TopTop
Begin typing your search above and press return to search.

ദളിതർ കൊലചെയ്യപ്പെടുമ്പോൾ മാത്രം തെളിയിക്കപ്പെടുന്ന മേല്‍ജാതിക്കാരന്റെ "ദുരഭിമാനം"

ദളിതർ കൊലചെയ്യപ്പെടുമ്പോൾ മാത്രം തെളിയിക്കപ്പെടുന്ന മേല്‍ജാതിക്കാരന്റെ ദുരഭിമാനം

ദളിതർ കൊലചെയ്യപ്പെടുമ്പോൾ മാത്രം എന്തുകൊണ്ടാണ് മേല്ജാതിക്കാരന്റെ "ദുരഭിമാനം" അംഗീകരിക്കപ്പെടുന്നത്? "ദുരഭിമാനം" പ്രകടമാക്കാനുള്ള ഒരേയൊരു മാർഗം കൊലപാതകം മാത്രമാണോ? കൊലപാതകം ചെയ്യാത്ത "മേൽജാതിക്കാർക്കു" "കീഴ് ജാതിക്കാരുമായുള്ള ഇടപാടുകളിൽ "ദുരഭിമാനം" തോന്നാറില്ലേ? കൊലപാതകം വരെ എത്താത്ത "ദുരഭിമാനം" സമൂഹത്തിനൊരു വിപത്ത് അല്ലേ? എന്നീ ചോദ്യങ്ങളോടൊപ്പം കേരളത്തിലെ "ആദ്യത്തെ" "ദുരഭിമാനക്കൊലപാതകമായി" കോടതി വിധിയെഴുതിയ കെവിൻ ജോസഫ് വധം ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതിനേക്കാൾ എത്രയോ അധികം പ്രാധാന്യമുള്ളതാണെന്നും അത് എപ്രകാരമാണ് കേരള സമൂഹത്തിന്റെ "ജനാധിപത്യ പ്രതിപദ്ധതയെ" ചോദ്യം ചെയ്യുന്നതെന്നും പരിശോധിക്കപ്പെടേണ്ടതാണ്.

കേരളത്തിന്റെ 62 വർഷത്തെ ചരിത്രത്തിൽ ജാതി ദുരഭിമാനം മൂലം ഒരാൾ കൊല്ലപ്പെട്ടു എന്ന് കോടതി കണ്ടെത്തുന്നത് ദളിത് ക്രൈസ്തവ സമുദായത്തിൽപെട്ട ഒരാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എന്നത് ഈ പ്രശ്‌നത്തിന്റെ നിയമപരവും സാമൂഹ്യപരവുമായ പ്രാധാന്യം വർധിപ്പിക്കുന്നു. ഇത്രയും കാലം "ക്രിസ്തുവിൽ ഏവരും ഒന്നാണ്" എന്ന ദൈവിക തത്വം ചൂണ്ടിക്കാട്ടി ക്രൈസ്തവ സഭയ്ക്കകത്തു ദളിത് ക്രൈസ്തവർ ജാതി വിവേചനം നേരിടുന്നില്ലെന്നു വാദിച്ചുവന്ന സഭാ നേതാക്കന്മാരായ "സവർണ്ണ" ക്രൈസ്തവർക്ക് കെവിൻ കൊലപാതവുമായി ബന്ധപ്പെട്ട ന്യായീകരണം നൽകേണ്ടിവരും എന്നത് ഒരു പ്രധാന വസ്തുതയാണ്. ഒന്നാണെന്ന തത്വം ചൂണ്ടിക്കാട്ടി ദളിത് ക്രൈസ്തവർക്ക് ലഭ്യമാകേണ്ടിയിരുന്ന പട്ടികജാതി പദവിയും റിസർവേഷനും തടയുകയും മൈനോറിറ്റി പദവി നേടിയെടുക്കുകയും ഈ പദവി ഉപയോഗിച്ച് സ്ഥാപനങ്ങൾ വളർത്തുകയും ദളിത് ക്രൈസ്തവരെ ഈ സ്ഥാപനങ്ങളിൽനിന്നും അകറ്റി നിർത്തുകയും ചെയ്ത “സവർണ ക്രൈസ്തവരായ” സഭാ നേതൃത്വത്തിന്റെ മേൽ തന്നെയാണ് കെവിൻ കൊലപാതകത്തിന്റെ ധാർമിക ഉത്തരവാദിത്വം എന്നത് മറ്റൊരു വസ്‌തുത. കെവിൻ വധത്തിൽ പ്രതികളായ ചാക്കോയും കുടുംബവും കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല നടത്തിയവർ എന്ന പേരിനു ഉടമകളാകുകയും ജീവിതത്തിന്റെ സമസ്തമേഖലകളിലും ദളിത് ക്രൈസ്തവരുടെ മേൽ വിവേചനവും അപമാനവും അടിച്ചേൽപ്പിക്കുകയും ചാക്കോയേയും ഷാനുവിനെയും പോലുള്ള "ക്രിസ്ത്യാനികളുടെ" വിശ്വാസ അടിത്തറകളും ലോക വീക്ഷണവും രൂപപ്പെടുത്തിയ "സവർണ്ണ ക്രൈസ്തവരായ” പുരോഹിതന്മാരും, സഭാ നേതാക്കളും, അവരുടെ ക്രൈസ്തവ വ്യാഖ്യാനങ്ങളും അവയെ വിശ്വസിക്കുന്ന വിശ്വാസി സമൂഹവും ജാതി ദുരഭിമാനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും രക്ഷപെട്ടു നിൽക്കുകയുമാണ്. ജാതി വിവേചനം പാപമാണെന്ന ദൈവശാസ്ത്ര വീക്ഷണം ക്രൈസ്തവ സഭകൾ അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തിടത്തോളം കാലം ജാതി "ദുരഭിമാനം" എന്ന പിശാച് സവർണ്ണ ക്രിസ്ത്യാനികളോടൊപ്പം തന്നെയുണ്ടാവും.

"സിറിയൻ ക്രിസ്ത്യൻ" വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ ദളിത് ക്രൈസ്തവനായ യുവാവ് പ്രേമിക്കുകയും പെൺകുട്ടിയുടെ വീട്ടുകാരെ ഭയന്ന് രണ്ടുപേരും ഒളിച്ചോടുകയും പെൺകുട്ടിയുടെ വീട്ടുകാർ രണ്ടുപേരെയും കണ്ടെത്തി വേർപിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഈ നാട്ടിൽ നടന്നിട്ടുണ്ട്. ഞാൻ പറയുന്ന പ്രസ്തുത സംഭവത്തിൽ ദളിത് ക്രൈസ്തവനായ യുവാവിനെ രാത്രിമുഴുവൻ വാഹനത്തിൽ കൊണ്ട് നടന്നു മർദ്ദിച്ച ശേഷം വീട്ടിൽ കൊണ്ടുവിടുകയാണുണ്ടായത്. പണത്തിന്റെയും രാഷ്ട്രീയ പിടിപാടിന്റെയും അഭാവം മൂലം തന്നെ മര്‍ദ്ദിച്ചവർക്കെതിരെ കേസെടുപ്പിക്കാൻ പോലും സാധിച്ചില്ല ഇദ്ദേഹത്തിന് എന്നതാണ് മറ്റൊരു വസ്തുത. "ഇങ്ങനെയുള്ളവനൊന്നും ഈ പണിക്കു പോകേണ്ട കാര്യമില്ലല്ലോ" എന്ന ഓരോരുത്തരുടെയും മനസിലുയരുന്ന ചോദ്യത്തിന്റെ രൂപത്തിലാണ് ജാതി മേല്കോയ്മയെ നാം അറിയാതെതന്നെ നോർമലൈസ് ചെയ്യുന്നത് എന്ന തിരിച്ചറിവ് തന്നെ രസകരമാണ്. അടുത്ത മാസം തന്നെ പെൺകുട്ടിയെ "കെട്ടിച്ചയച്ചു"! താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം പിതാവ് തന്നെ കുത്തി കൊലപ്പെടുത്തിയ ആതിര എന്ന പെൺകുട്ടിയെ ഇത്തരുണത്തിൽ ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ സംഭവങ്ങൾക്കെല്ലാം കാരണമാകുന്നതും ജാതി ദുരഭിമാനം തന്നെയാണ്. എന്നാൽ ഈ ജാതി ദുരഭിമാനത്തെ മോഡിഫൈ ചെയ്തു സാമ്പത്തിക അസമത്വത്തിന്റെമേൽ ആരോപിക്കുക എന്നതാണ് നാട്ടുനടപ്പ്. "അവൾ പെലയന്റെ കൂടെ പോകും പോലും" എന്ന് സ്വകാര്യമായി പറയുകയും "വേലേം കൂലീം ഇല്ലാത്തവന് പെണ്ണ് കൊടുക്കില്ല" എന്ന് ന്യായം പറയുകയും ചെയ്തുകൊണ്ടാണ് ജാതി ദുരഭിമാനം സംരക്ഷിച്ചു നിർത്തുന്നത്. മിശ്ര ജാതി വിവാഹങ്ങൾ അഥവാ നടന്നാൽ തന്നെ ഈ ദമ്പതികൾ പിന്നീട് ജീവിക്കുക കൂട്ടത്തിൽ 'ഉയർന്ന' ജാതി യുടെ ഐഡന്റിറ്റി ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കും എന്ന സാമൂഹ്യ ശാസ്ത്ര നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. ജാതി ദുരഭിമാനത്തിന്റെ വഴികൾ ഏപ്പോഴും സങ്കീർണ്ണമാണ്.

സാധാരണ ഗതിയിൽ ദളിത് വിഭാഗത്തിലെ പെൺകുട്ടികൾ “ഉയർന്ന” ജാതി ആൺകുട്ടികളുടെ പ്രേമഭാജനങ്ങൾ ആകാറില്ല എന്നതാണ് വസ്തുത. അവർ "കരിംഭൂതങ്ങളോ", "പോക്ക് കേസുകളോ" ഒക്കെയായി അപമാനിതരാക്കപ്പെടുകയാണ് പതിവ്. അഥവാ ആരുടെയെങ്കിലും പ്രേമഭാജനമായാൽ തന്നെ വിവാഹ കാര്യം എത്തുമ്പോൾ വളരെ കനത്ത സോഷ്യൽ തിയറികളുടെയോ, ഒഴിവു കഴിവുകളുടെയോ, കുടുംബ പ്രശ്നങ്ങളുടെയോ കെട്ടുകളഴിച്ചു നിരത്തി “ഉയർന്ന” ജാതിക്കാരൻ കാമുകൻ സ്ഥലം കാലിയാക്കുകയാണ് രീതി. "നിന്നെ എന്റെ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ പറ്റില്ല" എന്ന് വളരെ "പ്രാക്ടിക്കൽ" ആയി തുറന്നു പറഞ്ഞു വിവാഹത്തിൽ നിന്നും രക്ഷപെട്ട വിദ്യാസമ്പന്നർ വരെ ഉണ്ടെന്നുള്ളതാണ് ഗ്രൗണ്ട് റിയാലിറ്റി. നേരെ തിരിച്ചു താഴ്ന്ന ജാതിയിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഉയർന്ന ജാതി പുരുഷന്മാരുടെ നിസ്സഹായാവസ്ഥയും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വന്തം വീട്ടുകാരുടെ മുന്നിൽ Presentable ആക്കുവാനുള്ള തത്രപ്പാട്, അത് സാധിക്കാതെ വരുമ്പോൾ വിവാഹ ചടങ്ങ് തന്നെ വേണ്ടെന്നു വക്കാനുള്ള തീരുമാനം, വിവാഹം കഴിഞ്ഞാൽ പെണ്ണ് "സുന്ദരിയാണെങ്കിൽ" (വെളുത്തതാണെങ്കിൽ ) ജാതി ഒളിപ്പിച്ചു വക്കാനുള്ള ബുദ്ധിമുട്ടുകൾ, പെണ്ണ് “സുന്ദരിയല്ലെങ്കിൽ പൊതു പരിപാടികളിൽ കൂടെ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ അങ്ങനെ നീളുന്നതാണ് "ദുരഭിമാനം" വരുത്തിവെക്കുന്ന സങ്കീർണതകൾ.

ദുരഭിമാനക്കൊലകൾ ചെയ്യാൻ മാത്രം മോശം ആളുകൾ അല്ല കേരളത്തിൽ ജീവിക്കുന്നതെന്ന രസകരമായ തോന്നലിനു അറുതി വന്നു എന്നതാണ് കെവിൻ, ആതിര എന്നിവരുടെ കൊലപാതകങ്ങളുടെ മറ്റൊരു സാമൂഹ്യ പ്രസക്തി. "നവോതഥാന" കേരളത്തെപ്പറ്റി നിരന്തരം വാചാലരാവുന്ന നേതാക്കളുടെയും ജാതി അധിഷ്ഠിത സാമൂഹ്യ പ്രശനങ്ങൾ കൈകാര്യം ചെയ്യുന്ന നിയമപാലകരുടേയും ഇത്തരം നിയമ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്ന ന്യാധിപന്മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ പര്യാപ്തമായ രീതിയിൽ ഈ മേഖലയിൽ അറിവിന്റെ നിർമാണം നടക്കേണ്ടതുണ്ട്. അധികാരവും സമ്പത്തും കയ്യടക്കി വച്ചിരിക്കുന്ന ജാതിക്കോമരങ്ങൾ കേരളത്തിൽ നിർബാധം ദുരഭിമാനപ്പിശാചിന്റെ തോളിൽ കയറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ എത്രനാൾ ഇനി കാണേണമെന്നത് പുതു തലമുറയുടെ പ്രബുദ്ധതയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories