TopTop
Begin typing your search above and press return to search.

ബാബറി: പ്രതിക്കൂട്ടില്‍ കയറുക അദ്വാനിയും കൂട്ടരും; ബിജെപിക്ക് നേട്ടം മാത്രം

ബാബറി: പ്രതിക്കൂട്ടില്‍ കയറുക അദ്വാനിയും കൂട്ടരും; ബിജെപിക്ക് നേട്ടം മാത്രം

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കാനും വിചാരണ നടത്താനുമുള്ള സുപ്രീം കോടതി ഉത്തരവ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് തിരിച്ചടി ആയേക്കാമെങ്കിലും ബി.ജെ.പിയെ സംബന്ധിച്ച് തിരിച്ചടിയല്ല, മറിച്ച് രാഷ്ട്രീയ നേട്ടമുണ്ടാകാനാണ് കൂടുതല്‍ സാധ്യത.

കാരണം, കഴിഞ്ഞ മൂന്നു വര്‍ഷമായി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വികസന മുദ്രാവാക്യത്തിനൊപ്പം ഹിന്ദുത്വയും കൂടി കലര്‍ത്തിയാണ്. അത് ബി.ജെ.പിക്ക് നേട്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത് രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ്. അതായത്, ഈ രണ്ടു വര്‍ഷവും ഹിന്ദുത്വ എന്നതിനെ സജീവമാക്കി നിലനിര്‍ത്താന്‍ അത് ബി.ജെ.പിയെ സഹായിക്കും. കാരണം, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളാണ് ഈ ദിവസങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നത്. അവിടെയുണ്ടാകുന്ന ഏതൊരു ചലനവും വാര്‍ത്തയാകുകയും ചെയ്യും.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ മധ്യവര്‍ഗവും ലിബറലുകളും ഉള്‍പ്പെടുന്ന ഒരു വിഭാഗം ബി.ജെ.പിയോട് അകന്നിരുന്നുവെങ്കിലും അവരില്‍ വലിയൊരു വിഭാഗത്തെ മോദി സ്വന്തം പ്രതിച്ഛായ കൊണ്ടും വികസന മുദ്രാവാക്യമുയര്‍ത്തിയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ബാബറി മസ്ജിദിന്റെ പേരില്‍ ഇനി ഉയരാന്‍ പോകുന്ന ഹിന്ദുത്വ തരംഗം പാര്‍ട്ടിക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാവുകയേ ഉള്ളൂ.

ഇപ്പോഴുണ്ടായിട്ടുള്ള കോടതി വിധിയുടെ പേരില്‍ പ്രതിപക്ഷമാകട്ടെ, ബി.ജെ.പിക്ക് മേല്‍ വലിയ ആക്രമണമൊന്നും നടത്താനും സാധ്യതയില്ല. കാരണം ആത്മവീര്യം നഷ്ടപ്പെട്ടിരിക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ എന്തു ചെയ്താലും വലിയ പരിക്കുകളൊന്നും ബി.ജെ.പിക്ക് ഏല്‍പ്പിക്കാന്‍ സാധ്യമല്ല. വിവിധ തെരഞ്ഞെടുപ്പുകളില്‍ നിലംപരിശായ കോണ്‍ഗ്രസാകട്ടെ ഇപ്പോള്‍ പ്രതിരോധത്തിലുമാണ്. അതിനൊപ്പം, ബി.ജെ.പി തങ്ങള്‍ക്കു മേല്‍ വച്ചുകെട്ടി തന്ന ന്യൂനപക്ഷ പ്രീണനം എന്ന ടാഗ് എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രദ്ധാപൂര്‍വമായ ശ്രമത്തിലുമാണ് കോണ്‍ഗ്രസ്. മോസ്‌കുകളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അറിയിപ്പിന് മൈക്ക് ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗം നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാലിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം തന്നെ അതിന് ഉദാഹരണമാണ്. ഈ മൗനത്തെ പൊളിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞതും ശ്രദ്ധേയമാണ്. 'പ്രാര്‍ത്ഥനയ്ക്കുള്ള വിളി നമാസിലെ അനിവാര്യമായ ഘടകമാണ്. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ഉച്ചഭാഷിണികള്‍ അനിവാര്യമല്ല താനും' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പറഞ്ഞ ഒരു കാര്യമുണ്ട്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങളെക്കുറിച്ച് ഉണ്ടായിട്ടുള്ള കാഴ്ചപ്പാടാണ് പാര്‍ട്ടിയെ ഇത്ര വലിയൊരു തോല്‍വിയിലേക്ക് നയിച്ചതിന്റെ കാരണം എന്നായിരുന്നു അത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ വലിയ സ്വീകാര്യത കിട്ടുകയും ചെയ്തിരുന്നു. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് കൂടുതലായി പബ്ലിസിറ്റി നല്‍കിത്തുടങ്ങിയതും ഇതിനോട് ചേര്‍ത്തു വായിക്കുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിന്ദുത്വയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആവശ്യത്തിനുള്ള ത്രാണിയില്ല. ഏതു വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നാലും അവയൊക്കെ ഹിന്ദു വിരുദ്ധം എന്ന ലേബലിലേക്ക് ഒതുക്കാന്‍ ബി.ജെ.പിക്ക് സാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞത് അടുത്ത രണ്ടു വര്‍ഷത്തേക്ക് ചൂടുപിടിക്കാന്‍ സാധ്യതയുള്ള അയോധ്യ വിഷയം പ്രതിപക്ഷം ഏറ്റെടുത്താല്‍ തന്നെ അത് ബി.ജെ.പിക്ക് ഗുണകരമായി മാറുകയേയുള്ളൂ. ഈ രണ്ടു വര്‍ഷത്തിനപ്പുറം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഇനി വിചാരണയ്ക്കു ശേഷം കോടതി എന്തു വിധി പുറപ്പെടുവിച്ചാലും അതും ബി.ജെ.പിക്കുള്ള രാഷ്ട്രീയ നേട്ടം തന്നെയാകും. തങ്ങളുടെ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അത് ബി.ജെ.പിയും സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വയോടുള്ള വിശ്വാസ്യതയെ ഉറപ്പിക്കുന്നതായി പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് എളുപ്പത്തില്‍ സാധിക്കും. ഇനി നേതാക്കളെ വെറുതെ വിട്ടാല്‍, അവരുടെ നിഷ്‌കളങ്കത ചൂണ്ടിക്കാട്ടി പ്രതിപക്ഷം തങ്ങളുടെ മതേതര മുഖം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നു വ്യാഖ്യാനിക്കുന്നതിനും ബുദ്ധിമുട്ടില്ല.

എന്നാല്‍ ബി.ജെ.പിയും നരേന്ദ്ര മോദിയും മറ്റ് ചില കാര്യങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണു താനും. മോദി മന്ത്രിസഭയില്‍ അംഗമാണ് ഉമാ ഭാരതി ഇപ്പോള്‍. അവരാണ് ഒരു കേസില്‍ ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നത്. അവര്‍ മന്ത്രിസഭയില്‍ തുടരണമോ എന്ന കാര്യത്തില്‍ മോദി തീരുമാനമെടുക്കേണ്ടതുണ്ട്. മറ്റൊന്ന് കല്യാണ്‍ സിംഗിനെ രാജസ്ഥാന്‍ ഗവര്‍ണറായി തുടരാന്‍ അനുവദിക്കുന്നതിലെ അനൌചിത്യമാണ്. ഗവര്‍ണറായതിനാല്‍ ഭരണഘടനാപരമായ സംരക്ഷണമുള്ള സാഹചര്യത്തിലാണ് കല്യാണ്‍ സിംഗിനെ ഇപ്പോള്‍ വിചാരണാ നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. അത് അവസാനിക്കുന്ന ഘട്ടത്തില്‍ അദ്ദേഹവും വിചാരണ നേരിടേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ മോദി എന്തു നിലപാടായിരിക്കും എടുക്കുക എന്നത് ഏറെക്കുറെ അവ്യക്തമാണ്. പക്ഷേ പൊതുജീവിതത്തിലുള്ള അദ്ദേഹത്തിന്റെ ധാര്‍മികത അളക്കുന്ന ഒന്നുകൂടിയായിരിക്കും അത്.


Next Story

Related Stories