UPDATES

ഇവിടെ അത്ഭുതത്തിനൊന്നും വലിയ കാര്യമില്ല; ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ എന്തുണ്ട്?

സര്‍ക്കാരിന്റെ കണക്കില്‍ ഇന്ത്യയുടെ ജി.ഡി.പി ഏറ്റവും ഉയര്‍ന്നതാണ്. ബാക്കിയുള്ള കാര്യങ്ങള്‍?

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ 122-ാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തേക്കാള്‍ നാലു സ്ഥാനങ്ങള്‍ കൂടി പിന്നിലേക്കിറങ്ങി അയല്‍ക്കാരായ പാക്കിസ്ഥാനും ചൈനയ്ക്കും നേപ്പാളിനും പന്നിലാണ് നാമിപ്പോള്‍. സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കിനു വേണ്ടി ജെഫ്രി സാച്ചസിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബഹുമാന്യരായ സാമ്പത്തിക വിദഗ്ദ്ധരാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ഈ വിവരം നിങ്ങളെ അത്ഭുതപ്പെടുത്തിയോ? നിങ്ങള്‍ സന്തുഷ്ടരാണ് എന്നാണോ പറയുന്നത്?

ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ സമുദായ പേടിയില്‍ ജീവിക്കുന്ന ഒരു പ്രബല രാഷ്ട്രീയ വ്യവഹാരത്തില്‍ ഒരു രാജ്യം എത്രത്തോളം സന്തുഷ്ടരായിരിക്കും? രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശ്മശാന്‍-കബറിസ്ഥാന്‍ തുടങ്ങിയ വര്‍ഗീയ ഉപമകള്‍ പ്രയോഗിക്കുകയും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ എതിരാളികളെ പരാമര്‍ശിക്കാന്‍ കസബ് പോലുള്ള വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ നമുക്കെങ്ങനെ സന്തുഷ്ടരായിരിക്കാന്‍ കഴിയും? രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ മുഖ്യമന്ത്രി അറിയപ്പെടുന്നത് തന്നെ തന്റെ പ്രഖ്യാപിത മുസ്ലീം വിരോധം കൊണ്ടാണെന്നും അവിടുത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക ഭിന്നതകളില്‍ വലിയ പ്രശ്‌നമൊന്നും കാണാത്തവരാണെന്നതും നിലനില്‍ക്കുമ്പോള്‍ എന്താണ് ഇതില്‍ അത്ര സന്തോഷിക്കാന്‍ മാത്രമുള്ളത്?

ഒരുകുട്ടം പ്രഭുക്കള്‍ ജനാധിപത്യത്തിന്റെ ചെലവില്‍ തങ്ങള്‍ ഭരിക്കാന്‍ മാത്രം ജനിച്ചവരാണെന്ന് കരുതി പെരുമാുമ്പോള്‍ നമുക്കെങ്ങനെ സന്തുഷ്ടരായിരിക്കാന്‍ കഴിയും? പല രാഷ്ട്രീയ പാര്‍ട്ടികളും വെറും കുടുംബ ബിസിനസുകള്‍ മാത്രമായി മാറിക്കഴിഞ്ഞിട്ടുള്ള ഒരു സമയത്ത് എന്താണ് ഇതിലത്ര സന്തോഷിക്കാനുള്ളത്? അത്തരമൊരു പ്രഭുത്വ പാര്‍ട്ടികളുടെ അസഹ്യമായ യാഥാര്‍ഥ്യങ്ങളെ മറയ്ക്കാനുള്ള മുഖംമൂടി മാത്രമാണ് മതേതരത്വവും ലിബറലിസവുമെന്നൊക്കെ മനസിലാകുമ്പോള്‍ എന്താണ് സന്തോഷിക്കാന്‍ നമുക്ക് ബാക്കിയുള്ളത്?

പാവപ്പെട്ടവരും അധ:സ്ഥിതരുമൊക്കെ രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കേണ്ടി വരുന്ന ഒരു ഇന്ത്യയില്‍ എന്തു സന്തോഷത്തെക്കുറിച്ചാണ് നാം പറയുന്നത്? നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍, നിങ്ങള്‍ ആരോട് സംസാരിക്കുന്നു എന്നതിന്റെ പേരില്‍ ഏതു നിമിഷവും നിങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടാം എന്നത് ഒരു യാഥാര്‍ഥ്യമായി നില്‍ക്കുമ്പോള്‍ നമുക്ക് സന്തോഷത്തെക്കുറിച്ച് പറയാന്‍ സാധിക്കുമോ?

ഒരു രാജ്യത്തെ കര്‍ഷകരുടെ ദുരിതങ്ങളും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും ആള്‍ക്കൂട്ടമായി മാറിക്കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ കണക്കുകളും പരാമര്‍ശിക്കാത്തതാണ് അവിടുത്തെ ഔദ്യോഗിക സാമ്പത്തിക രേഖകളെങ്കില്‍ എന്താണ് ഇത്ര സന്തോഷിക്കാനുള്ളത്?

ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്ന് വിശ്വസിക്കപ്പെടുന്ന ഒന്ന് വെറും ആലങ്കാരിക രേഖയായി മാറിക്കൊണ്ടിരിക്കുകയും അതിന്റെ സത്ത തുടര്‍ച്ചയായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ എന്താണ് സന്തോഷിക്കാനുള്ളത്? പെരുകിക്കൊണ്ടിരിക്കുന്ന കേസുകളുടെ എണ്ണം കൊണ്ടും നഷ്ടപ്പെടുന്ന വിശ്വാസ്യത കൊണ്ടും കോടതികള്‍ നിലനില്‍ക്കുമ്പോള്‍ എവിടേക്കാണ് നാം സന്തോഷത്തിനായി തിരിയേണ്ടത്?

ഭരണത്തിലിരിക്കുന്നവര്‍ക്ക് സ്തുതി പാടുന്നവരായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഒരിടത്ത് ഇന്ത്യക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാന്‍ കഴിയും? അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ കുഴലൂത്തുകാരും എഡിറ്റര്‍മാര്‍ പി.ആര്‍ മാനേജര്‍മാരുമാകുന്ന യാഥാര്‍ഥ്യത്തെ നോക്കി സന്തോഷിക്കാന്‍ കഴിയുമോ?

155 രാജ്യങ്ങളുടെ കണക്കില്‍ നോര്‍വെയണ് ഏറ്റവും സന്തുഷ്‌രായ രാജ്യം. കഴിഞ്ഞ നാലു വര്‍ഷമായി ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ഡെന്‍മാര്‍ക്കിനെ പിന്തള്ളിയാണ് മൂന്നു സ്ഥാനം മുന്നോട്ടു കയറി നോര്‍വെ ഈ സ്ഥാനത്തെത്തിയത്.

ഒരു സമൂഹം സന്തുഷ്ടരായിരിക്കാന്‍ എന്താണ് വേണ്ടത്? ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഒരു സന്തുഷ്ട ഭൂതകാലത്തില്‍ അഭിരമിക്കുമ്പോഴോ? മറ്റുള്ളവര്‍ക്കു നേരെ വെറുപ്പ് ഉത്പാദിപ്പിക്കുമ്പോഴോ? വംശീയ വിദ്വേഷം ഒരു അജണ്ടയായി പ്രചരിക്കുമ്പോഴോ? എന്താണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ സന്തുഷ്ടരാക്കുന്നത്? എങ്ങശനയാണ് ഇവര്‍ സന്തോഷത്തെ അളക്കുന്നത്?

വിദഗ്ദ്ധരുടെ കണക്കില്‍ സന്തോഷം എന്നാല്‍, ഒരു കൂട്ടം കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഒന്നാണ്. ജി.ഡി.പി നിര്‍ണയിക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍, സാമൂഹിക സുരക്ഷ, ആരോഗ്യകരമായ ജീവിതദൈര്‍ഘ്യം, ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയവയാണ് അതിനുള്ള മാനദണ്ഡങ്ങളെന്ന് അവര്‍ പറയുന്നു.

സര്‍ക്കാരിന്റെ കണക്കില്‍ ഇന്ത്യയുടെ ജി.ഡി.പി ഏറ്റവും ഉയര്‍ന്നതാണ്. ബാക്കിയുള്ള കാര്യങ്ങള്‍: ഒന്നാലോചിച്ചു നോക്കൂ- നമുക്ക് ആരോഗ്യകരമായ ഒരു ജീവിത ദൈര്‍ഘ്യ അന്തരീക്ഷമുണ്ടോ? നമുക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? നമ്മളെത്രത്തോളം ഉദാരരാണ്? എന്താണ് അഴിമതിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട്?

ഇവിടെ അത്ഭുതത്തിനൊന്നും വലിയ കാര്യമില്ല. ജനാധിപത്യമില്ലാത്ത ചൈന, ഭീകരവാദികളുടെ പാക്കിസ്ഥാന്‍, അവികസിതമായ നേപ്പാള്‍, ബംഗ്ലാദേശ്, യുദ്ധം നശിപ്പിക്കുന്ന ഇറാഖ് ഇവരൊക്കെ ഇന്ത്യക്ക് മുന്നിലാണ്.

“പല രാജ്യങ്ങളുടേയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ഒരു കാര്യം മനസിലാകും, സന്തോഷം എന്നത് ഉറച്ച സാമൂഹിക ഘടനകള്‍ ഉണ്ടാക്കുക എന്നതാണ്. സാമൂഹികമായ വിശ്വാസം, ആരോഗ്യകരമായ ജീവിതം, തോക്കുകളോ മതിലുകളോ അല്ല, നമ്മുടെ നേതാക്കള്‍ മനസിലാക്കേണ്ടത് ഇതാണ്”- സാച്ചസ് തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു നിര്‍ത്തുന്നു.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍