TopTop
Begin typing your search above and press return to search.

പുതിയ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം പേരിനു മാത്രമാവുമോ?

പുതിയ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം പേരിനു മാത്രമാവുമോ?

വി ഉണ്ണികൃഷ്ണന്‍

14ാം നിയമസഭ നിലവില്‍ വരാന്‍ ഇനി വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മുതല്‍ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും സജീവമായി തുടരുന്നു. വിജയിച്ചവര്‍ക്ക് നല്‍കേണ്ടുന്ന വകുപ്പുകളെക്കുറിച്ചും അവര്‍ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

എല്‍ഡിഎഫില്‍ നിന്ന് 17 ഉം യുഡിഎഫില്‍ നിന്ന് ഒമ്പതും വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. എന്‍ഡിഐയില്‍ സികെ ജാനു അടക്കം എട്ടു സ്ഥാനാര്‍ഥികളും. എന്നാല്‍ വിജയം കണ്ടത് എല്‍ഡിഎഫിലെ എട്ടു പേര്‍ മാത്രം.

സിപിഐ എമ്മിന്റെ കെ കെ ശൈലജ, പ്രതിഭാ ഹരി, വീണ ജോര്‍ജ് , ജെ മേ‌ഴ്‌സിക്കുട്ടിയമ്മ, ഐഷാ പോറ്റി, സിപിഐയുടെ ഗീത ഗോപി, ഇ എസ് ബിജിമോള്‍, സി കെ ആശ എന്നിവരാണ് 14ാം മന്ത്രിസഭയിലെ ആ വനിതാ പ്രതിനിധികള്‍.

കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യു.ഡി.എഫ് ഇത്തവണ വനിതകള്‍ക്ക് നല്‍കിയത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും.

വനിതാ പ്രതിനിധികളുടെ കാര്യത്തില്‍ കഴിഞ്ഞ നിയമസഭയിലേതില്‍ നിന്നും ഒരു സീറ്റ് വ്യത്യാസമേ ഉള്ളൂ എങ്കിലും സാധാരണ ഗതിയില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം കാരണം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു അപവാദമാകും എന്നു തന്നെയാണ് പലരുടേയും വിശ്വാസം. വനിതകള്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പ് നിലവില്‍ വരും എന്ന വാഗ്ദാനം എല്‍ഡിഎഫ് നല്‍കിയതിനാല്‍ത്തന്നെ സ്ത്രീജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കും, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം എന്നിങ്ങനെ പല വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ പാര്‍ട്ടികള്‍ നല്‍കാറുണ്ടെങ്കിലും പിന്നീടുള്ള കാലയളവില്‍ അതൊക്കെ പഴങ്കഥയാകുകയാണ് പതിവ്.

എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ തന്നെ ഇതേക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വനിതാപ്രാതിനിധ്യമുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നത് പ്രയോജനകരമാണ് എന്നും അതുകൊണ്ട് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ശ്രീപാര്‍വതി അത്തരത്തില്‍ വ്യത്യസ്തമായ ഒരഭിപ്രായക്കാരിയാണ്.

'നിയമസഭയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയതുകൊണ്ട് സ്ത്രീസമൂഹത്തിനു പ്രത്യേകിച്ച് ഗുണമുണ്ടാവും എന്ന് കരുതുന്നില്ല. പ്രാഥമിക പരിഗണന ആവശ്യമുള്ള ഏറെ വിഷയങ്ങളുണ്ട്. അവയാണ് ആദ്യം പരിഹരിക്കേണ്ടത്. ഷീ ടോയ്ലറ്റ് പോലെയുള്ളവ. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആദിവാസികളുടെ ഇടയില്‍ നിന്നും ഒരു മന്ത്രിയുണ്ടായിരുന്നല്ലോ. ആ കാലയളവില്‍ എത്ര ആദിവാസി വനിതകള്‍ പട്ടിണി കിടന്നു മരിച്ചു, എത്ര പേര്‍ വഴിയില്‍ പ്രസവിച്ചു. അതുകൊണ്ടു തന്നെ നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതിലുപരി അടിസ്ഥാനവിഷയങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്’- ശ്രീപാര്‍വതി പറയുന്നു.

സാമൂഹ്യപ്രവര്‍ത്തകയായ ജ്യോതി നാരായണന്റെ അഭിപ്രായം ഇക്കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

താരതമ്യേനെ ദുര്‍ബലമായ വകുപ്പുകള്‍ നല്‍കി വനിതാ സ്ഥാനാര്‍ഥികളുടെ പ്രാധാന്യം കുറച്ചുകാണുന്ന പ്രവണത രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ഗൌരവമേറിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വഴങ്ങും എന്നുള്ളത് സ്ത്രീകള്‍ മുന്‍പും തെളിയിച്ചിട്ടുള്ളതാണ് എന്നുള്ള അഭിപ്രായക്കാരിയാണ് ജ്യോതി.

എന്നാല്‍ ശ്രദ്ധപതിയേണ്ട മറ്റൊരു വിഷയം അവര്‍ ചൂണ്ടിക്കാട്ടുന്നു

'എല്ലാ വര്‍ഷവും വനിതകള്‍ക്കായി പുതിയ നിയമങ്ങള്‍ നിലവില്‍ വരാറുണ്ട്. പുതിയ പ്രോജക്റ്റുകള്‍ വരുന്നു. എന്നാല്‍ പലപ്പോഴും അത് പേപ്പറില്‍ മാത്രമായിപ്പോകുന്നു. ആവശ്യമുള്ള പലര്‍ക്കും നിയമത്തിന്റെ പരിഗണന ലഭിക്കുന്നുമില്ല. നിയമം ഉണ്ടാക്കുന്നതിനു ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും നിയമങ്ങള്‍ ഓരോരുത്തരുടെ ആവശ്യങ്ങള്‍ക്കായി വളച്ചൊടിക്കപ്പെടുക എന്ന അവസ്ഥയാണ് കാണപ്പെടുന്നത്.

രാത്രിയില്‍ മിസ്ഡ് കോള്‍ വരുന്നത് മുതല്‍ പീഡനങ്ങള്‍ വരെ സംസ്ഥാനത്ത് നടക്കുന്നു. പലപ്പോഴും അത്യാഹിതങ്ങള്‍ നടക്കുന്നതിനു മുന്‍പ് പരാതികള്‍ പോലീസിനു ലഭിക്കാറുണ്ട്. എന്നാല്‍ നടപടികള്‍ ഉണ്ടാവാറില്ല. ജിഷയുടെ കേസ് തന്നെ അതിനുദാഹരണമാണ്. ചില അവസരങ്ങളില്‍ പരാതികള്‍ രേഖപ്പെടുത്താറുപോലുമില്ല. നിയമങ്ങള്‍ ഒരോരുത്തരുടെ ആവശ്യങ്ങള്‍ക്കായി വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നു. അന്വേഷണങ്ങള്‍ പലപ്പോഴും പകുതി വഴിയില്‍ നിലയ്ക്കുന്നു.

ആന്റി ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റ് -2005ല്‍ നിലവില്‍ വന്നു. ഈ നിയമം സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി രേഖപ്പെടുത്തുവാന്‍ ഒരു മജിസ്ട്രേറ്റിന്റെ കീഴില്‍ ഒരാള്‍ എന്ന നിലയില്‍ ഒരു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഉണ്ടാവണം എന്നും പറയുന്നുണ്ട്. മേല്‍പ്പറഞ്ഞ ഓഫീസര്‍ പോസ്റ്റ്‌ പലയിടത്തും നിലവിലില്ല. ഉള്ളയിടങ്ങളില്‍ അവര്‍ക്കാവശ്യമുള്ള സൌകര്യങ്ങളുമില്ല. ഇതൊന്നും നിയമം ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ നിയസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലഞ്ഞിട്ടോ അല്ല. കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ വന്ന പിഴവുകള്‍ ആണെന്ന് തന്നെ പറയാം.

ജിഷാ വധം പോലെയുള്ള ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതായുണ്ട്. ശ്രദ്ധിക്കപ്പെടേണ്ട മറ്റൊന്ന് നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നാണ്. ബലാത്സംഗം ചെയ്യപ്പെടാതിരുന്നാല്‍ മാത്രമല്ല സ്ത്രീ സുരക്ഷിതയാകപ്പെടുക. ഭരണഘടന അനുശാസിക്കപ്പെടുന്ന അവകാശങ്ങള്‍ എന്ന് മുഴുവനായി അവള്‍ക്കനുഭവിക്കാവുന്ന ഒരു സന്ദര്‍ഭം ഉണ്ടാവുന്ന അന്നേ സ്ത്രീ സുരക്ഷിതയാണ് എന്ന് പറയാന്‍ സാധിക്കൂ. അത്തരം ഒരു സാമൂഹ്യവ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം.

പലപ്പോഴും സഖ്യകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുകയാണ് സംഭവിക്കുക. ഇത്തവണ ആ പരിമിതി ഇല്ലാത്തതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ആ കടമ്പ മറികടക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം. നല്ല ഭൂരിപക്ഷത്തോടെയാണ് ഈ സര്‍ക്കാര്‍ നിലവില്‍ വരാന്‍ പോകുന്നത്. സ്ത്രീകള്‍ക്കായി, അവരുടെ സുരക്ഷയ്ക്കായി നിയമങ്ങള്‍ നടപ്പിലാക്കണം എന്നുള്ള ഉള്‍ക്കാഴ്ച അവര്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും അക്കാര്യത്തില്‍ പുരോഗതിയുണ്ടാവും’- ജ്യോതി തന്റെ അഭിപ്രായം വ്യക്തമാക്കി.

എന്നാല്‍ നിയമസഭയില്‍ വനിതകള്‍ ഉണ്ടായതുകൊണ്ടോ പ്രാതിനിധ്യം ഉയര്‍ന്നത് കൊണ്ടോ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ് എന്ന് തിരുവനന്തപുരം എന്‍എസ്എസ് കോളേജ് ഫിലോസഫി പ്രൊഫസര്‍ ആയ വിനീത മോഹന്‍ പറയുന്നു.

'മാറ്റം ഉണ്ടാവേണ്ടത് നമ്മള്‍ അടക്കമുള്ളവരുടെ മൈന്‍ഡ് സെറ്റിലാണ്. സ്ത്രീകളെ സംബന്ധിച്ചുള്ള പല കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു; വനിതാ പ്രാതിനിധ്യമോ സംവരണമോ കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നുവെങ്കില്‍ കേരളം എന്നേ ഇന്നത്തെ അവസ്ഥയില്‍ നിന്നും മുന്നോട്ടു പോയേനെ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് തന്നെ വിലയില്ലാത്ത അവസ്ഥയാണ്; ജനങ്ങളുടെ റോള്‍ കഴിഞ്ഞു. ഇനി തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്’- വിനീത മോഹന്‍ അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാക്ഷരതയിലും ഇപ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനവുമായി എന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന കേരളത്തിന്റെ നിയമസഭയിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും കഷ്ടിച് 20 ശതമാനം മാത്രം. അതായത് നിയമസഭാംഗങ്ങളില്‍ വനിതകള്‍ വെറും എട്ടു പേര്‍ മാത്രം.

പഴയ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരള നിയമസഭയില്‍ ഇതുവരെ അംഗങ്ങളായത് 865 പേരാണ്, എന്നാല്‍ വനിതാ പ്രാതിനിധ്യത്തിന്റെ കണക്കില്‍ അത് രണ്ടക്കത്തിലേക്ക് ഒതുങ്ങും, വെറും 77 പേര്‍ മാത്രം. മന്ത്രിയായവര്‍ 193. അതില്‍ വനിതകള്‍ ആറു പേര്‍. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വനിതകളുടെ എണ്ണമെടുത്താല്‍ കേരളത്തിനെ പട്ടികയില്‍ ചേര്‍ക്കാന്‍ പോലും സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ലോക്സഭയില്‍ വനിതാ സ്പീക്കര്‍ ഉണ്ടെങ്കില്‍ നമ്മുടെ നിയമസഭയില്‍ സ്പീക്കര്‍ പദവിയിലേക്ക് സ്ത്രീകളെ പരിഗണിച്ചിട്ടു പോലുമില്ല. ആകെ പരിഗണിച്ചിട്ടുള്ളത് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മാത്രം.

കേരളത്തിലെ സ്ത്രീസാക്ഷരത 91.98 ശതമാനം, ഹരിയാനയില്‍ 66.77, ഉത്തര്‍പ്രദേശില്‍ 59.26. എന്നാല്‍ നിയമസഭയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കണക്കില്‍ ഇത് നേരെ തിരിയും. കേരളത്തില്‍ 5 ശതമാനം, ഹരിയാനയില്‍ 14.44 ഉം ഉത്തര്‍പ്രദേശില്‍ 8.68 ഉം ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള ബീഹാറില്‍ ഇത് 11.52 ശതമാനവുമാണ്.

വനിതകള്‍ക്ക് സംവരണം വേണം എന്നും അതേ സമയം സംവരണമല്ല അവകാശങ്ങള്‍ പിടിച്ചെടുക്കലാണ് ആവശ്യം എന്നുമുള്ള വ്യത്യസ്തമായ നിലപാടുകള്‍ നിയമസഭാ സാമാജികരില്‍ തന്നെയുണ്ട്. അത്തരത്തില്‍ ഒന്ന് ഇത്തവണയും വിജയിയായ ഇഎസ് ബിജിമോള്‍ നേരത്തെ അഴിമുഖത്തോട് പങ്കുവച്ചിരുന്നു.

പുരുഷാധിപത്യമുള്ള സമൂഹത്തില്‍ സംവരണം മാത്രമാണ് സ്ത്രീകള്‍ക്ക് മുന്നോട്ടു വരാനുള്ള ഏക മാര്‍ഗ്ഗം എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഏതൊക്കെ രീതിയില്‍ മുന്നേറാന്‍ ശ്രമം നടന്നാലും സ്ത്രീകള്‍ തടയപ്പെടുന്നു. പരിതികള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും തങ്ങള്‍ തഴയപ്പെടുകയാണ് എന്നും ബിജിമോള്‍ പറയുന്നു.

വിജയിച്ച വനിതാ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് ഇപ്പോഴും തീര്‍പ്പുണ്ടായിട്ടില്ല. മര്‍മ്മ പ്രധാനമായ വകുപ്പുകള്‍ തന്നെ അവര്‍ക്ക് നല്‍കണം എന്ന് വനിതകള്‍ക്കിടയില്‍ നിന്ന് തന്നെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് വനിത മന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാവും എന്ന തിരഞ്ഞെടുപ്പ് കാലത്തെ വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളത്തിലെ വനിതകള്‍.


Next Story

Related Stories