TopTop

സ്ത്രീ ഡോക്ടര്‍മാര്‍ താരതമ്യേന മെച്ചമെന്ന് പഠനം

സ്ത്രീ ഡോക്ടര്‍മാര്‍ താരതമ്യേന മെച്ചമെന്ന് പഠനം
കാരലിന്‍ വൈ. ജോണ്‍സണ്‍

15 ലക്ഷം ആശുപത്രിക്കേസുകള്‍ വിശകലനം ചെയ്ത ശേഷം വന്ന ഒരു പഠനഫലം പറയുന്നത് വൃദ്ധരായ രോഗികളെ ചികില്‍സിക്കുന്നതില്‍ പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ഡോക്ടര്‍മാരോളം മിടുക്കരായിരുന്നെങ്കില്‍ വര്‍ഷംതോറും 32,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ്.

രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസം കഴിയുന്നതോടെ ചികില്‍സിച്ചത് വനിത അല്ലെങ്കില്‍ പുരുഷ ഡോക്ടര്‍ ആണോ എന്നതനുസരിച്ച് അവര്‍ സുഖം പ്രാപിക്കുമോ അല്ലെങ്കില്‍ വീണ്ടും ആശുപത്രിയില്‍ ആക്കേണ്ടി വരുമോ എന്നതിനെ കുറിച്ച് ചെറുതെങ്കിലും സുപ്രധാനമായ സൂചന കാണാന്‍ സാധിച്ചതായി JAMA ഇന്‍റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതിനു കാരണം ഡോക്ടര്‍ സ്ത്രീയോ പുരുഷനോ എന്നതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും മറ്റ് വിശദീകരണങ്ങളെ ആ ഗവേഷകര്‍ പല വിധത്തില്‍ ഖണ്ഡിക്കുന്നുണ്ട്.

"മരണനിരക്ക് 0.4 ശതമാനമോ 0.5 ശതമാനമോ കുറയ്ക്കുന്ന ഒരു ചികില്‍സാരീതിയുണ്ടെങ്കില്‍ അത് വ്യാപകമായി ഉപയോഗിക്കപ്പെടും. നമ്മുടെ രോഗികളില്‍ പ്രയോഗിക്കാന്‍ വേണ്ട പ്രാധാന്യം അതിനുണ്ടെന്ന് നാം കരുതും," ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഹെല്‍ത്ത് പോളിസി പ്രൊഫസറായ ആശിഷ് ഝാ പറഞ്ഞു. ഈ പഠനം മുന്നോട്ടു വയ്ക്കുന്ന 32,000 രോഗികളുടെ ജീവന്‍ എന്നത് ഏതാണ്ട് വര്‍ഷംതോറും വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തോളം വരും.

സ്ത്രീകളും പുരുഷന്മാരും വൈദ്യചികില്‍സാ രംഗത്തു പ്രവര്‍ത്തിക്കുന്നത് രണ്ടു തരത്തിലാണെന്ന് കാണിക്കുന്ന പല പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്ത്രീകള്‍ ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തെറ്റാതെ പിന്തുടരുകയും രോഗികളെ രോഗപ്രതിരോധത്തെ കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യാറുണ്ട്. പുരുഷ ഡോക്ടര്‍മാരേക്കാള്‍ അവര്‍ രോഗികളുമായി ആശയവിനിമയം നടത്തുന്നു. ഇത്തരം കാര്യങ്ങള്‍ രോഗികളുടെ ആരോഗ്യത്തിലും രോഗസൌഖ്യത്തിലും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടോ എന്നത് വ്യക്തമായിരുന്നില്ല.

ഈ പുതിയ പഠനത്തില്‍ നാലു വര്‍ഷത്തെ മെഡിക്കല്‍ ഡേറ്റയാണ് പരിശോധിച്ചത്. ചികില്‍സിക്കുന്നത് വനിതാ ഡോക്ടറാണെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റായി ഒരു മാസത്തിനകം മരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ 0.5 ശതമാനം പോയിന്‍റിനോടടുത്ത് കുറവുണ്ടെന്നാണ് അവര്‍ക്കു കാണാന്‍ കഴിഞ്ഞത്. ഒരു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ മടങ്ങിയെത്തുന്ന രോഗികളുടെ എണ്ണത്തിലും സമാനമായ കുറവ് കാണാന്‍ സാധിച്ചു. ഇത് വലിയൊരു വ്യത്യാസമല്ല. എന്നാല്‍ ആശുപത്രികളിലെ മരണനിരക്ക് കുറയ്ക്കുക, രോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുക എന്നീ സുപ്രധാന ആരോഗ്യ നയങ്ങളിലൂടെ സമാനമായ നേട്ടമുണ്ടായത് പത്തു വര്‍ഷക്കാലം എടുത്താണെന്ന് ഝാ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രതിഭാസത്തിനു കാരണമായി പറയാവുന്ന മറ്റ് വിശദീകരണങ്ങളെ- ഉദാഹരണത്തിന് താരതമ്യേന ആരോഗ്യമുള്ള രോഗികള്‍ സ്ത്രീ ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു- ഒഴിവാക്കാനായി ഗവേഷകര്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളെ നോക്കുന്ന ഡോക്ടര്‍മാരെയാണ് അവര്‍ വിശകലനം ചെയ്തത്. ഹോസ്പിറ്റലുകളെ മാത്രമേ പരിഗണിച്ചുള്ളൂ. സാധാരണയായി രോഗികള്‍ തെരഞ്ഞെടുക്കാറുള്ള ഡോക്ടര്‍മാരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയുമില്ല. ഒരേ ശാരീരിക പ്രത്യേകതകളുള്ള രോഗികളെയാണ് രണ്ടു ഗ്രൂപ്പായി നിരീക്ഷിച്ചത്. ഗ്രാമീണ മേഖലയിലെ കമ്യൂണിറ്റി ഹോസ്പിറ്റലിലെ വനിതാ ഡോക്ടറും നഗരത്തിലെ ട്രോമ സെന്‍ററിലെ പുരുഷ ഡോക്ടറും പോലെ തികച്ചും വ്യത്യസ്ഥ സാഹചര്യങ്ങളിലുള്ളവര്‍ തമ്മിലുള്ള താരതമ്യം ഒഴിവാക്കാനായി ഒരേ ആശുപത്രികളില്‍ ഉള്ളവരെയാണ് പഠിച്ചത്.

ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍ അസി. പ്രൊഫസറായ വിനീത് അറോറ ഈ ഗവേഷണത്തെ പ്രശംസിച്ചെങ്കിലും പ്രധാന നിരീക്ഷണത്തിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം എന്നതുകൊണ്ട് നിഗമനങ്ങളിലെത്തുന്നത് ശ്രദ്ധയോടെ വേണമെന്നും പറയുന്നു.

"ഡോക്ടര്‍ പ്രത്യേകമായി ചെയ്യുന്ന എന്തെങ്കിലുമാകാം അതിനു കാരണം. അല്ലെങ്കില്‍ രോഗികളുടെ ഡോക്ടറോടുള്ള പ്രതികരണമാകാം. ഇന്നതാണ് കാരണമെന്ന് ഉറപ്പിക്കാന്‍ പ്രയാസമാണ്. പല ഘടകങ്ങളും ഈ പ്രവണതയ്ക്കു പിന്നിലുണ്ടാകാം," അദ്ദേഹം പറയുന്നു.

വനിതാ ഡോക്ടര്‍മാര്‍ ഒരു തരത്തിലും പുരുഷ ഡോക്ടര്‍മാരെക്കാള്‍ മോശമല്ല; അവര്‍ തുല്യ വേതനത്തിന് അര്‍ഹരാണെന്നതാണ് ഈ ഗവേഷണഫലത്തിലൂടെ വ്യക്തമാകുന്ന പ്രധാന കാര്യമെന്ന് ഹോസ്പിറ്റലിസ്റ്റായി പ്രവര്‍ത്തിക്കുന്ന അറോറ പറയുന്നു. കഴിഞ്ഞ വര്‍ഷമാദ്യം പുറത്തു വന്ന മറ്റൊരു പഠനത്തില്‍ ഒരേ പ്രായവും സ്പെഷ്യലൈസേഷനും റാങ്കുമുള്ള സ്ത്രീ- പുരുഷ ഡോക്ടര്‍മാരുടെ വേതനത്തിലെ വ്യത്യാസം അമേരിക്കയില്‍ 20,000 ഡോളറാണെന്ന് കണ്ടെത്തിയിരുന്നു.വനിതാ ഡോക്ടര്‍മാരെ ജോലിക്കായി തെരഞ്ഞെടുക്കുമ്പോള്‍ നേരിടുന്ന മറ്റൊരു വിവേചനം അവര്‍ക്കു കുട്ടികളുണ്ടായാല്‍ പഴയതു പോലെ ജോലി ചെയ്യില്ലെന്നും അര്‍പ്പണബോധം കുറയുമെന്നുമുള്ള തെറ്റിദ്ധാരണകളാണെന്നും അറോറ പറയുന്നു.

"ഒരു വനിതാ ഫിസിഷ്യനുണ്ടെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാണ്," അറോറ പറഞ്ഞു.

ഈ ഗവേഷണ ഫലത്തെ സ്വാധീനിക്കുമായിരുന്ന മറ്റു ഘടകങ്ങളെ ഗവേഷകര്‍ ഫലപ്രദമായി നിയന്ത്രിച്ചുവെന്ന് ഡാര്‍മത്തിലെ ഗൈസല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ സൈക്ക്യാട്രി പ്രൊഫസറായ വില്ല്യം വീക്ക്സ് അഭിപ്രായപ്പെട്ടു. പക്ഷേ ആശുപത്രിയിലെ ചികില്‍സയെന്നത് ഒരു ടീം വര്‍ക്കാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രോഗിയുടെ ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടറെ കണ്ടെത്താന്‍ ഗവേഷകര്‍ അവലംബിച്ച രീതിയില്‍ ആ വസ്തുത വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോസ്പിറ്റല്‍ സര്‍വ്വീസ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് ഏതു ഡോക്ടറുടെ പേര്‍ക്കാണെന്നതാണ് അവര്‍ നോക്കിയത്. മിക്കവാറും പ്രധാന ഡോക്ടറുടെ ചാര്‍ജ്ജ് എന്നത് ബില്‍ തുകയുടെ ഏതാണ്ട് പകുതിയാകും. പക്ഷേ ഇതിനര്‍ത്ഥം മറ്റേ പകുതി സേവനങ്ങള്‍ ചെയ്തത് ഒരു ടീം മൊത്തമായിട്ടാണെന്നാണ്.

കൂടുതല്‍ തുടര്‍പഠനങ്ങള്‍ നടക്കണമെന്നും തുല്യവേതനമാണ് ഉടനടി പരിഗണിക്കപ്പെടേണ്ട കാര്യമെന്നും വീക്ക്സ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്, രോഗിയുടെ മേല്‍ നടത്തുന്ന ടെസ്റ്റുകളുടെയും പ്രൊസീജ്യറുകളുടെയും അടിസ്ഥാനത്തിലല്ലാതെ രോഗിക്കു കിട്ടുന്ന ശ്രദ്ധയും ചികില്‍സയുമനുസരിച്ച് വേതനം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയ്ക്കായി ആവശ്യമുയരുന്ന ഈ സമയത്ത്.

രണ്ടു ലിംഗങ്ങളിലും പെട്ട ഡോക്ടര്‍മാരുടെ ആശയവിനിമയ രീതികളും പെരുമാറ്റവും ദീര്‍ഘനാളുകളായി പഠിച്ചു കൊണ്ടിരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ജൂഡിത്ത് ഹോളിനെ സംബന്ധിച്ച് ഈ ഗവേഷണം പ്രധാനപ്പെട്ട ഒരു തെളിവാണ്. സ്ത്രീ ഡോക്ടര്‍മാര്‍ രോഗിയെ കൂടുതല്‍ പ്രാധാന്യത്തിലെടുക്കുകയും അവരുടെ മാനസിക, വൈകാരിക ഘടകങ്ങളെ ചികില്‍സയില്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണെന്നും രോഗി വാക്കുകളിലൂടെ പറയാത്ത സൂചനകള്‍ കൂടുതല്‍ നന്നായി മനസിലാക്കുന്നവരാണെന്നും ഹോള്‍ പറയുന്നു. ആശയസംവേദനത്തിലെ വ്യത്യാസം കൊണ്ടു മാത്രം ക്ലിനിക്കല്‍ ഫലങ്ങള്‍ മാറുകയില്ലെങ്കിലും അവ അവഗണിക്കേണ്ടതല്ലെന്നും ഹോള്‍ കരുതുന്നു.

കൂടുതലും പുരുഷ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിനു മുന്നില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോള്‍ ഒരു പ്രഭാഷണം നടത്തിയിരുന്നു. എല്ലാ തെളിവുകളും ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകളാണ് കൂടുതല്‍ നല്ല ഡോക്ടര്‍മാരെന്നു പറഞ്ഞത്, പക്ഷേ, എല്ലാവരും നല്ല രീതിയിലെടുത്തില്ലെന്ന് അവര്‍ പറയുന്നു.

"ഇത്തത്തിലുള്ള വലിയൊരു പഠനം കൊണ്ടേ ഈ വസ്തുത ആളുകള്‍ക്ക് മനസിലാകൂ, കാരണം അങ്ങനെയൊരു വിഷയമാണിത്. ഈ രംഗത്ത് സ്ത്രീകള്‍ താരതമ്യേന പുതുമുഖങ്ങളാണല്ലോ," ഹോള്‍ പറഞ്ഞു.

Next Story

Related Stories