UPDATES

ഓഫ് ബീറ്റ്

ചരിത്രത്തില്‍ ഇന്ന്; സതി നിരോധിച്ചു

Avatar

1829 ഡിസംബര്‍ 4

1829 ഡിസംബര്‍ 4-നായിരുന്നു ബ്രട്ടീഷ് ഇന്ത്യ സതിയെന്ന അനാചാരം നിയമം മൂലം നിരോധിച്ചത്. ഗവര്‍ണര്‍-ജനറല്‍ ലോര്‍ഡ് വില്ല്യം കവെന്‍ഡിഷ് ബെന്‍ഡികായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിധവകളായ സ്ത്രീകള്‍ സ്വമേധയാലോ നിര്‍ബന്ധപൂര്‍വ്വമോ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യചെയ്യുന്ന ഒരു ദുരാചാരമായിരുന്നു സതി. ഇങ്ങനെ ആത്മഹത്യചെയ്ത സ്ത്രീയെ ഈശ്വര തുല്യമായിട്ട് ആളുകള്‍ കരുതുകയും ആരാധിക്കുകയും ചെയ്തുപോന്നു. സതി ആദ്യം നിരോധിച്ചത് 1515-ല്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാരായിരുന്നു.

1798-ല്‍ കല്‍ക്കട്ട നഗരത്തിലും സമീപ പ്രദേശങ്ങളിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് സതി നിരോധിച്ചിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് 1817-ല്‍ 700-ഓളം വിധവകളാണ് ബംഗാളിലെ ഗ്രാമങ്ങളില്‍ സതി അനുഷ്ഠിച്ചിരിക്കുന്നത്. മത പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സൂഫി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ സാമൂഹിക പരിഷ്‌കര്‍ത്താവ് രാജാറാം മോഹന്‍ റോയി സതിക്കെതിരെ പ്രചരണം നടത്തി. 1815ല്‍ താന്‍ സാക്ഷിയായ ഭീകര ദൃശ്യമാണ് മോഹന്‍ റോയിയെ സതിക്കെതിരെ നീങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് കഥ. വിധവയായ തന്റെ അര്‍ദ്ധ സഹോദരി ഭര്‍ത്താവിന്റെ ചിതയില്‍ ചാടുന്നതായിരുന്നു അത്. സതിക്കെതിരെ ബ്രട്ടീഷ് ഗവണ്‍മെന്റിന് പരാതി നല്‍കുകയും, ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പാകെ വിഷയം അവതരിപ്പിക്കാനായി ഇംഗ്ലണ്ടില്‍ പോവുകയും ചെയ്തു. 

റോയിയുടെ നിലപാടില്‍ ആകൃഷ്ടരായ പുരോഗമനവാദികളായ ജെയിംസ് മില്ലും, ബെന്‍ഡികും സതി എന്ന ദുരാചരത്തെ 1828-ല്‍ ബ്രട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇന്ത്യയിലെ പ്രാദേശിക ഭരണാധികാരികളോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ബെന്‍ഡിക് ആവിശ്യപ്പെടുകയായിരുന്നു. 1829-ല്‍ നവംബറില്‍ സതി നിരോധിക്കാന്‍ ധാരണയാവുകയും ഡിസംബറില്‍ ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് 800-ഓളം പേര്‍ ലണ്ടനിലെ പ്രിവ്യൂ കൗണ്‍സിലിന് ഹര്‍ജി നല്‍കി. 1832-ല്‍ പ്രിവ്യൂ കൗണ്‍സില്‍ ആ ഹര്‍ജി തള്ളി, സതി നിരോധന ഉത്തരവ് രാജ്യം മുഴുവന്‍ നടപ്പാക്കി.

എന്നാല്‍ 1980 കള്‍ വരെ ഒറ്റപ്പെട്ട സതി സംഭവങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1987-ല്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഡെറാല ഗ്രാമത്തില്‍ രജ്പുത് യുവതിയായ രൂപ് കന്‍വര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുണ്ടായി.  മാല്‍ സിംഗ് ഷേക്കാവത് എന്നയാളെ വിവാഹം കഴിച്ചിട്ട് എട്ടുമാസമെ അയിരുന്നുള്ളൂ 18-വയസായിരുന്ന രൂപ് കന്‍വര്‍ എന്ന യുവതിക്ക്.  യുവതി സതി അനുഷ്ഠിക്കുന്നത് കാണുവാന്‍ ആയിരകണക്കിനാളുകളാണ് പങ്കെടുത്തത്. ഈ ദുരാചാരം പരിഷ്‌കൃത സമൂഹത്തിലേക്ക് ചലിക്കുന്ന ഇന്ത്യക്കെതിരാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ ധാരാളം എതിര്‍പ്പുകളും പരാതികളുമുണ്ടായി. ഇതിനെ തുടര്‍ന്ന് 1987-ല്‍ ഒക്ടോബര്‍ ഒന്നിന് ‘രാജസ്ഥാന്‍ സതി നിരോധന ഉത്തരവ്’ കമ്മീഷന്‍ ചെയ്യുകയും അത് പിന്നീട് ‘1987 സതി (നിരോധനം) ആക്ട്’- ആവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍