TopTop
Begin typing your search above and press return to search.

ഒരു വിംബിള്‍ഡണ്‍ കൂടി അവസാനിക്കുമ്പോള്‍

ഒരു വിംബിള്‍ഡണ്‍ കൂടി അവസാനിക്കുമ്പോള്‍

തന്റെ കളിമികവിനോട് നീതി പുലര്‍ത്തിക്കൊണ്ടുത്തന്നെ ഫൈനലിലെത്തിയ റോജര്‍ ഫെഡറര്‍, ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച റിട്ടേണറായ നോവാക് ജോക്കോവിച്ചിനു മുന്നില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അടിയറവു പറഞ്ഞു. കഴിഞ്ഞ തവണത്തെ ഫൈനല്‍ അഞ്ചാം സെറ്റിലേക്ക് നീണ്ടെങ്കില്‍ ഇത്തവണ നാലു സെറ്റില്‍ തന്നെ കാര്യങ്ങള്‍ തീര്‍പ്പായി. മൂന്നാം വിംബിള്‍ഡണ്‍ കിരീടം നേടിയ ജോക്കോവിച്ചിന്റെ ഒന്‍പതാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. വനിതകളില്‍ ആറാം കിരീടം നേടിയ സെറീനയുടെ പേരിലാണ് നിലവില്‍ എല്ലാ ഗ്രാന്‍ഡ്സ്ലാം വനിതാ സിംഗിള്‍സ് കിരീടങ്ങളും. മൊത്തം ഗ്രാന്‍ഡ്സ്ലാം സമ്പാദ്യം 21. യു എസ് ഓപ്പണ്‍ കൂടി ജയിച്ച് കലണ്ടര്‍ സ്ലാം ജയിക്കാനാവും 33-കാരിയായ സെറീനയുടെ അടുത്ത ശ്രമം.

ആണുങ്ങളുടെ വിംബിള്‍ഡണ്‍
ഫെഡറര്‍ - ജോക്കോവിച്ച് ഫൈനല്‍, ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഏറ്റവും കൃത്യതയോടെ തന്റെ ശൈലി പ്രാവര്‍ത്തികമാക്കിയ ജോക്കോവിച്ച്, ബേസ് ലൈന്‍ റാലികളിലേക്ക് ഫെഡററെ തളയ്ക്കുകയും അതുവഴി പിഴവുകളിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍, തന്റെ സ്വതസിദ്ധമായ ആക്രമണം നടത്താനുള്ള സ്‌പേസ് പലപ്പോഴും ഫെഡറര്‍ക്ക് നഷ്ടമായി; പ്രത്യേകിച്ച് സുപ്രധാന പോയിന്റുകളില്‍. ജോക്കോവിച്ചിനെ തളയ്ക്കാനുള്ള വഴി അതിരുകടന്ന ആക്രമണശൈലിയാണെന്ന് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക തെളിയിച്ചതാണ്. സെമിയില്‍ മറെയ്‌ക്കെതിരെ കൃത്യമായി അറ്റാക്കിംഗ് ടെന്നീസ് കളിച്ച ഫെഡറര്‍ക്ക് ഫൈനലില്‍ തന്റെ പ്രധാന ആയുധമായ ഫസ്റ്റ് സെര്‍വ് അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാതെ പോയത് കളിയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമായി.

നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌കെയെ മറികടന്നാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. റോജര്‍ ഫെഡററിന്റെ സെമിയിലെ എതിരാളി സ്‌കോട്ടിഷ് താരം ആന്‍ഡി മറെ ആയിരുന്നു. ഈ സീസണില്‍ ഇതുവരെ മികച്ച പ്രകടനം നടത്തി വന്ന ആന്‍ഡി മറെയ്ക്കായിരുന്നു പലരും സെമിയില്‍ കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നിലൂടെയാണ് ഫെഡറര്‍ മറെയെ മറികടന്നത്. പക്ഷെ ഫൈനലില്‍ ഫെഡറര്‍ക്ക് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. എന്നാലും അടുത്ത മാസം 34 തികയുന്ന ഫെഡറര്‍ക്ക് ആശ്വസിക്കാനാവുന്ന പ്രകടനമാണ് ഇത്തവണത്തെ വിംബിള്‍ഡണിലേത്.

ഫൈനലിലേക്കുള്ള വഴിയില്‍ കെവിന്‍ ആന്‍ഡേഴ്‌സണുമായുള്ള നാലാം റൗണ്ട് കളിയില്‍ നന്നേ വിയര്‍പ്പൊഴുക്കിയായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളുടെ പട്ടികയില്‍ ഈ മത്സരം സ്ഥാനം പിടിക്കുമെന്നുറപ്പ്. ആദ്യ രണ്ടു സെറ്റുകള്‍ ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ആന്‍ഡേഴ്‌സണെതിരെ അഞ്ചാം സെറ്റില്‍ 7-5 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്.

ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്കയും റിച്ചാര്‍ഡ് ഗാസ്‌കെയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ആവേശം നിറഞ്ഞ മറ്റൊരു പോരാട്ടം. അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ അഞ്ചാം സെറ്റില്‍ 5-3 എന്ന സ്‌കോറില്‍ മാച്ചിനായി സെര്‍വ് ചെയ്ത ഗാസ്‌കെയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് തിരിച്ചടിച്ച വാവ്‌റിങ്ക അവസാനം കീഴടങ്ങിയത് 11-9-നാണ്.


ബിഗ് ഫോറില്‍നിന്ന് ബിഗ് വണ്ണിലേക്കുള്ള മാറ്റം
2003-ല്‍ ആദ്യ വിംബിള്‍ഡണ്‍ നേടിയതു മുതല്‍ 2007 വരെ ഫെഡററുടെ ജൈത്രയാത്രയായിരുന്നു. വിംബിള്‍ഡണില്‍ മാത്രമല്ല. ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ ഏതാണ്ടെല്ലാ ടൂര്‍ണമെന്റുകളിലും ആധിപത്യം നിലനിര്‍ത്തി മുന്നേറിയ ഫെഡററുടെ പ്രധാന എതിരാളി 2005 മുതല്‍ റാഫേല്‍ നദാലായിരുന്നു. ജോക്കോവിച്ച് എന്ന താരം ഉദയം കൊണ്ടതും ഈ കാലഘട്ടത്തിലാണ്. പിന്നീട് ആന്‍ഡി മറെ കൂടി മുന്‍നിരയിലേക്ക് വന്നതോടെ മിക്ക ടൂര്‍ണമെന്റുകളിലും തീപാറുന്ന പോരാട്ടങ്ങള്‍ കാണാന്‍ തുടങ്ങി. ഫെഡററും നദാലും ജോക്കോവിച്ചും മറെയും അടങ്ങുന്ന ബിഗ് ഫോര്‍ വാണ കാലമായിരുന്നു പിന്നീടിങ്ങോട്ട്. ബ്രിട്ടന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം കൈവരിച്ചെങ്കിലും ബിഗ് ഫോറിലെ മറ്റു മൂന്നു പേര്‍ക്കൊപ്പമെത്തുന്ന ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍ മറെയ്ക്ക് അന്യമായിരുന്നു.

2005ലെ ഫ്രഞ്ച് ഓപ്പണ്‍ മുതല്‍ 2015 വിംബിള്‍ഡണ്‍ വരെയുള്ള 42 ഗ്രാന്‍ഡ്സ്ലാമുകളില്‍ നാലെണ്ണമൊഴികെ എല്ലാം ഈ നാലു പേര്‍ക്ക് സ്വന്തം. ഫെഡറര്‍ 13 (ഫെഡററുടെ മറ്റ് നാല് കിരീടങ്ങള്‍ ഈ കാലയളവിനു മുന്‍പായിരുന്നു), നദാല്‍ 14, ജോക്കോവിച്ച് 9, മറെ 2.

ഇത്തവണ പത്താം സീഡായി എത്തിയ നദാല്‍ ജര്‍മന്‍ ക്വാളിഫയര്‍ താരം ഡസ്റ്റിന്‍ ബ്രൗണിനോട് തോറ്റ് നേരത്തെ തന്നെ പുറത്തായി. നദാല്‍ യുഗത്തിന്റെ അവസാനമായി എന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള പ്രകടനങ്ങള്‍ നല്‍കുന്ന സൂചനകള്‍. 34-ലെത്തിയ ഫെഡറര്‍ ഇപ്പോഴും രണ്ടാം റാങ്ക് നിലനിര്‍ത്തുന്നുണ്ട്. പക്ഷെ ഫെഡററെയും മറെയെയും, മറ്റു മുന്‍നിര താരങ്ങളായ വാവ്‌റിങ്ക, നിഷിക്കോറി, റാവോനിച്ച് തുടങ്ങിയവരെയുമപേക്ഷിച്ച് ഒരു പടി മുന്നില്‍ നില്‍ക്കുന്ന ജോക്കോവിച്ചിനു തന്നെയാണിപ്പോള്‍ പുരുഷ ടെന്നീസില്‍ വ്യക്തമായ മേധാവിത്വം. ബിഗ് 4-ലെ മറ്റുള്ളവര്‍ ഒരു പടിയെങ്കിലും പിന്നോട്ടും ജോക്കോവിച്ച് ഒരു പടി മുന്നോട്ടും പോകുന്നുവെന്ന പുതുയാഥാര്‍ത്ഥ്യത്തിന് അടവരയിട്ടുകൊണ്ടാണ് ഇത്തവണത്തെ വിംബിള്‍ഡണ്‍ അവസാനിക്കുന്നത്.പെണ്ണുങ്ങളുടെ വിംബിള്‍ഡണ്‍
പതിവുപോലെ എളുപ്പത്തിലുള്ള വിജയങ്ങളായിരുന്നില്ല കിരീടത്തിലേക്കുള്ള യാത്രയില്‍ സെറീനയുടേത്. ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരമായ ഹീതര്‍ വാട്‌സണുമായുള്ള മൂന്നാം റൗണ്ട് മത്സരത്തിലും ബെലാറസ് താരം വിക്ടോറിയ അസരെങ്കയുമായുള്ള ക്വാര്‍ട്ടറിലും കടുത്ത പോരാട്ടം തന്നെ നടത്തിയാണ് സെറീന ഫൈനലിലെത്തിയത്. ഈ രണ്ടു കളികളും ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളില്‍ ഉള്‍പ്പെടും


ഒരുപിടി നല്ല താരങ്ങളുണ്ടെങ്കിലും മുന്‍നിര താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് വനിതകള്‍ക്കിടയിലെ പ്രധാന പ്രശ്‌നം. സെറീനയും ഒരു പരിധി വരെ മരിയ ഷറപ്പോവയും കഴിഞ്ഞാല്‍ മറ്റാര്‍ക്കും സ്ഥിരത അവകാശപ്പെടാനില്ല. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ഫാന്‍ ഫോളോവിംഗ് പലപ്പോഴും സാധിക്കാതെ വരുന്ന അവസ്ഥയാണ് വനിതാ ടെന്നീസിലുള്ളത്.

വിംബിള്‍ഡണിലെ ഇന്ത്യന്‍ നേട്ടം
ഇന്ത്യന്‍ താരങ്ങള്‍ക്കും ഇത്തവണത്തെ വിംബിള്‍ഡണില്‍ മികച്ച നേട്ടം കൈവരിക്കാനായി. സാനിയ മിര്‍സയ്ക്കും ലിയാണ്ടര്‍ പേസിനുമൊപ്പം യഥാക്രമം വനിത ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടി മാര്‍ട്ടീന ഹിംഗിസും ടൂര്‍ണമെന്റിലെ താരമായി. പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബോപ്പണ്ണ - ഫ്‌ലോറന്റ് മെര്‍ജിയ സഖ്യം ലോക ഒന്നാം നമ്പര്‍ ടീമായ ബ്രയാന്‍ സഹോദരന്മാരെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചെങ്കിലും സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോറ്റു പുറത്തായി. നാം ഹോങ്ങ് ലി എന്ന വിയറ്റ്‌നാമീസ് കളിക്കാരനൊപ്പം ആണ്‍കുട്ടികളുടെ ഡബിള്‍സ് കിരീടം നേടിയ സുമിത് നഗല്‍ ഇന്ത്യന്‍ താരങ്ങളുടെ നേട്ടപ്പട്ടികയില്‍ ഇടം കണ്ടെത്തി.

വാല്‍ക്കഷണം: കഴിഞ്ഞ വര്‍ഷം ഫൈനല്‍ കഴിഞ്ഞപ്പോള്‍ കേട്ടതാണ്, 'ഇത് റോജര്‍ ഫെഡററുടെ അവസാന ഗ്രാന്‍ഡ്സ്ലാം ഫൈനലാണെ'ന്ന നിഗമനങ്ങള്‍. എന്നാല്‍ ഇക്കൊല്ലവും ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തി. നിഗമനങ്ങള്‍ക്ക് ഇക്കൊല്ലവും മാറ്റങ്ങളൊന്നുമില്ല. ഇത് ഫെഡററുടെ അവസാന മേജര്‍ ഫൈനലാണെന്ന് ഇക്കൊല്ലവും പലരും വിധിയെഴുതിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ എല്ലാ ഗ്രാന്‍ഡ്സ്ലാമുകളിലും പങ്കെടുത്ത ഫെഡററിലെ പ്രായം തളര്‍ത്താത്ത താരം ഇനിയും കാണികളെ അത്ഭുതപ്പെടുത്താനെത്തുമെന്ന പ്രതീക്ഷയില്‍ SW19-ല്‍ നിന്ന് നമുക്ക് ഇക്കൊല്ലം വിടവാങ്ങാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories