TopTop
Begin typing your search above and press return to search.

ജീവന്‍ വിലപേശുന്ന അപരാധത്തിന് ആശുപത്രികള്‍ക്ക് മാപ്പ് കൊടുക്കരുത്

ജീവന്‍ വിലപേശുന്ന അപരാധത്തിന് ആശുപത്രികള്‍ക്ക് മാപ്പ് കൊടുക്കരുത്

ടീം അഴിമുഖം

ഡല്‍ഹി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനായി നോട്ടീസ് അയച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച ഒരു കുട്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിടക്കകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് ശേഷികളുടെയും അഭാവത്തിനിടയിലും മികച്ച ചികിത്സ നല്‍കിയതിന്റെ ചരിത്രം സൂക്ഷിക്കണമെന്ന സമ്മര്‍ദത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുപോലും ചികിത്സ നിഷേധിക്കപ്പെടുന്ന ദുരവസ്ഥയുടെ ഇരയായിരുന്നു ആ ബാലന്‍. ഇത്തരമൊരു സാഹചര്യത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ലഭിക്കുന്നതിനു പക്ഷെ ആ കുട്ടിയുടെ മരണവും അതിനെ തുടര്‍ന്ന് അവന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിന്റെയും വാര്‍ത്ത വേണ്ടിവന്നു.

ഡല്‍ഹിയിലുള്ള അഞ്ച് പ്രധാനപ്പെട്ട ആശുപത്രികളില്‍ നിന്നാണ് ഏഴ് വയസുകാരനായ അവിനാശ് റാവത്തിന്റെ മാതാപിതാക്കള്‍ ആട്ടിയോടിക്കപ്പെട്ടത്. ഒടുവില്‍ അവര്‍ ബത്ര ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടിയുടെ ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. കുട്ടിയെ രക്ഷക്കാന്‍ സാധിക്കാത്തതിനാല്‍ മാനസികമായി തകര്‍ന്നുപോയ അവന്റെ മാതാപിതാക്കള്‍, അവിനാശിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ആത്മഹത്യയില്‍ അഭയം തേടി. ഇത്തരം ദുരന്തങ്ങള്‍ രാജ്യമെമ്പാടുമുള്ള ആശുപത്രികളില്‍ ദിവസേന അരങ്ങേറുന്നുണ്ട്. രോഗികളും അവരുടെ കുടുംബങ്ങളും ഈ സ്ഥിതിവിശേഷവുമായി അത്രയേറെ പൊരുത്തപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ വെറും ആവര്‍ത്തനങ്ങളായി മാറുന്നു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ അവിനാശിന്റെ മരണവും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. ഡല്‍ഹിയില്‍ ഇപ്പോള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന, ആരോഗ്യസംവിധാനങ്ങള്‍ ഒരു വിസ്‌ഫോടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഡങ്കിപ്പനിയുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. ഉടനടി ആശുപത്രിയില്‍ പ്രവേശനം ലഭിക്കേണ്ട രാജ്യ തലസ്ഥാനത്തുള്ള ഒരു രോഗിക്ക് തന്നെ കൃത്യസമയത്ത് വിദഗ്ധനെ കാണാന്‍ പറ്റുന്നില്ലെങ്കില്‍, താരതമ്യേന വളരെ മോശം ചികിത്സ ലഭിക്കുകയോ ഇനി ചികിത്സ തന്നെ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള രോഗികളുടെ വിധി ഊഹിക്കാവുന്നതേയുള്ളു. സ്ഥലപരിമിതിയാണ് ഒരു പ്രശ്‌നമെങ്കില്‍ ആശുപത്രികള്‍ക്ക് കുറച്ച് കൂടി ഭാവന പ്രദര്‍ശിപ്പിക്കാമായിരുന്നു. അത്ര ഗുരുതരമല്ലാത്ത രോഗികള്‍ക്കായി താല്‍ക്കാലിക വാര്‍ഡുകള്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ഉള്ള ആശുപത്രികളിലേക്ക് അത്തരം രോഗികളെ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യാമായിരുന്നു.

രോഗികളുടെ നന്മയ്ക്കായി കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് അവരെ ശിപാര്‍ശ ചെയ്യുന്നു എന്ന പതിവ് വാദം ഇവിടെ വിലപ്പോവില്ല. പൊള്ളലേറ്റ ഒരു രോഗിയെയോ അല്ലെങ്കില്‍ അത്യപൂര്‍വമായ രോഗം ബാധിച്ച ഒരു വ്യക്തിയെയോ അത്തരം ചികിത്സകള്‍ക്ക് വിദഗ്ധ സംവിധാനങ്ങളുള്ള ഒരു ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യുന്നത് അംഗീകരിക്കപ്പെടും. എന്നാല്‍ ഒരു രക്തസ്രാവം ഉണ്ടാക്കുന്ന രോഗമായ ഡങ്കിപ്പനിക്ക് കൃത്യ സമയത്ത് ഒരു ഹെമറോളജിസ്റ്റിന്റെ പരിചരണമാണ് വേണ്ടത്. ഈ സൗകര്യം പ്രദാനം ചെയ്യാന്‍ എല്ലാ വലിയ ആശുപത്രികള്‍ക്കും സാധിക്കുകയും ചെയ്യും. ഇത്തരം വലിയ ആശുപത്രികളെല്ലാം ഒന്നുകില്‍ സര്‍ക്കാര്‍ അധീനതയില്‍ ഉള്ളതോ അല്ലെങ്കില്‍ സര്‍ക്കാര്‍ പിന്തുണയുടെ ഗുണഭോക്താക്കളോ ആണ്. മറ്റ് സഹായങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും ഭൂമിയുടെ വിതരണത്തില്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. ഇതിന് പകരമായി പൊതുതാല്‍പര്യങ്ങള്‍ക്ക് അനുസൃതമാവണം അവരുടെ പ്രവര്‍ത്തനമെന്നാണ് സങ്കല്‍പം. പരമ്പരാഗതമായി തന്നെ ആരോഗ്യശുശ്രൂഷ പരിമിതമായ ഒരു രാജ്യത്തിന്റെ ദുഃസ്ഥിതിക്ക് ഉത്തമ ഉദാഹരണമാണ്, ശുശ്രൂഷയോടുള്ള പ്രതിജ്ഞാബദ്ധതയുടെ അഭാവം. തലസ്ഥാനത്തെ ചില ആശുപത്രികള്‍ ആ പ്രതിജ്ഞാബദ്ധതയാണ് ഏഴ് വയസുകാരനായ അവിനാശ് റാവത്തിന് കുറ്റകരമായ രീതിയില്‍ നിഷേധിച്ചത്. നമ്മുടെ ആരോഗ്യരംഗം മോചനം നേടേണ്ട ഒരു സര്‍വവ്യാപിയായ പ്രശ്‌നത്തിലേക്കാണ് അവിനാശിന്റെ ദുരന്തം ശ്രദ്ധ ആകര്‍ഷിക്കുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories