TopTop
Begin typing your search above and press return to search.

നമ്മുടെ സ്ത്രീപക്ഷം ആരുടെ പക്ഷത്താണ്?

നമ്മുടെ സ്ത്രീപക്ഷം ആരുടെ പക്ഷത്താണ്?

പ്രിയന്‍ അലക്‌സ്


അടിസ്ഥാനപരമായി പുരുഷസമൂഹത്തിന് ഒരു അലിബി ആവശ്യമുണ്ട്. അതാണ് ഈ സ്ത്രീസ്വാതന്ത്ര്യസംരക്ഷണം എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നതിനു പിന്നില്‍. സമൂഹത്തിലെ സദാചാരയുക്തി സ്ത്രീകേന്ദ്രീകൃതമാക്കുന്നതും ഇതേ പുരുഷസമൂഹമാണ്. സ്ത്രീകള്‍ക്ക് അധികാരം നിഷേധിക്കാനും സാംസ്‌ക്കാരത്തിന്റെ വിഴുപ്പു ചുമപ്പിക്കാനുമാണ് ശ്രമം.

മറ്റൊന്നുമാലോചിക്കേണ്ട. നമുക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് അസുഖം വന്നതായി സങ്കല്‍പ്പിക്കുക. അയാളുടെ ഉറക്കത്തിലെ ശ്വാസോച്ഛ്വാസം കേള്‍ക്കുന്നതാവും നമ്മെ സംബന്ധിച്ചിടത്തോളം മനസ്സിന് ഏറ്റവും സുഖം നല്‍കുക. 'സുരക്ഷ' എന്ന വാക്ക് ഫാസിസ്റ്റുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സ്ത്രീസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നത് ഒരു മുദ്രാവാക്യമാവുന്നതും അങ്ങനെയാണ്.

മറക്കുടകളെ ഉപേക്ഷിക്കുന്നതിനും മാറ് മറയ്ക്കുന്നതിനും വേണ്ടി സമരങ്ങളുണ്ടായി. മുന്നാക്കജാതിയിലെ സ്ത്രീകള്‍ മാറുമറച്ച് നടക്കാനും ജാക്കറ്റും നേര്യതും ധരിക്കാന്‍ തുടങ്ങിയതിനും ശേഷമാണ് മാറ് മറയ്ക്കുന്നത് ഒരു പരിഷ്‌കാരമാവുകയും അതൊരു സവിശേഷ ജാതിപ്രശ്‌നമാവുകയും ചെയ്തത്. അതായത് തിരുത്ത് ഒരു പുതിയ വ്യാകരണത്തിനു ഉദയം കൊടുക്കുകയാണുണ്ടായത്. തിരുത്ത് വീണ്ടും വീണ്ടും തുടരുന്നതാണ്. സ്വാഭാവികമായി രൂപം കൊള്ളുന്ന ഈ സെമാന്റിക്‌സിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. അത് സംഭവിക്കുന്നതാണ്. അതുപോലെ മരുമക്കത്തായത്തോടനുബന്ധിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്മേല്‍ ഉണ്ടായ കാഴ്ച്ചപ്പാടിനു വിപണിബന്ധമുണ്ടായിരുന്നു. മരുമക്കത്തായത്തിന്റെ തകര്‍ച്ചയോടെ സ്ത്രീകള്‍ക്ക് ഇണയെ തിരഞ്ഞെടുക്കാനുള്ള ലൈംഗികസ്വാതന്ത്ര്യമില്ലാതാവുകയും സമ്പത്ത് പുരുഷന്റെ അധീനതയിലാവുകയും ചെയ്യുന്നു. നെല്ലിനുപകരം നാണയം ഉപയോഗത്തിലാവുകയും, ഭൂമിക്ക് വിലയുണ്ടാവുകയും ചെയ്തു. ഈ വിപണി ആവിര്‍ഭാവം സ്ത്രീയെയും സ്വത്തിനെയും അടക്കിനിര്‍ത്താനുള്ള പ്രവണതകള്‍ക്ക് കരുത്തുപകരുകയാണ് ചെയ്തത്.

ഇതേസമയം സാര്‍വത്രികമായ വിദ്യാഭ്യാസത്തിലൂടെ ഉദയം കൊണ്ട പുതിയ മധ്യവര്‍ഗത്തിലെ സ്ത്രീകളെ സദാചാരത്തിലൂടെയും കുലാഭിമാനയുക്തിയിലൂടെയും അധികാരത്തില്‍നിന്നകറ്റുന്നു. എന്നാല്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുള്ള അവളുടെ വരവിനെ സ്ത്രീസ്വാതന്ത്ര്യമായി ചിത്രീകരിക്കുന്നു. സ്ത്രീകള്‍ക്ക് അടുക്കളയും അരങ്ങും അകത്തളവുമുണ്ട്. സ്വാതന്ത്ര്യവും അധികാരവും ഒരൊറ്റ പദസമുച്ചയമാവുന്ന പുതിയ സെമാന്റിക്‌സ് രൂപംകൊള്ളുന്നു എന്ന് സങ്കല്‍പിക്കപ്പെടുന്നു. ഇത്, പുരുഷാധികാരത്തിന്റെ സംജ്ഞകളെ സ്ത്രീപക്ഷമാക്കി മൊഴിമാറ്റുകയാണ്. ടെലിവിഷന്‍ പരസ്യങ്ങളില്‍ കാണുന്ന ഫെയര്‍നെസ് ക്രീമും, മോയ്‌സ്ചറൈസിങ്ങ് സോപ്പും, സാനിട്ടറി നാപ്കിനും ഉപയോഗിക്കുന്ന, മമ്മിയാണോ എന്നു സ്വയം വിസ്മയിപ്പിക്കുന്ന ചെറുപ്പക്കാരികള്‍, ജീവിതത്തെ സാമ്പത്തികവിപണി അധികാരശബ്ദത്തില്‍ വോയ്‌സ് ഓവര്‍ ആയി കേള്‍ക്കുന്ന സാന്നിധ്യമാണ്. അവള്‍ നേരത്തെ ഓഫീസില്‍നിന്ന് മടങ്ങുകയും , ഭര്‍ത്താവിനുവേണ്ടി പാചകം ചെയ്യുകയും വീട്ടമ്മയാവുകയും, മകളോടൊത്ത് കുളിക്കുകയും കളിക്കുകയും ചെയ്യുന്നു. അവളുടെ ജീവിതത്തില്‍നിന്ന് പുരുഷാധികാരം അപ്രത്യക്ഷമായതായി ഭ്രമിക്കുന്നു. ഭര്‍ത്താവ് അജ്ഞ്ജാതനായ ഒരു തുഴച്ചില്‍ക്കാരനാണ്. അയാള്‍ക്ക് ഒരു തീരത്തും കടവില്ല. ആരും അയാളെക്കുറിച്ച് അന്വേഷിക്കുന്നില്ല. അയാളില്ലെങ്കില്‍ ആര്‍ക്കും നാഥനില്ലാത്തതുപോലെ തോന്നുന്നുമില്ല. വിപണിക്കോ സമ്പദ്‌വ്യവസ്ഥയ്‌ക്കോ അയാളെ ആവശ്യമില്ല. കണ്ണാടിമേല്‍ക്കൂരകളില്‍ അഭിരമിക്കുന്ന സ്ത്രീകള്‍ മാറുന്ന കാലങ്ങളെ സ്വന്തമാക്കിയതായി സ്വയം വിലയിരുത്തുന്നു. എന്നാല്‍ അവള്‍ക്ക് തിരഞ്ഞെടുക്കാനാവാത്ത സ്വാതന്ത്ര്യം അവള്‍ക്ക് എന്തധികാരമാണ് നല്‍കുന്നത്?

ഇതില്‍ ശരിയും തെറ്റുമില്ല.വിപണിക്കാവശ്യം സ്ത്രീകളെയാണ്. അവരുടെ ഇച്ഛകളെയാണ്. അവര്‍ക്കുവേണ്ടിയാണ് മാധ്യമസോപ്പുകള്‍. അവര്‍ ലോലകളാണ്. ലോലമായ ഇച്ഛകളുടെ അധികാരങ്ങളെ ഭരിക്കുന്നവരാണ്. അവരുടെ പ്രീതി സര്‍വ്വം ഹിതകരമാണ്. ഇത് ശരിയാണ്. ഈ ശരിക്ക് എപ്പോഴും ശരിയായിരിക്കേണ്ടതുണ്ട്. തെറ്റ് (പുരുഷപ്രജ) അതിനെതിരാണെന്ന് ഭാവിക്കുന്നു.പുരുഷ സമ്പദ് വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്ന സ്ത്രീകളില്‍, അവരുടെ സ്ത്രീപരമായ ഇച്ഛ എങ്ങനെയാണ് വേറിട്ടതാവുന്നത്? ഒരു വജ്രാഭരണം അണിയാനുള്ള ആഗ്രഹമാണോ? കണ്ണാടിമേല്‍ക്കൂരയ്ക്കുകീഴേ പാര്‍ക്കാനും പ്ലാസ്റ്റിക് മണിയുമായി വ്യാപരിക്കാനുമുള്ള ഇച്ഛയാണോ അത്? വിപണി ബന്ധത്തിലെ അധികാരചോദന, എല്ലാവരെയും വിമോചിപ്പിക്കുന്നതായി എത്ര നാള്‍ നമുക്ക് സ്വപ്നം കാണാന്‍ കഴിയും. പുതിയ സ്ത്രീപക്ഷത്തെ എതിര്‍ക്കുന്ന പുരുഷാധികാരത്തോട് ഒത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് എവിടെയാണ് പിഴയ്ക്കുന്നത്? പുരുഷനോടുള്ള അടിമത്തത്തില്‍ 'നിങ്ങള്‍ക്ക് ഒന്നും മനസിലാവില്ല' എന്നതാണ് അവളുടെ ധര്‍മ്മസങ്കടം. 'നമ്മള്‍ പെണ്ണുങ്ങ'ളില്‍നിന്നും നമ്മുടെ പെണ്ണുങ്ങളിലേക്കുള്ള ദൂരമെത്രയാണ്? വിപണി നമ്മളോട് വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യമല്ല എന്ന ദുരന്തമാണോ നമ്മെ കാത്തിരിക്കുന്നത്?

സവിശേഷമായ ഈ വിപണി വ്യവസ്ഥിതിയില്‍ സ്ത്രീക്കും പുരുഷനും ഒരേ അടിമത്തമാണ്. അഥവാ റൊട്ടിയില്‍ വെണ്ണപുരട്ടിയത് തങ്ങളുടെ വശത്താണെന്ന് ഇരുകൂട്ടരും സങ്കല്‍പ്പിക്കുന്നു. സത്യത്തില്‍ നമ്മുടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വിപണിബന്ധമല്ലേ, മാധ്യമവല്‍ക്കരിക്കപ്പെടുന്നത് എന്നത് ചോദിക്കാന്‍ മടിക്കുന്നതെന്തിനാണ്? പുതിയ കണ്‍ഫേമിറ്റികള്‍ക്ക് (ഇഴുകിച്ചേരലുകള്‍ക്ക്) നിര്‍ബന്ധിതരാക്കപ്പെടുകയാണ്.

കോര്‍പ്പറേറ്റ് ജനാധിപത്യത്തില്‍ അധികാരത്തിന്റെ പ്രയോഗസാധ്യത സ്ത്രീപുരുഷഭേദമേന്യേ ഒന്നായിത്തീരുന്നു. അധികാരം ആരെയും വിമോചിപ്പിക്കുന്നില്ല. ഇവിടെയാണ് സ്ത്രീയുടെ അധികാരപ്രാപ്തിയെ സംബന്ധിച്ച ചര്‍ച്ച ലൈംഗികതയെക്കുറിച്ചുള്ള ചര്‍ച്ചയാവുന്നത്. അത് സ്വാഭാവികമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പുരുഷപ്രോക്തമായ ഇച്ഛകളാണ്.

ഇവിടെ നമ്മള്‍ വീട്ടിലേക്ക് മടങ്ങിവരുന്നു. വീട് ഒരു തടവറയാണെങ്കില്‍ തടവറയില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയില്ല. സ്വാതന്ത്ര്യം എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നമട്ടിലാവും സ്‌കൂളിലും പഠിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഏത് സ്‌കൂളിലാണ് നമ്മള്‍ അവസാനം പഠിച്ചത്? നമ്മുടെ വീടുകളില്‍നിന്ന് ധിഷണാസ്വാതന്ത്ര്യമുള്ള സ്ത്രീശാലികള്‍ ഉണ്ടാവാത്തതിന്റെ കാരണമിതുതന്നെയല്ലേ? അധികാരത്തെ അച്ചടക്കത്തോട് ചേര്‍ത്തുകാണുന്നതും ലിംഗപരമായ വസ്ത്രബോധം അടിച്ചേല്‍പ്പിക്കപ്പെടുന്നതും വീട്ടില്‍നിന്നല്ലേ? അപ്പോള്‍ ഹോം സ്വീറ്റ് ഹോം എന്ന് എന്തിനാണ് പൊലിപ്പിച്ച് പറയുന്നത്?അപ്പോള്‍ വീടുകള്‍ നമ്മുടെ പുരുഷന്മാരോട് എന്താണ് ചെയ്യുന്നത്? വീടിന് പുറത്ത് വഷളായി നടക്കുന്ന ഇടം എന്ന ബോധമല്ലേ പൊതുഇടങ്ങളെക്കുറിച്ച് അവനിലേക്ക് പകര്‍ന്നുനല്‍കുന്നത്? ലിംഗപരമായ പ്രത്യയം ഉള്ളില്‍ക്കടക്കുന്നതും അധികാരവാഞ്ച പിടിമുറുക്കുന്നതും വീട്ടില്‍നിന്നല്ലേ? ആണ്‍ നോട്ടങ്ങള്‍ ഉണ്ടാവുന്നത് വീട്ടില്‍നിന്നല്ലേ? നമ്മുടെ പുരുഷന്മാര്‍ പീപ്പര്‍മാരാവുന്നത് വീടുകളില്‍നിന്നല്ലേ? വീടുകള്‍ നല്‍കുന്നതിനേക്കാള്‍ നിഷേധിക്കുവോളം, ഇതു തുടരുകയല്ലേ നിര്‍വ്വാഹമുള്ളൂ.

വീട് ഒരു ഭൂതകാലപ്രത്യയമാണ്. ഭൂതകാലത്തിന്റെ ഭാവിയെക്കുറിച്ച് വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നവരാവുന്നു നമ്മള്‍. ഇത് എത്രമാത്രം സത്യസന്ധമാണ്? ഫാസിസം വരുന്നു എന്നുപറയാന്‍ തോന്നുമ്പോഴും, അല്ലാ, അതെപ്പോഴാണ് ഇല്ലാതിരുന്നത് എന്നതല്ലേ ശരിയായ ചോദ്യം? ഇനി പറയൂ നമ്മുടെ സ്ത്രീപക്ഷം ഫാസിസത്തിനെതിരായ പക്ഷമാവേണ്ടതല്ലേ.

സ്ത്രീസ്വാതന്ത്ര്യം എന്നത് അധികാരസംജ്ഞകളോട് ഇടപെടുമ്പോള്‍ സവിശേഷമായ ഒരു രാഷ്ട്രീയം ഉടലെടുക്കുന്നുണ്ട്. അത് വോട്ടുബാങ്കിനെ തകര്‍ക്കുന്നു എന്നതുകൊണ്ട് പാശ്ചാത്യമാതൃകയിലെ ഫെമിനിസത്തിനെ ഭരണകൂടം എതിര്‍ക്കും. അതുപോലെ തന്നെ വിപണിനിര്‍ണ്ണയം മൂലമുള്ള ആഗോള അധികാരവ്യവസ്ഥയില്‍ ജനാധിപത്യത്തിന് മൗലികമായ ശക്തിയില്ലാതാവുന്നു. അതിന്റെ ദുഷ്ഫലം സ്ത്രീകളാണ് കൂടുതലനുഭവിക്കുന്നത്. എന്നാല്‍ പുരുഷന്മാരും സമാനമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ അധികാരത്തെ പുരുഷാധികാരം എന്നു വ്യാകരണപ്പെടുത്തിയാല്‍പ്പോലും പുരുഷന് ഇതുകൊണ്ട് എന്തുപ്രയോജനം? സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന്റെ അന്തസ്സുതിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കാണേണ്ടതുണ്ട്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

*Views are personal


Next Story

Related Stories