TopTop
Begin typing your search above and press return to search.

വെള്ളക്കാരി, 54 വയസ്, ഗ്രാമീണ, ആജീവനാന്ത റിപ്പബ്ലിക്കന്‍; എന്നിട്ടുമെന്തേ ട്രംപിനെതിരെ?

വെള്ളക്കാരി, 54 വയസ്, ഗ്രാമീണ, ആജീവനാന്ത റിപ്പബ്ലിക്കന്‍; എന്നിട്ടുമെന്തേ ട്രംപിനെതിരെ?

ടെറന്‍സ് മക്കോയ്

162 മൈല്‍ ദൂരത്തേക്കുള്ള ബസ് യാത്രയില്‍അവര്‍ 71 മൈല്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. പുലര്‍ച്ചെ 3.30-നു പെന്‍സില്‍വാനിയയിലെ വില്ല്യംസ്പോര്‍ടില്‍ നിന്നും തുടങ്ങിയതാണ് യാത്ര. വാഷിംഗ്ടണ്‍ അടുക്കാറായി. ഒരു സ്ത്രീ കണ്ണാടി നോക്കുന്നു. മറ്റൊരാള്‍ കുഞ്ഞിനെ മടിയില്‍ ലാളിക്കുന്നു. മറ്റ് രണ്ടു പേര്‍ അവര്‍ ചെല്ലുന്നിടത്ത് എന്താകും സംഭവിക്കുക എന്നു സംസാരിക്കുന്നു.

ബസ് ബാള്‍ടിമോര്‍ വാഷിംഗ്ടണ്‍ പാര്‍ക്വെയില്‍ എത്തിയപ്പോള്‍ ജൊവാന്‍ ബാര്‍ ജനലിലൂടെ തല പുറത്തേക്കിട്ട് തന്നോടുതന്നെ പറഞ്ഞു, “ നിറയെ ബസുകള്‍. ഒരുപാടാളുകള്‍.”

അവര്‍ക്കൊപ്പം 42 പേരുണ്ട്. ഏതാണ്ട് 1,800 ബസുകള്‍ അതുപോലെ ആളുകളുമായി എത്തിയിട്ടുണ്ട്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉദ്ഘാടനത്തിനെതിരെ പ്രതിഷേധവുമായി വാഷിംഗ്ടണിലെത്തിയ പതിനായിരക്കണക്കിനാളുകളുടെ കൂട്ടത്തിലാണവര്‍. അവര്‍ മിക്കവരും വന്നത് ഹിലാരി ക്ലിന്‍റന്റെ അമേരിക്കയില്‍ നിന്നാണ്; ചിക്കാഗോയും അറ്റ്ലാന്‍റയും പോലുള്ള വലിയ നഗരങ്ങള്‍; അല്ലെങ്കില്‍ മിച്ചിഗന്‍, മാഡിസണ്‍, വിസ്കോണ്‍സിന്‍ തുടങ്ങിയ ചെറിയ നഗരങ്ങള്‍. പക്ഷേ ട്രംപിന്റെ ഉയര്‍ച്ചയ്ക്ക് ഇന്ധനമേകിയ അമേരിക്കയില്‍ നിന്നും വന്ന കുറച്ചുപേരുണ്ട്. അതാണ് വില്ല്യംസ്പോര്‍ടിലെ അമേരിക്ക.

സെന്റര്‍ പെന്‍സില്‍വാനിയയിലെ ഏതാണ്ട് 30,000 താമസക്കാരുള്ള ഒരു ചെറുനഗരം. അതിന്റെ സമ്പദ് രംഗവും സംസ്കാരവുമെല്ലാം നീണ്ടകാലമായി ഘനവ്യവസായങ്ങളെ കേന്ദ്രീകരിച്ചാണ്-ആദ്യം തടി, പിന്നെ നിര്‍മ്മാണമേഖല, ശേഷം പ്രകൃതി വാതകം-92% വെള്ളക്കാരാണ്. അതില്‍ 71%-വും ട്രംപിന് വോട്ടും ചെയ്തു.

മകള്‍ ആഷ്ലിക്കൊപ്പം(30) ബസിലുള്ള ബാറിന്(54) പരിചിതമായ ഏക അമേരിക്കന്‍ നഗരവും ഇതാണ്. ഇതുപോലൊന്ന് അവര്‍ ഒരിയ്ക്കലും ചെയ്യാന്‍ തുനിഞ്ഞിട്ടില്ല. ഒരിക്കല്‍ മാത്രമേ വാഷിംഗ്ടണില്‍ വന്നിട്ടുള്ളൂ. വലിയ നഗരങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു. വില്ല്യംസ്പോര്‍ടില്‍ ഒരു ഹാര്‍ഡ് വെയര്‍ കട നടത്തുകയാണ്. വെള്ളക്കാര്‍ മാത്രമാണു ജീവനക്കാര്‍, ഉപഭോക്താക്കളും വെള്ളക്കാര്‍ മാത്രമാണ്. അവര്‍ക്കാ ജോലി ഇഷ്ടമാണ്. പക്ഷേ പ്രചാരണക്കാലത്ത് ഓരോ ദിവസം കഴിയുന്തോറും വില്ല്യംസ്പോര്‍ടില്‍ പോലും അവര്‍ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

അവര്‍ സന്തോഷവതിയാണോ? ഇതാണോ അവര്‍ ജീവിക്കാന്‍ ആഗ്രഹിച്ച ജീവിതം? ജീവിതത്തിലെ ഈ ഘട്ടത്തില്‍-വിവാഹമോചിതയായ, മൂന്നു മക്കളുടെ അമ്മയായ മധ്യവയസ്ക- ഒരു മാറ്റം സാധ്യമാണോ?എന്തിനാണവര്‍ വന്നത്?

ബസില്‍ മുന്നിലായി അവര്‍ ഇരുന്നു. നിശ്ചയമില്ല, പക്ഷേ പ്രതീക്ഷയുണ്ട്. ഈ ജാഥ, വാഷിംഗ്ടനിലേക്കുള്ള ഈ വരവ്, ഒരുത്തരം നല്‍കിയേക്കും.

രണ്ടു ദിവസം മുമ്പ് വീട്ടില്‍ ഓരോഴിഞ്ഞ റഫ്രിജറേറ്ററിന്റെ മുന്നിലായിരുന്നു ബാര്‍.

“വീട്ടില്‍ ഭക്ഷണമില്ല,” കുന്നുകളിലേക്കുള്ള പാമ്പ് പോലെ പിരിയുന്ന വഴികള്‍ നീണ്ടുകിടക്കുന്ന തന്റെ വീടിന് മുന്നില്‍ നിന്നു അവര്‍ പറഞ്ഞു. നഗരത്തിനെറ്റ് തിരക്കുകളില്‍ നിന്നും മാറാനാണ് അവര്‍ അവിടെ താമസമാക്കിയത്. അപ്പുറത്തു തൂക്കിയിട്ട പലചരക്ക് പട്ടികയിലേക്ക് നോക്കി. Alcoholics Anonymous യോഗത്തിന്റെ കുറിപ്പുമുണ്ട്. അവരുടെ മകന്‍ ഈയിടെ അതില്‍ പങ്കെടുക്കാന്‍ തുടങ്ങി.

പലചരക്ക് പട്ടികയും കയ്യില്‍ വെച്ചു കാറിനടുത്തേക്ക് നീങ്ങി. അപ്പുറത്ത് ഈയിടെ വായിച്ചു തീര്‍ത്ത ലഹരി ആസക്തിയെയും വിടുതലിനെയും കുറിച്ചുള്ള 20 പുസ്തകങ്ങള്‍. “Addict in the Family”, “Heroine is Killing Our Children” തുടങ്ങിയവ.

ഇതൊക്കെ-ലഹരി ആസക്തി- വിജയിക്കാത്ത, മതഭക്തിയില്ലാത്ത, യാഥാസ്ഥിതികരല്ലാത്ത വീട്ടുകാര്‍ക്ക് സംഭവിക്കുന്ന കാര്യമാണെന്ന് ബാര്‍ കരുതിയിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ അത് അവരുടെ ഭര്‍ത്താവ് വേദന സംഹാരികളില്‍ നിന്നും കൊക്കേയിനിലേക്കും, മകന്‍ ഹെറോയിന്‍ അമിതോപയോഗത്തില്‍ മരണത്തിന്റെ ഏതാണ്ടടുത്തേക്കും പോകുന്നതിനു മുമ്പായിരുന്നു. എത്ര വേഗമാണ് വിജയം കടപ്പെട്ടു പോകുന്നതെന്ന്, മതം സംശയത്തിലേക്ക് നീങ്ങിപ്പോകുന്നതെന്ന്, യാഥാസ്ഥിതികത്വം ഇപ്പോള്‍ അവരെത്തിയിടത്തേക്ക് എത്തുമെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.

കാറോടിക്കാന്‍ തുടങ്ങിയപ്പോള്‍ റേഡിയോയും തുടങ്ങി. CNN റേഡിയോ; “ഇത് തുടക്കമാണ്, പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാഷിംഗ്ടണ്‍ ഡി സിയിലെ തുടക്കം.” മുമ്പൊക്കെ രാഷ്ട്രീയം തനിക്ക് മനസിലാകുന്ന ഒരു സംഗതിയല്ല എന്ന നിലയില്‍ അവര്‍ മാറ്റും. ഇപ്പോള്‍ പക്ഷേ താന്‍ ഇതൊക്കെ ശ്രദ്ധിച്ചുകേള്‍ക്കും എന്ന് അവര്‍ പറഞ്ഞു.

ഒരിക്കല്‍ ചെയ്തതും ചെയ്യാതിരുന്നതുമായ എല്ലാ കാര്യങ്ങളും അവര്‍ ഇടയ്ക്കു ഓര്‍ക്കാറുണ്ട്-ഇത്ര കാലം എങ്ങനെ ഇത്രയും അരക്ഷിതയായിരുന്നു എന്നും. എല്ലാ കാര്യങ്ങളും നോക്കുന്ന ഒരാളെ കല്ല്യാണം കഴിക്കണം എന്ന് മാത്രമായിരുന്നു അവളുടെ ആഗ്രഹം. അതുതന്നെ നടന്നു. ബില്ലിന് നഗരത്തില്‍ രണ്ട് ഹാര്‍ഡ് വെയര്‍ കടകളും വസ്തുക്കളും ഉണ്ടായിരുന്നു. മൂന്നു കുട്ടികളെ വലിയൊരു വീട്ടിലാണ് അവര്‍ വളര്‍ത്തിയത്. എന്താണ് നല്ലതെന്ന് തനിക്കറിയാമെന്ന് അയാള്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചു. കാലിയായ മരുന്നു കുപ്പികളും കുറിപ്പടികളും കണ്ടപ്പോളും മൂക്കില്‍ നിന്നു രക്തം വന്നപ്പോള്‍ പോലും. വര്‍ഷങ്ങളോളം അയാള്‍ എല്ലാത്തിനും ഒരു ന്യായം കണ്ടെത്തി, സെപ്റ്റംബര്‍ 2006 വരെ. അന്നയാള്‍ മുഷ്ടി ചുരുട്ടി അവളുടെ മുഖത്തിടിച്ചു, പരാതിയില്‍ പറയുന്ന പോലെ “പൊലീസിനെ വിളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.”

കാര്‍ തപാല്‍പ്പെട്ടിക്ക് അരികില്‍ നിര്‍ത്തി. “എനിക്കത് കിട്ടി,” ഒരു പൊതിയെടുത്ത് തുറന്ന് അവര്‍ പറഞ്ഞു. വാഷിംഗ്ടണിലെ സ്ത്രീ പ്രകടനത്തിന്റെ മുദ്രയുള്ള ചൂടുകുപ്പായമാണ്.

കാറോടിച്ചു പോകുന്ന വഴിയില്‍ വീടുകള്‍ക്ക് മുന്നില്‍ റിപ്പബ്ലികന്‍ പതാകകള്‍. “എല്ലായിടത്തും ട്രംപ് അടയാളങ്ങളാണ്. ഇവിടെ എവിടെപ്പോയാലും നിങ്ങള്‍ക്കത് കാണാം.”

ഇത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പേയാണെങ്കില്‍ അവരും അതൊക്കെ സ്വന്തമാക്കി വെക്കുമായിരുന്നു. അവരുടെ കുടുംബത്തില്‍ എല്ലാവരും, 2009-ല്‍ 52-ആമത്തെ വയസില്‍ ഹൃദയാഘാതം വന്നു മരിക്കും വരെ ബില്ലും, റിപ്പബ്ലിക്കന്‍ കക്ഷിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. പക്ഷേ ഈ പ്രചാരണം ഒരുപാട് ചോദ്യങ്ങളുയര്‍ത്തി, സമൂഹത്തെക്കുറിച്ച് മാത്രമല്ല, തന്നെക്കുറിച്ചും. സ്വന്തം മകന്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അംഗശേഷിക്കുറവുള്ളവരെ അപഹസിക്കുന്ന ഒരാളെ എങ്ങനെ പിന്തുണയ്ക്കും? സ്വയം ചെറിയ ഒരാളാണെന്ന് എപ്പോഴും കരുതുമ്പോള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന ഒരാള്‍ക്കായി ആളുകള്‍ക്ക് എങ്ങനെ ആര്‍പ്പുവിളിക്കാനാകും? വില്ല്യംസ്പോര്‍ടാണോ മാറിയത്? അതോ അവരാണോ മാറിയത്?

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കടയില്‍ വരുന്നവര്‍ ഹിലാരി ക്ലിന്‍റനെക്കുറിച്ച് അധിക്ഷേപിച്ചു സംസാരിച്ചത് കേട്ട അവര്‍ കടയില്‍ എഴുതിവെച്ചു; ‘No Sexism.” ബാരയെ ഒരു ‘തീവ്ര സ്ത്രീവാദി’ എന്നു വിളിച്ച ആണ്‍സുഹൃത്തുമായി അവര്‍ തര്‍ക്കിച്ചു. റിപ്പബ്ലിക്കനില്‍ നിന്നും ഡെമോക്രാറ്റിലേക്ക് അവര്‍ മാറി.

തെരഞ്ഞെടുപ്പിന്റെ അന്ന് രാത്രി അവര്‍ ഏറെ വൈകിവരെ ഉണര്‍ന്നിരുന്നു. റിപ്പബ്ലിക്കന്‍ ആശയങ്ങള്‍ക്കെതിരായ ആഷ്ലിക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു.

“നമുക്ക് പ്രസിഡണ്ട് ട്രംപ് എന്നു പറയേണ്ടിവരും എന്നാണ് തോന്നുന്നത്,”ബാര്‍ പറഞ്ഞു.

“ഞാനിനി ആരെയും വിശ്വസിക്കാന്‍ പോകുന്നില്ല,” ആഷ്ലി പറഞ്ഞു.

“നിറയെ മോശം മനുഷ്യര്‍,” ബാര്‍ പറഞ്ഞു. “പക്ഷേ ഈ തെരഞ്ഞെടുപ്പ് എന്നെ ശാക്തീകരിക്കുന്നതില്‍ ഒരു കാര്യം ചെയ്തു. പണിക്ക് വരുന്നവര്‍ നാളെ ഒരു പുതിയ ആളെയായിരിക്കും കാണുക.”

“ജോലിസ്ഥലത്ത് കരയുകയോ അലറുകയോ ചെയ്തോ,?” അടുത്ത ദിവസം ആഷ്ലി ചോദിച്ചു.

“എങ്ങനെയാണ് ദിവസം കടന്നുപോകാന്‍ പോകുന്നതെന്ന് എനിക്കറിയില്ല,” ബാര്‍ മറുപടി നല്കി. “എനിക്കൊരു പുതിയ ബന്ധം വേണം, പുതിയ വീട്, പുതിയ ജോലി, എല്ലാം.”

അപ്പോഴാണ് അവര്‍ സ്ത്രീകളുടെ പ്രകടനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടത്. ഇപ്പോള്‍ ആ ജാഥയ്ക്ക് ഒപ്പം പോകാനെത്തുന്ന മകള്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ പലചരക്ക് കടയില്‍ വന്നിരിക്കയാണവര്‍. മടങ്ങുമ്പോള്‍ കാറില്‍ വീണ്ടും റേഡിയോ വെച്ചു. ട്രംപിനെക്കുറിച്ചാണ് പറയുന്നതു;

“ഈ നിമിഷത്തില്‍ അതൊരു അവ്യക്തമായ വരയാണ്. എപ്പോഴാണ് പ്രദര്‍ശനം അവസാനിക്കുക, എപ്പോഴാണ് യാഥാര്‍ത്ഥ്യം തുടങ്ങുക എന്ന് പറയാനാവില്ല.”

യാഥാര്‍ത്ഥ്യം: ബാര്‍ നിശബ്ദയായി കേട്ടുകൊണ്ടിരുന്നു.

ജാഥയുടെ അന്ന് പുലര്‍ച്ചെ 2:55 നു തന്റെ കുപ്പായവുമായി അവര്‍ തയ്യാറായി. പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടു ഉണര്‍ന്നിരിക്കുകയായിരുന്നു അര്‍ദ്ധരാത്രി വരെ. അക്രമാസക്തമാകുമോ എന്നെല്ലാം ആശങ്ക വാര്‍ത്തകളിലുണ്ട്. ഒന്നും പേടിക്കാനില്ലെന്ന് ആഷ്ലി ധൈര്യം കൊടുത്തിരുന്നു.

കാറോടിക്കാന്‍ തുടങ്ങി. മഞ്ഞുകാരണം അധികമൊന്നും കാണാനില്ല. കുറെ കാറുകള്‍ എത്തിയിട്ടുണ്ട്. പതുക്കെ ആദ്യത്തെ ബസ് നീങ്ങാന്‍ തുടങ്ങി. പിന്നെ അടുത്തത്, പിന്നാലേ മൂന്നാമത്തേതും.

“നമ്മള്‍ വിചാരിച്ചതിലും ആളുകളുണ്ട്,” അവര്‍ ആഷ്ലിയോട് പറഞ്ഞു.

നിറയെ സ്ത്രീകളെ ബാര്‍ കണ്ടു. വൃദ്ധകള്‍, ചെറുപ്പക്കാരികള്‍, കുട്ടികള്‍. വാഷിംഗ്ടണിലോ ഒരു പ്രതിഷേധത്തിനോ അപൂര്‍വമായി മാത്രം പോയവര്‍. ആളുകള്‍ പരസ്പരം പരിചയപ്പെടുന്നു. ഉദ്ഘാടനത്തിന് വന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ പ്രതിഷേധത്തിന്നുണ്ടാകുമെന്ന് ചിലര്‍ പറയുന്നു. ലോകത്ത് കഴിഞ്ഞ രാത്രി നടന്ന പ്രകടനങ്ങളെക്കുറിച്ചാണ് മറ്റ് ചിലര്‍ സംസാരിക്കുന്നത്.

ബാര്‍ ഏറെയും കേട്ടിരുന്നു. എന്നും അറിയുന്നവരില്‍ നിന്നും വ്യത്യസ്തരായി തോന്നിയില്ല. എങ്കിലും ദുര്‍ബലമായതും പുതിയതുമായ എന്തോ ഒന്നിന്റെ തുടക്കം പോലെ.

ബാര്‍ ബസില്‍ മുന്നില്‍ ഒരു സീറ്റിലിരുന്നു. ആഷ്ലിക്കാണ് ബസിന്റെ ചുമതല. അവള്‍ കണക്കെടുപ്പ് നടത്തുകയും നിര്‍ദേശം നല്കുകയും ഒക്കെ ചെയ്യുന്നു.

അപ്പോള്‍ ചുവന്ന ചുരുണ്ട മുടിയുള്ള ഒരു സ്ത്രീ ബസില്‍ ചോദിച്ചു, “എന്റെ കയ്യില്‍ League of Women Voters-ന്റെ കുറച്ചു അപേക്ഷാപത്രങ്ങളുണ്ട്. ആര്‍ക്കെങ്കിലും വേണോ?”

ബാര്‍ അങ്ങനെയൊന്നിനെക്കുറിച്ച് മുമ്പ് കേട്ടിട്ടെ ഇല്ലായിരുന്നു. ആ സ്ത്രീ ബാറിന്റെ മുന്നിലെത്തി.

ആ നിമിഷത്തില്‍, ബാര്‍ മൈലുകളോളം ഒരു പ്രതിഷേധ പ്ലക്കാര്‍ഡും പിടിച്ച് നടക്കാന്‍ തുടങ്ങിയിരുന്നില്ല; ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് മുന്നില്‍ ആദ്യം നിശബ്ദയായും പിന്നെ ഉച്ചത്തിലും അവര്‍ നിന്നിട്ടില്ല; ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെ അപ്പോഴും കണ്ടിരുന്നില്ല. വില്ല്യംസ്പോര്‍ടിലേക്ക് മടങ്ങിച്ചെല്ലുന്നത് തിരിച്ചുകയാറാനകാത്ത ഒരു കുഴിയിലേക്കെന്നപോലെയാകും എന്നതാണ് ഏറ്റവും വലിയ ഭയമെന്ന് തിരിച്ചറിഞ്ഞിരുന്നുമില്ല.

ആ നിമിഷത്തില്‍, ബസില്‍ ആ സ്ത്രീ വേണ്ടും ചോദിക്കുന്നു, “നിങ്ങള്‍ക്കൊരെണ്ണം വേണോ?”

നീണ്ടൊരു നിമിഷം.

“വേണം,”ബാര്‍ പറഞ്ഞു. “ഞാനൊരെണ്ണം എടുക്കുന്നു.”

ബസ് ഡ്രൈവര്‍ ജി പി എസില്‍ വാഷിംഗ്ടണ്‍ എന്ന് അടയാളപ്പെടുത്തി. ബസ് മഞ്ഞിലേക്ക് മുരണ്ടു. രാജ്യത്തിന്റെ തലസ്ഥാനത്തെക്കാണ് ആ വണ്ടി നീങ്ങിയത്.


Next Story

Related Stories