TopTop
Begin typing your search above and press return to search.

സർജിക്കൽ സ്ട്രൈക്കല്ല, പ്രതിപക്ഷമില്ലായ്മയാണ് അടിയന്തിരാവസ്ഥ

സർജിക്കൽ സ്ട്രൈക്കല്ല, പ്രതിപക്ഷമില്ലായ്മയാണ് അടിയന്തിരാവസ്ഥ

കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി ടെലിവിഷനിലൂടെ നടത്തിയ ഒരു തത്സമയ(?) പ്രഖ്യാപനത്തിലൂടെ നിലവിൽ വന്ന 500, 1000 നോട്ടുകൾ അസാധുവാക്കുവാനുള്ള തീരുമാനം ഡിസംബർ ആയപ്പൊഴേയ്ക്കും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ കള്ളപ്പണവേട്ടയും വ്യാജനോട്ട് നിർമാർജ്ജനവുമൊക്കെ വിട്ട് കാഷ് ലെസ്സ് ഇക്കോണമിയിലേയ്ക്ക് കടന്നിരിക്കുന്നു. നവംബർ എട്ടാംതിയതിയിലെ പ്രഖ്യാപനത്തിന്റെ മുഖ്യ ഉള്ളടക്കമായിരുന്ന കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേയുള്ള പോരാട്ടത്തിൽ നിന്ന് നവംബർ 25 ആകുമ്പോഴേയ്ക്കും കള്ളനോട്ട് ഏതാണ്ട് അപ്രത്യക്ഷമാകുന്നു. കള്ളപ്പണത്തെയും പിന്തള്ളി കാഷ് ലെസ്സ് എക്കോണമി എന്ന ലക്ഷ്യം മെല്ലെ മുമ്പിലേയ്ക്ക് വരുന്നു. 27 ആകുന്നതോടെ കള്ളപ്പണവേട്ടയെ ബഹുദൂരം പിന്തള്ളി അത് മുൻനിരയിലേയ്ക്ക് വരുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ‘ഇന്ത്യാസ്പെൻഡ്‘ ഗ്രാഫിക്കൽ വിശദാംശങ്ങളോടെ വരച്ചുകാട്ടുന്നുണ്ട് ഇവിടെ http://www.indiaspend.com/cover-story/how-modi-changed-and-changed-the-demonetisation-narrative-54391.

പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്ന മുറയ്ക്ക് പരിഗണനകൾ ഒന്നിൽ നിന്ന് മറ്റോന്നിലേക്ക് വികസിക്കുക എന്ന സ്വാഭാവിക ക്രമത്തിലല്ല ഇത്തരം ഒരു ‘ഷിഫ്ട്‘ സംഭവിക്കുന്നത്. കള്ളനോട്ടിന്റെ നിർമാർജ്ജനവും കള്ളപ്പണ വേട്ടയും പൂർത്തിയായ മുറയ്ക്കല്ല മുൻഗണനാക്രമത്തിൽ ഈ മാറിമറിയൽ നടക്കുന്നത്. അപ്പോൾ പിന്നെ എന്തുകൊണ്ട്? രണ്ട് ഉത്തരങ്ങളാണ് ഇതിന് സാധ്യമായുള്ളവ. ഒന്ന് നോട്ട് പിൻവലിക്കൽ ഇന്ത്യയിൽ നടപ്പിലാക്കിയ മാതൃക അവലംബിച്ച് കള്ളപ്പണത്തെയോ കള്ളനോട്ടിനെയോ ചെറുക്കാനാവില്ല എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിൽ മുഖ്യ ആഖ്യാനത്തെ മറ്റൊന്നിലേയ്ക്ക് വഴിതിരിച്ച് വിടുകയല്ലാതെ വേറെ നിവർത്തിയില്ല എന്നത്. മറ്റൊരു ഉത്തരം, കൂടുതൽ സാധ്യതയുള്ളതും, കൂടുതൽ അപകടകരമായതുമായ ഒന്ന്, കള്ളപ്പണത്തെയും കള്ളനോട്ടിനെയും ചെറുക്കുക മുഖ്യലക്ഷ്യമായി നടപ്പിലാക്കപ്പെട്ട ഒരു നീക്കമായിരുന്നില്ല അത് എന്നതാണ്. അവ ജനസാമാന്യത്തിന് അപ്പീലിങ്ങ് ആയ ഒരു ഭാഷ്യം എന്ന നിലയിൽ മാത്രം മുന്നിൽ വന്നതാണെന്ന്.

ഡീമോണിറ്റൈസേഷനുശേഷം അനുബന്ധമായി ഭരണകൂടം കൈക്കൊണ്ട നടപടികളും, ഭരണകൂട ആഖ്യാനങ്ങളിൽ ശസ്ത്രക്രിയാപരമായ കൃത്യതയോടെ നടപ്പിലാക്കിയ പാരഡൈം ഷിഫ്റ്റും ഒക്കെ വിരൽ ചൂണ്ടുന്നത് ഒടുവിൽ പറഞ്ഞ നിഗമനത്തിലേക്കാണ്. എന്നാൽ ഇത് ഫലപ്രദമായി ജനങ്ങളെ മനസിലാക്കി കൊടുക്കാൻ കള്ളനോട്ടും കള്ളപ്പണവും, അതിന്റെ കറൻസി, അസ്സറ്റ് രൂപങ്ങളും ഒക്കെ കൂടിക്കുഴയുന്ന ചർച്ചകൾക്ക് കഴിയുന്നില്ല. പൊടുന്നനെ പ്രഖ്യാപിച്ചില്ലെങ്കിൽ വെളുപ്പിച്ചുകൊണ്ട് പോകും എന്ന വാദം ഇതിലൊക്കെയും തരം പോലെ പ്രയോഗിച്ചുകൊണ്ട് സർക്കാർ വക്താക്കൾ കൃത്യമായ ചോദ്യങ്ങളിൽ നിന്നും ഉരുണ്ടുമാറുന്നു. ചർച്ചകളിൽ പങ്കെടുക്കുന്ന വിദഗ്ധരിൽ നല്ലപങ്കും ഇത്തരം ഒരു നടപടിയുടെ കോസ്റ്റ്- ബെനിഫിറ്റ് വിശകലനത്തിൽ നിന്ന് സൗകര്യപൂർവ്വം മാറിനിന്നുകൊണ്ട് കള്ളപ്പണം എന്ന ഭീഷണിയിലേക്കും, കാഷ് ലെസ്സ് ഇക്കോണമിയുടെ സാദ്ധ്യതകളിലേയ്ക്കും ചർച്ചയെ വഴിതിരിച്ചുവിടുന്നു. അതുകൊണ്ട് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിന്, ജനം അനുഭവിക്കുന്ന ദുരിതങ്ങളുടെയും, പ്രദേശിക ചെറുകിട വ്യവഹാരങ്ങളിൽ ഇത് ഉണ്ടാക്കിയ മന്ദതയുടെയും ഒക്കെ പശ്ചാത്തലത്തെ മറന്നുപോകാതെ ഇവ ഓരോന്നിനെയും ഒന്നൊന്നായി എടുത്ത് പരിശോധിക്കേണ്ടിവരും.

കള്ളനോട്ട് നിർമാർജ്ജനം എന്ന ആദ്യം റദ്ദായ അജണ്ട
നിലവിൽ പ്രചാരത്തിലിരിക്കുന്ന ഒരു നോട്ട് പൊടുന്നനെ അസാധുവാക്കപ്പെടുമ്പോൾ ആ മാതൃകയിൽ അച്ചടിച്ച് വച്ചിരിക്കുന്ന കള്ളനോട്ടുകൾ കത്തിച്ച് കളയാനേ പറ്റൂ എന്നത് സത്യം. എന്നാൽ കള്ളനോട്ട് നിർമ്മാർജ്ജനം ചെയ്യാനായി ഇത്തരം വൻ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ പോന്ന ഒരു കടുത്ത നീക്കത്തിലേക്ക് കടക്കും മുമ്പ് അത്തരം ഒരു അടിയന്തിരാവസ്ഥ നിലവിലുണ്ടോ എന്ന ഒരു അന്വേഷണം ഏത് ഭരണകൂടവും നടത്തേണ്ടതാണ്. ഇനി അത്തരം ഒരു അവസ്ഥ ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് തന്നെ വയ്ക്കുക. അങ്ങനെയെങ്കിൽ അതിനെ നോട്ട് പിൻവലിക്കൽ എന്ന ഒരു കേവല നടപടികൊണ്ട് മാത്രം അതിജീവിക്കാനാവില്ല. പുതുതായി അച്ചടിക്കുന്ന നോട്ടുകളിൽ അത്ര എളുപ്പം മറികടക്കാനാവാത്ത പുത്തൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താതെ വെറുതേ നിലവിലുള്ള നോട്ട് പിൻവലിച്ചിട്ട് കാര്യമില്ല.പോളിമർ കറൻസി 1988 മുതൽ പ്രചാരത്തിലുള്ള ഒന്നാണ്. വ്യാജനുണ്ടാക്കുക അത്ര എളുപ്പമല്ലാത്ത ഈ മാതൃക നമ്മുടെ റിസർവ് ബാങ്കിനും അറിവില്ലാത്തതൊന്നുമല്ല, അത് അവർ പരീക്ഷിച്ച് നോക്കിയതുമാണ്.താരതമ്യേനെ സുരക്ഷിതം എന്ന് വിലയിരുത്തപ്പെടുന്ന ഈ മാതൃകയും ഫലപ്രദമല്ല എന്ന് കണ്ടതിനെ തുടർന്നാണോ മുമ്പുള്ളതിലും എളുപ്പം വ്യാജൻ ചമയ്ക്കാൻ പറ്റിയ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഇറക്കിയത്?

പുതിയ നോട്ട് ഇറങ്ങിയതിനൊപ്പം തന്നെ അതിന്റെ വ്യാജനും ഇറങ്ങി എന്ന് സർക്കാർ കണക്കുകളും വാർത്തകളും തന്നെ സൂചിപ്പിക്കുന്നു. അവയെ പിടിക്കാൻ പറ്റുന്നില്ലേ എന്നാണ് ഭരണകൂട വക്താക്കളുടെ മറുവാദം. അങ്ങനെയെങ്കിൽ പഴയ നോട്ടിന്റെ വ്യാജനും വൻതോതിൽ പിടിക്കപ്പെട്ടിരുന്നു. അപ്പോൾ പിന്നെ അവ മാറ്റുന്നതെന്തിന്? കള്ളനോട്ട് എന്നത് സാധാരണ മനുഷ്യരിലൂടെ കൈമറിഞ്ഞ് മാത്രം നിലനിൽക്കുന്നതാണ്. അത് തിരിച്ചറിയൽ യന്ത്രങ്ങളുള്ള ബാങ്കുകളിലോ, വൻ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിലോ എത്തുമ്പോൾ ഉടൻ പിടിക്കപ്പെടും. അതായത് അപ്രതീക്ഷിതവും അടിയന്തിരവുമായ നിരോധനം നടന്നില്ലെങ്കിൽ വെളുപ്പിച്ചെടുക്കാവുന്ന ഒന്നല്ല അത്. ആവോളം സമയം കൊടുത്തായാലും കള്ളനോട്ടുകൾ ബാങ്കിൽ കൊണ്ടുചെന്ന് മാറി എടുക്കാൻ പറ്റില്ലല്ലോ.

അപ്പോൾ "പാകിസ്ഥാനിൽ നിന്ന് കണ്ടെയ്നർ കണക്കിന് വന്നിറങ്ങിയ" കള്ളനോട്ട് പിടിക്കാനായിരുന്നില്ല ഈ സർജിക്കൽ സ്ട്രൈക്ക് എന്ന് വ്യക്തം. അങ്ങനെ ഒരു കപ്പൽ വന്നാൽ തന്നെ അത് പിടിക്കുന്നതിന് ഈ പൊടുന്നനേയുള്ള നോട്ട് പിൻവലിക്കൽ ആവശ്യമില്ല എന്ന് വ്യക്തമായല്ലോ. അതുകൊണ്ട് തന്നെ കള്ളനോട്ട് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് ആദ്യമേ കൊഴിഞ്ഞു പോയതിന്റെ കാരണവും വ്യക്തം. പാകിസ്ഥാൻ എന്ന പേർ കേട്ടാൽ ജ്വലിക്കുന്ന രോഷവും അതിന്റെ ആലയിൽ ദൃഢപ്പെടുന്ന ഉരുക്ക് നിർമ്മിത രാജ്യസ്നേഹവും ലക്ഷ്യം വച്ചുള്ള ഒരു സൈക്കളോജിക്കൽ മൂവ് മാത്രമായിരുന്നു ആദ്യകാല പ്രസംഗങ്ങളിലെ പാകിസ്ഥാനും കള്ളനോട്ടും. ഇനി നമുക്ക് കള്ളപ്പണത്തിലേക്ക് കടക്കാം.

കള്ളപ്പണവേട്ട എന്ന ഇപ്പോൾ ക്രമേണെ റദ്ദായിക്കൊണ്ടിരിക്കുന്ന അജണ്ട
കള്ളപ്പണം അഥവാ നിയമവിധേയമായ നികുതി ഒടുക്കാതെ മനുഷ്യർ മുക്കുന്ന ‘ബ്ളാക്ക് മണി‘ സമ്പദ്വ്യവസ്ഥയെ പലതരം പ്രതിസന്ധികളിലേയ്ക്ക് നയിക്കും എന്നതൊക്കെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇത്തരം പണം കള്ളപ്പണക്കാർ സംഭരിക്കുക പ്രചാരത്തിൽ ഉള്ളതിൽ ഏറ്റവും മൂല്യം കൂടിയ നോട്ടുകളിൽ ആവും എന്നതും സാമാന്യബുദ്ധികൊണ്ട് മനസിലാക്കാം. അപ്പോൾ നമ്മുടെ സാഹചര്യത്തിൽ 500, 1000 പിൻവലിച്ചാൽ അത് കള്ളപ്പണക്കാരെ ബാധിക്കും എന്നതും. എന്നാൽ ഇവിടെ ഒരു വലിയ പ്രശ്നമുള്ളത് കള്ളപ്പണത്തിന്റെ സിംഹഭാഗവും സംഭരിക്കപ്പെട്ടിരിക്കുന്നത് കറൻസി രൂപത്തിലല്ല, അത് ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നുമല്ല എന്നതാണ്. ഇത് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ അറിവുള്ളതാണ്. ബിജെപിയുടെ ഭാഷ്യം മുഖവിലയ്ക്കെടുത്താൽ, ആ നിലയ്ക്കാണ് അദ്ദേഹം വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവന്ന്‍ ഒരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കാനാവും എന്ന് പറഞ്ഞത്.

എന്നാലും കറൻസിയായി സൂക്ഷിക്കപ്പെടുന്ന കള്ളപ്പണവും ഉണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. അത് പക്ഷേ ഇന്ത്യ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല. ഈ പ്രശ്നം ഇന്ത്യ അഭിമുഖീകരിക്കാൻ തുടങ്ങുന്നത് രണ്ടര വർഷം കൊണ്ട് മാത്രവുമല്ല. കള്ളപ്പണം പിടിക്കാൻ കറൻസി പിൻവലിക്കുക എന്നത് ഈ അടുത്തിടെ നടന്ന ഒരു ധനകാര്യ മാനേജ്മെന്റ് കണ്ടുപിടത്തവുമല്ല. പല രാജ്യങ്ങളും, ഇന്ത്യയിലെ തന്നെ മുൻ സർക്കാരുകളും ഇത്തരം ഒരു കടുത്ത നടപടിയിലേയ്ക്ക് പോകാത്തത് അതുണ്ടാക്കുന്ന പ്രായോഗിക ലാഭ-നഷ്ട കണക്ക്, തീരുമാനത്തിനനുകൂലമായ സൂചനകളല്ല തരുന്നത് എന്നതുകൊണ്ടാണ്. അപ്പോൾ ഒരു ഭരണകൂടം ആത്മഹത്യാപരം പോലുമായേക്കാവുന്ന അത്തരം ഒരു തീരുമാനം എടുക്കുന്നുവെങ്കിൽ കള്ളപ്പണം എന്ന ധനകാര്യ രോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു ‘സർജറി‘ അനിവാര്യമാക്കുന്നത്ര ഗുരുതരവും അടിയന്തിരവുമാവാതെ തരമില്ല. അത്തരം ഒരു നിഗമനം ശരിയെങ്കിൽ അത് കണക്കുകൾ കൊണ്ട് തെളിയിക്കാവുന്നതുമാണ്.

ഈ സാമ്പത്തിക ‘സർജിക്കൽ സ്ട്രൈക്ക്‘ മുന്നോട്ട് വയ്ക്കപ്പെട്ടപ്പോൾ വിഭാവനം ചെയ്യപ്പെട്ടത് പ്രചാരത്തിൽ ഉള്ള പണത്തിന്റെ 86 ശതമാനം വരുന്ന നോട്ടുകൾ ഒന്നുകിൽ ബാങ്കുകളിൽ നിക്ഷേപിക്കുക. അല്ലെങ്കിൽ നിയന്ത്രണങ്ങൾ അനുസരിച്ച് മാറ്റി വാങ്ങുക എന്ന അവസ്ഥയിൽ പിൻവലിക്കപ്പെട്ട നോട്ടുകളുടെ മൂല്യവും, ബാങ്കിൽ തിരികെ എത്തുന്ന നോട്ടുകളുടെ മൂല്യവും തമ്മിൽ നല്ല അന്തരം ഉണ്ടാകും എന്നായിരുന്നു. അതായത് കള്ളപ്പണം വൻ തോതിൽ കയ്യിൽ ഉള്ളവർ അത് നിക്ഷേപിക്കുകയാണെങ്കിൽ നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചോദിക്കുമ്പോൾ ഉറവിടം എന്താണ് എന്ന ചോദ്യം വരും. ഇനി നിത്യേനെ മാറ്റി വെളുപ്പിക്കാനാണെങ്കിൽ ഒരു നിശ്ചിത തുകയേ പറ്റുകയുമുള്ളു. അപ്പോൾ കള്ളപ്പണക്കാർ കുടുങ്ങിയില്ലേ? എന്നാൽ പിൻവലിക്കപ്പെട്ട നോട്ടിന്റെ മുഴുവൻ മൂല്യമായ 14.5 ലക്ഷം കോടിയിൽ 11.5 ഇതിനോടകം തന്നെ മടങ്ങിയെത്തി എന്നാണ്. കാലാവധി കഴിയാൻ ഇനിയും ബാക്കിയുള്ള ദിവസങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഇത് എത്രയോ മുന്നോട്ട് പോകാം!

ഇത് ചൂണ്ടിക്കണിക്കുമ്പോൾ മറുവാദം, തിരികെയെത്തിയ ഈ പണം ആരു നിക്ഷേപിച്ചു എന്നറിയാൻ വകുപ്പുള്ളതുകൊണ്ട് കള്ളവും, നെജവും ആദായ നികുതി വകുപ്പ് നിസ്സാരമായി അന്വേഷിച്ച് കണ്ടെത്തും എന്നാണ്. ഉറവിടം കാണിക്കാനാവാത്ത പണം, അത് ചാക്കിൽക്കെട്ടി വച്ചിരിക്കുന്നവർ അതോടെ ബാങ്കിൽ കൊണ്ടിട്ടാലേ ഈ പറഞ്ഞ കാര്യം നടക്കൂ. അങ്ങനെയല്ലാതെതന്നെ കള്ളപ്പണം വെളുപ്പിക്കാൻ ഈ നടപടിയിൽ തന്നെ നിരവധി പഴുതുകൾ വേറെ ഉണ്ട് എന്നാണ് കമ്മീഷൻ വ്യവസ്ഥയിൽ കള്ളപ്പണം വെളുപ്പിച്ച് തരാൻ നാടൊട്ടുക്ക് ഏജന്റന്മാരുണ്ടായി എന്നതിൽ നിന്ന് മനസിലാവുന്നത്. ഇനി അങ്ങനെ വൻ തുകകൾ പിടിക്കപ്പെട്ടാൽ തന്നെ അതിന്മേൽ കേസും കോടതിയുമായി സംഗതി എത്ര കൊല്ലം നീളും? ഇതിൽ നിന്നൊക്കെ ഒരുകാര്യം വ്യക്തമാകുന്നു. ഇത്തരം ഒരു ‘സർജിക്കൽ സ്ട്രൈക്ക്‘ കൊണ്ട് പ്രയോഗതലത്തിൽ ഉണ്ടാകും എന്ന് അതിനായി വാദിക്കുന്നവർ പട്ടികപ്പെടുത്തുന്ന ഗുണങ്ങൾ ഫലത്തിൽ ‘ദീർഘകാലം‘ എന്ന ഗണിക്കാനാവാത്തവണ്ണം അവ്യക്തവും അമൂർത്തവും സന്ദിഗ്ധവുമായ ഒരു പരിധിയ്ക്കുള്ളിൽ നിലനിൽക്കുന്ന ഒരു ഉറപ്പുമില്ലാത്ത, മരണാനന്തര നീതി പോലുള്ള ഒരു കേവല ശുഭാപ്തി വിശ്വാസം മാത്രമാണ്. എന്നാൽ അത് ഉയർത്താവുന്ന വെല്ലുവിളികൾ വളരെ കണ്ട് പ്രവചനീയവും, ഇതിനോടകം തന്നെ അനുഭവേദ്യമായി കഴിഞ്ഞവയും. എന്നിട്ടും അത്തരം ഒരു നീക്കം ഉണ്ടായി എന്നതിനെ ഒരു അഭിനവ തുഗ്ളക്കിന്റെ മണ്ടത്തരം മാത്രമായി കാണുന്നത് എത്രത്തോളം ശരിയായിരിക്കും എന്ന ഒരു സംശയം ബാക്കിയാകുന്നു.

ഇതോ മണ്ടത്തരം, ഇയാളോ തുഗ്ളക്ക്!
അപ്പോൾ കള്ളപ്പണവേട്ട എന്ന ഗീർവാണം അടങ്ങിയതിന്റെ കാരണവും ഇപ്പോൾ ഏതാണ്ട് വ്യക്തമാണ്. അതായത് കള്ളനോട്ട് നിർമാർജ്ജനമോ കള്ളപ്പണവേട്ടയോ ആയിരുന്നില്ല ഈ നടപടിയുടെ ഉദ്ദേശം. അവ ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറ്റവും ഫലപ്രദമായി മാനിപ്പുലേറ്റ് ചെയ്യാവുന്ന, ഏതാണ്ട് അപ്രതിരോധ്യം തന്നെയായ രണ്ട് പ്രശ്നങ്ങൾ ആയിരുന്നു. പക്ഷേ അവയെ ഭാഷ്യമാക്കിക്കൊണ്ടുള്ള ഈ ഭരണകൂട നീക്കത്തിന് പിന്നിലെ യഥാർത്ഥ അജണ്ട പക്ഷേ ഇപ്പോഴും ഊഹങ്ങൾ മാത്രമാണ് എന്നത് ചെറിയ അപകടമല്ല. ഓരോരോ തുഗ്ളക്കിയൻ പരിഷ്കാരങ്ങൾ എന്ന് തുടങ്ങി പാർലമെന്റിനെ പേടിക്കുന്ന പ്രധാനമന്ത്രി എന്നുവരെ ചാനൽ ചർച്ചകളിൽ വിമർശനം കടുക്കുമ്പോഴും പാർലമെന്റിന്റെ ഇരു സഭകൾക്കും പുറത്ത് മോദി ജനത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യനന്മയെ കരുതി നിഷ്കളങ്കനായ ഞാൻ ഒരു കാര്യം ചെയ്തു, രാജ്യത്തെ കള്ളന്മാർ എല്ലാവരും ചേർന്ന് എന്നെ അതിൽ തോൽപ്പിച്ചു എന്ന നിലയ്ക്ക് ഒരു പ്രതിരോധം അയത്നലളിതമായി കെട്ടിപ്പടുക്കുന്നു എന്നത് നിസ്സാരമായി തള്ളേണ്ട ഒരു കാര്യമല്ല.

പ്രധാനമന്ത്രി വ്യക്തി എന്ന നിലയിലും ബിജെപി ഒരു പാർട്ടി എന്ന നിലയിലും ഇപ്പോൾ അണിയാൻ ശ്രമിക്കുന്ന ഇരവേഷം ഒരു മുൻകൂർ ജാമ്യമെന്ന നിലയിലാണെന്നത് കൂടുതൽ കൂടുതൽ വ്യക്തമാകുമ്പോഴും ദേശവ്യാപകമായി ഫലപ്രദമായ ഒരു കാമ്പെയിൻ സംഘടിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ആകുന്നില്ല. ഞാനൊരു ‘ഫക്കീർ‘, നിങ്ങൾക്ക് വേണ്ടെങ്കിൽ പടം മടക്കി കക്ഷത്ത് വച്ച് വന്നതുപോലെ മടങ്ങും എന്നൊക്കെയുള്ള മോദിയുടെ അതിവൈകാരിക പ്രയോഗങ്ങൾക്ക് പോലും പത്രപ്രസ്താവനകളിലൂടെയല്ലാതെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മറുപടി പറയാൻ ആർക്കും ആവുന്നില്ല. ഇതല്ലേ മറികടക്കേണ്ടുന്ന അടിയന്തിരാവസ്ഥ? ഈ പ്രതിപക്ഷ സ്തംഭനം കടന്നു വേണ്ടേ നോട്ട് പിൻവലിക്കൽ എന്ന സർജിക്കൽ സ്ട്രൈക്കിന് പിന്നിലെ യഥാർത്ഥ അജണ്ട എന്ത് എന്നതിനെകുറിച്ചുള്ള ചർച്ച ദേശവ്യാപകമായി ഗ്രാസ് റൂട്ട് ലെവലിൽ ഉയർത്താൻ? ഇതിന് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കഴിയുമോ? ഇല്ലെങ്കിൽ മറ്റെന്താണ് പോംവഴി?

നാട്ടിൽ ഇപ്പോൾ ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെയാണ്. അത് എത്രനാൾ തുടരും, എങ്ങനെ ആയിത്തീരും എന്നതിനൊന്നും ഭരണകൂടത്തിനോ, ആർബിഐക്കോ കൃത്യമായ ഒരു മറുപടിയുമില്ല. എല്ലാം ശുഭാപ്തി പ്രചോദിത ആഗ്രഹ ചിന്തകൾ മാത്രമാണ്. പക്ഷേ നമ്മുടെ ജനാധിപത്യം അതിലും അടിയന്തിരമായി നേരിടേണ്ട പ്രശ്നം ഈ അവസ്ഥയെ നേരിടാൻ ഒരു പ്രതിപക്ഷത്തെ എവിടെനിന്ന് കണ്ടെത്തും എന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories