TopTop
Begin typing your search above and press return to search.

എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്ലിന് എന്ത് സംഭവിക്കും? സാധ്യതകള്‍ ഇങ്ങനെ

എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്ലിന് എന്ത് സംഭവിക്കും? സാധ്യതകള്‍ ഇങ്ങനെ
പതിനേഴാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ അനുമതി തേടിയതിന്റെ ക്രെഡിറ്റ് കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ കരസ്ഥമാക്കി. തെരഞ്ഞെടുപ്പിലും അതിന് ശേഷവും സജീവ ചര്‍ച്ചാ വിഷയമായിരുന്ന ശബരിമലയുമായി ബന്ധപ്പെട്ടാണ് യുഡിഎഫിലെ ആര്‍എസ്പി അംഗമായ എന്‍ കെ പ്രേമചന്ദന്റെ സ്വകാര്യ ബില്ല്. ശബരിമലയില്‍ സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്ത ബിജെപി ഇക്കാര്യത്തില്‍ എന്ത് ചെയ്യുമെന്നതാണ് ഇനി പ്രധാനം. സുപ്രീം കോടതി വിധിക്കെതിരെ, ആചാരം സംരക്ഷിക്കാനുള്ള നിയമമാക്കി മാറ്റാന്‍ പ്രേമചന്ദ്രന്റെ ബില്ലിന് കഴിയുമോ? അതിന്റെ ഭാവി എന്താവുമെന്നത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും.

യുഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായ സുപ്രധാനമായ നീക്കമാണ് പ്രേമചന്ദ്രന്‍ നടത്തിയത്. കേരളത്തിലെ ജനവിധിയില്‍ നിര്‍ണായകമായി എന്നു കരുതുന്ന ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത് തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ഈ നീക്കത്തിലുടെ അവര്‍ക്ക് കഴിയും. ബിജെപി ഈ സ്വകാര്യ ബില്ല് പാസ്സാക്കാന്‍ അനുവദിക്കുമോ അതോ, തങ്ങളുടെ ബില്ല് ആയി അവതരിപ്പിക്കാന്‍ വേണ്ടി പ്രേമചന്ദ്രനോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെടുമോ എന്നീ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്. എന്നാല്‍ അതിലപ്പുറം, ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി പറഞ്ഞ കാര്യങ്ങള്‍ മറികടക്കാനുള്ള നിയമനിര്‍മ്മാണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മറികടക്കുന്ന രിതിയിലാകുമോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെയെങ്കില്‍ പ്രശ്‌നം ഇതുകൊണ്ടും തീരില്ല.

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് പ്രേമചന്ദ്രന്റെ ബില്ലില്‍ ആവശ്യപ്പെടുന്നത്. മതപരമായ രീതികള്‍ നടപ്പിലാക്കുന്നുവെന്ന് സര്‍ക്കാറുകള്‍ ഉറപ്പാക്കണമെന്നും പ്രേമചന്ദ്രന്റെ ബില്ല് ആവശ്യപ്പെടുന്നു. ആചാരങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണെങ്കില്‍ എങ്ങനെ നിയമനിര്‍മ്മാണം സാധ്യമാകുമെന്ന ചോദ്യം ലോക്സഭ സെക്രട്ടറി ജനറലിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും നിയമമന്ത്രാലയം ബില്ലിന് അവതരണാനുമതി നല്‍കാന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞത് ശബരിമലയില്‍ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനപരമാണെന്നാണ്. അതിന് മത സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും ഡി വൈ ചന്ദ്രചൂഡിന്റെ വിധിന്യായത്തില്‍ പറയുന്നുണ്ട്. അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്നും സുപ്രീം കോടതി വിധി വ്യക്തമാക്കിയിരുന്നു. ഇതിനെയൊക്കെ മറികടന്നുള്ള നിയമനിര്‍മ്മാണമാണ് പ്രേമചന്ദ്രന്‍ സ്വകാര്യ ബില്ലില്‍ ആവശ്യപ്പെടുന്നത്. ആചാര സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് ബിജെപിയു്ം അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ സ്വകാര്യബില്ല് നിയമമാകാന്‍ സര്‍ക്കാര്‍ അനുവദിക്കുമോ എന്നാതാണ് പ്രധാന പ്രശ്‌നം.

മന്ത്രിമാരല്ലാത്ത സഭയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് സ്വകാര്യബില്ല് എന്നറിയപ്പെടുന്നത്. ഭരണഘടന ഭേദഗതിയടക്കമുള്ള കാര്യങ്ങളില്‍ ഇത്തരം സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും. എന്നാല്‍ സ്വകാര്യബില്ലുകള്‍ നിയമമാകുന്നത് പോകട്ടെ ചര്‍ച്ച ചെയ്യാന്‍ എടുക്കുന്ന അവസരങ്ങള്‍ തന്നെ വളരെ കുറവാണ്. കഴിഞ്ഞ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ശശി തരൂര്‍ ആയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ഇദ്ദേഹം കൊണ്ടുവരാന്‍ ശ്രമിച്ച ഒരു ബില്ല്. ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് സ്ഥാപനങ്ങളില്‍നിന്നുള്ള ഫോണ്‍ വിളികള്‍ക്കോ മെയിലുകള്‍ക്കോ മറുപടി നല്‍കേണ്ടതില്ലെന്ന തരത്തില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലായിരുന്നു എന്‍സിപി അംഗം സുപ്രിയ സുലെ അവതരിപ്പിച്ചത്. ഇതൊന്നും തന്നെ സഭ പരിഗണിച്ചില്ല.

15-ാം ലോക്‌സഭയില്‍ 372 സ്വകാര്യബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ 11 എണ്ണം മാത്രമാണ് സഭ ചര്‍ച്ച ചെയ്തത്. 14-ാം ലോക്‌സഭയില്‍ 328 ല്‍ 14 ഉം 13-ാം ലോക്‌സഭയില്‍ 343 ല്‍ 17 ഉം സ്വകാര്യ ബില്ലുകള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്.

സ്വതന്ത്ര്യം കിട്ടിയതിന് ശേഷം 14 സ്വകാര്യബില്ലുകള്‍ മാത്രമാണ് നിയമമായത്. 1970-നു ശേഷം ഒരു സ്വകാര്യ ബില്ലും നിയമമായിട്ടില്ല. 2014 ല്‍ ഡിഎംകെ നേതാവായ തിരുച്ചി ശിവ കൊണ്ടുവന്ന ട്രാന്‍സ്‌ജെന്റേഴ്‌സ് ബില്ല് രാജ്യസഭ പാസ്സാക്കിയിരുന്നു.

സ്വകാര്യ ബില്ലുകള്‍ പാസാകുകയെന്നത് സര്‍ക്കാരിന്റെ കഴിവുകേടായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. സര്‍ക്കാരിന് യോജിപ്പുള്ള കാര്യമാണെങ്കില്‍ ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ ബില്ലായി കൊണ്ടുവരികയാണ് സാധാരണ സംഭവിക്കാറുള്ളത്. സര്‍ക്കാരിന്റെ പി്ന്തുണയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാസ്സാക്കുക സാധ്യവുമല്ല, ഈ ഒരു പശ്ചാത്തലത്തിലാണ് പ്രേമചന്ദ്രന്റെ ബില്ലിന് എന്ത് സംഭവിക്കുമെന്നത് പ്രസക്തമാകുന്നത്. പ്രേമചന്ദ്രന്‍ ബില്ല് പിന്‍വലിക്കുകയും സര്‍ക്കാര്‍ സമാന സ്വാഭാവമുള്ള ബില്ല് കൊണ്ടുവരികയുമാണ് ഒരു സാധ്യത. അങ്ങനെയാണെങ്കില്‍ തന്നെ ഇതുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം അദ്ദേഹത്തിനും യുഡിഎഫിനും ലഭിക്കും. മറ്റൊരു സാധ്യത ചര്‍ച്ച ചെയ്തതിന് ശേഷം തള്ളുകയെന്നതാണ്. എന്നാല്‍ ബിജെപിയ്ക്ക് ബില്ലിലെ വ്യവസ്ഥകളോട് രാഷ്ട്രീയമായി യോജിപ്പുള്ളതിനാല്‍ അതിനുള്ള സാധ്യതയില്ല.

പ്രേമചന്ദ്രന്റ ബില്ലോ സമാന സ്വഭാവമുള്ള സര്‍ക്കാര്‍ ബില്ലോ കൊണ്ടുവന്നാല്‍ അത് ഭരണഘടനയുടെ അടിസ്ഥാന സ്വാഭാവത്തിനെതിരാവുമോ എന്നതാണ് മറ്റൊരു നിയമ പ്രശ്‌നം. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ പാര്‍ലമെന്റ് ഭേദഗതി മൂലം മറികടക്കാന്‍ കഴിയില്ലെന്നാണ് വിഖ്യാതമായ കേശവാനന്ദഭാരതി കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന സ്വാഭാവമെന്തെന്ന കാര്യം സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുമില്ല. ഇക്കാര്യം ഒരോ വിഷയം ഉന്നയിക്കപ്പെടുമ്പോള്‍ കോടതി തീരുമാനമെടുക്കുകയാണ് പതിവ്. ശബരിമലയിലെ പ്രാര്‍ത്ഥാന സ്വാതന്ത്ര്യ നിഷേധം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ലംഘിക്കുന്നതാണെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ നിയമനിര്‍മ്മാണം പോലും അപ്രസക്തമാകും. അത് സര്‍ക്കാര്‍ കൊണ്ടുവന്നാലും പ്രേമചന്ദ്രന്റെ വകയായാലും.

Also Read: ഹിന്ദുത്വ, സവർണ, ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം.പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്?

Next Story

Related Stories