TopTop
Begin typing your search above and press return to search.

2001 ജനുവരി 15: വിക്കിപീഡിയ ഔദ്യോഗികമായി നിലവില്‍ വന്നു

2001 ജനുവരി 15: വിക്കിപീഡിയ ഔദ്യോഗികമായി നിലവില്‍ വന്നു

ജിമ്മി വെയ്ല്‍സും ലാറി സാങ്കറും ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം 2001 ജനുവരി 15-ന് വിക്കിപീഡിയ ഔദ്യോഗികമായി നിലവില്‍ വന്നു. 1993-ല്‍ ഒരു ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് റിക് ഗേറ്റ്‌സായിരുന്നു. എന്നാല്‍ സര്‍വതന്ത്ര സ്വതന്ത്രമായ ഒന്ന് (വെറും ഓപ്പണ്‍ സോഴ്‌സില്‍ നിന്നും വ്യത്യസ്തമായി) എന്ന സങ്കല്‍പത്തിന് 2000-ല്‍ റിച്ചാഡ് സ്റ്റോള്‍മാനാണ് വിത്തുപാകിയത്. ഒരു കേന്ദ്ര നേതൃത്വവും ആശയവിനിമയത്തെ നിയന്ത്രിക്കരുത് എന്നായിരുന്നു സ്റ്റോള്‍മാന്റെ നിര്‍ണായക സങ്കല്‍പം. മറ്റ് ഓണ്‍ലൈന്‍ വിജ്ഞാന കോശങ്ങളായ മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട, എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എന്തിന് വിക്കിപീഡിയയുടെ നേര്‍ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ബോമീസ് ന്യൂപീഡിയയില്‍ നിന്നും നേര്‍വിപരീതമായ സങ്കല്‍പമായിരുന്നു സ്‌റ്റോള്‍മാന്‍ മുന്നോട്ട് വച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വിവരസാങ്കേതികവിദ്യയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ വിജ്ഞാനകോശങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പുസ്തകാധിഷ്ടിതമായിരുന്നെങ്കില്‍, മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട സിഡികളിലും മറ്റും ലഭ്യമായിരുന്നു. വേള്‍ഡ് വൈഡ് വെബ്ബിന്റെ വ്യാപനം ഇന്റര്‍നെറ്റ് സര്‍വവിജ്ഞാനകോശം എന്ന ആശയത്തിന് വഴിവെച്ചു. വെയ്ല്‍സ് സ്ഥാപിച്ച ന്യൂപീഡിയയ്ക്ക് വിവരങ്ങള്‍ കൈമാറുക എന്ന നിലയിലായിരുന്നു വിക്കിപീഡിയ തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ജിമ്മി വെയ്ല്‍സ്, ടിം ഷെല്‍, മൈക്കിള്‍ ഇ ഡേവിസ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതും ബോമിസ് പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ആദ്യകാല സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായിരുന്നു ന്യൂപീഡിയ. തുടക്കത്തില്‍, പ്രത്യേക ലേഖനങ്ങളും വിവരങ്ങളും ആശയങ്ങളും സംഭാവന ചെയ്തുകൊണ്ട് ന്യൂപീഡിയയെ പരിപോഷിപ്പിക്കുക എന്നതായിരുന്നു വിക്കിപീഡിയ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ വിവിധ ഭാഷകളില്‍ ആഗോള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിരവധി ഗവേഷണങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ വിവര പരിശോധനയ്ക്ക് പാത്രമാവുകയും ചെയ്തുകൊണ്ട് വിക്കിപീഡിയ അതിവേഗം ന്യൂപീഡിയയെ കവച്ചു വച്ചു. ന്യൂപീഡിയയുടെ മുഴുവന്‍ സമയ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ലാറി സാംഗറാണ് പുതിയ പദ്ധതിക്ക് സ്വന്തമായി ഒരു പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെ 2001 ജനുവരി 15-ന് വിക്കിപീഡിയ സ്വന്തം ഡൊമൈനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സാന്‍ ഡിയാഗോയിലുള്ള സെര്‍വറും ബാന്റ്വിഡ്തും സംഭാവന ചെയ്തത് ബോമിസായിരുന്നു. ബോമിസിന്റെ സഹസ്ഥാപകനും പിന്നീട് സിഇഒയുമായി മാറിയ ടിം ഷെല്ലും പ്രോഗ്രാമറായിരുന്ന ജേസണ്‍ റിച്ചിയും ഉള്‍പ്പെടെയുള്ള ബോമിസിന്റെ ജീവനക്കാര്‍ പുതിയ സര്‍വവിജ്ഞാന കോശത്തില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് സംഭാവന നല്‍കി. ജനുവരി 17ന് പദ്ധതി ഔദ്ധ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ആശയ സൃഷ്ടികള്‍ നടത്താന്‍ ആഗോളതലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. 2001 സെപ്തംബര്‍ 20 വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത ആദ്യമായി മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

2001 ഫെബ്രുവരി 12-ന് പദ്ധിക്ക് ആയിരും ലേഖനങ്ങള്‍ ലഭിക്കുകയും സെപ്തംബര്‍ ഏഴോട് അത് പതിനായിരമായി വര്‍ദ്ധിക്കുകയും ചെയ്തു. പ്രതിമാസം 1500 എന്ന ശരാശരിയില്‍ നിലവില്‍ വന്ന് ആദ്യ വര്‍ഷത്തിനുള്ളില്‍ 20,000 വിവരങ്ങള്‍ സൃഷ്ടിക്കാന്‍ വിക്കിപീഡിയയ്ക്ക് സാധിച്ചു. 2002 ഓഗസ്റ്റ് 30 വെള്ളിയാഴ്ച പുറത്തിറങ്ങിയ കണക്കു പ്രകാരം 40,000 ആശയങ്ങളാണ് വിക്കിപീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. അലക്‌സ.കോമിന്റെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ആറ് ജനകീയ വെബ്‌സൈറ്റുകളില്‍ ഒന്നാണ് വിക്കിപീഡിയ. പ്രതിമാസം ഏകദേശം 495 ദശലക്ഷം വായനക്കാരാണ് വിക്കിപീഡിയയ്ക്കുള്ളത്. വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിന് ഏകദേശം 5,324,7147 പേജുകളാണുള്ളത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ ബഹുഭാഷയിലുള്ള ഏകദേശം 2000 അച്ചടി വാല്യങ്ങള്‍ക്ക് തുല്യമാണിത്.


Next Story

Related Stories