കേരളത്തിലെ എല്ലാ ജാതികളിലും എല്ലാ പ്രദേശങ്ങളിലും അനുഷ്ഠാനങ്ങളും അനുഷ്ഠാനകലകളും ജീവത്തായി നിലനില്ക്കുന്നു. ഇവയില്‍ ഏറിയ പങ്കും കീഴാള കലകളാണ്. സ്ത്രീകളുടെ സജീവമായ പങ്കും പ്രാതിനിധ്യവും അവയില്‍ കാണാം. ഗോത്ര ജീവിതവുമായും പിന്നീട് നിലവില്‍ വന്ന പലതരത്തിലെ സാമൂഹിക വ്യവസ്ഥകളുമായും ജാതീയ ബന്ധങ്ങളുമായും ഇവ സജീവ ബന്ധം പുലര്‍ത്തുകയും അവയുടെ പ്രാതിനിധ്യം ശക്തമാക്കി രൂപപ്പെടുത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള അനുഷ്ഠാന കലകളില്‍ പലതിലും മേല്‍ക്കോയ്മ പുരുഷ്ന്മാരേക്കാളും സ്ത്രീകള്‍ക്ക് ആണു താനും. സ്ത്രീകള്‍ ജാതീയമായും മറ്റുമുള്ള അനുഷ്ഠാനത്തിന്റെ ഭാഗമായി നടത്തിയ കലാവതരണങ്ങള്‍ പിന്നീട് പൂര്‍ണമായ തോതില്‍ തന്നെ കലാവതരണങ്ങളായി പരിണമിക്കുന്നതിന്റെ ചിത്രവും നമുക്ക് കാണാനാകും. വീടിനകത്ത് വാസിക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയെന്ന ഗാര്ഹികതയ്ക്കപ്പുറത്തേയ്ക്കുള്ള പൊതുമണ്ഡലത്തിലേക്കു പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് ലഭിച്ച അവസരമായിരുന്നു അനുഷ്ഠാന കലകള്‍ എന്നതാണതിന്റെ സാമൂഹ്യമാനം. സ്ത്രീകളുടെ ശരീരവും അതിലൂടെ പ്രതിഭയും അടയാളപ്പെടുത്തുന്നതിനുള്ള പ്രാധമിക ഇടം അനുഷ്ഠാന കലകള്‍ നല്കി. അത് പിന്നീട് ശുദ്ധകലാവതരണങ്ങളായി പരിണമിച്ചു.
ഒരു കാലത്തെ മലയാളി സ്ത്രീകളുടെ ജീവിതാവസ്ഥകളുടെ പ്രതിനിധാനങ്ങളായിരുന്ന ഇവയില്‍ പലതും ഇല്ലാതെ ആയി എന്നതും ചരിത്രം. ഉപജീവനവും ജീവിതാവിഷ്ക്കാരവും പ്രതിരോധവും എല്ലാം ഇടകലര്‍ന്നു നില്ക്കുന്നതും ഈ കലര്‍പ്പ് അത്യന്തം സങ്കീര്ണ്ണമാക്കുന്നതുമാണ് സ്ത്രീ അനുഷ്ഠാന കലകള്‍ എന്നു നമുക്ക് കാണാനാവും. ശരീരം തന്നെ കലാമാധ്യമമായി ഉപയോഗിക്കാന്‍ കഴിയുന്നതിലൂടെ ലഭ്യമാകുന്ന ശരീരത്തിന്റെ ചലനമാനം എടുത്തുപറയേണ്ടതാണ്. വിശേഷിച്ചും വിലക്കുകളാല്‍ സമ്പന്നാമായ പഴയ കാല സമൂഹങ്ങളില്‍. സ്വന്തം നിലയില്‍ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായും ഇവ മാറുന്നുണ്ട്.
കൂത്ത് പാരമ്പര്യാനുഷ്ഠാനമായിരുന്നവര് പിന്നീട് കൂത്ത് കലാകാരികളായി മാറിയതിങ്ങനെയാണെന്ന് 'അനുഷ്ഠാന കലകളിലെ സ്ത്രീ സ്വരൂപം' എന്ന പുസ്തകത്തില്‍ സജിത കീഴിനിപ്പുറത്ത് ചൂണ്ടിക്കാണിക്കുന്നു. ദേവദാസി നൃത്തത്തില്‍ നിന്നും മോഹിനിയാട്ടം സൃഷ്ടിക്കപ്പെടുന്നതും ഇതേ ചരിത്രപരമായ പ്രക്രീയയിലൂടെയാണെന്നും അവര്‍ പറയുന്നു. ക്ലാസിക്കല്‍ കലകളില്‍ നിന്നും വ്യത്യസ്തമായി നാടോടിക്കലകളില്‍ എത്തിച്ചേരുമ്പോള്‍ ഗാര്‍ഹികം എന്നതിനേക്കാള്‍ ജാതീയമായ അനുഷ്ഠാനങ്ങളാണ് അവയില്‍ കൂടുതലായി സന്നിവേശിപ്പിക്കപ്പെട്ടിരുന്നത്. കീഴാള സ്ത്രീകള്‍ ജാതിത്തൊഴിലുകളിലാണ് ഏര്പ്പെട്ടിരുന്നതെന്നതും ശ്രദ്ധിയ്ക്കേണ്ടത കാര്യമാണ്. പലതരം നാടന്‍ പാട്ടുകളും സ്ത്രീകളുടെ കൂടി സൃഷ്ടിയായിരുന്നു. തമിഴ് സംഘ കാലത്തെ കവികളിലും നര്‍ത്തകരിലും വലിയ പങ്ക് സ്ത്രീകളായിരുന്നു. കുരവൈ കൂത്ത്, തുണൈക്കൂത്ത്, വിറലിക്കൂത്ത് തുടങ്ങിയ നൃത്തരൂപങ്ങള്‍ ഇത്തരത്തിലൂള്ള അനുഷ്ഠാനതലം പേറുന്നവയാണ്.
പതിച്ചിക്കളി, പൂച്ചാരിക്കളി, മുടിയാട്ടം, ദേവക്കൂത്ത്, സര്‍പ്പംതുള്ളല്‍, കുരുന്തിനിപ്പാട്ട്, ആണ്ടിക്കളി, കന്നല്‍ക്കൂത്ത്, എണ്ണമന്ത്രം, പുലിയാട്ടം, കന്നിയാട്ടം, നിണബെലി, പെണ്‍വെളിച്ചപ്പാട്, മാരന്‍പാട്ട്, കണ്ണേറ്പാട്ട്, മാര്‍ഗംകളി, ഒപ്പന, ബലിക്കള, തെയ്യാട്ട്, തോലുഴിയ, കോതാമൂരിയാട്ടം, പൂരോത്സവം, പുള്ളവന്‍പാട്ട് തുടങ്ങിയവയിലൊക്കെ സ്ത്രീകളുടെ പ്രാധാന്യം വലുതാണ്. പല അനുഷ്ഠാനങ്ങളും സ്ത്രീകഥകളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ ജീവിതാവസ്ഥകളുടെ പ്രശ്നപരിഹാരങ്ങളും ആനന്ദങ്ങളും മുന്‍നിര്‍ത്തിയാണ് ഇവയിലേറെയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അവതരിപ്പിക്കപ്പെട്ട് പോരുന്നതും.