വെളിച്ചപ്പാടുമാര്‍ കേരളീയ ഗ്രാമങ്ങള്‍ക്കും വയല്വരമ്പുകള്ക്കും സുപരിചിതം. ഒരു വേള കേരളീയ ഗ്രാമങ്ങളുടെ നേര്ക്കാഴ്ചകളിലൊക്കെ വാളും വെളിപാടുമായി വരുന്ന ഈ ദൈവമനുഷ്യരെ കാണാം. വെളിച്ചപ്പാടുമാര്‍ പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായി കേരളത്തിലുടനീളമുണ്ടെങ്കിലും പെണ്വെളിച്ചപ്പാടുമാര് വ്യാപകമായി കാണുന്നത് മലബാറിലാണ്- മലബാറിലെ വിശ്വാസാചാരങ്ങളുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന കാവുകളിലെ മൂര്‍ത്തികളെ വെളിച്ചപ്പെടുത്തുന്ന വെളിച്ചപ്പാടുമാര്‍.
പ്രാക്തനമായ അമ്മ ദൈവാരാധനയുമായി ബന്ധപ്പെട്ടാണ് വെളിച്ചപ്പാടുമാര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അമ്മദൈവം പുജാരിയിലൂടെ വെളിച്ചപ്പെട്ട് ഗ്രാമജീവിതത്തിനുവേണ്ട അരുളപ്പാടുകള്‍ ചെയ്യുന്നതുകൊണ്ടാണ് അമ്മ ദൈവ പൂജാരികളെ വെളിച്ചപ്പാടുകള്‍ എന്നു വിളിച്ചുപോരുന്നത്. കാവുകളിലും സ്ഥാനങ്ങളിലും ദേവതയുടെ പ്രതിനിധിയായി നര്‍ത്തനം ചെയ്യുകയും അരുളപ്പാട് നടത്തുകയും ചെയ്യുന്നയാളാണ് വെളിച്ചപ്പാട്. ദേവചൈതന്യം സ്വദേഹത്തിലൂടെ വെളിച്ചപ്പെടുന്നുവെന്ന് വിശ്വാസം. വെളിച്ചപ്പാടായി സ്ഥാനമേല്‍ക്കുന്നവരില്‍ മിക്കതും സ്വയം ദേവതാ ചൈതന്യം ശരീരത്തിലാവേശിച്ചുവെന്ന് വെളിപ്പെടുത്തിയവരാണ്.
വെളിച്ചപ്പാടായി ആചരിക്കപ്പെട്ടാല്‍ ആചാരക്കുടയും വടിയും എടുത്തിരിക്കണം. പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും പെണ്വെളിച്ചപ്പാടുമാറുണ്ട്. ഗൃഹങ്ങളുമായി ബന്ധപ്പെട്ട കാവുകളില്‍ ഇവര്‍ തന്നെയാണ് പൂജ നടത്തുക. പല ഇടങ്ങളിലും ഇത് പാരമ്പര്യമായി കാത്ത് നടത്തപ്പെടുകയാണ് ചെയ്യുന്നത്. ഭരണി ഉല്‍സവത്തിന് പല ഭാഗങ്ങളില്‍ നിന്നും വെളിച്ചപ്പാടായി ധാരാളം സ്ത്രീകള്‍ എത്താറുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ നിടുവന് കുളങ്ങരഭഗവതി ക്ഷേത്രത്തില്‍ ഗോത്ര സംസ്കാരം കാക്കുന്ന ദൈവിക ചൈതന്യമുള്ള പെണ്വെളിച്ചപ്പാടുമാരാണുള്ളത്. കോയങ്കര പറമ്പന്‍ നായര്‍ തറവാട്ടിലെ സ്ത്രീയാണ് വെളിച്ചപ്പാടാകുക. വാദ്യഘോഷത്തോടെയാണ് അവരെ കാവിലേക്ക് ആനയിക്കാറുള്ളത്. അവിടെ പ്രത്യേകം കെട്ടിയുണ്ടാക്കിയ കുച്ചലില് അവര്‍ വ്രതമെടുത്തിരിക്കും. ഈ ക്ഷേത്രത്തില്‍ കളിയാട്ടം നടത്തുന്നതും സ്ത്രീകളുടെ നേതൃത്വത്തിലാണ്.
വടക്കേമലബാരിലെ കീഴാള കാവുകളില്‍ ദേവീ ആരാധനയുടെ ഭാഗമായി ഉത്സവകാലങ്ങളില്‍ പെണ്വെളിച്ചപ്പാടുമാര് സര്‍വസാധാരണമാണ്. കൊയിലാണ്ടിയിലെ മണമല്‍ക്കാവ്, കൊല്ലം പിഷാരിക്കാവ് തുടങ്ങിയ ധാരാളം കാവുകളില്‍ ഈ അനുഷ്ഠാനം ഇപ്പോഴും നടന്നുവരുന്നു. സാധാരണ ഗതിയില്‍ പ്രായമുള്ള സ്ത്രീകളാണ് ഈ അനുഷ്ഠാനം നടത്തിവരുന്നത്.