TopTop
Begin typing your search above and press return to search.

നമ്മുടെ തൊഴിലിടങ്ങള്‍: മാസമുറ വന്നാൽ പിന്നെന്തു ചെയ്യണമായിരുന്നു?

നമ്മുടെ തൊഴിലിടങ്ങള്‍: മാസമുറ വന്നാൽ പിന്നെന്തു ചെയ്യണമായിരുന്നു?

കമല സദാനന്ദന്‍


കാക്കനാട് സ്ഥിതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൈയുറ നിര്‍മാണ കമ്പനിയിലെ ശൗചാലയത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയിലെ അമ്പത് വയസില്‍ താഴെയുള്ള 42 ഓളം വനിതാ ജീവനക്കാരെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം പൊലീസ് കേസ് ആയിരിക്കുകയാണ്. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് വനിതാ സൂപ്പര്‍വൈസര്‍മാരാണെന്ന കാരണം പറഞ്ഞ് ആദ്യം കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെങ്കിലും പിന്നീട് വനിത കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദേഹപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ രണ്ട് വനിത സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതെങ്കിലും ഈ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇവരില്‍ മാത്രം ഒതുങ്ങുന്നില്ല. കമ്പനി എംഡിയും മാനേജ്‌മെന്റും അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരമൊരു തരംതാണ പരിപാടി അവിടെ നടന്നിട്ടുള്ളത്. ആയതിനാല്‍ ഇവരുടെ പേരിലും കേസ് എടുക്കേണ്ടതാണ്. അതു നടപ്പില്‍വരുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കാരണം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ലക്ഷക്കണക്കിനായ സ്ത്രീ തൊഴിലാളികള്‍ ഇത്തരത്തില്‍ ക്രൂരമായ പീഢനങ്ങള്‍ അനുഭവിച്ചുവരികയാണ്. അവരുടെ ശാരീരികാവശ്യങ്ങളെപ്പോലും വകവയ്ക്കാതെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് അറുതിവന്നേ മതിയാകൂ.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒന്നിനെ പുറകെ ഒന്നായി വര്‍ദ്ധിച്ചു വരികയാണ് നമ്മുടെ സംസ്ഥാനത്ത്. പ്രതിഷേധങ്ങളും സമരങ്ങളും നിരവധിയുണ്ടായിട്ടും ഇന്നും അതേ പീഢനമനോഭാവം സമൂഹം സ്ത്രീകളോട് വച്ചുപുലര്‍ത്തുന്നുവെന്നോര്‍ക്കുമ്പോള്‍ സങ്കടവും രോഷവും ഒരുമിച്ചുയരുകയാണ്. എന്തായാലും ഇതുവരെ കേട്ടതിലും കണ്ടതിലുംവച്ച് ക്രൂരവും തീര്‍ത്തും തരംതാണതുമായ ഒന്നാണ് നാല്‍പ്പതോളം സ്ത്രീകളെ തുണിയുരിച്ച് നടത്തിയ ദേഹപരിശോധന. എന്തിനുവേണ്ടിയായിരുന്നു അത്തരമൊരു ശിക്ഷ! അവര്‍ എന്തങ്കിലും മോഷ്ടിച്ചൊളിപ്പിച്ചിരുന്നോ? ഇല്ല, മെന്‍സസ് സമയത്ത് ഉപയോഗിച്ച നാപ്കിന്‍ ആരോ ശൗചാലയത്തില്‍ ഉപേക്ഷിച്ചു. ആരാണ് അതിനുത്തരവാദി എന്നു കണ്ടുപിടിക്കാനുള്ള മൂന്നാംമുറയായിരുന്നു നടന്നത്. ഇത്രവലിയ ദണ്ഡനത്തിലൂടെ കണ്ടുപിടിക്കാന്‍മാത്രം അപകടരമായ എന്തെങ്കിലുമാണോ അവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്? ഹോ, ചിലര്‍ക്ക് ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനംപിരട്ടലുണ്ടായിപോലും. അത്തരമൊരു വൃത്തികെട്ട സാധനം (അതിലും മോശമായ ഒന്നും തന്നെ ഈ ഭൂമിയിലില്ലാത്തപോലെ) തോന്നിയപോലെ വലിച്ചെറിയാമോ? അപരാധം തന്നെ, വലിയ അപരാധം തന്നെ!

ആ സ്ത്രീ (അതാരുമായിക്കോട്ടെ) എന്തുകൊണ്ടായിരിക്കും അത്തരമൊരു പ്രവൃത്തി ചെയ്യേണ്ടിവന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലുമത് കരുതിക്കൂട്ടിയാകില്ല. അതവളുടെ നിവൃത്തികേട് ഒന്നുമാത്രമായിരിക്കണം. നിങ്ങള്‍ പലര്‍ക്കും അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത പലതും ഇവിടുത്തെ തൊഴിലിടങ്ങളില്‍ നമ്മുടെ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഒരു സ്ത്രീ ഏറ്റവും അധികം ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നത് അവളുുടെ മാസമുറ സമയത്താണ്. ആ അവസരത്തില്‍പ്പോലും ഒരു മൃഗത്തെപ്പോലെ കൂട്ടിലടയ്ക്കപ്പെട്ട അവവസ്ഥയില്‍ കഴിയേണ്ടി വരികയാണെങ്കില്‍!

പ്രസ്തുത സംഭവം നടന്ന കൈയുറ നിര്‍മാണ കമ്പനിയില്‍ നൂറോളം പേര്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അതും സാമ്പത്തികമായി വളരെ താഴ്ന്നു നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുവരുന്നവര്‍. അന്നന്നത്തെ ജീവിതം വളരെ കഷ്ടപ്പെട്ട് മൂന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍. ഇവരുടെ ഈ നിസ്സഹായത തന്നെയാണ് കമ്പനികള്‍ മുതലെടുക്കുന്നത്. എന്തു പീഢനം ഉണ്ടായാലും അവരത് സഹിച്ചു മുന്നോട്ടുപോകുമെന്ന് ഈ മുതലാളിമാര്‍ക്കറിയാം. പ്രതികരിച്ചാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോയ്ക്കോള്ളാനുള്ള ഭീഷണി ഉയരും. ഉള്ള വരുമാനം കളയാന്‍ ആരും തയ്യാറാകത്തതുകൊണ്ട് എതിര്‍വാക്കുകള്‍ ഉയരില്ല. നമ്മള്‍ അറിഞ്ഞ ഈ ക്രൂരത മാത്രമല്ല അവിടെയുള്ള സ്ത്രീകള്‍ അനുഭവിക്കുന്നത്. മൂത്രമൊഴിക്കാനുള്ള സൗകര്യംപോലും അവര്‍ക്കു മുകളിലുള്ളവരുടെ അനുവാദത്തെ ആശ്രയിച്ചാണെന്നറിയുമ്പോള്‍ മനസ്സിലാകും അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍. സ്ഥിരം ജോലിക്കാരും താല്‍ക്കാലിക ജീവനക്കാരുമാണ് ഇവിടെയുള്ളത്. സ്ഥിരക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പ്രത്യേകം ശൗചാലയങ്ങളാണ്. അതില്‍ തന്നെ ഏറ്റവും അകലെയുള്ളത് താല്‍ക്കാലിക ജീവനക്കാര്‍ക്ക്. അവിടെവരെപോയി വരാനുള്ള സമയംപോലും ആര്‍ക്കും കൊടുക്കില്ല. ഈ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം സഹിച്ചുവേണം ജോലി ചെയ്യാന്‍. എന്തിന് ഭക്ഷണം പോലും കൃത്യസമയത്ത് കഴിക്കാന്‍ പറ്റുന്നില്ല. പലരും ജോലിക്കിടയില്‍ വെള്ളംപോലും കുടിക്കാതെയാണ് നില്‍ക്കുന്നത്. വെള്ളം കുടിച്ചാല്‍ മൂത്രമൊഴിക്കാന്‍ പോകണമെന്ന് തോന്നിയാലോ! സഹിച്ചു നില്‍ക്കുക മാത്രം രക്ഷ.
ഈ പറഞ്ഞതെല്ലാം പ്രസ്തുത കമ്പനിയിലെ മാത്രം കാര്യമല്ല, പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളിലും അവസ്ഥ ഇതുതന്നെ. കേരളത്തിലെ മൊത്തം കാര്യമെടുത്താലോ! പ്രത്യേക സാമ്പത്തിക മേഖല എന്ന രാവണന്‍കോട്ടകള്‍ തൊഴിലാളികളെ സംബന്ധിച്ച് കാരാഗൃഹങ്ങള്‍ തന്നെയാണ്. അവിടെ നടക്കുന്ന ക്രൂരതകള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. അറിയിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. പുറത്തുനിന്നാരെയും അകത്തുകടക്കാന്‍ അവര്‍ അനുവദിക്കുകയുമില്ല. ഇതുമൂലം പലപ്രശ്‌നങ്ങളും ഉള്ളില്‍ തന്നെ കെട്ടടങ്ങുകയാണ്. നഷ്ടം സഹിക്കേണ്ടിവരുന്നത് പാവപ്പെട്ട തൊഴിലാളികളും.

ഈ ദേഹപരിശോധന വിവാദം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞാണ് പുറത്ത് അറിയുന്നത് തന്നെ. ക്രിസ്തുമസിന് മുമ്പ് നടന്ന സംഭവമാണ്. എന്നാല്‍ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകള്‍ ആരും അന്നു തന്നെ അത് പുറത്തുപറയാന്‍ തയ്യാറായില്ല. അവരെ കുറ്റപ്പെടുത്താന്‍ വരട്ടെ. 'അന്നു തന്നെ ഞങ്ങളത് ആരോടെങ്കിലും പറഞ്ഞെന്നിരിക്കട്ടെ, അവര്‍ ഞങ്ങളുടെ കൂലി പിടിച്ചുവയ്ക്കും ക്രിസ്തുമസ് അല്ലേ, കൈയില്‍ നയാപൈസയില്ലാതെ കഴിയേണ്ടിവന്നാല്‍! മാത്രമല്ല പിന്നീട് ഞങ്ങള്‍ക്ക് അവിടെ ജോലിയുമുണ്ടാകില്ല. വീട് പട്ടിണിയായിപ്പോകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടായിരുന്നു'- ഇതാണ് അവരുടെ ന്യായം. ആ സ്ത്രീകളുടെ നിലപാട് തെറ്റാണെന്ന് എങ്ങനെ പറയും. ഒരുപക്ഷേ അവരത് ആരോടും പറയാതെ ഒളിച്ചുവയ്ക്കുമായിരുന്നു. എന്നാല്‍ ഈ ക്രൂരത ചെയ്തവര്‍ തന്നെ പിന്നീട് ഇതിന്റെ പേരില്‍ അവരെ മാനസികമായി പീഢിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതികരിക്കാന്‍ തയ്യാറായത്. അവരില്‍ ചിലര്‍ തങ്ങളെ വിവസ്ത്രരാക്കികൊണ്ടുള്ള പരിശോധനയെ അപ്പോള്‍ തന്നെ എതിര്‍ത്തതാണ്. ഉടന്‍ വന്നു ഭീഷണി- പരിശോധനയയ്ക്ക് സമ്മതമല്ലെങ്കില്‍ നാളെ മുതല്‍ ജോലിക്കും വരണ്ട- അതോടെ എല്ലാരും നിശബ്ദരായി. അവരുടെയല്ലാം അടിവസ്ത്രം വരെ ഊരിമാറ്റി പരിശോധനയും നടന്നു.

ഇതിന്റെ പേരില്‍ ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ട് വനിത സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയാണ്, അവരാണ് ദേഹപരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അതുപോര എന്നു തന്നെയാണ് ഞങ്ങളുടെ ആവശ്യം. ആ രണ്ടുസ്ത്രീകളുടെ ചുമലില്‍ എല്ലാകുറ്റവും കെട്ടിവച്ച് ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടുകൂടാ. ആ സ്ത്രീകളെ പിന്തുണയ്ക്കുന്നില്ല, അവര്‍ ചെയ്തത് തെറ്റ് തന്നെ. എന്നാല്‍ അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാകില്ല. കമ്പനിയുടെ തലപ്പത്തുള്ളവര്‍ അറിഞ്ഞുകൊണ്ട് തന്നെയാകണം. അല്ലെങ്കില്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം ഉള്ളതുകൊണ്ടു തന്നെയാകണം അവര്‍ അത്തരമൊരു ചെയ്തിക്ക് തയ്യാറായത്. അതിനാല്‍ പ്രതികളുടെ കൂട്ടത്തിലേക്ക് കമ്പനി എംഡിയെയും മാനേജ്‌മെന്റിനെയും കയറ്റിനിര്‍ത്തണം. വിചാരണ അവര്‍ക്കും ബാധകം. ഇതേ കമ്പനയില്‍ തന്നെ കുറച്ചു നാളുകള്‍ക്ക മുമ്പ് ഒരു സ്ത്രീ തലകറങ്ങി വീണു. ജോലി സ്ഥലത്ത് തൊഴിലാളിക്കുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിനും ഉത്തരം പറയേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വം ആണന്നിരിക്കെ ഈ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവരുടെ ഭര്‍ത്താവ് തന്നെ വരേണ്ടി വന്ന ദുരവസ്ഥയാണ് ഉണ്ടായത്. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പെരുമാറുന്ന ഒരു മാനേജ്‌മെന്റാണ് അവരെന്നിരിക്കെ ഈ സംഭവത്തിലും അവര്‍ ഉത്തരവാദികളെന്ന് സംശയിക്കുന്നതില്‍ എന്ത് തെറ്റ്?.മാസമുറ സമയത്ത് പാഡ് ധരിക്കുക എന്നത് പൊതുവില്‍ എല്ലാ സത്രീകളുടെയും ഒരു പോംവഴിയാണ്. എന്നാല്‍ ഈ പാഡ് മാറ്റി ഉപയോഗിക്കാന്‍പോലും അവര്‍ക്ക് അനുവാദം നല്‍കാതിരിക്കുമ്പോള്‍ അത് മൃഗീയവാസനയുള്ളവര്‍ക്ക് മാത്രം സാധിക്കുന്നയൊന്നാണ്. ആകെ വിശ്രമത്തിനായി കിട്ടുന്നത് വളരെ കുറച്ച് സമയം. അതനുള്ളില്‍ അവര്‍ക്ക് എന്തൊക്കെകൂടി ചെയ്യാനാകും. ഭയവും വെപ്രാളവുമെല്ലാം കൂടിച്ചേര്‍ന്നൊരു മാനസികാവസ്ഥയിലായിരിക്കണം ആരായാലും അവര്‍ ആ നാപ്കിന്‍ അത്തരമൊരരു സാഹചര്യത്തില്‍ ഉപേക്ഷിക്കാനിടവന്നത്. അതിന് കുറ്റക്കാരിയാക്കേണ്ടത് ആ പാവം സ്ത്രീയെയല്ല. അവരെ വരിഞ്ഞുകെട്ടിയിട്ട മേലധികാരികളെയാണ്. എന്തിനും ഏതിനും അമ്മപെങ്ങന്മാരെ ഉദ്ധരണികളില്‍ ചേര്‍ക്കുന്നവര്‍ക്ക് ഇത്തരമവസ്ഥകളില്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയിലും സ്വന്തം അമ്മയെയും പെങ്ങളെയും കണ്ടുകൂടെ! അവളുടെ കണ്ണിലെ ദീനത, ശരീരത്തിലെ വിറയല്‍ , നോട്ടത്തിലെ യാചന നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍- അവള്‍ക്ക് ഈ മാനക്കേട് ഉണ്ടാകുമായിരുന്നോ?

ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. ഇവിടെ മാത്രമല്ല ഇതു നടക്കുന്നത്. ഒരുപെണ്ണ് എന്ന നിലയില്‍ മനംതകര്‍ന്നുപോയ എത്രയോ കഥകള്‍ ഇതിനു മുമ്പും കേട്ടിരിക്കുന്നു. ഒറ്റമുറി തുണിക്കടയില്‍ ഒന്നുനിന്നു തിരിയാന്‍പോലും ഇടം കിട്ടാതെ വലയുന്ന നമ്മുടെ സഹോദരിമാരെ കണ്ടിട്ടുണ്ടോ. അവര്‍ക്ക് മാസമുറ വന്നാലും മലമൂത്രവിസര്‍ജ്ജനത്തിന് തോന്നിയാലും യജമാനന്റെ ദയ കാത്തുനില്‍ക്കണം. സെയില്‍സ്‌ഗേള്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ കടയില്‍ കച്ചവടം കുറയുമെന്ന കാരണം പറഞ്ഞ് ശൗചാലയം പൂട്ടി താക്കോല്‍ പോക്കറ്റില്‍ ഇട്ടുനടക്കുന്ന മുതലാളിയെ എന്ത് വിളിക്കണം? രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ടുവരെ ഒരേ നില്‍പ്പുനില്‍ക്കുന്നരാണ് സെയ്ല്‍സ് ഗേള്‍സ്. അവര്‍ക്ക് മാസമുറയായാല്‍ എന്ത് അല്ലെങ്കിലെന്ത് എനിക്ക് കച്ചവടം നടക്കണം എന്നുമാത്രമാണ് ഈ കഴുകന്മാരുടെ വിചാരം.

നമ്മുടെ കേരളത്തിലെ എല്ലാ തൊഴിലിടങ്ങളിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പീഢനങ്ങള്‍, അത് ശാരീരികമാകാം, മാനസികമാകാം, അനുഭവിക്കുന്നവരാണ് സ്ത്രീകള്‍. ഒരു സംഭവമുണ്ടായാല്‍ കുറച്ച്‌നാള്‍ അതുനുപുറകെ മുദ്രാവാക്യം മുഴക്കിനടക്കുകയും തുടര്‍ന്ന് അവ മറക്കുകയും ചെയ്യുന്ന പൊതുശീലം മാറണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്യവും അവളുടെ അഭിമാനവും സംരക്ഷിക്കുന്ന നിയമങ്ങള്‍ ഉണ്ടാകണം. അവ നടപ്പാക്കാനുള്ള ചുമതലയും ഉണ്ടാകണം. ഇനിയും അവളെ ഇങ്ങനെ ഉടുതുരിയുണിഞ്ഞ് അപമാനിക്കരുത്.


(നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ സെക്രട്ടറിയാണ് ലേഖിക)

* Views are Personal


Next Story

Related Stories