TopTop
Begin typing your search above and press return to search.

വിംബിള്‍ഡണ്‍: ഇനിയുള്ള രണ്ടാഴ്ച പുല്ലാണേ.. പുല്ലാണേ!

വിംബിള്‍ഡണ്‍: ഇനിയുള്ള രണ്ടാഴ്ച പുല്ലാണേ.. പുല്ലാണേ!

പതിവിനു വിരുദ്ധമായി ഇത്തവണ റൊളാങ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍നിന്ന് വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടിലേക്ക് മൂന്നാഴ്ചയുടെ അകലമുണ്ട്. വര്‍ഷങ്ങളായി ടെന്നീസ് സീസണില്‍ പുല്‍ക്കോര്‍ട്ടിന്റെ പ്രാതിനിധ്യം ഫ്രഞ്ച് ഓപ്പണു ശേഷമുള്ള രണ്ടാഴ്ചകളില്‍ അരങ്ങേറുന്ന വാംഅപ് ടൂര്‍ണമെന്റുകളിലും വിംബിള്‍ഡണിലും മാത്രം ഒതുങ്ങുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ കളിമണ്ണില്‍ കളി നടന്നിരുന്ന സ്റ്റുട്ഗാഡില്‍ ഇത്തവണ പുല്ലുവിരിച്ച് ഈ ഇടവേളയിലെ ഒഴിവ് നികത്തിയപ്പോള്‍, നോട്ടിംഗ്ഹാമിലെ പുതിയ ഡബ്യൂ ടി എ ടൂര്‍ണമെന്റിലൂടെ വനിതകളും ഗ്രാസ് കോര്‍ട്ടിലേക്കിറങ്ങി. ക്വീന്‍സും ഹാലെയും എറ്റിപി 500 ടൂര്‍ണമെന്റായി ഉയര്‍ത്തപ്പെട്ടു. അങ്ങനെ പതിവിലും കൂടുതല്‍ തയ്യാറെടുപ്പോടെയാണ് ഇത്തവണത്തെ വിംബിള്‍ഡണില്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നത്.

നിലവിലെ ചാമ്പ്യനായ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോറ്റശേഷം മൂന്നാഴ്ച വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച സെന്റര്‍ കോര്‍ട്ടില്‍ സീസണിലെ തന്റെ ആദ്യ ഗ്രാസ് കോര്‍ട്ട് മത്സരത്തിനിറങ്ങുന്ന ജോക്കോവിച്ചിന് താരതമ്യേന ശക്തനായ ഫിലിപ് കോള്‍ഷ്രീബറാണ് എതിരാളി. അവിടെനിന്ന് അങ്ങോട്ട് ജോക്കോവിച്ചിന്റെ വഴി തരതമ്യേന സുഗമമാണ്. പുല്‍ക്കോര്‍ട്ടില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ മുന്‍നിര താരങ്ങളായ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍ വവ്‌റിങ്ക, നിഷിക്കോറി എന്നിവര്‍ മുന്നോട്ടുള്ള വഴിയില്‍ ജോക്കോവിച്ചിനു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല.

ബിഗ് 4 (ഫെഡറര്‍, ജോക്കോവിച്ച്, നദാല്‍, മറെ)ല്‍ റഫേല്‍ നദാല്‍ ഇത്തവണ പത്താം സീഡായി എത്തുന്നത് മുന്‍നിര താരങ്ങളുമായി നേരത്തെ തന്നെ മാറ്റുരയ്‌ക്കേണ്ടി വരുമെന്ന സ്ഥിതിയുണ്ടാക്കുന്നു. ഇതില്‍ ഫെഡററും നദാലും മറെയും ഡ്രോയില്‍ ഒരേ പകുതിയിലാണ്. അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ നദാലിന് നാലാം റൗണ്ടില്‍ ഏഴാം സീഡ് ഡേവിഡ് ഫെററിനെ നേരിടേണ്ടി വരും. അവിടെനിന്ന് മുന്നോട്ട് പോയാല്‍ ആന്‍ഡി മറെ ആണ് ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്. പക്ഷെ മറെയ്ക്ക് ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ജോ വില്‍ഫ്രെഡ് സോംഗയെയോ ഇവോ കാലോവിച്ചിനെയോ നാലാം റൗണ്ടില്‍ മറികടക്കേണ്ടി വരും.

ഹാലെയിലെ പുല്‍ക്കോര്‍ട്ടില്‍ എട്ടാമത്തെ കിരീടം നേടിയെത്തുന്ന രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ക്ക് തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടത്തിലേക്കുള്ള യാത്ര അത്ര സുഗമമല്ല. ആദ്യ മൂന്നു റൗണ്ടുകളില്‍ അധികം വിയര്‍ക്കാതെ മുന്നോട്ട് പോകാം. നാലാം റൗണ്ടില്‍ ഫെലിസിയാനോ ലോപ്പസ് അധികം വെല്ലുവിളിയാവാന്‍ സാദ്ധ്യതയില്ല. എന്നാല്‍ ക്വാര്‍ട്ടറില്‍ തോമസ് ബെര്‍ഡിച്ചാവും ഫെഡററുടെ എതിരാളി. 2010ലെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ ഫെഡറര്‍ ബെര്‍ഡിച്ചിനോട് തോറ്റിരുന്നു. സീഡിംഗ് പ്രകാരം കളി മുന്നോട്ട് പോയാല്‍ ഫെഡറര്‍ മറെ പോരാട്ടം സെമിയില്‍ കാണാം.

ജോക്കോവിച്ച് ഫൈനലിലെത്തുമെന്ന് ഏതാണ്ട് ഉറപ്പിക്കാമെങ്കില്‍, മറുപകുതിയില്‍നിന്ന് ഫൈനലിലെത്തുന്നതാരാവും എന്നത് ഏറെക്കുറേ പ്രവചനാതീതമാണ്.

വനിതകളില്‍ ആറാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടെത്തുന്ന ഒന്നാം സീഡ് സെറീന വില്യംസിനു തന്നെയാണ് കൂടുതല്‍ സാധ്യത. യുഎസ്, ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണുകളില്‍ നിലവിലെ ചാമ്പ്യനായ സെറീനയ്ക്ക് വിംബിള്‍ഡണ്‍ ജയിച്ചാല്‍ നാലു മേജറുകളും ഒരേ സമയം നിലനിര്‍ത്തുന്നു എന്ന അപൂര്‍വ ബഹുമതി സ്വന്തമാകും. നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പെട്രാ ക്വിറ്റോവ, സിമോണ ഹാലെപ്, മരിയ ഷറപ്പോവ എന്നിവരാണ് സീഡിംഗില്‍ രണ്ടു മുതല്‍ നാലു വരെയുള്ള താരങ്ങള്‍.

സെറീനയുടെ മുന്നോട്ടുള്ള വഴിയില്‍, നാലാം റൗണ്ടില്‍ സഹോദരിയും അഞ്ച് തവണ ജേതാവുമായ വീനസ് വില്യംസുമായി ഏറ്റുമുട്ടേണ്ടി വരും. 2000ലെ സെമിക്ക് ശേഷം ഇതാദ്യമായിട്ടാവും ഇരുവരും വിംബിള്‍ഡണില്‍ ഫൈനലിനു മുന്‍പ് ഏറ്റുമുട്ടുന്നത്. നാലാം റൗണ്ടില്‍ 'ജയിക്കുന്ന വില്യംസി'ന്റെ ക്വാര്‍ട്ടറിലെ എതിരാളി അന ഇവാനോവിച്ചും സെമിയില്‍ മരിയ ഷറപ്പോവയുമാവാനാണ് സാധ്യത.

അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ രണ്ടാം സെമിയില്‍ ക്വിറ്റോവയും ഹാലെപ്പും മുഖാമുഖം വരും. എന്നാല്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് ലൂസി സഫറോവ, കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് യൂജിന്‍ ബോഷാഡ്, സ്ലൊവാന്‍ സ്റ്റീഫന്‍സ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ക്വിറ്റോവയുടെയും ഹാലെപ്പിന്റെയും സെമി മോഹങ്ങള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നു.

എന്തായാലും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും പരമ്പരാഗത ഗ്രാസ് കോര്‍ട്ട് ശൈലിയായ സെര്‍വ് ആന്‍ഡ് വോളി വിംബിള്‍ഡണില്‍നിന്ന് അകന്നു നില്‍ക്കും. മാറുന്ന ശൈലിയുടെ അടയാളമെന്ന പോലെ ബേസ് ലൈന്‍ ഭാഗത്ത് മാത്രം പുല്ലില്ലാത്ത സെന്റര്‍ കോര്‍ട്ടിലാവും ഇത്തവണയും വിംബിള്‍ഡണിലെ കലാശപ്പോരാട്ടങ്ങള്‍ അരങ്ങേറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories