TopTop
Begin typing your search above and press return to search.

ബീഫ്; എന്തുകൊണ്ട് പിണറായി സോഷ്യല്‍മീഡിയയുടെ താരമായി?

ബീഫ്; എന്തുകൊണ്ട് പിണറായി സോഷ്യല്‍മീഡിയയുടെ താരമായി?

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവുമധികം ഹാഷ്ടാഗ് ചെയ്യപ്പെടുകയും പിന്തുണ ലഭിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കന്നുകാലി വ്യാപാര നിയന്ത്രണ വിജ്ഞാപനത്തിനെതിരെയുണ്ടായ പിണറായിയുടെ ശക്തമായ നിലപാടാണ് ഇതിന് കാരണം. "കന്നുകാലി കശാപ്പ് നിരോധനം ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണ സംസ്‌കാരത്തെയാണ് ബാധിക്കുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്തയായ ബഹുസ്വരതയ്ക്ക് നേരെയുള്ള വ്യക്തമായ ആക്രമണമാണ്" എന്നാണ് അദ്ദേഹം ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.

പിണറായിയുടെ ഈ നിലപാട് ഇതര സംസ്ഥാനങ്ങളെയും സമാനമായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ സമൂഹത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുകയുണ്ടായി. ഭക്ഷണ സ്വാതന്ത്ര്യത്തോടൊപ്പം നിരോധനം ബാധിക്കുന്ന നിരവധി തൊഴില്‍ മേഖലകളെയും പരാമര്‍ശിച്ചാണ് അദ്ദേഹം ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത്. ബീഫ് ഇഷ്ടാഹാരമായ നിരവധി സംസ്ഥാനങ്ങളുണ്ടായിട്ടും ഇവിടങ്ങളിലെയൊന്നും മുഖ്യമന്ത്രിമാര്‍ പ്രതികരിക്കാതിരുന്ന സ്ഥാനത്താണ് ശക്തമായ താക്കീതുമായി കേരള മുഖ്യമന്ത്രി രംഗത്തെത്തിയത്. അതോടെ പിണറായിക്ക് മറ്റ് സംസ്ഥാനങ്ങളിലെ ആരാധകര്‍ വര്‍ദ്ധിച്ചുവെന്നതാണ് ഇതിലെ ട്വിസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ച ഹാഷ്ടാഗുകളില്‍ ഒന്ന് കേരള മുഖ്യമന്ത്രിയുടേതാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഈ വിഷയത്തില്‍ പിണറായിക്ക് ലഭിക്കുന്ന വന്‍തോതിലുള്ള പിന്തുണയാണ് ഈ ട്വീറ്റുകള്‍ തെളിയിക്കുന്നത്.

സിഎംഒ കേരള എന്ന പിണറായി വിജയന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം അദ്ദേഹം 'മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കന്നുകാലി വ്യാപാരത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് കത്തയച്ചു' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ബീഫ്ബാന്‍ എന്ന ഹാഷ്ടാഗിലായിരുന്നു ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ട്വീറ്റര്‍മാരാണ് പിണറായിക്ക് പിന്തുണയും അഭിവാദ്യങ്ങളും അര്‍പ്പിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തപ്പോഴും നിരവധി പേര്‍ അതിനെ റീട്വീറ്റ് ചെയ്യാനും ഏറ്റെടുക്കാനുമുണ്ടായി. അതേസമയം ഇതിനെ ശക്തമായി എതിര്‍ത്തവരുമുണ്ടായിരുന്നു. കേന്ദ്ര വിജ്ഞാപനം വന്നതിന് പിന്നാലെ 'കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് അവര്‍ തെളിയിച്ചു. പശുവിന്റെ പേരില്‍ മനുഷ്യക്കശാപ്പ് നടക്കുമ്പോള്‍ കന്നുകാലി കശാപ്പ് നിയമവിരുദ്ധമായിരിക്കുന്നു' എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനെ പിന്തുണച്ചു വന്നവരും അദ്ദേഹം കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചവരും ഏറെയും കേരളത്തിന് പുറത്തുള്ളവരായിരുന്നു. ചുരുക്കത്തില്‍ ബീഫ് വിഷയത്തിലെ നിലപാട് കേരളത്തിന് പുറത്ത് പിണറായിക്ക് വലിയ തോതിലുള്ള ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സൃഷ്ടിച്ച അടിത്തറയില്‍ നിന്നുകൊണ്ടാണ് പിണറായിയുടെ സുധീരമായ നിലപാട് പ്രഖ്യാപനം. കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് ഇപ്പോഴും വേരോട്ടമുള്ള ഒരേയൊരു സംസ്ഥാനമെന്ന് കേരളത്തെ ബിജെപി ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കളിയാക്കുമ്പോഴും ആ ഇടതു മതേതര ബോധം തന്നെയാണ് ഇവിടുത്തെ ജനങ്ങളെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. കേരള ജനത കക്ഷി രാഷ്ട്രീയം നോക്കാതെ ഇത്രത്തോളം ഒരുമിച്ച് നിന്ന മറ്റൊരു വിഷയം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. തുടര്‍ച്ചയായി ബീഫ് ഫെസ്റ്റുവലുകള്‍ നടത്തിയും മറ്റു രീതികളിലും കേന്ദ്ര നയത്തിനെതിരെ കേരള ജനത പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ബീഫ് നിരോധനത്തെ എതിര്‍ക്കുന്ന രാജ്യത്തെ മറ്റ് ജനങ്ങളെല്ലാം അതിന് ശേഷമാണ് ഇതിനെതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കഴിഞ്ഞ 25ന് ദേശീയ തലത്തില്‍ കന്നുകാലി വ്യാപാരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നത് ബീഫ് നിരോധനം തന്നെയാണെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ സ്വാഗതം ചെയ്യുകയും എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി അനുസരിപ്പിക്കാനുള്ള നിയമമായി അംഗീകരിക്കുകയും ചെയ്തിരുന്നു. അതേസമയം മോദി ഇന്ത്യന്‍ ജനങ്ങളുടെ പ്രധാനമന്ത്രിയല്ല പകരം സംഘപരിവാര്‍ അനുഭാവികളുടെ മാത്രം പ്രധാനമന്ത്രിയാണെന്ന വികാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാക്കാനാണ് ഈ നീക്കം സഹായിച്ചിരിക്കുന്നത്. ഇത് വരും നാളുകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ വിരുദ്ധ നിലപാട് വളര്‍ത്താന്‍ കാരണമാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന. പശ്ചിമബംഗാളിലും നോര്‍ത്ത് ഈസ്റ്റിലെ ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങളുടെ ജീവിത രീതിയുടെ ഭാഗവും പ്രിയ ഭക്ഷണവുമാണ് ബീഫ്. ഗോമാതാ ന്യായം നിരത്തി തങ്ങളുടെ ഭക്ഷണക്രമത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ഏറ്റവുമാദ്യം ശക്തമായ ഭാഷയില്‍ എതിര്‍ത്തത് കേരളമാണ്. അതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി കേന്ദ്ര നയത്തിനെതിരെ നിലപാടെടുത്തു. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര നടപടി നടപ്പാക്കാനാകില്ലെന്നും ജനവിരുദ്ധമാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ കോടതി പോലും കേന്ദ്രനയത്തെ ചോദ്യം ചെയ്തു കഴിഞ്ഞു. സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവെങ്കിലും ഭരണകൂടത്തിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്യാനുള്ള ഒരു ജനതയുടെ കരുത്താണ് ഇത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ സെല്‍വ ഗോമതിയും ആഷിക് ഇലാക്കി ബാബയും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് കന്നുകാലികളെ കശാപ്പിനായി വ്യാപാരം ചെയ്യുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് 45 ദിവസത്തെ സ്റ്റേ പ്രഖ്യാപിച്ചത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണെന്നുമാണ് കോടതി ചോദിച്ചത്. ഇതേ ചോദ്യം തന്നെയാണ് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം ചോദിക്കുന്നത്. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന മറ്റൊരു ശക്തമായ പ്രക്ഷോഭമാണ് ഇപ്പോള്‍ ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെ നടക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസം പോലെ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയമാണ് അവിടെ ബീഫ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജല്ലിക്കെട്ട് നിരോധനം തങ്ങളുടെ സംസ്‌കാരത്തോടുള്ള ചോദ്യം ചെയ്യലായി കണക്കാക്കിയ തമിഴ് സമൂഹം ബീഫ് നിരോധനവും മറ്റൊരു ഇടപെടലായി മനസിലാക്കിയിരിക്കുന്നു. ഇതിനുള്ള കാഹളം മുഴങ്ങിയതാകട്ടെ കേരളത്തില്‍ നിന്നും. തമിഴ്‌നാട്ടില്‍ ഇന്നലെ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത് ഒരു മലയാളി വിദ്യാര്‍ത്ഥിയാണെന്നത് കൂടി ഇവിടെ പരിഗണിക്കണം. കേരളത്തില്‍ നിന്നാണ് ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധമുയരുന്നതെന്ന സംഘപരിവാറിന്റെ വ്യക്തമായ ധാരണയില്‍ നിന്നാണ് മലയാളി വിദ്യാര്‍ത്ഥിക്ക് നേരെ തന്നെ അത്തരമൊരു ആക്രമണമുണ്ടാകുന്നത്.

ചാതുര്‍വര്‍ണ്യത്തിന്റെ കാലത്തിലേക്കും സവര്‍ണാധിപത്യത്തിലേക്കും തങ്ങള്‍ പോകാന്‍ തയ്യാറല്ലെന്നാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും വ്യക്തമാക്കുന്നത്. ബീഫ് നിരോധനം മൃഗ സ്നേഹത്തിന്റെ പ്രശ്നമല്ല. മറിച്ച് സവര്‍ണ്ണ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസ് ശ്രമമാണ്. എന്റെ ഭക്ഷണം എന്റെ സ്വാതന്ത്ര്യമാണെന്ന ഉറച്ച നിലപാടില്‍ നിന്നുകൊണ്ടുള്ള നിരന്തര പ്രതിഷേധങ്ങള്‍ക്കേ രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതര ചിന്തയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതിനു മുന്‍പില്‍ കേരളം ഉണ്ടാകുമെന്ന സൂചനയാണ് ഇവിടത്തെ ഭരണകൂടത്തില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Next Story

Related Stories