TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ചലച്ചിത്രമേള നിര്‍ത്തണം?

എന്തുകൊണ്ട് ചലച്ചിത്രമേള നിര്‍ത്തണം?

ഒരു ചലച്ചിത്രമേള കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രധാനമായും, നാലു കാര്യങ്ങളാണ്. മികച്ച ആനുകാലിക സിനിമകളുടെ പ്രദര്‍ശനം, സിനിമയുടെ മാര്‍ക്കറ്റിംഗ്, മികച്ച ഫിലിം മേക്കേഴ്‌സിനെ രൂപപ്പെടുത്തിയെടുക്കുക, പ്രേക്ഷകരുടെ നിലവാരം മെച്ചപ്പെടുത്തുക.

ഈ നാലു മേഖലകളിലും കഴിഞ്ഞ 20 വര്‍ഷമായി നടന്നുവരുന്ന കേരള ചലച്ചിത്രോത്സവം പരാജയമാണ്. 20 കൊല്ലം നടക്കാത്തത് ഇനി നടക്കും എന്നു കരുതുന്നത് മൌഡ്യമാണ്. മികച്ച ആനുകാലിക സിനിമകള്‍ വരണമെങ്കില്‍, മത്സര വിഭാഗത്തിലാണെങ്കിലും അല്ലെങ്കിലും, ചലച്ചിത്രമേളയ്ക്ക് മികച്ച നിലവാരമോ അവാര്‍ഡു തുക മികച്ചതോ ആകണം. മേള മികച്ചതാകണമെങ്കില്‍ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുകയും വേണം. ആദ്യകാലങ്ങളില്‍ മികച്ച ചിത്രങ്ങള്‍ മേളയില്‍ എത്തിയ്ക്കുന്നത് സംഘാടകരുടെ മിടുക്കും ബന്ധങ്ങളും അന്തര്‍ദേശീയ അംഗീകാരവും കൊണ്ടാണെങ്കില്‍, പിന്നീട് മികച്ച ചിത്രങ്ങള്‍ എത്തിയത് മേളയുടെ തന്നെ മികവുകൊണ്ടാണ്.

കേരളമേള അന്താരാഷ്ട്ര നിലവാരമുള്ളതല്ല. ചിത്രങ്ങളുടെ മികവിന്റെ കാര്യത്തിലും മേളയുടെ നിലവാരത്തിന്റെ കാര്യത്തിലും. മികച്ച 50 മേളകളുടെ ലിസ്റ്റെടുത്താല്‍ കേരള മേളയ്ക്ക് അതില്‍ സ്ഥാനമില്ല. എന്നാല്‍, ഈ മേള തുടങ്ങിയ അതേ വര്‍ഷം തന്നെ ആരംഭിച്ച തെക്കന്‍ കൊറിയയിലെ ബുസാന്‍ മേള മികച്ച 50 മേളകളില്‍പ്പെടും. ആ മേളയ്ക്ക് ഒരു ഫോക്കസ് ഉണ്ട്. പുതിയ സിനിമകളെ, പ്രത്യേകിച്ച് ഏഷ്യയിലെ, കേന്ദ്രീകരിച്ചുകൊണ്ടും യുവാക്കളെ കണ്ടുകൊണ്ടുമാണ് മേളയുടെ ഫോക്കസ്. അതുകൊണ്ടുതന്നെ, ഈ രംഗത്തെ മികച്ച ചിത്രങ്ങള്‍ ബുസാനില്‍ എത്തുന്നു. കേരള മേളയില്‍ എത്തുന്നില്ല. കാരണം, നമുക്ക് (മറ്റെല്ലാ കാര്യത്തിലുമെന്നപോലെ) ഫോക്കസ് ഇല്ല. ആദ്യം പ്രശസ്തരായ സംവിധായകരുടെ റെട്രോസ്പക്ടീവും (അങ്ങനെയാണ് കീസ്‌ലോവ്‌സ്‌കിയുടെ പഴയ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നത്) പിന്നീട് മൂന്നാം ലോക പാക്കേജ്, ലാറ്റിനമേരിക്കന്‍ പാക്കേജ്, ആഫ്രിക്കന്‍ പാക്കേജ് അങ്ങനെ പാക്കേജുകള്‍ മാറിമാറി ഉപയോഗിക്കുകയായിരുന്നു. ഇതിനു കാരണം മേളയ്ക്കു ചുക്കാന്‍ പിടിക്കുന്നവരുടെ രാഷ്ട്രീയപരമായ കാഴ്ച്ചപ്പാടും നല്ല സിനിമകള്‍ ഇങ്ങോട്ടേക്ക് ആരും അയക്കാന്‍ തയ്യാറല്ല എന്ന വസ്തുത മറച്ചുപിടിയ്ക്കാനുള്ള ബുദ്ധിയുമായിരുന്നു. കുറേ നാള്‍ കിം കിഡുക്കായിരുന്നു മേളയുടെ ആത്മാവ്. പരമാത്മാവ്, ബീനാപോളും. പരമാത്മാവിന് സ്ഥാനചലനം വന്നതോടെ ആത്മാവിനും ഇളക്കം തട്ടിയിരിക്കുന്നു.പല നല്ല സിനിമകളും മാര്‍ക്കറ്റ് നേടുന്നത് ചലച്ചിത്രമേളകളിലൂടെയാണ്. എന്നാല്‍, നാളിതുവരെയായിട്ട് കേരള മേളയില്‍ എത്രരൂപയുടെ കച്ചവടം നടന്നിട്ടുണ്ട്? മേള പലയിടങ്ങളിലായി നടത്തി ഒടുവില്‍ തിരുവനന്തപുരത്ത് തന്നെ അടിഞ്ഞതോടെ ''അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി... കച്ചോടം പൂട്ടിയ'' ഗതിയായി. ഇത്തവണ കച്ചവടത്തിന്റെ കൗണ്ടര്‍ തുറന്നതേയില്ല. നഷ്ടം. എന്നെങ്കിലും ലാഭമായിരുന്നോ?

ചലച്ചിത്രമേളകള്‍ നല്ല സിനിമ ഉണ്ടാക്കുന്നവരെ വാര്‍ത്തെടുക്കും. കാരണം, നല്ല സിനിമ - സമകാലീന സിനിമ - യുടെ പരിച്ഛേദം കാണുന്നതിലൂടെ, ഇനിയും രൂപപ്പെട്ടുവന്നിട്ടില്ലാത്ത സിനിമ എന്ന കലാരൂപത്തിന്റെ രൂപപരിണാമങ്ങളോടൊപ്പം യാത്ര ചെയ്യാനും അന്നുവരെ ലഭ്യമായ അറിവിലൂടെ മികച്ച സിനിമകള്‍ ഉണ്ടാക്കാനും സിനിമയുടെ രൂപപരിണാമത്തിന് സ്വന്തം കയ്യൊപ്പു ചാര്‍ത്താന്‍ കെല്‍പ്പുള്ള സിനിമാമേക്കേഴ്‌സിനെ വാര്‍ത്തെടുക്കുവാനും ഒക്കെ മേളയ്ക്കു കഴിയും. സംവിധാനരംഗത്തും സിനിമാറ്റോഗ്രാഫിയിലും എഡിറ്റിംഗിലും സംഗീതത്തിലും അഭിനയത്തിലും ഘടനയിലും എല്ലാം ഈ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ, നമ്മുടെ ഫിലിം മേക്കേഴ്‌സിനെ ഇതൊന്നും ഇതുവരെ സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചതാകട്ടെ ചില തൊലിപ്പുറ രേഖകള്‍ മാത്രം. അങ്ങനെയാണ് കീസ് ലോവ്‌സ്‌കിയുടെ ഡെക്കലോഗിലെ ഒരെണ്ണത്തിന്റെ ആശയം മോഷ്ടിച്ച് എം.ടി.യും സിബിമലയിലും കൂടെ 'സദയം' ഉണ്ടാക്കിയത്. 'ഡെക്കലോഗ്' കണ്ട് പ്രചോദനം കൊണ്ടാണ് ജയരാജ് നവരസങ്ങളെ ആധാരമാക്കി 9 സിനിമകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതും. പിന്നെ, മൂന്നോ നാലോ രസങ്ങള്‍ പാകപ്പെട്ടുത്തി എടുത്തതോടെ കച്ചവട്ടം പൊട്ടിയിട്ട് 4 ദി പീപ്പിളിലേക്കും 'ലജ്ജാവതി'യിലേക്കുമൊക്കെ തിരിഞ്ഞത്. നമ്മളിന്നും വാഴ്ത്തുന്നത് സന്തോഷ് ശിവന്റെ സിനിമാറ്റോഗ്രഫിയാണ്. നിക്വിസ്റ്റിന്റെ (Sven Nykvist) ന്റെ ലാളിത്യമോ അലക്‌സാണ്ടര്‍ നാഷ്യന്‍സ്‌കിയുടെ (Alexander Knyazhinsky) സൂക്ഷ്മമായ ഗഹനതയോ നമ്മുടെ സിനിമാ ചര്‍ച്ചകളില്‍ ഇതുവരെ വന്നിട്ടില്ല. തന്റെ പതിവുശൈലി വിട്ട് തര്‍ക്കോവ്‌സ്‌കിക്കുവേണ്ടി നിക്വിസ്റ്റ് 'Sacrifice' - ല്‍ നടത്തിയ സിനിമാറ്റോഗ്രാഫിക് re-explorationഉം നമ്മള്‍ ചര്‍ച്ച ചെയ്തില്ല. back lightingഉം over lightingഉം ഒക്കെ പരീക്ഷിച്ച് സൗന്ദര്യത്തിന്റെയും ഭ്രമാത്മകതയുടെയും ലോകം സൃഷ്ടിക്കാനാണ് നമ്മള്‍ക്കൊക്കെ താല്‍പ്പര്യം.

സൂക്ഷ്മാഭിനയം എന്താണെന്നും മേളകള്‍ കണ്ട നമ്മുടെ നടന്‍മാരോ അവരെക്കൊണ്ട് വേഷം കെട്ടിക്കുന്ന സംവിധായകര്‍ക്കോ അറിയില്ല. സിനിമയിലെ ഏറ്റവും മികച്ച അഭിനയം ശിവാജി ഗണേശന്റെ അറപ്പുളവാക്കുന്ന ഭാവപ്രകടനമാണെന്ന് കരുതുന്ന നല്ലൊരു പക്ഷം സിനിമാ മേക്കേഴ്‌സ് നമുക്കുണ്ട്. അല്ലെങ്കില്‍, ഒരു നടന്റെ മാനറിസം ഹൈലൈറ്റ് ചെയ്ത് അവതരിപ്പിക്കുന്ന മിമിക്രി കലാകാരന്‍മാര്‍ ഇത്രയേറെ മലയാള സിനിമയില്‍ വരില്ലായിരുന്നു. പഴയനാടക സ്റ്റേജിന്റെ മുന്നില്‍ മുകളില്‍ തൂക്കിയിട്ടിരിക്കുന്ന sure mikeന്റെ നേരെ വന്ന് സംഭാഷണം നടത്തി മുഖം വക്രിച്ചു കാണിക്കുന്ന നാടക അഭിനയത്തില്‍ നിന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയ നമ്മുടെ മഹാനടന്‍മാര്‍ പോലും മാറിയിട്ടില്ല എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം ഐ എഫ് എഫ് കെ കേരളത്തിലെ 'ഫിലിം മേക്കേഴ്‌സി'നെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് എന്നു വിലയിരുത്താന്‍.

നമ്മുടെ മികച്ച സിനിമാസംവിധാകരില്‍ ആരും ഐ എഫ് എഫ് കെയുടെ ഉല്‍പ്പന്നങ്ങള്‍ അല്ല. അടൂരും ജോണും ജോര്‍ജ്ജും ഷാജിയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഡക്ടുകളാണ്. അരവിന്ദനാകട്ടെ, 'ഉത്തരായനം' എടുക്കുന്നതിനു മുമ്പ് ഒരു സിനിമാ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലായിരുന്നത്രെ!

ഐ എഫ് എഫ് കെ കണ്ടുവളര്‍ന്ന സംവിധായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംവിധായകനാണ് ബിജു. എന്നാല്‍ 'സൈറ' മുതല്‍ ഉള്ള ബിജുവിന്റെ സിനിമകളുടെ അടിസ്ഥാന സ്വഭാവം അത് amateurish ആണെന്നതാണ്. ഒടുവിലിതാ 'ജനപ്രിയ താരങ്ങളെ വച്ച് സിനിമ എടുത്താല്‍ സിനിമ കൂടുതല്‍ ആളുകളില്‍ എത്തിക്കാം' എന്ന ആധുനികോത്തര സിദ്ധാന്തം തന്നെ ബിജു അവതരിപ്പിച്ചിരിക്കുന്നു. ബിജുവിന്റെ എത്ര ചിത്രങ്ങളാണ് ജനങ്ങളില്‍ എത്തിയത്? സംവിധായകന്‍ കമലിനെ ഓരോ മേളയും 'റിഫ്രഷ്' ചെയ്യുന്നുണ്ടത്രേ! പടിയന്റെ 'ത്രാസം' എന്ന നവസിനിമയിലൂടെ സിനിമയിലെത്തിയ കമല്‍ ഒടുവിലിതാ, റിഫ്രഷ് ചെയ്ത് 'നടനി'ലും 'ഉട്ടോപ്യയിലെ രാജാവി'ലും എത്തി നില്‍ക്കുന്നു. അടുത്ത മഹാദുരന്തം എന്താണോ ആവോ?ചലച്ചിത്ര മേളകള്‍ സിനിമാ നിരൂപകരുടെ നിലവാരവും ഉയര്‍ത്തേണ്ടതാണ്. സിനിമാ നിരൂപണം എന്ന ശാഖ അല്‍പ്പായുസ്സായി മരണപ്പെട്ടിട്ട് നാളെത്രയായി? ടിക്കറ്റെടുത്ത് സിനിമാ കൊട്ടകയില്‍ എത്തിയതു മുതലുള്ള സ്വന്തം അനുഭവവും സിനിമയുടെ കഥയും പറയുന്ന നിരൂപണത്തിന് ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയത് വിജയകൃഷ്ണനും വി.രാജാകൃഷ്ണനുമായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറും 1977 ലെ ദേശീയ ഫിലിം ജൂറി ചെയര്‍മാനുമായിരുന്ന ഇബ്രാഹിം അല്‍കാസി 'ഇന്ത്യന്‍ സിനിമയുടെ കണ്ണുതുറപ്പിച്ച സിനിമ' എന്ന് വിശേഷിപ്പിച്ച അരവിന്ദന്റെ 'കാഞ്ചനസീത'യിലെ പ്രധാന കഥാപാത്രങ്ങളിലും 'റാഷ്‌മോണ്‍' സാന്നിധ്യം കാട്ടിയ വിജയകൃഷ്ണനും, 'കാഴ്ചയുടെ അശാന്തി'യിലൂടെ സിനിമാ ആസ്വാദനത്തിന്റെ വേറിട്ട കണ്ണു തുറന്ന വി.രാജകൃഷ്ണനും പക്ഷേ, സിനിമ സംവിധാനം ചെയ്തുകൊണ്ടു നടത്തിയ 'ഗൊദാര്‍ദ് കളി'യിലൂടെ സംവിധാനരംഗത്തുനിന്നും നിരൂപണരംഗത്തുനിന്നും സ്വയം പുറത്തുപോവുകയായിരുന്നു. അതിനുശേഷം മലയാളത്തില്‍ നിലവാരമുള്ള സിനിമാനിരൂപകര്‍ ഉണ്ടായിട്ടില്ല.

നല്ല സിനിമയും ഫിലിം മേക്കേഴ്‌സും നല്ല സിനിമാ നിരൂപകരേയും ഉണ്ടാക്കാന്‍ കഴിയാത്ത ചലച്ചിത്രമേളയ്ക്ക് എങ്ങനെയാണ് നല്ല പ്രേക്ഷകരെ സൃഷ്ടിക്കാന്‍ കഴിയുക? ഈ മേളയില്‍ പന്തീരായിരം പേര്‍ പങ്കെടുത്തു. മേളയുടെ ജനകീയ പങ്കാളിത്തം കൂട്ടി അടുത്ത വര്‍ഷം അത് ഇരുപത്തയ്യായിരം ആക്കുമെന്നാണ് സിനിമാ മന്ത്രി തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചത്. പത്താം ക്ലാസിലെ വിജയശതമാനം 93 ശതമാനമാക്കി; ഉടന്‍ തന്നെ അത് നൂറുശതമാനമാക്കി ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്ന് കൊതിച്ചിരിക്കുന്ന അബ്ദുറബ്ബും തിരുവഞ്ചൂരു തമ്മില്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ.

കേരളത്തില്‍ സിനിമ സംസ്‌കാരം ഉള്‍ക്കൊണ്ട അരശതമാനം പ്രേക്ഷകര്‍ പോലും ഇല്ല. തെളിവ് ഇതാണ്. ഒരു നോവലിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെയോ കേന്ദ്ര സാഹിത്യ അക്കാദമിയുടെയോ അവാര്‍ഡ് കിട്ടിയാല്‍ പ്രസാധകര്‍ ഉടന്‍ തന്നെ ആ പുസ്തകത്തിന്റെ കൂടുതല്‍ കോപ്പി പുസ്തകശാലകളില്‍ എത്തിക്കും. അതൊക്കെ വിറ്റുപോകും. അവാര്‍ഡ് കിട്ടിയ എഴുത്തുകാരന്റെ മറ്റു കൃതികളും കൂടുതല്‍ വിറ്റുപോകുന്നു. അതായത്, അവാര്‍ഡു കിട്ടുമ്പോള്‍ വായനക്കാരില്‍ ആ നോവലിനുള്ള മതിപ്പും മൂല്യവും കൂടുന്നു. ആവര്‍ അതിനനുസരിച്ച് പ്രതികരിക്കുന്നു. കാരണം, വായനക്കാര്‍ മികച്ച നോവലുകളെ കാത്തിരിക്കുന്നു. മികച്ചത് തിരഞ്ഞെടുക്കാനുള്ള ഒരു മാനദണ്ഡമായി അവാര്‍ഡുകളെ വായനക്കാര്‍ കാണുന്നു.

സിനിമയുടെ കാര്യം വരുമ്പോഴോ? അവാര്‍ഡ് കിട്ടിയാല്‍ ആ സിനിമ തിയേറ്ററില്‍ എത്തില്ല. എത്തിയാല്‍ കാണാന്‍ ആളില്ല. ചലച്ചിത്ര മേളയിലൂടെ ലോകസിനിമയുടെ സൗന്ദര്യം നുകര്‍ന്നവരൊക്കെ എവിടെപ്പോയി?

ചലച്ചിത്രമേള ഒരു ഒന്നാന്തരം ഉഡായിപ്പാണ്. മേളയ്‌ക്കെത്തുന്ന പ്രേക്ഷകരും സിനിമാക്കാരും അതിനേക്കാള്‍ വലിയ ഉഡായിപ്പുകാര്‍. ഒരു ചലച്ചിത്രമേള സംഭാവന ചെയ്യേണ്ട എന്തെങ്കിലും ഒരു കാര്യം പോലും സംഭാവന ചെയ്യാന്‍ കഴിയാത്ത ഈ മേള, അതുകൊണ്ടാണ് നിര്‍ത്തണമെന്ന് പറയുന്നത്.ഇത്തവണ മേളയ്ക്ക് ചെലവായത് ഏഴു കോടി രൂപ. മേള കണ്ട പ്രേക്ഷകരുടെ എണ്ണം, പന്തീരായിരം. എഴുകോടിരൂപയെ പന്തീരായിരം കൊണ്ട് ഹരിച്ചാല്‍ ആളോഹരി 5833 രൂപയില്‍ ചില്വാനം. 'പ്രേമ'വും 'കാഞ്ചനമാല'യും കണ്ട് കോരിത്തരിച്ചിരിയ്ക്കുന്ന മലയാളി സിനിമാ പ്രേക്ഷകരില്‍ ഒരു ചെറുശതമാനത്തിന് ഒരാഴ്ച സിനിമകണ്ടുറങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് ആളോഹരി 5833 രൂപ. പ്രേക്ഷകര്‍ തന്നെ പറയുന്നതനുസരിച്ച് ഒരേ പ്രേക്ഷകരാണത്രേ എല്ലാവര്‍ഷവും മുടങ്ങാതെ മാലയിട്ട് താടി നീട്ടിവളര്‍ത്തി സഞ്ചിയും തൂക്കി എത്തുന്നത്. അതില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കഴിഞ്ഞ 20 കൊല്ലം കൊണ്ട് മേള കണ്ടവര്‍ 50,000 വന്നേക്കാം. ഒരു വര്‍ഷം, ശരാശരി, 5 കോടി രൂപ ചിലവ് എന്ന കണക്കിന് മേളയുടെ നാളിതുവരെയുള്ള ചെലവ് നൂറുകോടി രൂപ. അതായത്, നാളിതുവരെ ഒരു പ്രേക്ഷകന് വേണ്ടി ചിലവാക്കിയ തുക 20,000. ആ പ്രേക്ഷകനാകട്ടെ, നല്ല സിനിമ കണ്ടാല്‍ തിരിച്ചറിയാനും കഴിയുന്നില്ല.

ഇതില്‍ നിന്ന് എന്തെങ്കിലും ഗുണമുണ്ടായോ? കാല്‍ കാശിനില്ല. ഒറ്റ മികച്ച സിനിമാ സംവിധായകനെപ്പോലും 20 മേളകളും ഉല്‍പ്പാദിപ്പിച്ചിട്ടില്ല. നിലവാരമുള്ള പ്രേക്ഷക സമൂഹത്തെയും സൃഷ്ടിച്ചില്ല.

സര്‍വ്വശിക്ഷാ അഭിയാന്റെ കണക്കനുസരിച്ച് കേരളത്തിലെ 219 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യമില്ല. ഈ സ്‌കൂളുകളിലൊക്കെ ആവശ്യം വേണ്ട ഇത്തരം സൗകര്യം ചെയ്തുകൊടുക്കാന്‍ മേളയ്ക്കുവേണ്ടി ചിലവാക്കിയ തുകയുടെ നാലിലൊന്നു തുക മതിയാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories