TopTop

എന്തുകൊണ്ട് ഇന്ത്യ അച്ചടി മാധ്യമങ്ങളെ സംരക്ഷിക്കണം? ശിവ് വിശ്വനാഥന്‍ എഴുതുന്നു

എന്തുകൊണ്ട് ഇന്ത്യ അച്ചടി മാധ്യമങ്ങളെ സംരക്ഷിക്കണം? ശിവ് വിശ്വനാഥന്‍ എഴുതുന്നു
സുന്ദരമായ ഓര്‍മ്മകള്‍ പേറുന്ന ഒരു പഴയകാല മനുഷ്യനാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം വളര്‍ന്നു വന്നത് മനോഹരമായ ഓര്‍മ്മകളാണ്. ഒരു ദിനപത്രവുമായി ബന്ധപ്പെട്ടതാണ് എന്റെ ബാല്യകാല ഓര്‍മ്മകള്‍ മുഴുവന്‍. പൂന്തോട്ടത്തിന്റെ വലിയ ഗേറ്റിന് വെളിയില്‍ നിന്നും പത്രക്കാരന്‍ പയ്യന്‍ വലിച്ചെറിയുന്ന ഹിന്ദുവിന്റെയും സ്‌റ്റേറ്റ്‌മെന്നിന്റെയും കോപ്പികള്‍ വെള്ളക്കിളികളെ പോലെ പറന്നു വരുമ്പോള്‍ അവയ്ക്ക് പിന്നാലെ ഞാന്‍ എപ്പോഴും ഓടുമായിരുന്നു.

ഓരോ പേജുകളും അഹങ്കാരത്തോടെ മറിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എസ്‌കെ ഗുരുനാഥനെയും ജാക്ക് ഫ്‌ളിംഗ്ലള്‍ടണിനെയും വായിച്ചതോടെ എഴുത്തിന്റെ കലയും ക്രിക്കറ്റിന്റെ വിശദാംശങ്ങളും ഞാന്‍ പഠിക്കാന്‍ തുടങ്ങി.

വീടിന് സമീപം മുതിര്‍ന്ന പുരുഷന്മാര്‍ ചെറിയ കട്ടിലുകളില്‍ ഇരുന്നിരുന്ന പ്രഭാതങ്ങളിലായിരുന്നും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൂക്ഷ്മഭേദങ്ങള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞത്. ദിനപത്രങ്ങള്‍ എത്തുന്നതോടെ അത് രാജകീയമായി തുറക്കപ്പെട്ടു.

സാക്ഷരനായ ഒരു ചെറുപ്പക്കാരന്‍ ഓരോ വാര്‍ത്ത ശകലങ്ങളും ഉറക്കെ വായിക്കുക എന്ന തന്റെ ചുമതല നിര്‍വഹിക്കുകയും ആ വാര്‍ത്ത ശകലങ്ങളൊക്കെയും വെറ്റിലത്തുണ്ടുകള്‍ എന്ന പോലെ ആര്‍ത്തിയോടെ നുണയപ്പെടുകയും ചെയ്തു. ദിനപത്രങ്ങള്‍ സമൂഹത്തിന്റെ വെളിച്ചപ്പെടലായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളുടെയും അഭിപ്രായങ്ങളുടെയും ബഹളമായിരിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്തയാണ് അവ. എന്നെ സംബന്ധിച്ചിടത്തോളം മാധ്യമ പ്രവര്‍ത്തനം എന്നത് അച്ചടി മാധ്യമങ്ങള്‍ തന്നെയായിരുന്നു.

ആക്രമണോത്സുകം
റേഡിയോ ഒരു മായാജാലമായിരുന്നു. ടിവി ആക്രമണോത്സുകതയും. പക്ഷെ ചര്‍ച്ചകള്‍ ചെയ്യപ്പെടേണ്ട എഴുത്തുകള്‍ തന്നെയായിരുന്നു വാര്‍ത്തകള്‍. അതിനൊരു സ്ഥിരതയുണ്ടായിരുന്നു. കുട്ടിക്കാലത്തിന്റെ പദാര്‍ത്ഥം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാധുത അച്ചടി മാധ്യമത്തിന് ഉണ്ടായിരുന്നു.

എഡിറ്റോറിയല്‍ പേജുകളിലെ മഹാരഥന്മാരാണ് എന്റെ പ്രതിനിധികള്‍ എന്ന് ഞാന്‍ അഭിമാനപൂര്‍വം കരുതി; മനസിലെ എന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന് ഞാന്‍ അവരെ വിളിച്ചു.

ഒരു പത്രത്തോടുള്ള വിധേയത്വം ഒരു ശൈലിയുടെ ആഘോഷവും മൂല്യങ്ങളുടെ ഒരു ചട്ടക്കൂടും ജീവിക്കുന്നതിനോടും ഒരു ജീവിതരീതിയോടുമുള്ള കൃതജ്ഞതയുമായി മാറുന്നു. ദിനപത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞാന്‍ കടുത്ത നിരാശയിലാണ്.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും ടെലിഗ്രാഫില്‍ നിന്നും ചിലവ് കുറയ്ക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രവഹിക്കുന്നു. 'മിതവ്യയം' വെട്ടിക്കുറവ് തുടങ്ങി ഒരു തലമുറയിലെ പത്രപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ മകിന്‍സ്‌കി ഉപയോഗിച്ച മാന്ത്രിക വാക്കുകള്‍ പ്രവഹിക്കുന്നു. ഇപ്പോള്‍ തന്നെ പഴകിത്തേഞ്ഞ ഒരു തൊഴിലായി മാറിയിരിക്കുന്ന പത്രപ്രവര്‍ത്തനം, ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്ന ഒന്ന് കൂടിയായി മാറിയിരിക്കുന്നു.ഇത്തരം തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ രഹസ്യമാക്കി വെച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട മൗനമാണ് എന്നെ കൂടുതല്‍ ദുഃഖിപ്പിക്കുന്നത്. ഒരാള്‍ക്ക് അനുശോചിക്കണോ എതിര്‍ക്കണോ എന്നറിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാരണം എന്നെ സംബന്ധിച്ചിടത്തോളം, അച്ചടിയുടെ ലോകം, പേജിന്റെ മണവും അതിന്റെ സ്പര്‍ശനവും വാര്‍ത്താബോധവും ഒക്കെ അമൂല്യമായ ദൈനംദിന ഓര്‍മ്മകളാണ്.

ഈ സംഭവങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍, അച്ചടി മാധ്യമങ്ങളുടെ മന്ദഗതിയിലുള്ള മരണം ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി കണക്കാക്കാനാവില്ല. എന്നെ സംബന്ധിച്ചടത്തോളം, അച്ചടി മാധ്യമങ്ങളുടെ മരണവും സര്‍വകലാശാലകളുടെ സാവധാനത്തിലുള്ളതും എന്നാല്‍ ദയാരഹിതവുമായ അഴുകലും പരസ്പര പൂരകങ്ങളായ പ്രക്രിയയാണ്. സാമ്പത്തികരംഗത്തിന്റെ അനൗപചാരികവല്‍ക്കരണം എന്ന് സാമ്പത്തികശാസ്ത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണ് ഈ രണ്ട് മഹത്തായ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുന്നത്.

പൗരത്വത്തെപോലും താല്‍ക്കാലികമായി നോക്കിക്കാണുന്ന താല്‍ക്കാലികത്വത്തിന്റെ ലോകമായ അനൗപചാരിക സാമ്പത്തികരംഗം മദ്ധ്യവര്‍ഗ്ഗ ജീവിതരീതിക്ക് അന്യമാണ്. സ്ഥിരതയാണ് മദ്ധ്യവര്‍ഗ്ഗത്തിന്റെ കോട്ട. പത്രപ്രവര്‍ത്തനവും അക്കാദമിക പ്രവര്‍ത്തനങ്ങളും അടിസ്ഥാനപരമായി മദ്ധ്യവര്‍ഗ്ഗ പ്രവര്‍ത്തനങ്ങളാണ്. ബഹുമാന്യതയുടെ ആ രുചി അവ പിന്തുടരുകയും ചെയ്യുന്നുണ്ട്.

യുജിസി ഇന്ന് ആയിരക്കണക്കിന് അക്കാദമിക് വിദഗ്ധരെ കരാര്‍ പണിക്ക് നിയമിക്കുന്നു. കോളേജുകളില്‍ നിന്നും കോളേജുകളിലേക്കുള്ള അലച്ചിലിനിടയില്‍ ദശാബ്ദങ്ങളോളം താല്‍ക്കാലികത്വത്തിന്റെ അവസ്ഥയില്‍ നിവധി ലക്ച്ചര്‍മാര്‍ തുടരുന്നു. സര്‍വകലാശാലകളില്‍ സ്ഥിരം തൊഴിലുള്‍ക്ക് പകരം കരാര്‍ ജോലിക്കാര്‍ പതുക്കെ പതുക്കെ രംഗം കൈയടക്കുകയും ഇതിനെതിരെ തീരെ പ്രതിഷേധങ്ങള്‍ ഉണ്ടാവാതിരിക്കുകയോ അല്ലെങ്കില്‍ നാമമാത്രമായി മാത്രം പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയോ ചെയ്യുന്നു.

സര്‍വകലാശാലകള്‍ നിയമവാഴ്ചയ്ക്ക് ഒരു വെല്ലുവിളിയാണെന്നും അതിനാല്‍ തസ്തികകളിലെ താല്‍ക്കാലികത്വമാണ് അവയെ പ്രലോഭനത്തിന് കീഴില്‍ നിറുത്താനുള്ള എളുപ്പ വഴിയെന്നും എല്ലാ സര്‍ക്കാരുകളും കരുതുന്നു. പാഠ്യപദ്ധതിയിലെ പവിത്രതയില്‍ രാഷ്ട്രീയക്കാര്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയതോടെ കാമ്പസുകളിലെ ബൗദ്ധീകജീവിതം പെട്ടെന്ന് പൊട്ടിപ്പോകാവുന്ന ഒരു സ്ഫടിക പാത്രമായി മാറുന്നു. പാഠ്യപദ്ധതി ഇത്തരത്തിലുള്ള മലിനീകരണത്തിന് വിധേയമാവുകയും തസ്തികകള്‍ താല്‍ക്കാലികമാവുകയും ചെയ്യുന്നതോടെ സര്‍വകലാശാലകളുടെ നിര്‍ജ്ജീവകത്വം ആരംഭിക്കുന്നു.

വിജ്ഞാനം
സര്‍വകലാശാലകളും ശാസ്ത്രീയ പരീക്ഷണശാലകളും പ്രസരിപ്പിക്കുന്ന വിജ്ഞാനം പോലെ തന്നെ വിജ്ഞാന സമ്പത്തിന്റെ കേന്ദ്രമാണ് വാര്‍ത്തകള്‍ എന്ന കാര്യം ജനങ്ങള്‍ മറന്നുപോകുന്നു. നഗരത്തെ എങ്ങനെ ഉപായപ്പെടുത്താന്‍ സാധിക്കും എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ജനങ്ങള്‍ പത്രം വായിക്കാറുണ്ട് എന്ന് വളരെ സാധാരണ അര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ പോലും മനസിലാവുന്ന കാര്യമാണ്.

എന്നെ സംബന്ധിച്ചിടത്തോളം അച്ചടി മാധ്യമത്തെ അംഗഭംഗ പെടുത്താനുള്ള ഏതൊരു ശ്രമവും ഒരു വിജ്ഞാന സമൂഹത്തെ അംഗഭംഗപ്പെടുത്താനുള്ള ശ്രമമാണ്. അത് ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്. ലളിതമായി പറഞ്ഞാല്‍, ഒരു ദിനപത്രത്തിന്റെ ആര്‍ഭാടത്തോടെ മാത്രമേ ഒരു പൗരനായി പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കൂ. ദോഷൈകദൃക്കുകള്‍ക്ക് ഇതൊരും സുഖകരമായ പുതപ്പാണെന്നും കാലഹരണപ്പെട്ട സമീപനമാണെന്നുമൊക്കെ വിമര്‍ശിക്കാന്‍ സാധിച്ചേക്കുമെങ്കിലും എന്നെ സംബന്ധിച്ചിടത്തോലം ആധുനിക മനസിന്റെ പരിസ്ഥിതി ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത് അച്ചടി മാധ്യമം തന്നെയാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഡല്‍ഹി പ്രസ് ക്ലബ്ബിലെ മാധ്യമപ്രവര്‍ത്തകരുടെ ഒരു തൊഴിലാളി യൂണിയന്‍ യോഗത്തിന് ഞാന്‍ ക്ഷണിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ തന്നെ ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്ന ഒരു ജീവിതചര്യയാണ് എന്ന് സൂചിപ്പിക്കുന്നതരത്തില്‍ നിലനിന്ന അവിടുത്തെ നിഷ്ഫലത്വവും പ്രാണനാശകത്വവും നിറഞ്ഞ മനോവികാരമാണ് എന്നെ കൂടുതല്‍ വ്യാകുലപ്പെടുത്തിയത്. വ്യക്തതയോടെയും ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സംസാരിച്ചത് യുവമാധ്യമപ്രവര്‍ത്തകരാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളാണ് കൂടുതല്‍ ഹൃദ്യമായ രീതിയില്‍ സംസാരിച്ചത്.

വാര്‍ത്തകളെ ഉല്‍പ്പന്നവല്‍ക്കരിക്കാതെ അതിന് ചുറ്റും മനോഹരമായ ആര്‍ജ്ജവം പ്രദര്‍ശിപ്പിച്ച ചില സ്ത്രീകളായിരുന്നു എന്റെ എക്കാലത്തേയും പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. അവരുടെ അനുഭവങ്ങളില്‍ നിന്നും ഉതിര്‍ന്ന് വീണ കഥകള്‍, വാര്‍ത്ത എന്ന നിലയില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് പുതിയ ഊഷ്മളത പ്രദാനം ചെയ്തു. ഇവിടെ ഒരു വിരോധാഭാസം ഉയര്‍ന്നുവരുന്നു. കാരണം, അച്ചടി മാധ്യമത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി സ്വയം മറയ്ക്കാന്‍ കെല്‍പ്പില്ലാത്ത വലിയ വാര്‍ത്തകളാണ്.ഉപഭോക്താവ് 
ഇവിടെ വായനക്കാരന്‍ ഏറ്റെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വായനക്കാരന്‍ ഒരു ഉപഭോക്താവല്ല. മറിച്ച്, വാര്‍ത്തയുടെ നിഷ്‌ക്രിയ ഉടമയാണ്. വായന എന്നത് വിശ്വാസ്യതയുടെയും വൈകാരികതയോടെയും സൗന്ദര്യശാസ്ത്രപരമായും വിമര്‍ശനപരമായും നടത്തുന്ന ഒരു പരസ്പര ഇടപെടലിന്റെ മേഖല കൂടിയാണ്. അച്ചടി മാധ്യമം എന്ന സാധാരണത്വത്തെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും വായനക്കാരന്‍ തയ്യാറാവണം. അതിലൂടെ അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത മാന്യതയും ബഹുമാനവും വരുമാനവും തൊഴില്‍പരമായ വൈശിഷ്ട്യവും പ്രദാനം ചെയ്യാന്‍ സാധിക്കണം.

ഈ കാലഘട്ടത്തിന്റെ കാഥികരാണവര്‍. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പത്രപ്രവര്‍ത്തകയായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന് നല്‍കിയതില്‍ അത്ഭുതത്തിന് അവകാശമില്ല.

ഞാനൊരു പഴയ മനുഷ്യനാണ് എന്ന് സമ്മതിക്കുമ്പോഴും എന്റെ മൂല്യങ്ങള്‍ക്ക് ഒരു നിധിയുടെ വിലയുണ്ടെന്നും അത് അതിജീവിക്കുമെന്നും എനിക്കറിയാം. ജനാധിപത്യം നിലനില്‍ക്കുന്നതിന് കഥപറച്ചിലും ഓര്‍മ്മകളും ആവശ്യമാണെന്നും വാര്‍ത്തയുടെ ആശയം പ്രതിഫലിക്കുന്നതും മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കുന്നതും ആയിരിക്കണമെന്നും എനിക്കറിയാം.

ജനാധിപത്യത്തെ അതിജീവിപ്പിക്കുന്ന സ്ഥാപനങ്ങളാണിവ. ഗൃഹാതുരത്വത്തിന് ഉപരിയായി ആ സ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു എളിയ സംഭാവനയായി ഈ കുറിപ്പ് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories