TopTop
Begin typing your search above and press return to search.

നിങ്ങള്‍ കാണുന്നതൊന്നുമല്ല ജീവിതമെന്ന് മലയാളിയെ കാണിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ തയാറുണ്ടോ?

നിങ്ങള്‍ കാണുന്നതൊന്നുമല്ല ജീവിതമെന്ന് മലയാളിയെ കാണിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ തയാറുണ്ടോ?

'സ്വന്തമെവിടെ ബന്ധമെവിടെ' എന്ന സിനിമ ഇറങ്ങുന്നത് 1984-ലാണ്. അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് അവരുടെ ഭാര്യമാര്‍ വന്ന ശേഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും, അവസാനം നായകന്‍ കെട്ടിയവളെ തല്ലുന്നതോടെ അവള്‍ കുഴപ്പങ്ങളൊക്കെ നിര്‍ത്തി നല്ല പെണ്ണായി പ്രശ്‌നങ്ങളൊക്കെ തീര്‍ന്ന് കുടുംബം സന്തോഷമായി ജീവിക്കുന്നതും ആയിരുന്നു ഈ സിനിമയുടെ കഥ. ഭര്‍ത്താവില്‍ നിന്നും ഇടയ്‌ക്കൊരു തല്ല് വാങ്ങുന്നത് പെണ്ണിന് സന്തോഷകരമാണ് എന്ന മട്ടിലായിരുന്നു ഈ ചിത്രത്തിന്റെ പരസ്യവും എന്നതാണ് രസം. സിനിമ കഴിഞ്ഞിറങ്ങുന്ന രണ്ടു സ്ത്രീകളുടെ സംഭാഷണം എന്ന രീതിയിലായിരുന്നു അത്. സംവിധായകന്‍ ശശികുമാര്‍ 1965 ല്‍ 'തൊമ്മന്റെ മക്കള്‍' എന്ന പേരില്‍ ചെയ്ത സിനിമ വീണ്ടും അദ്ദേഹം തന്നെ മാറ്റിപ്പണിതതാണ് 'സ്വന്തമെവിടെ ബന്ധമെവിടെ' എന്ന ചിത്രം.

ഇതേപോലെ 1993ല്‍ പുറത്തിറങ്ങിയ 'വെങ്കലം' എന്ന സിനിമയില്‍ ഭാര്യയെ സംശയിച്ച് ഉപേക്ഷിച്ച ഭര്‍ത്താവ് ഒടുവില്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കി കുറ്റബോധത്തോടെ ഭാര്യയെ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചെയ്യുന്നത് മുഖമടക്കി കെട്ടിയവളെ ഒന്ന് കൊടുക്കുകയാണ്. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഉള്ള, പിന്നീട് വന്ന സൂപ്പര്‍താര സിനിമകള്‍ അടക്കം പറയുന്നത് കൈക്കരുത്ത് കൊണ്ടും നാക്കിന്റെ ബലം കൊണ്ടും അടക്കി നിര്‍ത്താനും 'നേര്‍വഴി'ക്ക് കൊണ്ടുവരാനും കഴിയുന്ന ഒരു സംഗതിയാണ് പെണ്ണ് എന്ന് തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍, ജനപ്രിയമായാലും കലാമൂല്യമുള്ളതായാലും മലയാളസിനിമക്ക് പിന്നിലുള്ളവരുടെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

ജനകീയ മാധ്യമമെന്നും ജനകീയകലാരൂപമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും നമ്മുടെ സിനിമ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് പുരുഷന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതമാണ്. അല്ലെങ്കില്‍ അവന്റെ ഭാവനയും സങ്കല്പവും മാത്രമാണ്. സിനിമാനടിക്കെതിരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉത്കണ്ഠപ്പെട്ടും മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായും ശക്തമായും വികാരഭരിതമായും പ്രതികരിച്ചപ്പോള്‍ സ്വാഭാവികമായും മലയാള സിനിമയിലെ സ്ത്രീവിരുദ്ധ നിലപാടുകളെ കുറിച്ച് ചോദ്യമുയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍താര സിനിമകളിലെ കടുത്ത സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ധാരാളം വിമര്‍ശങ്ങളും ചര്‍ച്ചകളും നടന്നു. തന്റെ സിനിമകളില്‍ ഇനി ഇത്തരം സ്ത്രീവിരുദ്ധ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഉണ്ടാവില്ലെന്നും മുന്‍കാലത്ത് അറിവില്ലാതെ വന്നുപോയ ഇത്തരം പിഴവുകളില്‍ ഖേദം പ്രകടിപ്പിച്ചും നടന്‍ പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ഉണ്ടായി.

തീര്‍ച്ചയായും ഇങ്ങനെ ഒരു തുറന്ന ചര്‍ച്ചക്കും പുനര്‍വിചിന്തനത്തിനും പറ്റിയ അവസരം തന്നെയാണ് ഇത്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുമ്പോള്‍ മലയാള സിനിമ എത്രത്തോളം പെണ്‍പക്ഷത്ത് നില്‍ക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഒരു സിനിമ ബോക്‌സോഫീസ് ഹിറ്റാവുന്നത് കുടുംബപ്രേക്ഷകര്‍ അഥവാ സ്ത്രീകള്‍ കൂടുതലായി തിയേറ്ററില്‍ എത്തി സിനിമ കാണുമ്പോഴാണ്. ഇവിടെ ഇറങ്ങിയ ജനപ്രിയ സിനിമകളൊക്കെയും ഹിറ്റും സൂപ്പര്‍ഹിറ്റും ഒക്കെയായി കൊണ്ടാടപ്പെട്ടതും, അഭിനേതാക്കള്‍ താരങ്ങളായി ഉദിച്ചുയര്‍ന്നതും ഇവിടത്തെ സ്ത്രീ ജനങ്ങളുടെ കൂടി സ്‌നേഹ വാത്സല്യങ്ങളും ആരാധനയും ഇഷ്ടവും നേടിക്കൊണ്ടാണ്.

എന്തുകൊണ്ടാണ് ഇത്രക്ക് വിലകെട്ട വ്യക്തിത്വങ്ങളായി അല്ലെങ്കില്‍ കയ്യൂക്ക് കൊണ്ട് ആണിന് നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ഒരു 'സാധനമാ'യി പെണ്ണിനെ പലപ്പോഴും അടയാളപ്പെടുത്തിയിട്ടും പ്രേക്ഷകര്‍ക്ക് അതില്‍ യാതൊരു അസ്വാഭാവികതയും തോന്നാത്തത് എന്ന് ചിന്തിച്ചാല്‍ നമുക്കൊരു ഉത്തരമേ ഉള്ളൂ. നമ്മുടെ സിനിമകള്‍ക്ക് പിറകില്‍ സ്ത്രീ സാന്നിധ്യം വളരെ വളരെ കുറവാണ്. സ്‌ക്രീനില്‍ കാണുന്ന രൂപങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അപ്പുറം സിനിമ രൂപപ്പെടുത്തി എടുക്കുന്ന ഇടങ്ങളില്‍ എവിടെയും പെണ്ണില്ല! നെറ്റി ചുളിക്കണ്ട, നടിമാരും ഗായികമാരും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും ഒക്കെയല്ലാതെ തിരക്കഥാ രംഗത്തോ സംവിധാന രംഗത്തോ നമുക്ക് എത്ര വനിതകളെ എടുത്തുകാണിക്കാന്‍ പറ്റും. ഒരു കൈയിലെ വിരലില്‍ എണ്ണാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഒന്നും മലയാള സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഈ മേഖലകളില്‍ ഏറെ ഇല്ല എന്നതാണ് വാസ്തവം. പിന്നെ എങ്ങനെയാണ് നമ്മുടെ സിനിമകള്‍ പെണ്ണിന്റേത് കൂടിയാവുക.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ഷീല 'ശിഖരങ്ങള്‍' എന്ന ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. കേരള കഫേയിലെ 'മകള്‍' എന്ന ചിത്രം ചെയ്ത രേവതി പോലും മലയാളത്തില്‍ വേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല. ഏറെക്കാലം സഹസംവിധായികയായി പ്രവര്‍ത്തിച്ച എഴുത്തുകാരി കൂടിയായ ശ്രീബാല കെ മേനോന്‍ പോലും ഒരു സിനിമ മാത്രമാണ് സ്വന്തമായി ചെയ്തത്. അഞ്ജലി മേനോന്‍ മാത്രമാണ് നമുക്ക് പിന്നീട് എടുത്തുപറയാന്‍ പറ്റിയ ഒരു വനിതയായി മലയാള സിനിമയില്‍ തിരക്കഥാകൃത്തും സംവിധായികയും ആയി ഉണ്ടായിട്ടുള്ളൂ.

മനുഷ്യജീവിതത്തെ ആഴത്തില്‍ കാണുന്ന, പെണ്‍ ജീവനത്തിന്റെ അവസ്ഥകളെ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒട്ടേറെ എഴുത്തുകാരികള്‍ നമുക്കുണ്ട്. ലളിതാംബിക അന്തര്‍ജ്ജനവും മാധവിക്കുട്ടിയും തുടങ്ങി ഇങ്ങേ അറ്റത്ത് സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കഥയെഴുത്തില്‍ വിസ്മയിപ്പിക്കുന്ന ‍കുട്ടികള്‍ വരെ പെണ്ണിനേയും പെണ്ണിന്റെ കണ്ണിലൂടെയുള്ള ലോകത്തെയും ശക്തമായി ആവിഷ്‌കരിക്കാന്‍ കഴിവുള്ള എഴുത്തുകാരികള്‍ തന്നെയാണ്.

സിനിമയോട് താല്പര്യം ഉള്ളവരും ദൃശ്യമാധ്യമത്തിന്റെ സാധ്യതകളെ നന്നായി അറിയുന്നവരും ആവിഷ്‌കരിക്കാന്‍ കഴിവുള്ളവരുമായ പ്രതിഭകളായ ഒത്തിരി പെണ്‍കുട്ടികള്‍ നമ്മുടെ കലാലയങ്ങളിലും പുറത്തും ഇന്ന് യഥേഷ്ടം ഉണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും മറ്റും അവര്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നുമുണ്ട്. വീരശൂര പരാക്രമിയായ നായകന്‍ സര്‍വ്വ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഒടുവില്‍ തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കുന്നതോടെ ശുഭപര്യവസായി ആയി അവസാനിക്കുന്ന സിനിമകള്‍ കലാകാലമായി കാണാന്‍ വിധിക്കപ്പെട്ട നമുക്ക് മുന്നില്‍ ഇതൊന്നുമല്ല ജീവിതം എന്ന് തന്റേടത്തോടെ പറയാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍ക്ക് പക്ഷെ എന്തുകൊണ്ടോ മലയാള സിനിമാ മേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ ആവുന്നില്ല എന്നതാണ് സത്യം.

'വിഗതകുമാരനി'ല്‍ അഭിനയിക്കാന്‍ ജെസി ഡാനിയേലിന് നായികയായി ഒരു പെണ്ണിനെ കിട്ടാന്‍ ഒരുപാട് അലയേണ്ടി വന്നു എങ്കില്‍ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ പെണ്‍കുട്ടികള്‍ വരി നില്‍ക്കുന്ന കാലമാണ് ഇന്ന്. സിനിമ നല്‍കുന്ന ഗ്ലാമറും ജനശ്രദ്ധയും സാമൂഹ്യപദവിയും സമ്പത്തും ഒക്കെ വലിയൊരു ആകര്‍ഷണം ആയതു കൊണ്ട് തന്നെ നായികയാവാന്‍ കൊതിക്കുന്ന പെണ്‍കുട്ടികളും, മക്കള്‍ കലാതിലകം ആയാല്‍ സിനിമയിലേക്കുള്ള വഴി എളുപ്പം തുറക്കും എന്ന് സ്വപ്നം കാണുന്ന രക്ഷിതാക്കളും എമ്പാടും ഉള്ള ഈ കാലത്ത് നടികള്‍ക്ക് മാത്രം ഒരു ക്ഷാമവും ഇല്ലെങ്കിലും ബുദ്ധിയും ചിന്തയും ഭാവനയും നേതൃഗുണവും ഒക്കെ ഏറെ വേണ്ടി വരുന്ന തിരക്കഥാകൃത്തുക്കളോ സംവിധായകരോ ആവാന്‍ എന്ത് കൊണ്ടായിരിക്കും പെണ്‍കുട്ടികള്‍ മുന്നോട്ടു വരാത്തത്. മറ്റേതൊരു തൊഴിലിടത്തേക്കാളും ഒരു പെണ്ണിന് തന്റെ പ്രതിഭ കൊണ്ടോ കഴിവ് കൊണ്ടോ മാത്രം പിടിച്ചു നില്‍ക്കാനും സ്വന്തമായ ഒരിടം കണ്ടെത്താനും പറ്റിയ ഒരു മേഖലയല്ല മലയാള സിനിമ ഇന്‍ഡസ്ട്രി എന്നത് കൊണ്ടായിരിക്കുമോ കഴിവുള്ള സ്ത്രീകള്‍ എമ്പാടും ഉണ്ടായിട്ടും ഈ മേഖലയിലേക്ക് കടന്നു വരാന്‍ മടിക്കുന്നത്?

തുടക്കകാലം മുതലുള്ള നമ്മുടെ നായികാ സങ്കല്പങ്ങള്‍ ഒക്കെയും 'ധീരോദാത്തനതിപ്രതാപഗുണവാന്‍' ആയ നായകന്റെ ചെയ്തികള്‍ക്ക് തിളക്കം കൂട്ടാനുള്ള ഒരു കഥാപാത്രം മാത്രമാണ്. അവന്റെ പ്രണയത്തില്‍ ഉരുകിപ്പോകുന്ന, അവന്റെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന സര്‍വ്വ ദുര്‍ഘടങ്ങളിലും അവന്റെ പൗരുഷം കൊണ്ട് കാക്കപ്പെടുന്ന വെറും പെണ്ണ്. ആദ്യമൊക്കെ ഇത്തിരി കുറുമ്പും തന്റേടവും കാട്ടുമെങ്കിലും നായകന്‍ തന്നിലേക്ക് അനുരക്തനാകുന്നതോടെ അവള്‍ പിന്നെ അവന്റെ വിനീതയായ പെണ്ണ് മാത്രമാകുന്നു. അവള്‍ക്ക് പ്രിയപ്പെട്ടവരെ മാത്രമല്ല വ്യക്തിത്വം പോലും അവന് വേണ്ടി ത്യജിച്ചു കളയുമ്പോള്‍ ആണ് ഉത്തമയായ നായിക ആയി മാറുന്നത്!

നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പ്രായം വല്ലാതെ ഏറിയപ്പോഴാണ് നടിമാര്‍ക്ക് കാമുകിയില്‍ നിന്ന് ഭാര്യാപദവിയിലേക്ക് പ്രമോഷന്‍ കിട്ടിയത് തന്നെ. അതോടു കൂടി വ്യക്തിത്വമുള്ള നായികമാര്‍ എന്നത് സിനിമയില്‍ നിന്നും തീരെ ഇല്ലാതെയുമായി. നായകന്‍ അവിവാഹിതനല്ല എന്നറിയിക്കുവാന്‍ ഒരു ഭാര്യ! അതിനുമപ്പുറം സൂപ്പര്‍ താര സിനിമകളിലെ ഭാര്യാ കഥാപാത്രങ്ങള്‍ക്ക് യാതൊരു പ്രാമുഖ്യവും ഉണ്ടാവാറില്ല പലപ്പോഴും. തന്റെ ഹീറോ ഇമേജിന് പറ്റിയ രീതിയില്‍ കഥയിലും രംഗങ്ങളിലും സംഭാഷണങ്ങളിലും ഇടപെടാനും മാറ്റം വരുത്താനും നായകന് സാധ്യമാണെങ്കില്‍ അങ്ങനെ യാതൊരു അവകാശവും നായികക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. തിരക്കഥാകൃത്തിനും സംവിധായകനും വെറുമൊരു പെണ്‍ കഥാപാത്രം എന്നതിലുപരി നായികക്ക് കുറേക്കൂടി പ്രാധാന്യം വേണം എന്ന് തോന്നിയാല്‍ മാത്രം ചില നടികള്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ് ജീവിതഗന്ധിയായ ചില കഥാപാത്രങ്ങള്‍. കണ്ടുമടുത്ത മുഖങ്ങളുടെ ബോറടി മാറ്റാന്‍ പുതുമുഖ നായികമാരെ പരീക്ഷിക്കുമ്പോള്‍ നടികള്‍ക്ക് അത്തരം സൗഭാഗ്യങ്ങള്‍ പ്രതീക്ഷിക്കാന്‍ പോലും സാധ്യമല്ല.

പഴയ കാലത്തെ സിഗരറ്റ് വലിക്കാത്ത, മദ്യപിക്കാത്ത, അന്യസ്ത്രീയെ നോക്കാത്ത സല്‍ഗുണസമ്പന്നന്മാരായ നായകന്മാരില്‍ നിന്നും കാലം മാറിയപ്പോള്‍ ഫുള്‍ ടൈം വെള്ളമടിക്കുന്ന, പരസ്ത്രീ സംസര്‍ഗ്ഗം ഹോബിയാക്കിയ, കൂലിത്തല്ലും കള്ളക്കടത്തും തട്ടിപ്പും ഒക്കെ നടത്തി ഭൂലോക തല്ലിപ്പൊളി ആയി നടക്കുന്ന കഥാപാത്രങ്ങള്‍ നായകനായി മാറിയെങ്കിലും, നായികമാരുടെ മാറ്റം പാവാടയും ധാവണിയും എന്നതില്‍ നിന്നും ടീഷര്‍ട്ടും ജീന്‍സും ആയി എന്നതേയുള്ളൂ. അവളിപ്പോഴും സല്‍ഗുണ സമ്പന്ന തന്നെയാണ്. നായകന്റെ പൗരുഷത്തിന് മുന്നില്‍ പ്രണയ വിവശയായി വീണുപോകുന്ന പെണ്ണ്. അവള്‍ക്ക് അന്യ പുരുഷനെ മോഹിക്കാനോ കൂടെ പൊറുക്കാനോ ഉള്ള അവകാശമില്ല. നായികയുടെ ജീവിതത്തില്‍ അങ്ങനെ വല്ല 'കരിനിഴലും' ഉണ്ടായിപ്പോയിട്ടുണ്ടെങ്കില്‍ അവള്‍ക്ക് മരണം വിധിക്കാനും പകരം 'അനാഘ്രാതകുസുമ'മായ ഇണയെ നായകന് വേണ്ടി കാത്തുവെക്കാനും നമ്മുടെ സിനിമ ശ്രദ്ധിക്കാറുണ്ട്.

കാലങ്ങളായി ഇത്തരം സിനിമകള്‍ കണ്ട് ശീലിച്ചു പോയ നമുക്ക് സിനിമകളിലെ പെണ്‍വിരുദ്ധ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും തോന്നാത്തതില്‍ അത്ഭുതമുണ്ടോ?

ആണിന്റെ സൗമനസ്യം കൊണ്ട് വരച്ച് വെക്കുന്ന പെണ്‍ കഥാപാത്രങ്ങള്‍ക്കപ്പുറം പെണ്‍ മനസിന്റെ ആകുലതകളും സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഒക്കെ യാഥാര്‍ഥ്യ ബോധത്തോടെ ചിത്രീകരിക്കുന്ന സിനിമകള്‍ ഉണ്ടാവണമെങ്കില്‍ എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ പെണ്ണുങ്ങള്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്.

പെണ്ണിനെ കമന്റടിച്ചാലോ കയറിപ്പിടിച്ചാലോ വന്നു തല്ലുണ്ടാക്കുന്ന ആണ്‍ വാഴ്ത്ത് സിനിമകളല്ല. പൊതുഇടങ്ങളില്‍ ആയാലും വീടകങ്ങളില്‍ ആയാലും വെറുമൊരു ഉടലായും ഭോഗവസ്തുവായും മാത്രം കാണുകയും ഇടപെടുകയും ചെയ്യുന്നത് നിരന്തരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പെണ്ണിന്റെ ഉള്ളിലെ വിഹ്വലതകളും രോഷവും ഒക്കെയാണ് സിനിമയാവേണ്ടത്. പൊതുസ്ഥലങ്ങളില്‍ ആയാലും പണിയിടങ്ങളിലായാലും മൂത്രപ്പുര പോലും ഇല്ലാത്ത പെണ്ണിന്റെ അവസ്ഥ, പഠിക്കാനായാലും ജോലിക്കായാലും വീടിന് പുറത്ത് കഴിയുന്ന പെണ്ണിന് മാസത്തിലെ ആ അഞ്ചാറ് ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍. ഭര്‍ത്താവ് വിദേശത്തു കഴിയുന്ന പ്രവാസി ഭാര്യമാരുടെ മനഃസംഘര്‍ഷങ്ങളും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും. നീളന്‍ ഡയലോഗുകളിലൂടെ അല്ലാതെ ഇതൊക്കെ ഫലിപ്പിക്കാനും സാമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയുക പെണ്ണ് ഒരുക്കുന്ന സിനിമകളിലൂടെ ആവും എന്നതില്‍ സംശയമുണ്ടോ.

തീര്‍ച്ചയായും ഇങ്ങനെയുള്ള പെണ്‍സിനിമകള്‍ ശ്രദ്ധിക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്യും. മലയാള സിനിമാ ഇന്‍ഡസ്ട്രി വേണ്ട രീതിയില്‍ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഏറെ മാറിയിട്ടുണ്ട്. ജീവിതഗന്ധിയായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളുമാണ് അവര്‍ തേടുന്നത്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ ഏറ്റവും മികച്ച വിദേശ സിനിമകള്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നൊരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവരുടെ മുന്നിലാണ് നാം ഇപ്പോഴും നായകന്റെ ശൂരത്വമാണ് സിനിമ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഒരു കലാരൂപം എന്നത് പോലെ സിനിമ വന്‍ മുതല്‍മുടക്കുള്ള ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ട് തന്നെ കാലങ്ങളായി ചില ജനപ്രിയ ഫോര്‍മുലകള്‍ക്ക് അപ്പുറം കടക്കാന്‍ മടിക്കുന്നവരാണ് നമ്മുടെ മിക്ക സംവിധായകരും. നായക പ്രധാന്യമില്ലാത്ത സിനിമ എന്നത് സൂപ്പര്‍താരങ്ങളെ പോലെ അവര്‍ക്കും അചിന്ത്യമാണ്. ടൈറ്റില്‍ കാര്‍ഡില്‍ കാണുന്ന പേരിനപ്പുറം സിനിമാ നിര്‍മ്മാണ രംഗത്ത് സിനിമയെ അറിയുന്ന വനിതാ നിര്‍മ്മാതാക്കള്‍ അപൂര്‍വ്വമാണ്. സ്ത്രീകളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന നടിമാര്‍ അടക്കം ഈ മേഖലയില്‍ ഉള്ളവര്‍ ഇതിനായി മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ താല്പര്യമുള്ള വനിതാസംരംഭകരെ കിട്ടാന്‍ പ്രയാസം ഉണ്ടാവുകയില്ല.

നിര്‍മ്മാതാവ് മുതല്‍ ലൈറ്റ്‌ബോയ് വരെ ഉള്ളവരെ സഹകരിപ്പിച്ചു കൊണ്ടുപോവാനും പകലും രാത്രിയും ഇല്ലാതെ പലയിടങ്ങളിലായി, പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ റിലീസ് വരെ ഓടിനടക്കാനും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ ഒരു കാരണം ആണെങ്കിലും ഇന്ന് അതിലേറെ വെല്ലുവിളിയുള്ള തൊഴില്‍ മേഖലകളിലേക്ക് പോലും സാഹസപൂര്‍വ്വം വനിതകള്‍ എത്തിച്ചേരുന്ന കാലമാണ് എന്നോര്‍ക്കണം. സിനിമ പെണ്ണിന്റേത് കൂടി ആവണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഉള്ള സിനിമാക്കാര്‍ തന്നെ മുന്‍കൈ എടുത്താല്‍ പ്രതിഭയുള്ള പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം ഈ രംഗത്തേക്ക് കടന്നുവരാതിരിക്കില്ല.

അങ്ങനെ ആവുമ്പോള്‍ മാത്രമേ മലയാള സിനിമ പെണ്ണിന്റേത് കൂടി ആയി മാറുകയുള്ളൂ. ഡയലോഗുകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കിയത് കൊണ്ടോ ഏതെങ്കിലും നടന്‍ അങ്ങനെയുള്ള സിനിമകള്‍ വേണ്ടെന്ന് വെച്ചത് കൊണ്ടോ മലയാള സിനിമയുടെ ആണ്‌കോയ്മയും ആണ്‍ചായ്‌വും ഇല്ലാതാകുകയില്ല. വര്‍ത്തമാനകാല സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്താനും മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയുന്ന കലാരൂപം തന്നെയാണ് സിനിമ. അത് കേവലം വിനോദോപാധി എന്ന നിലയില്‍ മാത്രം കാണുകയും അതിനായി തട്ടിക്കൂട്ടുന്ന സംഗതികള്‍ ആവിഷ്‌കരിച്ചു ഇതാണ് സിനിമ എന്ന് വിടുവായത്തം പറയുകയും ചെയ്യുന്നവരില്‍ നിന്ന് സിനിമയെ തിരിച്ചു പിടിക്കാനും ഈ മാധ്യമത്തെ ഗുണപരമായ രീതിയില്‍ ഉപയോഗപ്പെടുത്താനും കഴിവും പ്രാപ്തിയും ഉള്ള വനിതകള്‍ മലയാള സിനിമയുടെ സകല മേഖലകളിലും എത്തേണ്ടതുണ്ട്. നിര്‍മ്മാതാവും സംവിധായികയും തിരക്കഥാകൃത്തും ക്യാമറപ്പേഴ്‌സണും സംഗീത സംവിധായികയും എഡിറ്ററും മുതല്‍ വിതരണക്കാര്‍ വരെ വനിതകളും ഉണ്ടാവുമ്പോഴാണ് ഇവിടെ നല്ല സിനിമകള്‍ പിറവിയെടുക്കുക.

അതല്ലെങ്കില്‍ പെണ്ണിന്റെ മനസ്സും ചിന്തയും ഇടപെടലുകളും ഇല്ലാത്ത, കരച്ചിലും പിഴിച്ചിലും പ്രണയവും അല്ലാതെ വേറൊന്നിനും കൊള്ളാത്ത പെണ്‍ രൂപങ്ങള്‍ മാത്രമുള്ള സിനിമകള്‍ കണ്ട് നമുക്ക് കൈയടിക്കാം. പിന്നീട് ആ സിനിമകളിലെ താര ഡയലോഗുകളിലെ പെണ്‍ വിരുദ്ധത ചികഞ്ഞു പിടിച്ചു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാം. സിനിമ ഈ കാലഘട്ടത്തിന്റെ ശക്തമായ മാധ്യമം ആണ് എന്ന് ബോധമുള്ളവര്‍, ഈ കലാരൂപത്തെ സ്‌നേഹിക്കുന്നവര്‍ സിനിമയുടെ പിന്നണിയിലേക്ക് പ്രതിഭകളായ സ്ത്രീകളെ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories