Top

ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്ന പലസ്തീന്‍കാരിയുടെ അന്ത്യനിമിഷങ്ങള്‍; ദൃക്‌സാക്ഷി വിവരണം

ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്ന പലസ്തീന്‍കാരിയുടെ അന്ത്യനിമിഷങ്ങള്‍; ദൃക്‌സാക്ഷി വിവരണം
gun_

അഴിമുഖം പ്രതിനിധി

ഇസ്രയേല്‍ സൈനികരുടെ ക്രൂരതയ്ക്ക് ഇരയായ പതിനെട്ടുകാരിയുടെ അന്ത്യനിമിഷങ്ങളെ പറ്റി പുറത്തുവന്ന വെളിപ്പെടുത്തല്‍ ലോകമനസാക്ഷിയെ ഞെട്ടിക്കുന്നത്. പലസ്തീന്‍കാരിയായ ഹദീല്‍ അല്‍-ഹഷലമോന്‍ എന്ന പതിനെട്ടുകാരിയാണ് ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്. ഹദീലിന്റെ കൊലപാതകത്തിന് സാക്ഷിയായ മറ്റൊരു പലസ്തീന്‍ യുവാവ് ഫവാസ് അബു എയ്‌ഷെ ആണ് ഹദീലിന്റെ ദുരന്തത്തെ കുറിച്ച് ലോകത്തോട് പറഞ്ഞത്. ഹദീലിന്റെ മരണാനന്തര ചടങ്ങിനിടയില്‍ അസോസിയേറ്റ് പ്രസ്സിനോടാണ് ഫവാസ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വെസ്റ്റ് ബാങ്കിലെ തങ്ങളുടെ ചെക്‌പോയിന്റില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പലസ്തീന്‍ യുവതിയെ പ്രതിരോധിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടു എന്ന ഇസ്രയേല്‍ സൈന്യത്തിന്റെ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ഹദീലിന് വെടിയേല്‍ക്കുന്നത്. മാരകമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച മരിച്ചു. ഈ സംഭവത്തില്‍ ഹദീലിനെ വെടിവച്ച ഒരു സൈനികനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ ആളുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരനായ ഫവാസ് തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ഇസ്രയേലി ചെക്‌പോയിന്റിനടുത്ത് സൈനികരുടെ ആക്രോശം കേള്‍ക്കുന്നത്. സംഭവമെന്തെന്ന് ഫവാസ് അങ്ങോട്ടേക്ക് നീങ്ങി. ഇസ്രയേലി സൈനികര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് അയാള്‍ കണ്ടത്. ഫവാസ് താന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നു.

അവര്‍ അവളുടെ നേരെ തോക്കു ചൂണ്ടിക്കൊണ്ട് ഹീബ്രൂ ഭാഷയിലാണ് സംസാരിക്കുന്നത്. സൈനികരുടെ ഭാഷ ആ പെണ്‍കുട്ടിക്ക് മനസ്സിലാകുന്നില്ലെന്നു തിരിച്ചറിഞ്ഞ് താന്‍ ആ കുട്ടിയോട് ചെക്‌പോയിന്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് അവള്‍ ആ ദിശയിലേക്ക് നടക്കാന്‍ തുടങ്ങി. ഈ സമയം സൈനികരില്‍ ഒരാള്‍ അവളെ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് തറയിലേക്ക് വെടിയുതിര്‍ക്കുകയും ഉണ്ടായി. ഭയന്നുപോയ പെണ്‍കുട്ടി ഒരു സുചി കണക്കെ നിശ്ചലയായി. ഉടന്‍ തന്നെ മറ്റു സൈനികരും അവളെ വളയുകയും ഉറക്കെ ശകാരിക്കാനും തുടങ്ങി. ഈ സമയം താന്‍ സൈനികരോട് കുറച്ചു സമയം ക്ഷമിക്കാനും തന്നെ ആ പെണ്‍കുട്ടിയോട് സംസാരിക്കാന്‍ അനുവദിക്കാനും ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരു സൈനികന്‍ അവളുടെ ഇടതു കാലിലേക്ക് വെടിയുതിര്‍ത്തു. അവള്‍ താഴേക്ക് വീണു. പത്തു പതിനഞ്ച് നിമിഷങ്ങള്‍ കഴിഞ്ഞുകാണും, അവളുടെ വലതു കാലിലേക്ക് മറ്റൊരു ബുള്ളറ്റ് തുളച്ചിറങ്ങി. അതുകൊണ്ടും അയാള്‍ അടങ്ങിയില്ല, പത്തു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം ആ സൈനികന്റെ തോക്കില്‍ നിന്ന് നാലോ അഞ്ചോ വെടിയുണ്ടകള്‍ അവളുടെ അടിവയറ്റിലേക്കും നെഞ്ചിന്‍കൂടിലേക്കും പാഞ്ഞിറങ്ങി. തീര്‍ന്നില്ല, വീണ്ടുമൊരു അഞ്ചു പത്തു നിമിഷത്തെ കാത്തുനില്‍പ്പിനുശേഷം ഏകദേശം ഒരു മീറ്റര്‍ മാറി നിന്ന് ഒരു ബുള്ളറ്റുകൂടി അയാള്‍ ആ പെണ്‍ജീവനിലേക്ക് ഉതിര്‍ത്തു.
; ഭയം മാറാത്ത വാക്കുകളോടെ ഫവാസ് താന്‍ സാക്ഷിയായ ദാരുണസംഭവം പറഞ്ഞു തീര്‍ത്തു.

എന്നാല്‍ ഇസ്രയേലി സൈന്യത്തിന് ഈ കാര്യത്തില്‍ പറയാനുള്ള കഥ മറ്റൊന്നാണ്. അവരുടെ കണ്ടെത്തലില്‍ ഹദീലെന്ന പതിനെട്ടുകാരി തങ്ങളുടെ ചെക്‌പോയിന്റിലക്ക് അതിക്രമിച്ചു കയറിയ കുറ്റവാളിയാണ്. ചെക്‌പോയിന്റില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ആ പെണ്‍കുട്ടിയുടെ സാന്നിധ്യം അറിഞ്ഞയുടനെ അപായസൂചന നല്‍കുകയും ഇതിനെ തുടര്‍ന്ന് ആശങ്കയിലായ സൈനികര്‍ ആ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിക്കുകയുമായിരുന്നു. സൈനികരുടെ നിര്‍ദേശങ്ങള്‍ അവള്‍ അനുസരിച്ചില്ല. അവളോട് നില്‍ക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടിട്ടും അതുകേള്‍ക്കാതെ മുന്നോട്ടു നീങ്ങുകയാണ് ചെയ്തത്. അവളുടെ കൈയില്‍ ഒരു കത്തിയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് സൈനികര്‍ ആദ്യം തറയിലേക്ക് വെടിയുതിര്‍ത്തത്. എന്നിട്ടും പിന്‍വാങ്ങാതെ അപകടരമായ തരത്തില്‍ നീങ്ങിയ ആ പെണ്‍കുട്ടിയെ വെടിവെച്ചു വീഴ്ത്തുകയെ സൈനികരുടെ മുന്നില്‍ മാര്‍ഗമായി ഉണ്ടായിരുന്നുള്ളൂ, അതവരുടെ സുരക്ഷയെ കരുതി ചെയ്തതാണ്; ഇസ്രയേലി സൈനികോദ്യോഗസ്ഥന്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ഇതിനെ സാധൂകരിക്കുന്നതിനായി അവര്‍ പുറത്തുവിട്ട ഫോട്ടോയില്‍ ഹദീലിന്റെ കൈയില്‍ ഒരു കത്തിയും കാണാം. എന്നാല്‍ ഇപ്പോള്‍ പുതിയായി പുറത്തു വരുന്ന ഫോട്ടോകളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.

കടപ്പാട്: ഖലീജ് ടൈംസ്‌

Next Story

Related Stories