TopTop
Begin typing your search above and press return to search.

എഴുത്തുകാരിക്ക് വിലക്ക്; വേദിയില്‍ സ്ത്രീകളുടെ നിഴല്‍ പോലും പാടില്ലെന്ന് പ്രകാശകനായ സ്വാമിജി

എഴുത്തുകാരിക്ക് വിലക്ക്; വേദിയില്‍ സ്ത്രീകളുടെ നിഴല്‍ പോലും പാടില്ലെന്ന് പ്രകാശകനായ സ്വാമിജി

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ അവസാനത്തെ പുസ്തകം കാലാതീതം എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയോട് പ്രകാശന ചടങ്ങില്‍ നിന്ന് മാറി നില്‍ക്കാന്‍ കറന്‍റ് ബുക്ക്സ് തൃശ്ശൂര്‍ ആവശ്യപ്പെട്ടിരിക്കുന്നു. എം. ടി വാസുദേവൻ‌ നായരും അബ്ദുൽ കലാമിന്റെ സഹ എഴുത്തുകാരൻ അരുണ്‍ തിവാരിയും അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ്‌ സ്വാമിജിയും പ്രധാന അതിഥികൾ ആകുന്ന ചടങ്ങില്‍ നിന്ന് സ്ത്രീ സാന്നിധ്യം പ്രമുഖ് സ്വാമിയുടെ ആശ്രമ നിയമങ്ങള്‍ക്ക് വിരുദ്ധമായത് കൊണ്ടാണ് എഴുത്തുകാരിയോട് വേദിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ശ്രീദേവി എസ് കര്‍ത്ത അഴിമുഖത്തോട് പ്രതികരിക്കുന്നു,

"എഴുത്തുകാരെ തിരസ്കരിക്കുന്ന കാലമാണല്ലോ ഇത്. അതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കണം എന്ന് തീരുമാനമെടുത്തത്. വേദിയില്‍ ചെന്നു തന്നെ ഇതേക്കുറിച്ച് സംസാരിച്ച് പ്രതിഷേധം രേഖപ്പെടുത്തണം എന്നാണ് കരുതിയത്. അതില്‍ നിന്നും എന്നെ വിലക്കുന്നത് ഒരു മുന്‍ രാഷ്ട്രപതിയുടെ അവസാന പുസ്തകത്തിന്‍റെ പ്രകാശനം വിവര്‍ത്തകയായ ഞാന്‍ തന്നെ അലങ്കോലപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്നുള്ള ഒറ്റക്കാരണമാണ്. കറന്റ്‌ ബുക്സിനെപ്പോലെയുള്ള പ്രസാധകര്‍ ഇത്തരം ഒരു നിലപാടു സ്വീകരിക്കും എന്ന് കരുതിയില്ലല്ലോ. ഇപ്പൊ ഈ നിമിഷം വരെ അവരുടെ നിലപാട് വ്യക്തമാക്കുകയോ, ചെയ്തതിനൊരു വിശദീകരണം തരികയോ ക്ഷമാപണം നടത്തുകയോ അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല."

ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാളെ എന്റെ പുസ്തക പ്രകാശനം. വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥിയായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല.

ശ്രീ എ പി ജെ അബ്ദുൽ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji (Harper Collins India) മലയാളത്തിലേക്ക് "കാലാതീതം' എന്ന പേരിൽ വിവര്‍ത്തനം ചെയ്തതു ഞാനാണ്. പ്രശസ്ത പുസ്തക പ്രസാധകരായ കറന്‍റ് ബുക്ക്സ് തൃശ്ശൂര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ ഈ കൃതി മൊഴിമാറ്റം ചെയ്തത്. നാളെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് അതിന്റെ പ്രകാശന കർമം നടക്കുകയാണ്. ശ്രീ എം. ടി വാസുദേവൻ‌ നായരും അബ്ദുൽ കലാമിന്റെ സഹ എഴുത്തുകാരൻ ശ്രീ അരുണ്‍ തിവാരിയും അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ്‌ സ്വാമിജിയും പ്രധാന അതിഥികൾ ആകുന്ന ഈ ചടങ്ങിൽ,നിന്ന് വിട്ടു നില്ക്കാൻ, 2 ലക്ഷം കോപ്പി വില്‍ക്കപ്പെടും എന്ന് പ്രസാധകർ കരുതുന്ന ഈ പുസ്തകം വിവര്‍ത്തനം ചെയ്ത എന്നോട് കറന്‍റ് ബുക്ക്സ് തൃശ്ശൂര്‍ ആവശ്യപെട്ടിരിക്കുന്നു.

അതിനു കാരണം പ്രമുഖ് സ്വാമിജിയുടെ ആശ്രമത്തിന്റെ വിചിത്രവും പരിഹാസ്യവുമായ ചില നിബന്ധനകൾ ആണ്.

1. ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല.

2. അദ്ദേഹം വേദിയിൽ ഇരിക്കുമ്പോൾ മുന്‍പിലുള്ള 3 വരി സീറ്റുകൾ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളു. (സ്ത്രീകളുടെ അശുദ്ധ നിഴൽ പോലും തങ്ങളുടെ ഗുരുവിന്റെ മേൽ പതിയാതെ അവർ നോക്കികൊള്ളും )

എങ്ങനെയുണ്ട്?

അങ്ങേയറ്റം പ്രതിലോമകരമായ, ഈ ഫാസിസ്റ്റ്‌ ആവശ്യം ഉന്നയിച്ചിരിക്കുന്നത് ഗുജറാത്ത്‌ ആസ്ഥാനമായുള്ള സ്വാമി നാരായണ്‍ സന്യാസ സന്സ്ഥാൻ ആണ്. (BAPSഎന്ന സന്യാസ സമൂഹം അന്താരാഷ്ട്ര പ്രശസ്തവും വൻ സാമ്പത്തിക ആസ്തിയുള്ളതുമാണ് ഡൽഹിയിലെയും ഗാന്ധി നഗറിലെയും അക്ഷാർധാം സമുച്ചയങ്ങൾ ഉൾപ്പടെ ലോകത്ത് പലയിടത്തുമായി ആയിരത്തിൽപ്പരം കൂറ്റൻ ക്ഷേത്ര സമുച്ചയങ്ങളുടെ ഉടമകൾ ആണിവർ. ശ്രീ അബ്ദുൽ കലാം ഉൾപ്പടെ ആയിരക്കണക്ക് വരുന്ന ഭക്ത ലോകം സംഘ തലവനെ സാക്ഷാൽ പ്രത്യക്ഷ ദൈവമായി കരുതുന്നു!)

അത്ഭുതം എഴുത്തുകാരെ പോറ്റുകയും എഴുത്തുകാരാൽ പോറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രസാധക സ്ഥാപനത്തിന് ഇത്രയും അശ്ലീലമായ ഒരു ആവശ്യത്തെ നിരസിക്കാനുള്ള ചങ്കുറപ്പ് പൊടുന്നനേ നഷ്ടപ്പെട്ടുപോയി!! ചടങ്ങിൽ നിന്ന് മാറി നില്‍ക്കണം എന്ന ലജ്ജാവഹമായ ആവശ്യം ഒരു സഹപ്രവർത്തകൻ വഴി എന്നെ അറിയിച്ചവെന്നല്ലാതെ വിളിച്ചു ഒരു ക്ഷമാപണം പോലും പറയാൻ ഈ നിമിഷം വരെ സ്ഥാപന ഉടമ തുനിഞ്ഞിട്ടുമില്ല.

ഈ സംഭവത്തിൽ ഒരു എഴുത്തുകാരിയെന്ന നിലയ്ക്ക് ഉണ്ടായ വ്യക്തിപരമായ അവഹേളനത്തെക്കാളുപരി എന്നെ നടുക്കിയത് അതിൽ ഒളിഞ്ഞിരിക്കുന്ന അപായ സൂചനകളാണ്. സ്ത്രീകൾ കണ്ണുകൾ മാത്രമേ പുറത്തു കാണിക്കാവു എന്ന നിയമം തല വെട്ടി പ്പോലും നടപ്പിലാക്കുന്ന താലിബാനും സ്ത്രീകൾ രാത്രി സഞ്ചരിക്കരുത്, സ്ത്രീകൾ പുരുഷനൊപ്പം പൊതുവേദിയിൽ ഇരിക്കരുത് എന്നൊക്കെ ആവശ്യപ്പെടുന്ന ആര്യ ഭാരത സന്യാസ സംഘങ്ങളും തമ്മിൽ എന്ത് വത്യാസം ആണുള്ളത്‌?താമസിയാതെ പെണ്ണുങ്ങൾക് ചിന്തിച്ചും പഠിച്ചും സ്വയം ആവിഷ്കരിച്ചും ഒന്നും കഷ്ടപ്പെടേണ്ടി വരില്ല. പതിക്കും പുത്രനും അടിപണിഞ്ഞു കഴിയുക, ആര്‍ഷഭാരത ആണ്‍കുഞ്ഞുങ്ങളെ പെറ്റുക്കൂട്ടുക, ഒടുവിൽ ഉടന്തടി ചാടി സതീ സ്വര്‍ഗ്ഗത്തിൽ പോകുക. ആ അച്ഛാ ദിനങ്ങൾ അതിവേഗം വന്നു കൊണ്ടിരിക്കുകയാണ് കുലവധുക്കളേ.

ജനാധിപത്യ വിരുദ്ധ സംഘങ്ങളും അവര്‍ക്ക് മുൻപിൽ സാഷ്ടാംഗം വീണു കിടക്കുന്ന വിനീത വിധേയ വൃന്ദവും മത സങ്കല്പത്തിന്റെ വികല താല്പര്യങ്ങൾ പേറുന്നവരും ആദ്യം ഇരകളാക്കുന്നത് സ്ത്രീകളേ തന്നെ ആയിരിക്കും എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. ആത്മാഭിമാനവും സ്വാതന്ത്ര്യ ബോധവും ദൈവത്തിന്റെ പേരിൽ പിശാചിന്റെ സങ്കൽപം നിറവേറ്റാൻ ആഗ്രഹിക്കുന്നവര്‍ക്ക് എവിടുന്നു കിട്ടാനാണ്? അതുകൊണ്ട് ഇതും ഇതിലപ്പുറവും ഉള്ള അധാര്‍മ്മിക ആവശ്യങ്ങളും അസംബന്ധ ചെയ്തികളും പ്രതീക്ഷിക്കുക. എങ്കിലും മാനവികതയും അന്തസ്സും നഷ്ടപ്പെടാത്ത, പ്രകൃതിയുടെ തുല്യ നീതിയിൽ വിശ്വസിക്കുന്നവർക്ക് നന്നായി അറിയുന്ന ഒരു സത്യമുണ്ട്. അവരുടെ രാജ്യം വരില്ല.


Next Story

Related Stories