ന്യൂസ് അപ്ഡേറ്റ്സ്

എന്റെ കുഞ്ഞിനെ ഇന്ത്യയില്‍ ഡോക്ടറാക്കില്ല; ഡോ. റോഷന്‍ രാധാകൃഷ്ണന്റെ ബ്ലോഗ് ചര്‍ച്ചയാകുന്നു

ഡോ. റോഷന്‍ രാധാകൃഷ്ണന്‍

തെരുവില്‍ നടക്കുന്ന ഒരു നായക്കുട്ടി കുറച്ചു ആണ്‍കുട്ടികളുടെ  മുന്നില്‍ വന്നുപെട്ടു. കൂട്ടത്തിലെ നേതാവ് നായക്കുട്ടിയെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തില്‍ നായക്കുട്ടി വാലാട്ടി. പക്ഷേ കൂട്ടത്തിലൊരുത്തന്‍ ഒരു കല്ലെടുത്തു. തന്റെ മുത്തച്ഛനെ പണ്ടൊരു നായ കടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നായ്ക്കള്‍ പ്രശ്നക്കാരാണെന്നും അവന്‍ കൂട്ടുകാരോട് പറഞ്ഞു. തന്റെ അയല്‍പക്കത്തെ നായ്ക്കളുടെ കുര കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് വേറൊരുത്തനും കല്ലെടുത്തു. മതപരമായ കാരണങ്ങളാല്‍ നായ്ക്കള്‍ നന്നല്ലെന്നായി മറ്റൊരുത്തന്‍. കൂട്ടുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നിയ മറ്റുള്ളവരും കല്ലെടുത്തു. നായക്കുട്ടി അവിടെത്തന്നെ നിന്നു. ആണ്‍കുട്ടികള്‍ അടുത്ത് വരുന്തോറും അതിനാകെ ആശയക്കുഴപ്പമായി.

രാത്രിയായതോടെ അവരൊക്കെ അവരവരുടെ വീടുകളിലേക്ക് പോയി. വലിയൊരു കാര്യം നിര്‍വ്വഹിച്ച സന്തോഷത്തോടെ. ഒരു ശല്യത്തെ തങ്ങളുടെ തെരുവില്‍ കടക്കാതെ തുരത്തിയതിന്റെ സംതൃപ്തിയോടെ. സ്നേഹം പ്രതീക്ഷിച്ച് വാലാട്ടിയ നായക്കുട്ടി മേലാകെ മുറിഞ്ഞു, ചോരയൊലിപ്പിച്ച് മുറിവുകളില്‍ നക്കിത്തുടച്ചു കിടന്നു. ശരീരത്തിനേറ്റ മുറിവുകള്‍ കാലം മായ്ക്കുമെന്നറിയാന്‍ വേണ്ട പ്രായമായില്ലായിരുന്നു അതിന്. പക്ഷേ തന്നെ കല്ലെറിഞ്ഞ ആ ജന്തുവര്‍ഗത്തെ വെറുക്കാനറിയാന്‍ മാത്രം പ്രായം അതിനുണ്ട്. അതിപുരാതനമായ കാലം മുതല്‍ക്കേ നിസ്വാര്‍ത്ഥിയായ ആ ജീവിക്കിപ്പോള്‍ വെറുക്കാനറിയാം. കാരണം തന്‍റേതല്ലാത്ത കാരണങ്ങള്‍ക്ക് അതിന് കിട്ടിയത് ഇതൊക്കെയാണ്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്ക് വേണ്ടി, അതിന്റെ ശരീരവും ആത്മാവുമാണ് വിലകൊടുത്തത്.

എന്റെ കുട്ടിയെ ഇന്ത്യയില്‍ ഒരു ഡോക്ടറാകാന്‍  ഞാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. ആകെ ആശയക്കുഴപ്പമായിക്കാണും, അല്ലേ? ശരി, ഞാന്‍ പറയാം, ഒരു കസേരയെടുത്തിട്ട് ഇരിക്കൂ, ഇത് കുറച്ചു സമയമെടുക്കും.

കഴിഞ്ഞ രണ്ടു തലമുറയില്‍പ്പെട്ട നിരവധി ഡോക്ടര്‍മാരുമായി ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിക്കുകയാണ്. എല്ലാവരിലും നിരാശയും മോഹഭംഗവും. കഷ്ടപ്പെട്ട് ചിരിക്കാന്‍ ശ്രമിക്കുമ്പോഴും എവിടെയാണ് കുഴപ്പം എന്നാണ് അവര്‍ ചിന്തിക്കുന്നത്. 1000 ഇന്ത്യക്കാര്‍ക്ക് 0.7 ഡോക്ടര്‍ എന്നാണ് അവസ്ഥ. ഡോക്ടര്‍-രോഗി അനുപാതം മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നില്‍. ചൈന 1.9, ബ്രിട്ടന്‍ 2.8,  യു.എസ് 2.5 എന്നിങ്ങനെയാണ് കണക്ക്. താരതമ്യത്തില്‍ സ്പെയിനിന്റെ 4.9 ആഡംബരമായി കൂട്ടിക്കോളൂ. ഇതിന്റെ സാമാന്യ യുക്തി എന്താണെന്ന് വെച്ചാല്‍-മനുഷ്യന് കൈകാര്യം ചെയ്യാനാകാത്ത വണ്ണം രോഗികളുടെ എണ്ണം കൊണ്ട് ഇന്ത്യയില്‍ നിങ്ങള്‍ വലയും.

സമയം, മാതാപിതാക്കള്‍, പങ്കാളി,മക്കള്‍ എല്ലാം നിങ്ങള്‍ ത്യജിക്കണം
ആഴ്ചയില്‍ 63 മണിക്കൂര്‍ ജോലിസമയം മഹാഭാഗ്യമാണ്. കാരണം പി.ജി കഴിഞ്ഞു പുതുതായി ജോലിക്കു ചേരുന്ന മിക്കവര്‍ക്കും ആഴ്ചയില്‍ 100 മണിക്കൂറാണ് കണക്ക്. ഇങ്ങനെയൊക്കെ നടത്താനാണ് ആശുപത്രിക്കാര്‍ക്കും താത്പര്യം. അല്ലെങ്കില്‍ തന്നെ കരാറില്‍ 8 മണിക്കൂര്‍ പണി പറഞ്ഞ് 14 മണിക്കൂര്‍ പണിയെടുപ്പിക്കാന്‍ പറ്റുന്ന തൊഴിലാളികളെ ആര്‍ക്കാണ് വേണ്ടാത്തത്? നമ്മള്‍ നിസ്വാര്‍ത്ഥ സേവനത്തിലാണ് എന്നാണ് പറച്ചില്‍. നിങ്ങളൊരു ടാക്സി ഡ്രൈവറോടു ഒരിയ്ക്കലും 24 മണിക്കൂര്‍ വണ്ടിയോടിക്കാന്‍ പറയില്ല. എന്നാല്‍ ഒരു സര്‍ജനോട് മൂന്നു ദിവസം കൂടുമ്പോള്‍ അത് പറയുന്നത് ഇന്ത്യയില്‍ സ്വാഭാവികമാണ്.

കരാറില്‍ പറഞ്ഞ സമയം ജോലി ചെയ്ത് പിന്നെ വീട്ടിലേക്ക് വരുന്നത്  നമ്മുടെ ഇടയില്‍ ദൌര്‍ബല്യമാണ്. മാത്രമോ, അത് ‘പ്രൊഫഷണലിസം’ ഇല്ലാത്തതുകൊണ്ടുമാണ്.

നിങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ ബലികഴിച്ചേയ്ക്കൂ
ഇതെന്റെ ഫേസ്ബുക് ടൈംലൈനില്‍ വന്നതാണ്. ഞാന്‍ ആലോചിച്ചപ്പോള്‍ വാസ്തവത്തില്‍ ഇത് കൃത്യമാണ്.

നിങ്ങളുടെ ഇരുപതുകള്‍ തട്ടിയെടുക്കുന്ന, മുപ്പതുകള്‍ തിന്നുതീര്‍ക്കുന്ന ഒരു ത്യാഗം. വിടര്‍ന്ന കണ്ണുകളോടെ 18  വയസില്‍ നിങ്ങള്‍ ഇതില്‍ വന്നേക്കാം, പക്ഷേ ഞാന്‍ ചോദിക്കട്ടെ-ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനാകണമെന്ന ആഗ്രഹം നടന്നില്ലെങ്കില്‍?  എന്തെങ്കിലും കാരണവശാല്‍ ആ വിലപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ വകുപ്പില്‍ മുതിര്‍ന്ന ജൂനിയറാകാന്‍ 15 വര്‍ഷമെടുത്താല്‍ നിങ്ങള്‍ ജീവിതത്തില്‍ സന്തുഷ്ടനാണോ? മോഹഭംഗവുമായി ജീവിക്കുമോ അതോ ആ നിരാശ നിങ്ങളുടെ ഉള്ളില്‍ നിന്നും കാര്‍ന്നുതിന്നുമോ?

ഡോക്ടറുടെ കാര്യം ആരുനോക്കാന്‍!
ഇന്ത്യയിലെ വലിയൊരു ആശുപത്രിയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരിയായ സര്‍ജന്‍ കഴിഞ്ഞ ദിവസം എന്നോടു സംസാരിച്ചു. ഒരു വര്‍ഷം മുമ്പ് സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിനൊക്കെ ചേരാന്‍ ആവേശത്തോടെ നിന്നിരുന്ന ഒരു ഡോക്ടര്‍. പേരുകേട്ട ആശുപത്രിയിലെ അനുഭവപരിചയത്തിനായി, കടുത്ത ജോലി ഗുണം ചെയ്യുമെന്ന ഉറപ്പോടെയാണ് ആ പെണ്‍കുട്ടി ചേര്‍ന്നത്.  ഇപ്പോളവര്‍ക്ക് ആ ആവേശമൊക്കെ ചോര്‍ന്നുപോയിരിക്കുന്നു.

രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി 10-നു മടങ്ങിയെത്തി കിടക്കയിലേക്ക് വീഴുകയാണ്. അടുത്ത ദിവസം അതിരാവിലെ 5 മണിക്ക് തുടങ്ങണം ഒരുക്കം. എന്തിനാണിതൊക്കെ എന്നാണവര്‍ ഇപ്പോള്‍ അന്തിക്കുന്നത്.  ആശുപത്രിയിലെ തൊഴുത്തില്‍ക്കുത്തും, പുറം ലോകവുമായുള്ള ബന്ധമില്ലാതെയും, വേണ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാതെയും അവര്‍ ഒരു പ്രേതം കണക്കെ ആയി.

ഇതിനൊക്കെ കിട്ടുന്നത് മാസം 50,000 രൂപയാണ് (മുംബൈയില്‍). താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ രണ്ടു ദിവസം ICU-വില്‍ കിടക്കാന്‍ തികയില്ല ആ കാശെന്ന് അവള്‍ക്കറിയാം. മാരിവില്ലിന്നറ്റത്തൊരു സ്വര്‍ണകുംഭമുണ്ടെന്ന് അവളോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. അവളുടെ ടെക്കി സുഹൃത്തുക്കള്‍ മുപ്പതുകളില്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവള്‍ തന്റെ നാല്‍പതുകളില്‍ സമ്പാദിക്കും എന്നും എനിക്കു ആശ്വസിപ്പിക്കാമായിരുന്നു. പക്ഷേ ഞാന്‍ ചെയ്തില്ല. കാരണം അവരുടെ തോന്നലുകള്‍ എനിക്കറിയമായിരുന്നു.

ആറ് വര്‍ഷം ഗ്രാമപ്രദേശത്ത് സര്‍ക്കാര്‍ സേവനം ചെയ്ത ഒരു ഡോക്ടര്‍ ഈയിടെ പരസ്യമായി അനുഭവങ്ങള്‍ പറഞ്ഞു. രണ്ടു കൊല്ലം മുമ്പ് ആ ജോലി വിട്ടപ്പോള്‍ മുപ്പതുകളിലെത്തിയ അയാളുടെ ബാങ്ക് എക്കൌണ്ടില്‍ ആകെയുണ്ടായിരുന്നത് 15,000 രൂപ. കൊട്ടിഘോഷിക്കാന്‍ വലിയ യാത്രകളോ ആഡംബരങ്ങളോ ഇല്ല. ആ പ്രായത്തിലും വാടക കൊടുക്കാന്‍ അച്ഛനമ്മമാരുടെ സഹായം വേണം. മൊബൈല്‍ റിച്ചാര്‍ജ് ചെയ്യുന്ന കടക്കാരന്‍ പറഞ്ഞപ്പോഴാണ് അയാള്‍ക്ക് തലയില്‍ കയറിയത്; ഒരു കുഴപ്പവുമില്ലാതെ കടക്കാരന്‍ മാസം തോറും  ഡോക്ടറെക്കാള്‍ പണമുണ്ടാക്കുന്നു.

എല്ലാ ഡോക്ടര്‍മാരോടും അയാള്‍ക്ക് ഒന്നേ പറയാനുള്ളൂ. തന്റെ പോലെ വികാരത്തിനടിമപ്പെട്ട ഒരു മണ്ടനാകരുത്. ഇതുപോലെ പണിയെടുക്കരുത്. കാരണം ഒടുവില്‍ ആരും അതൊന്നും കണക്കിലെടുക്കില്ല. ഞാനയാളോട് പൂര്‍ണമായും യോജിക്കുന്നു. ഒരു പതിറ്റാണ്ട് പണിയെടുത്തിട്ട് ഒരു മൊബൈല്‍ കടക്കാരന്റെ അത്രയും വരുമാനമില്ലെങ്കില്‍ പിന്നെ ഈ കഷ്ടപ്പാടൊക്കെ എന്തിനാണ്? ഡോക്ടര്‍മാര്‍ കാശുണ്ടാക്കുന്നത് മോശമാണെന്നാണോ ഇന്ത്യ കരുതുന്നത്. അതും കണ്ണടച്ച് തുറക്കുമ്പോള്‍ ന്യായാധിപന്‍മാരും, അഭിഭാഷകരും, വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരുമൊക്കെ കോടികളുണ്ടാക്കുന്ന നാട്ടില്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നത് ഒരു മണ്ടത്തരമാണെന്നാണോ? 

ഇനിയും പ്രതിമകളുണ്ടാക്കൂ, ആരോഗ്യസുരക്ഷ പിന്നെ നോക്കാം
നമ്മള്‍ കടന്നുവന്ന വൈദ്യരംഗമല്ല ഇന്നത്തേത്. നമുക്ക് മുമ്പുള്ള തലമുറകളും ഇത് പറയുന്നു. അത് കൂടുതല്‍ മോശമാവുകയാണ്. 

നമ്മുടേതുപോലെ, ഭൂരിഭാഗം ജനവും ദാരിദ്ര്യരേഖയ്ക്ക് ചുറ്റും കിടന്നു തിരിയുന്ന ഒരു രാജ്യത്ത് ആരോഗ്യ സുരക്ഷാ എല്ലാവര്‍ക്കും എത്തിക്കാന്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. കുറഞ്ഞത് മരുന്നുകളെങ്കിലും താങ്ങാവുന്ന വിലക്ക് നല്കണം. എന്നാല്‍, ഇതിനൊക്കെ പണം കൂടുതല്‍ നല്‍കുന്നതിന് പകരം ആരോഗ്യ സുരക്ഷയ്ക്കുള്ള വിഹിതം 20% വെട്ടിക്കുറക്കാനാണ് അവര്‍ തീരുമാനിച്ചത്. നിര്‍ണായകമായ HIV/AIDS പോലുള്ളവക്ക് പണം കൂട്ടുന്നതിന് പകരം കുറച്ചു. ജി ഡി പിയുടെ വെറും 1% മാത്രം ആരോഗ്യസുരക്ഷാ രംഗത്തെ പൊതുചെലവാക്കി ചുരുക്കി നിര്‍ത്തുന്ന രാജ്യമാണ് നാമെന്നോര്‍ക്കണം. ചൈനയില്‍ ഇത് 3%, യു.എസില്‍ 8% എന്നാണെന്നും അറിയണം. എന്താ പറയേണ്ടത്? മറ്റ് ദരിദ്രരാഷ്ട്രങ്ങളെക്കാള്‍ ആരോഗ്യമുണ്ട് ഇന്ത്യക്ക്, അല്ലേ?

പ്രതിരോധ മരുന്ന്
ഇത് നിങ്ങളുടെ കുടുംബ ജീവിതം നഷ്ടപ്പെടുന്നതും, ചെയ്യേണ്ടതിനേക്കാള്‍ ഇരട്ടിസമയം ജോലിചെയ്യുന്നതും, നിസ്സാര ശമ്പളം വീട്ടില്‍ കൊണ്ടുപോകുന്നതും  മാത്രമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുമാത്രമല്ല. വീട്ടില്‍ കയ്യും കാലുമൊന്നും നഷ്ടപ്പെടാതെ എത്തുകയെന്നതും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. രോഗികള്‍ മരിക്കാതിരിക്കാന്‍ മാത്രമല്ല, അവരുടെ കൂട്ടിരിപ്പുകാരുടെ കൈകൊണ്ട് കൊല്ലപ്പെടാതെ സ്വയം രക്ഷിക്കാനും പാടുപെടണം.

ഒരു ഡോക്ടര്‍ ആവുകയെന്നതിന്റെ സത്ത-രോഗശമനത്തിന് നമ്മളാല്‍ ആവുന്നത് ചെയ്യുക- എന്നത് എടുത്തുമാറ്റി, കാരണം നമ്മളിപ്പോള്‍ പ്രതിരോധത്തിലാണ്. സാമൂഹ്യ സേവനത്തില്‍ നിസ്വാര്‍ത്ഥര്‍ എന്നു വിളിക്കപ്പെടുന്നതിനെക്കുറിച്ച് നാം സംസാരിച്ചതോര്‍മ്മയില്ലേ? എന്തായിരുന്നു? അത് ചില അനുബന്ധങ്ങളോടെയാണ് വരുന്നത്.

1. നിസ്വാര്‍ത്ഥ സേവനം എന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ എല്ലാകാലത്തും വേണ്ടത്ര ജീവനക്കാരില്ലാത്ത കാരണം നിങ്ങള്‍ കൂടുതല്‍ സമയം പണിയെടുക്കുക എന്നാണ്.

2.നിങ്ങള്‍ വീട്ടിലേക്ക് ഒരു കോള്‍ സെന്‍റര്‍ ജീവനക്കാരന്റെ  ശമ്പളം കൊണ്ടുവരിക എന്നതാണ്. കാരണം നിങ്ങള്‍ രോഗം ഭേദമാക്കുന്ന സേവനമാണ് ചെയ്യുന്നത്. 

3. മരുന്നും ഉപകരണങ്ങളും ഒന്നും ആവശ്യത്തിന് ഇല്ലെങ്കിലും അടുത്തൊന്നും മറ്റ് ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ രോഗികളെ രക്ഷിക്കുക എന്നതാണ്. 

4. പക്ഷേ ആ രേഖ ഇവിടെ തീരുന്നു. നിങ്ങള്‍ നോക്കുന്ന രോഗിയെങ്ങാനും അപകടത്തിലായാല്‍ ഈ അതിര്‍ത്തികളെല്ലാം അപ്രത്യക്ഷമാകും.

നിങ്ങളാണാ രാക്ഷസന്‍ പണത്തിനുള്ള ആര്‍ത്തിമൂത്ത്/അവയവങ്ങള്‍ മോഷ്ടിക്കാന്‍/ വയ്യാത്ത അമ്മയെയോ കുഞ്ഞിനെയോ പീഡിപ്പിക്കാന്‍ വേണ്ടി, അവരുടെ പ്രിയപ്പെട്ടവരെ കൊന്നവന്‍-എന്നു ജനം  പത്രത്തില്‍ വായിക്കും. അപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അഞ്ചക്ക ശമ്പളം മതിയെന്ന് വാദിക്കുന്നവര്‍ തന്നെ ആറക്ക, ഏഴക്ക നഷ്ടപരിഹാരം ചോദിക്കും. അവര്‍ തെറ്റ് ചെയ്തോ എന്നതല്ല കാര്യം,ഡോക്ടറുടെ പേര് നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിനായി അയാളെയും ആശുപത്രിയെയും മുള്‍മുനയില്‍ നിര്‍ത്താം. ആശുപത്രിയില്‍ നടക്കുന്ന എല്ലാ മരണങ്ങളും വൈദ്യപരമായ നോട്ടക്കുറവാണെങ്കില്‍ പിന്നെ ഡോക്ടര്‍ എന്തിനാണ് ഡോക്ടര്‍ രോഗികളെ ആശുപത്രിയില്‍ കിടത്തുന്നത് ?

നിങ്ങളുടെ തൊഴിലിനുവേണ്ടി മരിക്കാന്‍ തയ്യാറാണോ?
ഇന്ത്യയിലെ 75% ഡോക്ടര്‍മാരും ഏതെങ്കിലും തരത്തില്‍ രോഗികളുടെ പക്കല്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അക്രമം നേരിട്ടവരാണ് എന്നു 2015 മെയ് മാസത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെളിപ്പെടുത്തി. എല്ലാ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നും അവര്‍ പറയുന്നുണ്ട്. നിയമപ്രകാരം നീങ്ങിയതിന് ഡോക്ടര്‍മാര്‍ കൊല്ലപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടാകുന്നു. അയാളുടെ വിധവയോട് എന്തു പറയും? ജോലി ശരിക്ക് ചെയ്യാത്തത്തിന് ഒരു സോഫ്റ്റ്വെയര്‍ ടെക്കി കൊല്ലപ്പെട്ട ഏതെങ്കിലും സംഭവം കേട്ടിട്ടുണ്ടോ? ഇനിയും ‘നിസ്വാര്‍ത്ഥ സേവനത്തിന്റെ’ നെറ്റിപ്പട്ടം വേണോ? അത് നാലില്‍ മൂന്നു ഡോക്ടര്‍മാരും ആക്രമിക്കപ്പെടും നേരത്ത് ചാര്‍ത്തുന്ന ഒന്നാണ്.

ജോസഫ് കണ്ണാശുപത്രി കേസില്‍ കണ്ണു ശസ്ത്രക്രിയാ ക്യാമ്പിന് ശേഷം 66 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തില്‍ 3 ഡോക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ വിധിച്ച സംഭവം ഡോക്ടര്‍മാരോടുള്ള ഇന്ത്യന്‍ മനോഭാവം വെളിവാക്കുന്നു. കാര്യത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയുമാണ് നീതിന്യായ സംവിധാനം പ്രകടിപ്പിച്ചത്. ഒരേ ദിവസം 66 വ്യത്യസ്ത കണ്ണുകളില്‍ 66 തവണ ഒരേ അബദ്ധം ആവര്‍ത്തിക്കാന്‍ പരിശീലനം സിദ്ധിച്ച ഒരു ഡോക്ടര്‍ക്ക് കഴിയില്ലെന്ന് മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞനൊന്നും ആകണ്ട. ഇത്തരം പ്രശ്നം ഉണ്ടാകുന്നത് ഉപയോഗിച്ച മരുന്നിലെ  പാകപ്പിഴയാണ്; അതിന് മരുന്ന് കമ്പനികളാണ് ഉത്തരവാദികള്‍.

ഓരോ കുപ്പിയിലെ മരുന്നും കുറ്റമറ്റതാണോ എന്നു നോക്കാന്‍ ഒരു ഡോക്ടര്‍ക്കും ആവില്ല. എന്നിട്ടും രക്തത്തിനും പണത്തിനുമായി ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍, കുറ്റം കലര്‍പ്പുള്ള മരുന്നിലായിരുന്നു എന്നു തെളിഞ്ഞിട്ടും, ഡോക്ടര്‍മാരെ തടവറയിലേക്കയച്ചു. പരിചിതം അല്ലേ ? ഛത്തീസ്ഗഡ് വന്ധ്യംകരണ മരണങ്ങള്‍ (2014) ഓര്‍ക്കുന്നില്ലേ? ആ സംഭവത്തിലെ ഡോക്ടറുടെ പേര് എല്ലാവര്‍ക്കും അറിയാം. അണുബാധ നിറഞ്ഞ നിര്‍മ്മാണശാലകളില്‍ ഉണ്ടാക്കിയ കലര്‍പ്പുള്ള മരുന്നാണ് കാരണമെന്ന് പിന്നീടാണ് തെളിഞ്ഞത്. എന്നാല്‍ പറയൂ, എന്താണാ മരുന്ന് കമ്പനിയുടെ പേര്? എന്തു നടപടിയാണ് അവര്‍ക്കെതിരെ എടുത്തത്? അറിയില്ലേ? എന്തൊരു കഷ്ടം !

എന്നാലത് പല ഡോക്ടര്‍മാരിലും ചോദ്യങ്ങളുയര്‍ത്തി. നമ്മളെ ചതിക്കുമ്പോള്‍ നാം എന്തിനീ സേവനം ചെയ്യണം? ഒട്ടും അന്യായമല്ലാത്ത രീതിയില്‍ ഒരു രോഗിക്ക് നല്ല മരുന്നുകള്‍ ഉപയോഗിച്ച് ഒരു ശസ്ത്രക്രിയാ 60,000 രൂപക്ക് ചെയ്യാമെന്നിരിക്കെ എന്തിനീ അപായങ്ങള്‍ ഏറ്റെടുക്കണം? അപ്പോള്‍ അവരെ ചതിയന്‍മാര്‍ എന്നു വിളിക്കാമോ? ഇല്ല. അങ്ങനെ ചെയ്താല്‍ പാവങ്ങളെ സഹായിക്കാന്‍ ഒരു ഡോക്ടറുമുണ്ടാകില്ല.

ഇന്ത്യയില്‍ ഒരു ഡോക്ടറാകുക എന്നാല്‍ ഇതൊക്കെയാണ്

1. ഇന്ത്യ തള്ളിക്കളഞ്ഞ, വാസ്തവത്തില്‍ ആരോഗ്യ സുരക്ഷാ സഹായം ആവശ്യമുള്ള  വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് പ്പോകാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു.

2. വാതിലുകളില്‍ മുട്ടിവിളിച്ച് രോഗിയെ അന്വേഷിക്കുന്നു.

3. കഴിയുന്നത്രയും പേരെ കൂടെ കൊണ്ടുവരാന്‍ നിങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.

4. പിന്നെ സര്‍ക്കാര്‍ തരുന്ന ‘കെട്ടുകണക്കിന്’ കാശിന് നിങ്ങള്‍ അവരെയെല്ലാം ശസ്ത്രക്രിയ നടത്തുന്നു (മിക്ക ആശുപത്രികളിലും 650 രൂപയാണ് പോലും)

5. ഗ്രാമീണ സേവനത്തിന്റെ പേരില്‍ 60000 രൂപയുടെ ശസ്ത്രക്രിയ 600 രൂപക്ക് ചെയ്യിച്ച് സര്‍ക്കാര്‍ കാശ് ലാഭിക്കുന്നു. (ഇത് എഞ്ചിനീയര്‍മാര്‍ക്കും അഭിഭാഷകര്‍ക്കുമൊന്നും ബാധകമല്ല)

6. പരമാവധി രോഗികളെ ധാര്‍മിക ബാധ്യതയാല്‍ ഡോക്ടര്‍, അയാളുടെ ശാരീരിക,മാനസിക ശേഷിക്കപ്പുറം  സഹായിക്കേണ്ടതാകുന്നു.

7. തല്ലിപ്പൊളി മരുന്ന് കമ്പനികള്‍ അവരുടെ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ കൊണ്ടുതള്ളുന്നു.

8. സംഭവം വഷളായാല്‍ ലാഭത്തിന് വേണ്ടി ഇതൊക്കെ ചെയ്ത സര്‍ക്കാരിനെയും മരുന്ന് കമ്പനിയെയും ജനം അന്വേഷിക്കില്ല. കല്ലും കത്തിയുമായി ഡോക്ടറുടെ വീട്ടുവാതില്‍ക്കലെത്തും. അത്യാഗ്രഹികളും ലാഭത്തിനായി അവയവമോഷണം നടത്തുന്നവരുമായ ഡോക്ടര്‍മാര്‍ക്കെതിരെ പ്രമുഖര്‍ ടെലിവിഷനില്‍ ധാര്‍മികരോഷം കൊള്ളും.

അകത്തുള്ള ഭൂതങ്ങള്‍
എല്ലാ ഡോക്ടര്‍മാരും നല്ലവരാണോ? എന്റെ കുഞ്ഞേ, ഈ ചെറുപ്രായത്തില്‍പ്പോലും ഇത്ര ശുദ്ധഗതി പാടില്ല. ഒരിയ്ക്കലും അങ്ങനെയല്ല. മനുഷ്യരുടെ ഇടയില്‍ എല്ലായിടത്തുമുള്ള ഒരു നടപ്പെന്നുപറഞ്ഞാല്‍ നല്ലതും ചീത്തയും ചേര്‍ന്ന ഒന്നാണ്  എന്നതാണ്. ഇത് മതങ്ങളും, ദൈവനാട്യക്കാരും തൊട്ട് രാഷ്ട്രീയക്കാരും ഡോക്ടര്‍മാരും എല്ലാവര്‍ക്കുമിടയില്‍ ഉള്ളതാണ്.

ഡോക്ടര്‍മാരാകുന്നതിന് മുമ്പേ നമ്മളും സാധാരണ മനുഷ്യരായിരുന്നു. സ്റ്റെതസ്കോപ് കഴുത്തില്‍ തൂക്കും മുമ്പ് വീട്ടില്‍ നിന്നും, കൂട്ടുകാരില്‍നിന്നും രണ്ടു പതിറ്റാണ്ട് കാലം നമ്മള്‍ പല തരത്തിലുള്ള മൂല്യങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്.  നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതൊക്കെ നമ്മുടെ രീതികളില്‍ പ്രതിഫലിക്കും.

  • മരുന്ന് കമ്പനിയുടെ ആനുകൂല്യങ്ങള്‍ വാങ്ങിച്ച് അനാവശ്യ മരുന്നുകള്‍ എഴുതിക്കൊടുക്കുന്ന ഡോക്ടര്‍മാര്‍ നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ടാകാം. അയാള്‍ നിങ്ങളെക്കാള്‍ കാശും സമ്പാദിക്കും. പ്രലോഭനത്തിന്റെ സാത്താന്‍  നിങ്ങളുടെ തോളിലിരുന്നു ചിരിക്കും. സാമൂഹ്യ സേവനവും ബഹുമാനവും കാശുകൊടുക്കില്ല എന്നതുകൊണ്ടു നിങ്ങള്‍ക്കൊരിക്കലും വാങ്ങാന്‍ കഴിയാത്ത സ്മാര്‍ട് ഫോണ്‍ അയാളുടെ കയ്യില്‍ കാണുമ്പോള്‍ നിങ്ങള്‍ തുറിച്ചു നോക്കും. അയാളപ്പോള്‍ ഇളിച്ചുകാട്ടും.
  • പഠിക്കാനുള്ള സീറ്റ് കിട്ടാന്‍ മുടക്കിയ കാശ് തിരിച്ചു പിടിക്കുന്നവരുമുണ്ടാകാം. ചില പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളൊക്കെ 4 കോടിക്കാണ് പോകുന്നതെന്നാണ് കേട്ടത്. ആ കാശിന്റെ പലിശകൊണ്ട് ഇതില്‍ക്കൂടുതല്‍ സമ്പാദിക്കാമെന്നിരിക്കെ ആളുകള്‍ അതിന് പിന്നാലേ പായുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാം.
  • സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതുകൊണ്ട് ഇതിന് നിര്‍ബന്ധിതരാകുന്ന ഡോക്ടര്‍മാരെയും കാണാം. ആശുപത്രി നഷ്ടത്തില്‍ പൂട്ടിയാല്‍ രോഗിക്കാണ് ദുരിതമെന്ന് അവരുടെ ഉടമകള്‍ പറയും.
  • നിങ്ങള്‍ ദൈവമല്ലെന്ന് അറിയുക. വിജയകരമായ ഒരു ശസ്ത്രക്രിയക്ക് ശേഷം രോഗി കണ്‍മിഴിക്കുമ്പോള്‍ തോന്നുന്ന ദൈവമെന്ന തോന്നലല്ല. ഒറ്റ പിഴവെ വേണ്ടൂ ആ ദൈവത്തിന്നു വീഴാന്‍… വല്ലാത്ത വീഴ്ച്ച.
  • തൊഴില്‍പരമായ മത്സരവും നിലനില്‍ക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര കിട്ടുന്നില്ലെന്ന തരത്തില്‍. എല്ലാ മേഖലയിലും ഇതുണ്ടെങ്കിലും, ഇവിടെ ആളുകളുടെ ജീവന്‍ വെച്ചാണ് കളി.

പുറത്തുനിന്നുള്ള മന്ദബുദ്ധികള്‍
സംഭവം: രോഗികളെ നോക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ തികയാതെ വന്നപ്പോള്‍ അയല്‍ സംസ്ഥാനത്തിലെ ഡോക്ടര്‍മാര്‍ വന്ന് ചികിത്സ നടത്തി.  എങ്ങനെയാണ് സ്വീകര്‍ത്താവായ സംസ്ഥാനം പ്രതികരിച്ചത്? ആ സേവനം നല്‍കുന്നത് അവര്‍ നിരോധിച്ചുകളഞ്ഞു. അവനവന് ചെയ്യാന്‍ പറ്റില്ലെങ്കിലും മറ്റാരെയും അനുവദിക്കില്ല.

പുകയില വ്യവസായസാമ്രാജ്യമുള്ള മന്ത്രിമാര്‍ ആരോഗ്യത്തെ കുറിച്ചുള്ള സമിതിയെ നയിക്കുകയും പുകയില ആരോഗ്യത്തിന് നല്ലതാണെന്നും പറയുന്ന നാടാണിത്.

ജനസംഖ്യാപ്പെരുപ്പം കൊണ്ട് വലയുമ്പോള്‍ സ്വയം പ്രഖ്യാപിത ദിവ്യന്‍മാര്‍ പെറ്റുകൂട്ടാന്‍ ആഹ്വാനം ചെയ്യുന്നു.

ഇങ്ങനെ ഒരിയ്ക്കലും ഒരു സര്‍ക്കാരാശുപത്രി സന്ദര്‍ശിക്കാതെ അതെങ്ങിനെ നടത്തണമെന്ന് പറയുന്ന ധാര്‍മികബോധമില്ലാത്ത രാഷ്ട്രീയക്കാര്‍ക്കും  ചലചിത്ര താരങ്ങള്‍ക്കുമിടയില്‍ നിങ്ങള്‍ വലയുകയാണ്.

ഇതാണ് ഇന്ത്യയിലെ ഓരോ ഡോക്ടറും അനുഭവിക്കുന്നത്. ഞങ്ങള്‍ക്ക് ചികിത്സിക്കണം. ജീവന്‍ രക്ഷിച്ച സംതൃപ്തിയും അത് ലഭിച്ച ഒരാളുടെ പുഞ്ചിരിയും ഞങ്ങള്‍ക്ക് വേണം. പക്ഷേ അതിങ്ങനെയല്ല.  ലാഭക്കൊതിയന്‍മാരായ കച്ചവടക്കാരുടെ ഉത്തരവുകളിലോ, മരണത്തെ ഒരു അനിവാര്യതയായി കാണാന്‍ കഴിയാത്ത രോഗികളുടെ ബന്ധുക്കളോടുള്ള പേടിയോ, അടുത്ത വൈദ്യുതി ബില്‍ എങ്ങനെ അടക്കുമെന്ന ആശങ്കയിലോ അല്ല അത് ചെയ്യേണ്ടത്. ഒരു രാഷ്ട്രം അതിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താത്തതുകൊണ്ട് ഞങ്ങള്‍ക്കെല്ലാവരുമായുള്ള ബന്ധവും നഷ്ടപ്പെടരുത്. രോഗനിര്‍ണയം പാളരുത് എന്ന തോന്നലാണ് അല്ലാതെ രോഗിയുടെ ബന്ധു ആക്രമിക്കുമോ എന്ന ഭീതിയല്ല ഒരു ഡോക്ടറെ നയിക്കേണ്ടത്.

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് മേല്‍പ്പറഞ്ഞതൊക്കെ ചെറുതും വലുതുമായി നിങ്ങളെ നേരിടും.

അത് നിങ്ങളെ ഉള്ളില്‍നിന്നും കാര്‍ന്നുതിന്നാന്‍ തുടങ്ങും. വ്യക്തിപരമായി നിങ്ങളെ ആവശ്യമുള്ളവര്‍ക്കും തൊഴില്‍പരമായി ആവശ്യമുള്ളവര്‍ക്കുമിടയിലെ സന്തുലനം ഒരു പ്രശ്നമാകും. പേരിന്റെ കൂടെ എത്ര ബിരുദമുണ്ടെന്നത് എല്ലാവര്‍ക്കുമറിയണം. എന്നാല്‍ അതിലെത്താന്‍ എടുത്ത പ്രയത്നത്തിന് പ്രതിഫലം തരാന്‍ തയ്യാറല്ലെന്നും നിങ്ങളറിയും. എല്ലാം ക്രമപ്രകാരം ചെയ്തിട്ടും ആശുപത്രിയിലെ രാഷ്ട്രീയമോ, ആല്ലെങ്കില്‍ രോഗിയുടെ ബന്ധുക്കളോ നിങ്ങളുടെ സഹപ്രവര്‍ത്തകനെ ആക്രമിക്കുമ്പോള്‍ അടുത്ത രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞയച്ചു സ്വയം രക്ഷപ്പെടാന്‍ നിങ്ങളാലോചിക്കും.

ആ നിമിഷം നിങ്ങള്‍, നിങ്ങളാഗ്രഹിച്ച ഡോക്ടര്‍ അല്ലാതാകും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മാത്രമാണ് നിസ്വാര്‍ത്ഥ സേവനം നിങ്ങളുടെ മേല്‍ ഒട്ടിക്കുന്നത്. തല്ലാന്‍ നേരത്തും അപമാനിക്കാന്‍ നേരത്തും അതൊന്നുമില്ല.

മറ്റ് പല രീതിയിലും നിസ്വാര്‍ത്ഥനാകാം. വഴിയരികില്‍ ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവരുടെ മേല്‍ വണ്ടിയിടിച്ചു കേറ്റി നിങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സേവനം പറയാം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദാനം നടത്തിയാല്‍ മതി.

ഒന്നു മനസിലാക്കണം: രക്തക്കുഴല്‍ കൂട്ടിക്കെട്ടല്‍ ഒരു സേവനമല്ല. നിലച്ച ഹൃദയം മിടിപ്പിക്കുന്നതും സേവനമല്ല. കണ്‍പീലിയേക്കാള്‍ കനം കുറഞ്ഞ നാരുകളുമായി തുന്നുന്നതും സേവനമല്ല. അവസാനത്തെ ചെറുതരി വരെ മസ്തിഷ്കാര്‍ബുദം നീക്കം ചെയ്യുന്നതും സേവനമല്ല. അതൊരു കലയാണ് .പ്രത്യേക പരിശീലനം സിദ്ധിച്ച കല.അത് പിടിച്ചുനില്‍ക്കാനുള്ള നിങ്ങളുടെ ശേഷിയുമാണ്. കാരണം തുടര്‍ച്ചയായി 25-ആം മണിക്കൂറില്‍ ശസ്ത്രക്രിയാ മേശയിലേ 20-ആം രോഗിയെ ആണ് നിങ്ങള്‍ രക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ ഇതുവരെ ചെയ്തതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാകും. എന്തിനും മേലെ, അതൊരു ആത്മബലിയാണ്.

ഒരച്ഛനെന്ന നിലയില്‍ ഞാന്‍ വിശാലമനസ്കനും സഹിഷ്ണുതയുള്ളവനും ആണെന്ന് നിനക്കറിയാം. ഏത് മതം തെരഞ്ഞെടുക്കാനും നിലനിര്‍ത്താനും നിനക്കു സ്വാതന്ത്ര്യമുണ്ട്. ജാതി, സമുദായം, എന്തിന് ലിംഗപരിഗണനകളില്ലാതെ പോലും  പങ്കാളിയെയെയും തെരഞ്ഞെടുക്കാം.

ജീവിതത്തില്‍ എന്തു തെരഞ്ഞെടുപ്പിനും നിനക്കു സ്വാതന്ത്ര്യമുണ്ട്, അതിലെല്ലാം ഞാന്‍ നിനക്കൊപ്പമുണ്ടാകും. ആമസോണ്‍ കാടുകളില്‍ അലയുന്ന ഒരു വന്യജീവി ഫോടോഗ്രാഫറാകാം. അല്ലെങ്കില്‍ ലാസ് വെഗാസിലെ നിശാ നൃത്തശാലകളില്‍ നൃത്തക്കാരിയാകാം.  പക്ഷേ ഇന്ത്യയില്‍ ഒരു ഡോക്ടറാകാന്‍ ഞാന്‍ നിന്നെ ഒരിയ്ക്കലും അനുവദിക്കുകയില്ല. കാരണം രണ്ടു ദശാബ്ദക്കാലം ഞാന്‍ എന്റെ കുഞ്ഞിനെ വളര്‍ത്തിയത്, അവള്‍ക്ക് തെറ്റും ശരിയും എന്തെന്ന, മനുഷ്യത്വം എന്തെന്ന ബോധം നഷ്ടപ്പെടാനോ അല്ലെങ്കില്‍ അവള്‍ മരിക്കുന്നത് കാണാനോ അല്ല.

അത് ശാരീരികം മാത്രമാണെന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്.  

ഡോ. റോഷന്‍ രാധാകൃഷ്ണന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

http://www.godyears.net

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഞങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ ഡോക്ടറാവണം എന്നില്ല; ഡോ.റോഷന്‍ രാധാകൃഷ്ണന് ഒരു മറുപടിമോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍