Top

ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്

ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന തങ്ങളുടെ അഭിമാന പരിപാടികളിലൊന്നായ എകണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയുടെ ഈ വര്‍ഷത്തെ എഡീഷനിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാകുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്.

എന്നാല്‍, പരിപാടി നടന്ന തിങ്കളാഴ്ച, അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മോദി തീരുമാനിച്ചു. ഒപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മിക്ക അംഗങ്ങളും.

മോദിയുടെ ഈ തീരുമാനത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഈ മാധ്യമ ഗ്രൂപ്പിനോടുള്ള തന്റെ അനിഷ്ടമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നാണ് മിക്കവരുടേയും അഭിപ്രായം. ഇതിനെ സാധൂകരിക്കുന്ന വിധത്തില്‍ നിരവധി സംഭവവികാസങ്ങള്‍ അതോടൊപ്പം ഉണ്ടായിട്ടുള്ളതും കൂട്ടിവായിക്കണം.

അതില്‍ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കഴിഞ്ഞ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ടൈംസ്, ഇകണോമിക് ടൈംസ് തുടങ്ങി ടൈംസ് ഗ്രൂപ്പിലെ പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗ് എങ്ങനെയായിരുന്നു എന്നതും അതില്‍ തന്നെ അഖിലേഷ് യാദവ് സര്‍ക്കാരിനോടുള്ള സമീപനവുമായിരുന്നു.

ടൈംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിനീത് ജയിനാകട്ടെ, നോട്ട് നിരോധന പദ്ധതിയെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നതും ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ചതും റേഡിയോ മിര്‍ച്ചിയിലൂടെ മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും കളിയാക്കിയതും ഇതിനിടയിലുണ്ടായി, പ്രത്യേകിച്ച് 'മിത്രോം' എന്ന പരിപാടി.

മോദി പരിപാടിക്ക് വരുന്നത് റദ്ദാക്കിയതിനു തൊട്ടു പിന്നാലെ എകണോമിക് ടൈംസിലെ ജേര്‍ണലിസ്റ്റ് രോഹിണി സിംഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കണം. ട്വിറ്ററില്‍ വളരെ സജീവമായിരുന്ന രോഹിണി സിംഗ് ഒരുവിധപ്പെട്ട വിഷയങ്ങളിലൊക്കെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതെപ്പോഴും സര്‍ക്കാരുമായി ഒത്തുപോകുന്നതായിരുന്നുമില്ല.

ടൈംസ് ഗ്രൂപ്പുമായോ അല്ലെങ്കില്‍ അവരുടെ റിപ്പോര്‍ട്ടിംഗ് രീതിയോ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് പ്രധാനമന്ത്രി എകണോമിക് ടൈംസ് പരിപാടി റദ്ദാക്കിയതെന്ന അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ടൈംസ് ഗ്രൂപ്പ് എത്രത്തോളം ആന്റി-എസ്റ്റാബ്ലിഷ്‌മെന്റ് ആണെന്ന കാര്യം നമുക്കറിയാവുന്ന വസ്തുതയാണ്. അതുപോലെ വിനീത് ജയിന്റെ ട്വീറ്റ് നോട്ട് നിരോധന പദ്ധതിയെ എതിര്‍ക്കുന്നതാണെങ്കിലും മോദിയുടെ നോട്ട് നിരോധന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു ടൈംസിന്റെ നിലപാടുകള്‍. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ വെല്ലുവിളിക്കുന്നതില്‍ അവര്‍ ഉണ്ടാകാറുമില്ല. എകണോമിക് ടൈംസോ റേഡിയോ മിര്‍ച്ചിയോ പ്രത്യക്ഷത്തില്‍ മോദിയോ അദ്ദേഹത്തിന്റെ സര്‍ക്കാരോ എടുത്ത ഏതെങ്കിലും നടപടിയെ എതിര്‍ക്കുകയും ചെയ്തിട്ടില്ല. തങ്ങളുടെ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ എപ്പോഴും ഒരു ബാലന്‍സിംഗ് സൂക്ഷിക്കാറുമുണ്ട്. അത് അവരുടെ ന്യൂസ് ചാനല്‍ ടൈംസ് നൗവിനെ പോലെ കൂടുതലായി സര്‍ക്കാര്‍ അനുകൂലവുമാണ്.

ഇതാണ് സാഹചര്യമെന്നിരിക്കെ, ടൈംസ് ഗ്രൂപ്പിനോട് പ്രധാനമന്ത്രിക്കോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ അനിഷ്ടം തോന്നി എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

നിശ്ചയിച്ചുറപ്പിച്ച ഒരു പരിപാടിയില്‍ നിന്നും പ്രധാനപ്പെട്ട അതിഥി, അതും പ്രധാനമന്ത്രിയെ പോലെ ഒരാള്‍ പിന്മാറുന്നത് ആ പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കാര്‍ക്കുമൊക്കെ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വരുമാന നഷ്ടവും വലുതായിരിക്കും. ഇത് അവരുടെ എഡിറ്റോറിയല്‍ നയങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ എന്നത് നാം കാത്തിരുന്നു കാണേണ്ട കാര്യമാണ്, പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാവുന്നത്, അത് സര്‍ക്കാരിനോട് കൂടുതല്‍ മൃദുസമീപനം തന്നെയായിരിക്കും സ്വീകരിക്കുക എന്നതാണ്. അവര്‍ സര്‍ക്കാരിനെ എതിരിടാനാണ് സാധ്യതയെന്നൊക്കെ ചിന്തിക്കുന്നത് മണ്ടത്തരമായേക്കും, പ്രത്യേകിച്ച് ലാഭം എന്നതില്‍ മാത്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തെ സംബന്ധിച്ച്.ഇതിന്റെ വരുംവരായ്കകള്‍

പ്രധാനമന്ത്രി അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയതിലൂടെ ഒരു കാര്യം കൂടി ഉറപ്പിക്കുന്നു. ഈ സര്‍ക്കാരിനു കീഴില്‍ ഇതിനകം തന്നെ ചോദ്യചിഹ്‌നമായി മാറിക്കഴിഞ്ഞിട്ടുള്ള മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കകള്‍ അത് കൂടുതലാക്കിയിരിക്കുന്നു.

മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു തുടങ്ങുന്ന സമയം മുതല്‍ അദ്ദേഹവും അമിത് ഷായും അവരുടെ കൂട്ടാളികളും മാധ്യമങ്ങളെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള അനേകം തന്ത്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് എന്നതു സംബന്ധിച്ച് നിരവധി കഥകളുണ്ട്. അത് ഒരു പക്ഷേ അവര്‍ മാത്രമല്ല, ഏത് രാഷ്ട്രീയ പാര്‍ട്ടിയും അധികാരത്തിലിരിക്കുന്ന ഏതു സര്‍ക്കാരും ചെയ്യുന്ന കാര്യവുമായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ മോദിയും കൂട്ടാളികളും കൂടുതല്‍ തത്പരരാണ് എന്നതാണ് വാസ്തവം.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ടൈംസ് ഗ്രൂപ്പ് സി.ഇ.ഒയെ അമിത് ഷാ ഒരു കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയും അരവിന്ദ് കെജ്‌രിവാളിനെ പിന്താങ്ങുന്ന നിലപാടില്‍ തങ്ങള്‍ക്കുള്ള നീരസം ശക്തമായി തന്നെ അറിയിക്കുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്നതവിടെ നില്‍ക്കട്ടെ, കെജ്‌രിവാളിനോടുള്ള തങ്ങളുടെ നിലപാടില്‍ ടൈംസ് ഗ്രൂപ്പ് ഒറ്റ രാത്രി കൊണ്ട് മലക്കം മറിഞ്ഞു എന്ന വസ്തുത നിലനില്‍ക്കുന്നു.

മോദി രാഷ്ട്രീയത്തെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന രണ്ടു മാധ്യമങ്ങളാണ് സീ, ദൈനിക് ജാഗരണ്‍ ഗ്രൂപ്പുകള്‍. രണ്ടിന്റേയും ഉടമസ്ഥര്‍ ബി.ജെ.പിയുടെ അകത്തേ ആളുകളാണ്. മോദിയേയും സര്‍ക്കാരിനേയും എതിര്‍ക്കുകയോ ഇനി നിക്ഷ്പക്ഷത പാലിക്കുകയോ ചെയ്ത മാധ്യമങ്ങളൊക്കെ തങ്ങളുടെ നിലപാട് മയപ്പെടുത്തിയിരിക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇപ്പോള്‍ പല വിഷയങ്ങളിലും കൈക്കൊണ്ടു വരുന്ന നിലപാടുകള്‍. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മനസിലാക്കാന്‍ അതിലും നല്ല സൂചകമില്ല എന്നു വേണം പറയാന്‍.


Next Story

Related Stories