TopTop
Begin typing your search above and press return to search.

സല്‍മാന്‍ ഖാനെയല്ല, ഒളിമ്പിക്സ് അംബാസിഡറാക്കേണ്ടത് രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ കായിക താരത്തെ

സല്‍മാന്‍ ഖാനെയല്ല, ഒളിമ്പിക്സ് അംബാസിഡറാക്കേണ്ടത് രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ കായിക താരത്തെ

അഴിമുഖം പ്രതിനിധി

തട്ടുകട ഉദ്ഘാടനം മുതല്‍ ദേവാലയങ്ങളിലെ പരിപാടികളില്‍ വരെ സിനിമാ താരങ്ങള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. എന്നാല്‍ രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിയ പി ടി ഉഷയെയോ അഞ്ജു ബോബി ജോര്‍ജ്ജിനെയോ ഏതെങ്കിലും ഉദ്ഘാടനത്തിനോ പരിപാടിക്കോ എത്ര പേര്‍ വിളിക്കും. വിരലിലെണ്ണാവുന്നവര്‍ മാത്രമാകും.

കായിക ലോകത്തിന്റെ മാമാങ്കമാണ് ഒളിമ്പിക്‌സ്. ഈ വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ നിയോഗിച്ചിരിക്കുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാനേയാണ്. ഇതിനെതിരെ പറക്കും സിങ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അത്‌ലറ്റിക്‌സ് ഇതിഹാസം മില്‍ഖ സിങ് മുതല്‍ നമ്മുടെ കേരളത്തില്‍ നിന്നും ടോം ജോസഫ് വരെ രംഗത്ത് എത്തി. കഴിഞ്ഞ 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടിയ യോഗേശ്വര്‍ ദത്ത് വരെ സല്‍മാന്‍ ഖാനെ ബ്രാന്‍ഡ് അംബാസിഡാറാക്കിയതിന് എതിരെ രംഗത്ത് എത്തിയിരുന്നു.

ഒളിമ്പിക്‌സിന് ബ്രാന്‍ഡ് അംബാസിഡറാകേണ്ടത് ഒരു കായിക താരമാണ്. അക്കാര്യത്തില്‍ വിമര്‍ശകര്‍ക്കാര്‍ക്കും അഭിപ്രായവ്യത്യാസമില്ല. നമ്മുടെ കായിക താരങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ അംബാസിഡര്‍മാരാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് 85-കാരനായ മില്‍ഖ സിങ് പറയുന്നു. തനിക്ക് സല്‍മാനോട് വ്യക്തിപരമായി യാതൊരു വിഷയവുമില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ഇതാദ്യമായാണ് ഒളിമ്പിക്‌സിന്റെ ഗുഡ് വില്‍ അംബാസിഡറായി ഒരു ബോളിവുഡ് നായകനെ നിയോഗിക്കുന്നത്. ബോളിവുഡിന്റെ ഏതെങ്കിലും മെഗാ ഇവന്റില്‍ ഒരു സ്‌പോര്‍ട്‌സ് താരത്തെ ബോളിവുഡ് എപ്പോഴെങ്കിലും അംബാസിഡറാക്കിയിട്ടുണ്ടോയെന്നും മില്‍ഖ ചോദിക്കുന്നുണ്ട്.

യോഗേശ്വര്‍ ദത്താകട്ടെ കുറച്ചു കൂടി കടന്ന് സല്‍മാനെ ആക്രമിച്ചു. ഇടിക്കൂട്ടിലെ ശൗര്യം അദ്ദേഹത്തിന്റെ ട്വീറ്റുകളിലും കാണാം. ഇന്ത്യയില്‍ സിനിമയ്ക്കുവേണ്ടി പ്രചാരണം എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒളിമ്പിക്‌സ് അതിനുള്ള ഇടമല്ലെന്ന് ദത്ത് വെട്ടിത്തുറന്നു പറയുന്നു. നിങ്ങളെന്തിനാണ് പൊതുജനത്തെ വിഡ്ഢികളാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന് വേണ്ടത് മെഡലുകളാണെന്നും സ്‌പോണ്‍സര്‍മാരെയല്ലെന്നും പറഞ്ഞ് ദത്ത് നയം വ്യക്തമാക്കി.

പി ടി ഉഷയെയോ മില്‍ഖയേയോ പോലുള്ള മഹാന്‍മാരായ താരങ്ങള്‍ രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ചു. എന്നാല്‍ ഈ അംബാസഡര്‍ കായിക രംഗത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് ദത്ത് ചോദിക്കുന്നു.

അതേസമയം, അഭിനവ് ബിന്ദ്രയും മേരി കോമും ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും സല്‍മാന്റെ നിയമനത്തെ അനുകൂലിക്കുന്നു. സല്‍മാന് രാജ്യത്ത് ധാരാളം ആരാധകരുണ്ടെന്നും അദ്ദേഹ്തിതന് സ്‌പോര്‍ട്‌സിനെ കുറിച്ച് നല്ല കാഴ്ചപ്പാടുണ്ടെന്നും സര്‍ദാര്‍ പറയുന്നു. അത്‌ലറ്റിക്‌സിന് നല്ലതാണെന്നാണ് മേരി കോമിന്റെ അഭിപ്രായം. ചെസ് മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും തെറ്റൊന്നും കാണുന്നില്ല.ഒളിമ്പിക്‌സ് അര്‍ഹിക്കുന്ന ശ്രദ്ധ ഇവിടെ കിട്ടുന്നില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. ക്രിക്കറ്റിന് അത് ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റു കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സല്‍മാന്‍ പരിതപിക്കുന്നു. സല്‍മാന്റെ ഈ വാദം ഏറെ പറഞ്ഞു പഴകിയതാണ്. ഒരു മാറ്റവും നേട്ടവും ആ വാദം ഇന്ത്യയിലെ കായിക രംഗത്തിന് കൊണ്ടുവന്നിട്ടില്ല. ക്രിക്കറ്റ് ഇന്ത്യയ്ക്ക് വിജയങ്ങള്‍ കൊണ്ടു വരുന്നു. കളിക്കാര്‍ക്ക് ധാരാളം പണം ലഭിക്കുന്നു. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ക്രിക്കറ്റില്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നു. സ്വാഭാവികമായും ആരാധകര്‍ ക്രിക്കറ്റിലേക്ക് തിരിയുന്നു.

ഇന്ത്യയില്‍ ഏറെക്കാലമായി ഉറക്കം തൂങ്ങി നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഐലീഗ്. ഐലീഗിന്റെ മുന്‍ഗാമി നാഷണല്‍ ലീഗിനും ശ്രദ്ധ പിടിച്ചു പറ്റാനോ പ്രതീക്ഷ നല്‍കാനോ കഴിഞ്ഞില്ല. പക്ഷേ, റിലയന്‍സ് നടത്തുന്ന ഐ എസ് എല്‍ എന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിച്ചു. നിലവാരമുള്ള മത്സരങ്ങളും കളിക്കാരും ആരാധകരുടെ മനം കുളിര്‍പ്പിച്ചു. ഐ എസ് എല്‍ തുടങ്ങും വരെ ടിവിക്ക് മുന്നില്‍ വിദേശ ലീഗുകള്‍ കണ്ട് ആര്‍പ്പ് വിളിച്ചവര്‍ മൈതാനങ്ങളില്‍ ആര്‍പ്പ് വിളിക്കാനെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിഷേക് ബച്ചനുമൊന്നുമല്ല ഐ എസ് എല്‍ നടക്കുമ്പോള്‍ ഗാലറികളില്‍ ആരവങ്ങളെ നിറച്ചത്. അത് ഹ്യൂമിന്റേയും റോബര്‍ട്ടോ കാര്‍ലോസിന്റേയും മാറ്റരാസിയുടേയും ഒക്കെ മാന്ത്രിക കാല്‍ സ്പര്‍ശങ്ങള്‍ പന്തിനുമേല്‍ പതിഞ്ഞപ്പോഴാണ് പഴയ പൈഡ് പൈപ്പറിന് പിന്നാലെ എലിക്കൂട്ടം ഒഴുകിയെത്തിയതു പോലെ മൈതാനങ്ങളിലും ടിവി സെറ്റുകള്‍ക്ക് മുന്നിലും ആരാധകര്‍ തടിച്ചു കൂടിയതും മത്സര സമയങ്ങളില്‍ തെരുവുകളിലെ തിരക്കു ഒഴിഞ്ഞതും. അതിനാല്‍ സല്‍മാന്‍ ഇന്ത്യയുടെ കായിക ഇനങ്ങള്‍ കാണാന്‍ ആരാധകരെ കൂട്ടിക്കൊണ്ടുവരുമെന്ന വാദത്തിന് പ്രസക്തിയില്ല.

നിയമനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ആരോപിക്കുന്നുണ്ട്. അസഹിഷ്ണുത വിവാദത്തില്‍പ്പെട്ട അമീര്‍ ഖാനെ അവിശ്വസനീയ ഇന്ത്യ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം പട്ടം പറത്തിയതിനാണ് സല്‍മാന്‍ ഒളിമ്പിക്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ പട്ടം നല്‍കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൂടാതെ സല്‍മാന്‍ അസഹിഷ്ണുത വിവാദത്തില്‍ കേന്ദ്രത്തെ പിന്തുണച്ച് എത്തുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്ല ഖാന്‍ മോശം ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

സല്‍മാന്‍ ഖാന്‍ എന്ന പേര് ഗൂഗിള്‍ ചെയ്താല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഒപ്പം ലഭിക്കുന്ന കുറച്ച് വിവരങ്ങള്‍ ഉണ്ട്. സ്ത്രീകളെ മര്‍ദ്ദിച്ചതായുള്ള ആരോപണം, മദ്യപാനം, മാന്‍ വേട്ട, മുംബയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനം കയറിയുണ്ടായ അപകടം അങ്ങനെ പലതും. പല ആരോപണങ്ങളിലും അദ്ദേഹം സംശയാതീതനായി കുറ്റവിമുക്തനായിട്ടില്ല. അങ്ങനെയൊരാളെയാണ് കായിക മാമാങ്കത്തിന്റെ അംബാസിഡറായി നിയമിച്ചിരിക്കുന്നത്.

കായിക രംഗത്ത് ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടി തന്നവരില്‍ മാന്യ വ്യക്തിത്വങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ സല്‍മാനെ പോലെ കുറ്റാരോപിതനായ ഒരാളെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. വിശ്വനാഥന്‍ ആനന്ദ്, അഞ്ജു ബോബി ജോര്‍ജ്ജ്, പി ടി ഉഷ അങ്ങനെ പട്ടിക നീളും ബ്രാന്‍ഡ് അംബാസിഡറാക്കിയ എന്തുകൊണ്ടും യോഗ്യതയുള്ള കായിക താരങ്ങളുടെ നിര. ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന താരങ്ങള്‍ക്ക് എതിരെ മരുന്നടിക്കാതെ പോരാടിയാണ് അഞ്ജു ഇന്ത്യയ്ക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത്. ആ താരങ്ങള്‍ തന്നെയായിരുന്നു ഒളിമ്പിക്‌സിലും അഞ്ജുവിനെ പിന്നിലാക്കിയത്. സമാനമായി നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ ഒരു പിടി താരങ്ങളുണ്ട്. അവര്‍ക്ക് അംബാസിഡറാകാനുള്ള യോഗ്യതയില്ലേ?


Next Story

Related Stories