക തന്നെയാണ് ഒരര്‍ത്ഥത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എതിരഭിപ്രായത്തിനു പിന്നിലും. സഹകരണ ബാങ്കുകളുടെ ബോര്‍ഡുകളില്‍ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്ന പതിവിനെ സംരക്ഷിക്കുക എന്നതാണ് മലപ്പുറം ബാങ്കിന്റെ സഹകാരികളുടെ ആവശ്യമെന്നും വിമര്‍ശനങ്ങളുണ്ട്. 14 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനശേഷം രൂപം കൊള്ളേണ്ട കേരള ബാങ്കിന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം പച്ചക്കൊടി വീശാത്ത സാഹചര്യത്തില്‍, എന്തുതരം രാഷ്ട്രീയ-സാമൂഹ്യ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നത് എന്നതിനേക്കുറിച്ചും സഹകരണ രംഗം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തു സംഭവിച്ചാലും, അത് സഹകരണമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എന്താണ് കേരളബാങ്കിന്റെ ഭാവി?

കേരളം അടുത്തകാലത്ത് കൈവരിക്കാന്‍ പോകുന്ന വികസന നേട്ടങ്ങളുടെ അടിത്തറ എന്ന നിലയിലാണ് ഇടതുസര്‍ക്കാര്‍ കേരള ബാങ്കിനെ അവതരിപ്പിക്കുന്നത്. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ, സംസ്ഥാനത്തിന്റെ വാണിജ്യ ബാങ്ക് എന്ന വിടവ് നികത്താന്‍ സുശക്തമായൊരു കേരള ബാങ്ക് ആവശ്യമാണെന്ന ചിന്തയാണ് ഇതിന്റെ അടിസ്ഥാനങ്ങളിലൊന്ന്.

ഒരു ലക്ഷം കോടി രൂപയുടെ മൂലധനം ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നും ചേര്‍ത്ത് കണ്ടെത്താനാകുമെന്നും, അതിന്റെ മേല്‍ കേരളബാങ്കിന്റെ പ്രവര്‍ത്തനം തടസ്സങ്ങളിലാതെ ആരംഭിക്കാമെന്നുമാണ് നിരീക്ഷണം. എന്നാല്‍, ആരംഭഘട്ടം മുതല്‍ക്കു തന്നെ സംസ്ഥാന സര്‍ക്കാരിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും ചെറുതല്ല. കേരള ബാങ്കിന്റെ കടന്നുവരവ് മുന്‍നിര്‍ത്തി ജില്ലാ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍ ബോര്‍ഡുകളെ പിരിച്ചുവിട്ടിട്ട് രണ്ടു വര്‍ഷമാകുന്നു. നിലവില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കു കീഴില്‍ വരുന്ന അഡ്മിനിസ്ട്രേറ്റര്‍മാരാണ് ആ സ്ഥാനത്തുള്ളത്. ഇതു കൂടാതെ, സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതികളും കേരളബാങ്ക് രൂപീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്.

സഹകരണ നിയമപ്രകാരം ലയനം പോലുള്ള തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍, ജില്ലാ സഹകരണ ബാങ്കുകളുടെ ബോര്‍ഡ് മീറ്റിംഗുകള്‍ കൂടി, പ്രമേയം ചര്‍ച്ച ചെയ്ത് മൂന്നില്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുക്കേണ്ടതുണ്ട്. കേരള ബാങ്ക് രൂപീകരണം സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ഒമ്പതെണ്ണം അംഗീകരിച്ചപ്പോള്‍, അഞ്ചിടത്ത് വോട്ടെടുപ്പില്‍ പ്രതികൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇടുക്കിയും പത്തനംതിട്ടയുമടക്കം യു.ഡി.എഫിന് സഹകരണ സംഘങ്ങളില്‍ മേല്‍ക്കൈയുള്ളയിടങ്ങളിലായിരുന്നു ഇത്. ഈ എതിര്‍പ്പു മറികടക്കാനാണ് ഈ വര്‍ഷം സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍, മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ന വ്യവസ്ഥ തിരുത്തി കേവല ഭൂരിപക്ഷം മതി എന്നാക്കുന്നത്. ഇടഞ്ഞു നിന്ന അഞ്ചു ജില്ലകളില്‍ നാലും ഭേദഗതിക്കുശേഷം കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കിയെങ്കിലും, മലപ്പുറം ഇപ്പോഴും എതിര്‍പ്പില്‍ത്തന്നെയാണ്. മുസ്ലിം ലീഗിന് അപ്രമാദിത്വമുള്ള മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളൊന്നും കേരളബാങ്കിന് അനുകൂലമായി നിലപാടെടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് കേരള ബാങ്ക് എന്ന പദ്ധതിയും, അതിനോടനുബന്ധിച്ചുള്ള സകല ചര്‍ച്ചകളും സങ്കീര്‍ണമായി മാറുന്നത്.

കേരളത്തിലെ സഹകരണ മേഖല നിലവില്‍ പിന്തുടരുന്ന ത്രിതല വ്യവസ്ഥ ഇനിയുണ്ടാകില്ല എന്നതാണ് സഹകരണ നിയമത്തിന്റെ ഭേദഗതിയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്ന ഒരു വസ്തുത. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ മൂന്നു തട്ടുകളിലായി നിലനില്‍ക്കുന്ന സഹകരണരംഗം, രണ്ടു തട്ടുകളിലേക്ക് ചുരുങ്ങുമെന്നതാണ് കേരള ബാങ്കിന്റെ വരവിന്റെ ആദ്യ പടി. കേരളം മാത്രമല്ല, പഞ്ചാബും ജാര്‍ഖണ്ഡുമടക്കമുള്ള സംസ്ഥാനങ്ങളും സമാനമായ മാറ്റങ്ങളുടെ വഴിയിലാണുള്ളത്. ജില്ലാ സഹകരണ ബാങ്കുകളുടെ നടത്തിപ്പ് പരോക്ഷമായി നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കും, സൂപ്പര്‍വൈസറി അതോറിറ്റി സ്ഥാനത്തുള്ള നബാര്‍ഡും കേരള ബാങ്ക് വിഷയത്തിലെ മലപ്പുറത്തിന്റെ നിലപാടിനെക്കുറിച്ച് വ്യക്തമായ നിലപാട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അതനുസരിച്ചായിരിക്കും കേരളബാങ്കിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുക എന്നും വിലയിരുത്തലുകളുണ്ട്. മലപ്പുറം ഇടഞ്ഞുതന്നെ എന്നുറപ്പായതോടെ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ പുറത്തു നിര്‍ത്തിക്കൊണ്ട് മറ്റു ബാങ്കുകളുടെ ലയനം സാധ്യമാണോ എന്നതും, അങ്ങനെയുണ്ടായാല്‍ മലപ്പുറം ജില്ലാ ബാങ്കിന് നിലനില്‍പ്പുണ്ടോ എന്നതുമാണ് ഈ സാഹചര്യത്തില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍. യു.ഡി.എഫിന്റെ നിലപാട് കേരളബാങ്കിന് എതിരായതിനാലാണ് മലപ്പുറം പ്രമേയം പാസ്സാക്കാത്തത്. ഇത് കേരള ബാങ്ക് അകപ്പെട്ട രാഷ്ട്രീയ വെല്ലുവിളി വ്യക്തമാക്കുന്നതാണ്.

അധികാര വികേന്ദ്രീകരണം അട്ടിമറിക്കുമെന്ന് യുഡിഎഫ്

കേരള ബാങ്ക് വേണ്ട എന്ന യു.ഡി.എഫ് തീരുമാനം സഹകരണ നിയമ ഭേദഗതിയിലൂടെ മറികടന്നപ്പോള്‍, കേവലഭൂരിപക്ഷം പോലും നേടാന്‍ കഴിയാത്തത്ര എതിര്‍പ്പാണ് മലപ്പുറത്തുനിന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ തൃശ്ശൂര്‍, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സഹകാരികളില്‍ പലരും ഇപ്പോഴും കേരളബാങ്കിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. പതിനെട്ടോളം കേസുകളാണ് കേരളബാങ്ക് വിഷയത്തില്‍ ഇവരെല്ലാം ചേര്‍ന്ന് ഹൈക്കോടതിയില്‍ നടത്തുന്നത്. കേരളബാങ്കുമായി മുന്നോട്ടുപോകാന്‍ അനുമതി തേടി സമീപിക്കുമ്പോള്‍, വിഷയത്തില്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ കേസുകളൊന്നും നിലവിലുണ്ടാകരുതെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുള്ളപ്പോഴാണിത്. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ എന്നിവര്‍ക്കൊപ്പം യു.ഡി.എഫിന്റെ സഹകരണ ജനാധിപത്യവേദിയും കേസുകള്‍ നടത്തുന്നുണ്ട്.

സഹകരണം എന്ന അടിസ്ഥാനാശയത്തിന്റെ അന്തസ്സത്ത തന്നെ കൈമോശം വരുന്ന നീക്കമാണ് കേരളബാങ്ക് രൂപീകരണമെന്നതാണ് യു.ഡി.എഫിന്റെ എതിര്‍പ്പിനു കാരണമെന്ന് സഹകരണ ജനാധിപത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു പറയുന്നു. "സഹകരണ രംഗത്ത് വല്ലാത്തൊരു കേന്ദ്രീകരണമാണ് കേരള ബാങ്ക് വഴിയുണ്ടാകുക. വളരെ ചെറിയ പ്രദേശത്ത്, അവിടെയുള്ള ആളുകളെ ചേര്‍ത്ത്, ചെറുതും വലുതുമായ ഓഹരികള്‍ ശേഖരിച്ചാണ് സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള പ്രാഥമിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ഒരു സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍, അത് സാധാരണക്കാരന് ദോഷം ചെയ്യും. ഭരണസമിതിയില്‍ വരുന്നവര്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പ്രതിനിധികളായിരിക്കും. അവര്‍ക്ക് താഴേത്തട്ടിലുള്ളവരോട് ഉത്തരവാദിത്തമുണ്ടാകേണ്ട കാര്യമില്ലല്ലോ. അതായത്, സഹകരണ സംഘത്തിന്റെ സഹകരണം എന്ന അന്തസ്സത്ത അവിടെ നശിക്കും. ജില്ലാ ബാങ്കുകള്‍ പാടേ ഇല്ലാതെയാകും. സംരംഭകര്‍ക്കും മറ്റും ഒരു തുകയില്‍ക്കവിഞ്ഞ് വായ്പയെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. അധികാര വികേന്ദ്രീകരണം എന്ന അടിസ്ഥാന ആശയത്തിന്റെ കടയ്ക്കലാണ് കേരള ബാങ്ക് കത്തിവയ്ക്കുക. കേരള ബാങ്ക് രൂപീകരിക്കുന്നതു വഴി കേരളത്തിലുള്ളവര്‍ക്ക് ഇപ്പോഴുള്ളതില്‍ നിന്നും എന്തു നേട്ടമാണ് പ്രത്യേകിച്ച് ഉണ്ടാകാന്‍ പോകുന്നതെന്ന് ആരും പറയുന്നില്ല താനും. ഇന്ന ഗുണം മുന്നില്‍ക്കണ്ടാണ് ഞങ്ങള്‍ കേരള ബാങ്കിനു വേണ്ടി വാദിക്കുന്നത് എന്നു പറയേണ്ടേ? അതില്ല. യു.ഡി.എഫ് ഭരിക്കുമ്പോള്‍ എട്ടു പത്ത് ജില്ലാ ബാങ്കുകള്‍ യു.ഡി.എഫിന്റെ കൈയില്‍ വരും. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ അവരുടെ കൈയിലും. ഈ അസ്വസ്ഥതയാണ് സര്‍ക്കാരിനെ കേരള ബാങ്കിന്റെ രൂപീകരണത്തക്കുറിച്ച് ചിന്തിപ്പിച്ചിരിക്കുക എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. അതല്ലാതെ മറ്റൊരു നേട്ടവും കാണാനില്ല. താന്‍ അംഗമായിരിക്കുന്ന സ്ഥാപനത്തിന്റെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ ഓരോ വ്യക്തിക്കുമുള്ള അധികാരമടക്കം കേരള ബാങ്ക് നഷ്ടപ്പെടുത്തും. ജനറല്‍ ബോഡി വിളിച്ചു കൂട്ടി കൃത്രിമമായ ഭൂരിപക്ഷമുണ്ടാക്കിയ ശേഷം എല്ലാ ജില്ലാ ബാങ്കുകളും കേരള ബാങ്കിന് അനുകൂലമാണെന്നു പറയുന്നതൊക്കെ പ്രഹസനമാണ്."

സമാനമായ കാരണങ്ങള്‍ തന്നെയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എതിര്‍പ്പിനെക്കുറിച്ച് മുന്‍ ഡയറക്ടറായ ഇ. അബൂബക്കറിനും ചൂണ്ടിക്കാട്ടാനുള്ളത്. കേരളബാങ്ക് എന്ന പുതിയ സാധ്യതയുമായി ബന്ധപ്പെട്ട് ഉയരാനിടയുള്ള സാങ്കേതിക പ്രശ്നങ്ങളാണോ, അതോ രാഷ്ട്രീയമായ തീരുമാനങ്ങളാണോ മലപ്പുറം സഹകരണ ബാങ്കിനെ എതിര്‍പ്പു രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യത്തിന്, സാങ്കേതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മുന്നണി തീരുമാനമാണ് കേരളബാങ്കിനെ എതിര്‍ക്കുകയെന്നത് എന്നാണ് അബൂബക്കറിന്റെ പ്രതികരണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനത്തിനൊപ്പമാണ് മലപ്പുറം ബാങ്കിന്റെ സഹകാരികള്‍ ഉറച്ചു നില്‍ക്കുന്നതെന്നും അബൂബക്കര്‍ ആവര്‍ത്തിക്കുന്നുണ്ട്. "ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയിലെ ആളുകള്‍ക്ക് വേണ്ട വായ്പകളും മറ്റും എത്തിച്ച് സഹായിക്കുന്നതിനും വേണ്ടിയുള്ളതാണ് ജില്ലാ സഹകരണ ബാങ്ക്. പഞ്ചായത്തിലുള്ള ആളുകള്‍ക്ക് എപ്പോഴും ഓടിച്ചെല്ലാന്‍ പറ്റുന്നയിടമാണ് പ്രാഥമിക ബാങ്ക്. കേരള ബാങ്കായി മാറിക്കഴിഞ്ഞാല്‍ ഈ കെട്ടുറപ്പാണ് നഷ്ടപ്പെടുക. 54 ശാഖകളാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ഇപ്പോഴുള്ളത്. സംസ്ഥാന സഹകരണ ബാങ്കിന്റെ നാലോ അഞ്ചോ ശാഖകളും ഇതിനോടൊപ്പം മലപ്പുറത്തുണ്ട്. കേരള ബാങ്ക് വന്നുകഴിഞ്ഞാല്‍ ഈ ശാഖകളുടെ എണ്ണം കുറയും, ജീവനക്കാര്‍ കഷ്ടത്തിലാകും. ഇടതുപക്ഷ യൂണിയനുകള്‍ ഇതിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ്. അതല്ലാതെ വരുംവരായ്കകള്‍ ആരും കണക്കിലെടുക്കുന്നില്ല."

സഹകരണരംഗത്തിന്റെ അടിത്തറ തന്നെയാണ് കേരളബാങ്ക് ഇല്ലാതാക്കുക എന്ന ആശങ്ക പങ്കുവയ്ക്കുന്ന സഹകാരികള്‍ പലയിടത്തുമുണ്ടെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത് എന്ന പ്രതിപക്ഷത്തിന്റ ആരോപണം തന്നെയാണ് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിന് സഹകരണ സംഘങ്ങളോളം പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വ്യവസ്ഥയില്ല എന്നതിനാല്‍, ഇതേ രാഷ്ട്രീയമാണ് ഒരു പരിധിവരെ കേരളബാങ്കിന്റെ വരവിനെ നീട്ടിക്കൊണ്ടുപോകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും കിഫ്ബിയടക്കമുള്ള പദ്ധതികള്‍ക്കായി തുകകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാണ് ജില്ലാ സഹകരണ ബാങ്കുകളുടെ ലാഭ വിഹിതം കൂടി കൂട്ടിച്ചേര്‍ത്ത് ഒറ്റ ബാങ്കായി രൂപീകരിക്കുന്നതെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ചിലത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അതു പരസ്യമായിത്തന്നെ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. "കേരള ബാങ്ക് രൂപീകരിക്കുന്നത് നിക്ഷേപകര്‍ക്കോ വായ്പയെടുക്കുന്നവര്‍ക്കോ ഒട്ടും ഗുണകരമല്ല എന്നതാണ് വസ്തുത. ജില്ലാ ബാങ്കുകളിലാണെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇടപെടാനും മറ്റും എളുപ്പമാണ്. കേരള ബാങ്ക് വന്നാല്‍ സ്ഥിതി അതായിരിക്കില്ല. മാത്രമല്ല, വലിയ നഷ്ടത്തില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാന സഹകരണ ബാങ്കിലേക്ക് നഷ്ടത്തിലോടുന്ന ജില്ലാ ബാങ്കുകളെ ലയിപ്പിക്കുകയാണ്. സര്‍ക്കാരിന് അത് ഗുണകരമായേക്കും. പക്ഷേ നിക്ഷേപര്‍ക്ക് അങ്ങനെയായിരിക്കില്ല", ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറയുന്നതിങ്ങനെ.

സഹകരണ ബാങ്കുകള്‍ ന്യൂജനറേഷനാകണം എന്ന മറുവാദം

യു.ഡി.എഫിന്റെ എതിര്‍പ്പ് ഫലവത്തായത് മലപ്പുറത്താണെന്നതിനാല്‍ മാത്രമാണ് മലപ്പുറം ജില്ലാ ബാങ്ക് പ്രതിരോധത്തിലായിരിക്കുന്നതെന്നും, സഹകരണ ബാങ്കുകള്‍ക്ക് സ്വയം നിലനില്‍ക്കാനുള്ള സാധ്യകതളുടെ പരിമിതിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം വേണം കണ്ണടച്ച് എതിര്‍ക്കാന്‍ എന്നുമാണ് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ എതിര്‍വാദം. ജില്ലാ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് പുറം ലോകം അറിയാതെ പോകുകയാണെന്നും, അത്തരം കാര്യങ്ങളില്‍ നീക്കുപോക്കുണ്ടാക്കാന്‍ കേരളബാങ്കിന് സാധിച്ചേക്കുമെന്നും, മുന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ പറയുന്നു. "കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കാര്യമെടുക്കാം. 2014-15 മുതല്‍ മൂന്നു വര്‍ഷത്തെ കണക്കുകളും ഓഡിറ്റിംഗ് റിപ്പോര്‍ട്ടുകളും തെറ്റാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഞാന്‍ പരാതികള്‍ കൊടുത്തിട്ടുണ്ട്. സഹകരണ ചരിത്രത്തിലാദ്യമായി റീ ഓഡിറ്റിനും ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധര്‍ പരിശോധിച്ചത് ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ പുറത്താണ് റീഓഡിറ്റിംഗിന് ഉത്തരവായത്. ഒമ്പതുമാസമായിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. എല്ലാ ജില്ലാ സഹകരണ ബാങ്കുകളുടെയും കഥ ഏകദേശം ഇതൊക്കെത്തന്നെയാണ്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നഷ്ടം 493 കോടിയാണ്. ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ കേരള ബാങ്കിനു സാധിച്ചേക്കും. പക്ഷേ, ജനാധിപത്യസ്വഭാവം അല്‍പം പരിമിതപ്പെട്ടേക്കും എന്ന തോന്നലും വ്യക്തിപരമായി ഉണ്ട്."

കാര്യങ്ങള്‍ വിശദമായി വിലയിരുത്തി ഒരു തീരുമാനമെടുക്കാതെ, സര്‍ക്കാര്‍ നയങ്ങളെ പാടേ നിഷേധിക്കുന്ന യു.ഡി.എഫ്. സംഘടനകള്‍ സഹകരണ ബാങ്കുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചം ഭാവിയെക്കുറിച്ചുമെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നാണ് ഇടതുപക്ഷ സംഘടനയായ ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ബാലസുബ്രഹ്മണ്യനു പറയാനുള്ളത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗത്തില്‍ വരുത്താതെ പരമ്പരാഗതമായ രീതിയില്‍ സഹകരണ ബാങ്കുകളെ ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ല എന്ന സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുധാകരന്റെ പ്രസ്താവനയോടു ചേര്‍ത്തുവായിക്കേണ്ടതാണ് ബാലസുബ്രഹ്മണ്യന്റെ പ്രതികരണം.

"കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കിയിട്ടുള്ള മാറ്റങ്ങള്‍ക്കുശേഷം, പൊതുമേഖലാ ബാങ്കുകളടക്കം വലിയ നിലനില്‍പ്പു ഭീഷണിയാണ് നേരിടുന്നത്. സഹകരണ മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ശക്തമായ ഒരു ബാങ്കിംഗ് സാന്നിധ്യമായി മാറേണ്ടതുണ്ട്. പുതിയ ബാങ്കിംഗ് നയത്തിന്റെ ഭാഗമായി ന്യൂജനറേഷന്‍ ബാങ്കുകള്‍ പലതും വന്നു. പേയ്മെന്റ് ബാങ്ക്, സ്മാര്‍ട്ട് ബാങ്ക് എന്നീ വിഭാഗങ്ങളില്‍ പത്തു പന്ത്രണ്ടു ബാങ്കുകള്‍ക്കാണ് ഈയടുത്ത് റിസര്‍വ് ബാങ്ക് അനുമതി കൊടുത്തത്. സഹകരണ ബാങ്കുകളുടെ സാധ്യതകളാണ് ഈ പുതുമുഖങ്ങളെല്ലാം ചൂഷണം ചെയ്യുന്നത്. മാത്രമല്ല, ന്യൂജനറേഷന്‍ ബാങ്കുകളിലേക്കാണ് യുവാക്കളെല്ലാം ആകര്‍ഷിക്കപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യയില്ലാതെ ബാങ്കുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല എന്നര്‍ത്ഥം. ശ്രീറാം കമ്മീഷനിലടക്കം പറഞ്ഞിട്ടുള്ളത് യുവാക്കളായിട്ടുള്ള ഉപഭോക്താക്കള്‍ സഹകരണമേഖലയില്‍ കുറവാണെന്നുതന്നെയാണ്. എല്ലാ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങളും നമുക്കു കൊടുക്കാന്‍ സാധിക്കണം. മറ്റു ബാങ്കുകളുടെ ലയനം പോലെയല്ല കേരളബാങ്ക് രൂപീകരണം. മറ്റൊരു തരത്തില്‍ത്തന്നെയാണ് ഇതിനെ വിലയിരുത്തേണ്ടത്.

നബാര്‍ഡ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ബിസിനസ് ന്യൂസിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്, ഏത് ബാങ്കു നിലനില്‍ക്കണമെങ്കിലും വലിയ ബാങ്കുകളായി മാറേണ്ടതുണ്ടെന്നാണ്. സാങ്കേതിക വിദ്യകള്‍ കൊണ്ടുവരണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളൂ. നിക്ഷേപങ്ങളാണ് മറ്റൊരു വിഷയം. സഹകരണ മേഖലയില്‍ എന്‍.ആര്‍.ഐ. നിക്ഷേപങ്ങള്‍ പോലുള്ളവ കിട്ടാന്‍ വലിയ പാടാണ്. ഒരു ശതമാനമോ മറ്റോ ഉള്ളൂ എന്നു തോന്നുന്നു. പലപ്പോഴും പുതിയ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്വാഭാവികമായും അവരില്‍ നിന്നും ചൂഷണവും നേരിടേണ്ടിവരും. ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി ഒക്കെ ചെയ്യുന്നതിന് നമ്മള്‍ ഏതെങ്കിലും സ്വകാര്യ ബാങ്കിന്റെ കോഡാണ് ഉപയോഗിക്കുന്നത്. വലിയ കോസ്റ്റാണ് ഇതിന് കൊടുക്കുന്നത്. പലിശയില്ലാത്ത ഡെപ്പോസിറ്റുകളാണ് പകരം അവര്‍ വാങ്ങിക്കുന്നത്. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് സേവനങ്ങളെത്തിക്കുന്ന തരത്തിലേക്ക് വലിയ ശക്തിയായി മാറിയാലേ സഹകരണ ബാങ്കുകളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. വസ്തുതകള്‍ പഠിക്കാതെ ബാലിശമായ വാദങ്ങള്‍ ഉന്നയിക്കുകയാണ് യു.ഡി.എഫിന്റെ സംഘടനകള്‍."

നിലനില്‍പ്പ് ഭീഷണിയിലാകുമ്പോള്‍ മലപ്പുറത്ത് രണ്ടു തട്ടിലാകുന്ന യു.ഡി.എഫ് സംഘടനകള്‍

ഇടതും വലതും തമ്മിലുള്ള ബലാബലത്തിനിടെ, മലപ്പുറം ജില്ലയില്‍ ആശങ്കയിലേക്കും അനിശ്ചിതാവസ്ഥയിലേക്കും തള്ളിവിടപ്പെട്ടിട്ടുള്ള മറ്റൊരു വിഭാഗമുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണത്. കേരളബാങ്ക് രൂപീകരണത്തോട് മലപ്പുറം മുഖം തിരിക്കുമെന്ന് ഉറപ്പായതോടെ, തങ്ങളുടെ തൊഴില്‍ സുരക്ഷയെക്കുറിച്ച് ഇവര്‍ക്ക് വലിയ ആകുലതകളാണുള്ളത്. അതിന് അടിസ്ഥാനവുമുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരളബാങ്കുമായി ലയനത്തിന് വിസമ്മതിക്കുന്ന സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ മറ്റു 13 ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാരിന് ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകാവുന്നതാണ്. സഹകരണ നിയമത്തില്‍ 2019 ജനുവരിയില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളെല്ലാം കേരള ബാങ്കില്‍ ലയിക്കുന്നതോടെ, പുറത്തു നില്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാകുകയും ചെയ്യും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളെല്ലാം കേരളബാങ്കില്‍ ലയിക്കും എന്നതും ആഘാതത്തിന് ആക്കം കൂട്ടുന്നുണ്ട്. മലപ്പുറത്തെ പുറത്തു നിര്‍ത്തി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കില്ല എന്നതിനാല്‍, ജീവനക്കാരുടെ ആശങ്കയില്‍ കഴമ്പുണ്ടെന്നു തന്നെയാണ് സഹകരണ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണവും.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ ആധി പങ്കുവച്ചുകൊണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയകുമാര്‍ പറയുന്നതിങ്ങനെ: "സഹകരണ നിയമം കൂടി ഈ വിഷയത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. സഹകരണ നിയമം ഭേദഗതി ചെയ്തപ്പോള്‍, കേരള ബാങ്കില്‍ ലയിക്കാതിരിക്കുന്ന ജില്ലാ ബാങ്കുകള്‍ കാലഹരണപ്പെട്ട ബാങ്കുകളായി മാറുമെന്ന് പ്രത്യേകം കൂട്ടിച്ചേര്‍ത്തിട്ടുള്ളതാണ്. ടൂ ടയര്‍ സ്ട്രക്ചറില്‍ ഉള്‍പ്പെടാത്ത സഹകരണ ബാങ്കുകള്‍ കാലഹരണപ്പെടും എന്നാണ് അതില്‍ പറയുന്നത്. ജാര്‍ഖണ്ഡിലെ അവസ്ഥയാണ് എല്ലാവരും ഇക്കാര്യത്തില്‍ മലപ്പുറത്തിന് ഭയപ്പെടേണ്ടതില്ല എന്നു കാണിക്കാന്‍ ഉദാഹരണമായി എടുക്കുന്നത്. ജാര്‍ഖണ്ഡിലെ സഹകരണ നിയമത്തില്‍ പക്ഷേ, ഇങ്ങനെയൊരു പരാമര്‍ശമില്ല. വേണമെങ്കില്‍ ജില്ലാ സഹകരണ ബാങ്കായി തുടരാം എന്നത് അവര്‍ക്കുള്ള മെച്ചമാണ്. മലപ്പുറം ജില്ലാ ബാങ്കിന് ആ സാധ്യതയില്ല. ജനറല്‍ മാനേജര്‍ മുതല്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ വരെയുള്ളവര്‍ സര്‍ക്കാരിലേക്ക് നിവേദനം കൊടുത്ത് കാത്തിരിക്കുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഒരു സഹകരണ സ്ഥാപനം നിലനിന്നാലും പൊളിഞ്ഞാലും അതു ബാധിക്കുക ജീവനക്കാരെയാണ്. ഇടപാടുകാര്‍ മറ്റൊരിടത്തേക്ക് പോകില്ലേ. സഹകാരികളും മറ്റേതെങ്കിലും മേഖലകള്‍ തേടിപ്പോകും. ജീവനക്കാരാണ് കഷ്ടപ്പെടുക. മലപ്പുറം ജില്ലയില്‍ത്തന്നെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് അരീക്കോടിനടുത്തുള്ള കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കുണ്ടായിരുന്നു. ആ ബാങ്ക് ആദ്യം പൂട്ടിപ്പോവുകയും പിന്നീട് മറ്റൊരു ബാങ്കില്‍ ലയിക്കുകയും ചെയ്തു. പക്ഷേ, അന്ന് അവിടെയുണ്ടായിരുന്ന രണ്ടു ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയാണുണ്ടായത്. ഇവിടെയും വരാന്‍ പോകുന്ന പ്രശ്നം അതാണ്. നിയമം ഇങ്ങനെയായതിനാല്‍ കോടതി എന്തെങ്കിലും പ്രത്യേക പരാമര്‍ശം നടത്തിയാലേ പിന്നെ പ്രതീക്ഷയ്ക്കു വകയുള്ളൂ. രാഷ്ട്രീയക്കാര്‍ ഇട്ടു കളിക്കുകയാണ് ഈ വിഷയം. ഒന്നുകില്‍ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ചേരണം, അല്ലെങ്കില്‍ ഒറ്റയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കണം."

യു.ഡി.എഫ് അനുകൂല സംഘടനയായ ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നിലപാടും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്നും സഹകാരികള്‍ പിന്മാറണമെന്നു തന്നെയാണ്. ഒറ്റയ്ക്കു നിലനില്‍ക്കാമെന്നും മള്‍ട്ടി പര്‍പ്പസ് അര്‍ബന്‍ ബാങ്കായി തുടരാനാകുമെന്നുമുള്ള വാദങ്ങള്‍ ആത്മഹത്യാപരമാണെന്നും, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒറ്റപ്പെടും എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നുമാണ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനുമായ അബ്ദു റഹിമാന്റെ പക്ഷം. "മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റു ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് ആരംഭിക്കും എന്ന സാഹചര്യം വന്നാല്‍, മാറി ചിന്തിക്കുമെന്നാണ് മലപ്പുറത്തെ സഹകാരികള്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. മലപ്പുറം ഒറ്റപ്പെട്ടു നില്‍ക്കുന്ന സാഹചര്യം വന്നാല്‍ പുനരാലോചിക്കും എന്ന അവരുടെ ഉറപ്പിലാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു അനുമതി റിസര്‍വ് ബാങ്ക് കൊടുക്കില്ല എന്ന നിയമോപദേശമാണ് സഹകാരികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്നാണറിവ്. ആ നിയമോപദേശം ശരിയോ തെറ്റോ എന്ന് അറിയില്ല. തെറ്റാണെങ്കില്‍ അവര്‍ നിലപാട് പുനഃപരിശോധിക്കും. അതല്ലാതെ നിലനില്‍പ്പുണ്ടാകില്ല. ഒറ്റയ്ക്ക് നില്‍ക്കാന്‍ സാധിക്കില്ല എന്നതില്‍ തര്‍ക്കമില്ല. വാക്കു തന്നതനുസരിച്ച് സഹകാരികള്‍ നിലപാട് പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഞങ്ങള്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടിവരും. ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലല്ലോ. റിസര്‍വ് ബാങ്കിന്റെ തീരുമാനം അറിഞ്ഞാലേ ഇനിയെന്തെങ്കിലും ആലോചിക്കാനാകൂ. ഒറ്റയ്ക്ക് നില്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന് സഹകാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറിച്ചൊരു വാദം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.

സംസ്ഥാനാടിസ്ഥാനത്തില്‍ യുഡിഎഫ് കേരള ബാങ്കിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നു എന്നതാണ് സഹകാരികള്‍ ഞങ്ങള്‍ക്കു നല്‍കുന്ന വിശദീകരണം. യുഡിഎഫ് തീരുമാനമായതിനാല്‍ അതിനൊപ്പം നില്‍ക്കുക എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. പക്ഷേ, ശ്രീറാം കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷം കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും സര്‍ക്കാര്‍ സഹകാരികളുമായി നടത്തിയിട്ടില്ല എന്നും അവര്‍ ആരോപിക്കുന്നുണ്ട്. ആ ആരോപണത്തില്‍ കഴമ്പുമുണ്ട്. ഞങ്ങളെ വിളിച്ച ചര്‍ച്ചയില്‍ മന്ത്രിയോട് ഞങ്ങളും അത് സൂചിപ്പിച്ചതാണ്. സഹകാരികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയിരുന്നെങ്കില്‍, കുറച്ചുകൂടി ലളിതമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിച്ചേനെ. എതിര്‍പ്പ് അപ്പോഴുമുണ്ടാകും, പക്ഷേ അതു കുറയ്ക്കാമായിരുന്നു. ഒറ്റയ്ക്കു നില്‍ക്കേണ്ടി വന്നാല്‍, ജീവനക്കാര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്യും. നിലനില്‍പ്പിന്റെ വിഷയമാണല്ലോ."

ഇനിയറിയേണ്ടത് റിസര്‍വ് ബാങ്ക് നിലപാട്

നിലവില്‍ വിഷയത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനമെന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നേതൃത്വങ്ങളും സഹകരണരംഗവും ഒപ്പം മലപ്പുറം ജില്ലാ ബാങ്കിലെ ഉദ്യോഗസ്ഥരും. ജില്ലാ ബാങ്കുകളുടെ ഭരണകാര്യവും സഹകരണമേഖലയാകെയും സംസ്ഥാന ഭരണത്തിനു കീഴില്‍ വരുന്ന വിഷയമായതിനാലും, സഹകരണ നിയമത്തിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ വെളിച്ചത്തിലും, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളബാങ്ക് രൂപീകരിക്കുന്നതില്‍ വലിയ തോതിലുള്ള തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വാണിജ്യ ബാങ്കായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിന് അനുമതിയുള്ളതിനാല്‍ അതിലും പ്രതിബന്ധമുണ്ടാകാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് തടസ്സം നില്‍ക്കേണ്ട കാര്യമില്ലെന്നും, സഹകാരികള്‍ കൊടുത്തിരിക്കുന്ന കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുവെന്നതുമാത്രമാണ് പ്രധാന പ്രശ്നമായി വരികയെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍. നബാര്‍ഡും എതിര്‍ത്തു നില്‍ക്കുന്നതായി അറിവില്ല. അങ്ങനെ വന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം കേരളബാങ്ക് എന്ന ബൃഹത്തായ സംരംഭം വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ ആരംഭിക്കുകയും ചെയ്യും.

എന്നാല്‍, കേരളബാങ്ക് ഈ സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തറപ്പിച്ചു പറയുകയാണ് പ്രതിപക്ഷ സംഘടനകളും മലപ്പുറത്തെ സഹകാരികളും. കേരളബാങ്ക് ഉടനെ സ്ഥാപിക്കപ്പെടില്ലെന്നാണ് വിശ്വാസമെന്നും, നബാര്‍ഡ് നിശ്ചയിച്ചിട്ടുള്ള കടമ്പകള്‍ ധാരാളം ഇനിയും കടക്കാന്‍ ബാക്കിയുണ്ടെന്നും അഡ്വ. പി.എം സുരേഷ് ബാബു അഭിപ്രായപ്പെടുമ്പോള്‍, നടപടികള്‍ ഇനിയും നീണ്ടുപോയേക്കുമെന്നു തന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും പ്രത്യാശിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്ക് മുന്‍ ഡയറക്ടര്‍ അബൂബക്കര്‍ പറയുന്നതിങ്ങനെ: "റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന പ്രപ്പോസലില്‍ പറഞ്ഞിരിക്കുന്നത് പതിനാലു ജില്ലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണ്. അതില്‍ നിന്നും മലപ്പുറത്തെ അങ്ങനെ എളുപ്പത്തില്‍ ഒഴിവാക്കാനാകില്ല. 2017ല്‍ ഓണസമ്മാനമായി കൊണ്ടുവരുമെന്ന് കടകംപള്ളി പറഞ്ഞ ബാങ്കാണിത്. 2019ലെ ഓണമാകാറായിട്ടും അതു സാധിച്ചിട്ടില്ല. ഇനി 13 ബാങ്കുകളെ കൂട്ടിച്ചേര്‍ത്ത് കേരള ബാങ്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍, അതിനും ഇനി എത്രയേറെ നടപടികള്‍ കഴിയേണ്ടതുണ്ട്. പതിമൂന്നു ബാങ്കിലും ജനറല്‍ ബോഡി വിളിക്കുന്നതു മുതലുള്ള കാര്യങ്ങള്‍ ചെയ്യണം. അപ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിയും. മൂന്നരക്കൊല്ലം കൊണ്ടു കഴിയാത്തത് ഒന്നരക്കൊല്ലം കൊണ്ട് എങ്ങനെ തീര്‍ക്കാനാണ്. നെറ്റ് വര്‍ക്ക് ഒന്നിപ്പിക്കാനുള്ള പദ്ധതി കൊണ്ടുവന്നിട്ട് അതു പോലും നടത്താന്‍ സാധിച്ചിട്ടില്ല. കോടതിയില്‍ കേസ് നിലനില്‍ക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ നിബന്ധനകളില്‍ പറയുന്നുണ്ട്. ആകെ 18 കേസുകളാണ് ഇപ്പോള്‍ ഹൈക്കോടതിയിലുള്ളത്. അതില്‍ ആറെണ്ണം മലപ്പുറത്തുനിന്നാണ്. കോട്ടയം, എറണാകുളം, വയനാട് എല്ലായിടത്തുനിന്നും കേസുണ്ട്. ഇതൊക്കെ തീര്‍പ്പാക്കി അഫിഡവിറ്റ് കൊടുക്കണം. കോടതി തീരുമാനം അറിഞ്ഞതിനു ശേഷമേ അന്തിമതീരുമാനം എടുക്കാനാകൂ. ഇതെല്ലാം കടന്ന് ഉടനെ കേരളബാങ്ക് വരില്ല."

സഹകാരികളുടെ പ്രതീക്ഷ അസ്ഥാനത്താക്കി റിസര്‍വ് ബാങ്ക് അനുമതിയോടു കൂടി കേരള ബാങ്ക് നിലവില്‍ വന്നാല്‍, സഹകരണ മേഖലയില്‍ യു.ഡി.എഫ് സംഘടനകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കു കൂടിയായിരിക്കും അതു വഴിയൊരുക്കുന്നത്. മലപ്പുറത്തെ സര്‍വീസ് സംഘടനകളും യു.ഡി.എഫ് അനുകൂലികളായ സഹകാരികളും ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണെന്നതിനാല്‍, കേരളബാങ്ക് വിഷയത്തില്‍ എന്തു തീരുമാനമുണ്ടായാലും അത് രാഷ്ട്രീയപരമായി പ്രധാനപ്പെട്ടതുതന്നെയാണ്. ഇത്തരം സങ്കീര്‍ണതകളൊഴിവാക്കി സമവായം കൊണ്ടുവരാന്‍ അണിയറയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും, ഉടന്‍ തന്നെ യു.ഡി.എഫിനെയും മലപ്പുറം ജില്ലാ ബാങ്കിനെയും അനുനയിപ്പിക്കാന്‍ സാധിക്കുമെന്നും സഹകരണ വകുപ്പിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ജീവനക്കാരുടെ സമ്മര്‍ദ്ദം കടുക്കുമ്പോള്‍ മലപ്പുറത്തിന്റെ എതിര്‍പ്പ് അയയുമോ എന്നാണ് ഇനി അറിയാനുള്ളത്. മുന്നോട്ടുള്ള നീക്കമെന്തായാലും, അതിന് റിസര്‍വ് ബാങ്കിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് സഹകാരികളും സംഘടനകളും സംസ്ഥാന സര്‍ക്കാരും. സഹകരണ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന സ്ഥാപനമായി കേരളബാങ്ക് മാറും എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിതന്നെയാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു.

Read More: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു


Next Story

Related Stories