TopTop
Begin typing your search above and press return to search.

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് തിയേറ്ററില്‍ പോയാല്‍ എന്താണ് കുഴപ്പം

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് തിയേറ്ററില്‍ പോയാല്‍ എന്താണ് കുഴപ്പം

അപര്‍ണ പ്രശാന്തി

ആദ്യമായി സിനിമ കണ്ടതെപ്പോഴാണ്? ഓര്‍മ്മ വയ്ക്കും മുമ്പേ ആയിരിക്കണം... ഏതാണ് ആദ്യമായി കണ്ട സിനിമ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. കോഴിക്കോട് വരെ വന്നു കണ്ട ജുറാസിക് പാര്‍ക്കും മലപ്പുറം ആനന്ദില്‍ നിന്ന് കണ്ട വിധേയനുമാണ് അവ്യക്തമായ ആദ്യ സിനിമാ ഓര്‍മ്മകള്‍. രണ്ടോര്‍മകളിലും തീയറ്ററിന്റെ വലിപ്പത്തില്‍ അച്ഛനമ്മമാരുടെ സുരക്ഷിത തണലില്‍ ഞാന്‍ സുഖ സുന്ദരമായ ഉറക്കത്തിലായിരുന്നു. ഏതാണ്ടൊരു പത്തു വയസ്സിലാണ് സിനിമ കണ്ടുകൊണ്ടേ ഇരിക്കുക എന്നൊരു പ്രാന്ത് എന്റെ കൂടെ കൂടുന്നത്. സിനിമ നല്ലതെന്നോ ചീത്തയെന്നോ ഓര്‍ക്കാതെ അര്‍ഥം പോലും അറിയാതെ തീയറ്ററിലും ടിവി യിലും വീഡിയോ കാസറ്റിലും ഒക്കെ സിനിമയിങ്ങനെ കണ്ടോണ്ടിരിക്കുക. കണ്ട സിനിമയുടെ കഥകള്‍ സ്‌കൂളില്‍ ചെന്ന് കൂട്ടുകാരോട് പറയലായിരുന്നു അന്നത്തെ ഏറ്റവും വലിയ വിനോദം. സിനിമ യുടെ ഗുണ ദോഷങ്ങള്‍ പറയാനറിയില്ല, കഥകള്‍ മാത്രം,ഒരേ സിനിമകള്‍ കണ്ടവര്‍ പറയുന്ന പലതരം കഥകള്‍.

ചിന്തിക്കാന്‍ ശേഷി വന്നു തുടങ്ങിയ കൗമാരത്തിലാണറിഞ്ഞത് കൂടെ കഥ പറഞ്ഞവരെല്ലാം ആണ്‍കുട്ടികളാണെന്ന്. എന്റെ കൂട്ടുകാരികളൊക്കെ ആണ്ടിലൊരിക്കല്‍ കുടുംബ സിനിമകള്‍ക്ക് മാത്രം പോകുന്നവര്‍. അവര്‍ കേട്ട കഥകളൊക്കെ ആങ്ങളമാരും അച്ഛനും പറഞ്ഞു കൊടുത്തതിന്റെ ബാക്കി. അനുകൂല സമയം നോക്കി ടി വി യില്‍ മുറിഞ്ഞു കാണുന്നതിന്റെ ബാക്കിയറിയാന്‍ ക്ലാസ്സിലെ എല്ലാ സിനിമക്കും പോകുന്ന എന്നെ ആശ്രയിക്കുന്നവര്‍. എപ്പോഴും സിനിമക്ക് പോകുന്നവള്‍ എന്നത് എനിക്ക് അന്ന് തന്ന നെഗറ്റീവ് പരിവേഷം ആണ് ആദ്യമായി എന്നെ ചിന്തിക്കാന്‍ പഠിപ്പിച്ചത്. എന്റെ കൂട്ടുകാരികളില്‍ പലരും ഒറ്റ സിനിമ പോലും തീയറ്ററില്‍ പോയി കണ്ടിരുന്നില്ല. സിനിമ കാണുന്നത് തന്നെ പാപമാണെന്നു ചിലര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമാ കാഴ്ചകള്‍ തുറന്നു തരുന്ന അനന്തതയെ പറ്റി വാചാല ആയിട്ടും സിനിമ എല്ലാ നിരാശകള്‍ക്കുമുള്ള മറു മരുന്നെന്ന് ആവര്‍ത്തിച്ച് ആണയിട്ടിട്ടും ഈ കൂട്ടുകാരികളൊന്നും സിനിമ കാണാന്‍ വന്നില്ല.അവസാനം കണ്ട സിനിമയും ഞാനും തമ്മിലുള്ള ദൂരം പലപ്പോഴും ഒരാഴ്ചയും ഏറി കഴിഞ്ഞാല്‍ രണ്ടാഴ്ചയും ആണ്. ഇത് വലിയ ആകാംക്ഷയോടെ കാണുന്ന അഭ്യുദയകാംഷികള്‍ ഉണ്ട് എനിക്ക് ചുറ്റും. എന്റെ നാട്ടിലെ കൂട്ടുകാരികള്‍ സിനിമ കാണാത്തതെന്ത് എന്ന് ചോദിക്കുമ്പോള്‍ തന്നെ തുടങ്ങും വലിയ മുറുമുറുപ്പുകള്‍, സിനിമ കാണലാണോ സ്വാതന്ത്രം എന്ന മറുചോദ്യം, സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കള്‍, വന്‍നഗരത്തിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണുന്ന കൂട്ടുകാരിയുടെ സാക്ഷ്യപത്രം... പക്ഷെ എനിക്ക് മുന്നില്‍ ബാക്കിയാവുന്നത് ആദ്യ സിനിമ കാണാന്‍ അനുവാദം ചോദിക്കുന്ന 25 വയസ്സായ എന്റെ കൂടുകാരി, സിനിമ കാണാന്‍ പോകുമ്പോള്‍ കിട്ടാറുള്ള ചുഴിഞ്ഞു നോട്ടങ്ങള്‍, കമന്റടികളില്‍ ചെവി തുളഞ്ഞു ഇറങ്ങി പോകുന്ന എത്രയോ സ്ത്രീകള്‍, പിന്നെ ഇനിയും 30 കളില്‍ എത്താത്ത ഞങ്ങള്‍...

വെടിവഴിപാട് എന്ന സിനിമ കാണാന്‍ പോയി നാട്ടിലെ മള്‍ട്ടിപ്ലക്‌സില്‍. കൂടെ അമ്മയും ചേച്ചിയും. എന്നേക്കാള്‍ മുതിര്‍ന്നവര്‍...വാതിലില്‍ നില്‍ക്കുന്നയാള്‍ തടഞ്ഞു, ഇതൊരു ഫാമിലി മൂവി അല്ല. കമന്റ് അടി ഉണ്ടാവും. കുറെയേറെ തര്‍ക്കിച്ചാണ് അകത്തു കയറിയത്. അതൊരു നീല ചിത്രമായിരുന്നില്ല, സോഫ്റ്റ് പോണ്‍ പോലും ആയിരുന്നില്ല.

അതെ സ്ത്രീകള്‍ സിനിമ സംവിധാനം ചെയ്യുന്നുണ്ട്, ബോള്‍ഡ് എന്ന ടാഗ് ലൈന്‍ ഐറ്റം ഡാന്‍സര്‍ക്ക് കിട്ടുന്നുണ്ട്. പക്ഷെ മലപ്പുറത്തും പാലക്കാട്ടും കാസര്‍ഗോഡുമൊക്കെ സിനിമ ഇഷ്ടമുള്ള എത്ര പെണ്‍കുട്ടികള്‍ കുടുംബ സിനിമകളെങ്കിലും ഒറ്റയ്ക്ക് കാണുന്നുണ്ട് എന്നൊരു സര്‍വ്വേ എടുത്തു നോക്കൂ.. കാണാത്തതിന്റെ കാരണം ഒന്ന് ചോദിച്ചു നോക്കൂ. കമന്റ് അടി, പിന്നില്‍ നിന്നുള്ള തോണ്ടല്‍, നാട്ടുകാര്‍ കഥകള്‍ ഉണ്ടാക്കലുകളെ പേടി.

സിനിമ കണ്ടാല്‍ വഴി പിഴച്ചു പോകുമെന്ന് പെണ്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്ന രക്ഷിതാക്കളുണ്ട്. ഉണ്ടായിരുന്നു എന്നല്ല ഉണ്ട്. കോഴിക്കൊടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഷോപ്പിംഗ് മാളുകളില്‍ വന്‍കിട മള്‍ടി പ്ലക്‌സുകലില്‍ സിനിമ കാണുന്ന പെണ്‍കുട്ടികളും സ്ത്രീകളും ഇതൊക്കെ പറഞ്ഞതിന് സ്ത്രീ തീവ്രവാദി എന്ന് പറഞ്ഞിട്ടുണ്ട്. വന്‍ നഗരങ്ങളിലെ അതിസുരക്ഷിതത്വമുള്ള കെട്ടിടങ്ങളുടെ കഥകള്‍ ഒരു ചെറിയ ഭൂരിപക്ഷത്തിന്റേത് മാത്രമാണ്. ഈ സുരക്ഷിതത്വമിലെങ്കില്‍ നിങ്ങളെത്ര സിനിമ കാണും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഞങ്ങള്‍ കണ്ട പോലെ സിഗരറ്റ് മണത്തില്‍ കൊടിയ അപവാടങ്ങളെ കേട്ട്, റിലീസ് ദിവസം പോലും സിനിമ ഇടണോ എന്ന് സംശയിക്കുന്നവരുടെ ഇടയിലേക്ക് സിനിമ കാണാന്‍ പോകുന്ന വാശിയുമായി?

ഇങ്ങനെ പല കാരണങ്ങളാലും ഇവിടെ ഒരു പെണ്‍കുട്ടി സിനിമ കാണുന്നത് വിപ്ലവം തന്നെയാണ്. ചൂഴ്ന്നു നോട്ടങ്ങളെയും കുറ്റപെടുത്തലുകളെയും കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട് മാത്രമല്ല. പ്രതിഭാ ദാരിദ്രത്തെയും ആവര്ത്തന വിരസതയെ പറ്റിയും സഹതപിക്കാനും ഇതൊക്കെ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ഫെമിനിച്ചി, അഴിഞ്ഞാട്ടക്കാരി എന്നൊക്കെ വിശേഷിപ്പിക്കാനും ഒരു ഭൂരിപക്ഷം പുറത്തു കാത്തിരിക്കുന്നത് കൊണ്ട്.

Next Story

Related Stories