TopTop
Begin typing your search above and press return to search.

വസന്തങ്ങൾ ചെറിമരങ്ങളോട് ഒരു പുല്ലും ചെയ്യുന്നില്ല!

വസന്തങ്ങൾ ചെറിമരങ്ങളോട് ഒരു പുല്ലും ചെയ്യുന്നില്ല!

ഇഞ്ചിപ്പെണ്ണ്


ഭാവി എന്നത് ഒരു സ്ത്രീലിംഗപദമാണെന്ന് കല്പറ്റ നാരായണൻ ഒരിക്കൽ എഴുതിയിരുന്നു. പ്രസ്തുത വാക്യം വായിച്ചുടലിൽ തട്ടിയപ്പോൾ വായന നിർത്തി വെച്ച് ശ്വാസം എടുക്കേണ്ടി വന്നിരുന്നു എന്നാണ് ഓർമ്മ. അത്രമാത്രം അതിന്റെ വ്യാപ്തിയും, ആ വാക്കിന്റെ വിശാലതയും, അതു രൂപപ്പെടുത്താവുന്ന സംസ്കാരവും സാദ്ധ്യതയും എന്നെ പിടിച്ചുലച്ചു കളഞ്ഞിരുന്നു.ഭൂമി മലയാളത്തിൽ ഒരു പെണ്ണത്തത്തെ ജനിപ്പിക്കുന്നത് ഇപ്പോഴും ഒരു ഔദാര്യമാണ്. ആ ഔദാര്യം തീരും മുൻപേ പെണ്മയെ കാണാതാവുന്നു. ആകാംക്ഷാപൂർവ്വം ചോദിക്കുന്ന ചോദ്യം തീർച്ചയായും "ആണ്‍കുഞ്ഞാണല്ലേ എന്നാണ്?’ ഒരാൺകുഞ്ഞ് കഴിഞ്ഞൊക്കെ വേണമെങ്കിൽ ഒരു പെൺകുഞ്ഞാവാം, അല്ലെങ്കിൽ മൂത്തവൾ ലക്ഷ്മി ആവാം. പിന്നീട് ജനിക്കുന്ന പെൺകുഞ്ഞിനു ഒരു ദീർഘനിശ്വാസത്തിന്റെ, സ്വാന്തനത്തിന്റെ, കൂടുതൽ പെണ്മക്കളുണ്ടെങ്കിൽ എന്തൊരു ദുർവിധി തുടങ്ങി ചോദ്യചിഹ്നങ്ങളാണ് നേരിടേണ്ടി വരുന്നുമുണ്ട്. അതുകൊണ്ട് കുട്ടി ജനിക്കുന്നതേ ആണാായിത്തീരുക എന്ന കർമ്മം നിർവ്വച്ചിട്ടുണ്ടെങ്കിൽ പിന്നീടുള്ളതു പെൺകുട്ടിയെന്ന “സ്വത്താ"ണ്, സാധാരണ ജനനം അല്ല. ഈ പെണ്മ പിറന്നു വീഴുന്നതോ ആണ്മലയാള തൊട്ടിലിലേക്കും ആണ്മലയാള താരാട്ടിലേക്കും. ആദ്യത്തെ കണ്മണി ആണായിരിക്കണമല്ലോ. ഓമനത്തിങ്കൾ കിടാവ് പെൺകുട്ടിയാണെന്ന് എവിടേയുമില്ല താനും. താമരക്കണ്ണനും ഉണ്ണിയും ഉറങ്ങിയശേഷം അല്പം സ്വരവും സംഗീതവും പെണ്മകൾക്ക് ഉണ്ടോ എന്നൊരു പിടിയുമില്ല.ആരും കാണാത്ത ആർക്കും താല്പര്യമല്ലാത്തിടങ്ങളിലേക്ക് പിന്നീട് പിച്ചവെച്ചു പെണ്മകൾ വളരുകയാണ്. പെൺകുട്ടിയെന്ന് ചേർക്കാതെ കുട്ടി ഒരു പെണ്ണാവുന്നതേയില്ലാത്തതുപോലെ മനുഷ്യൻ എന്ന പദത്തിനു സ്ത്രീയുമായി ബന്ധമില്ല. വേണമെങ്കിൽ സ്ത്രീയേയും ചേർക്കാം എന്ന് മാത്രം. അതേ സമയം തെറി വാക്കുകളൊന്നെടുത്തു പരിശോധിച്ചാൽ അടിമുടി സ്ത്രീ സാന്നിധ്യം കൊണ്ട് മുങ്ങിക്കുളിച്ചുകൊണ്ട് നിൽപ്പുണ്ട് മലയാള ഭാഷയുടെ തെറി പദാവലി. “നല്ല പദങ്ങൾ” എന്നുള്ളവ പോലും സ്ത്രീയോടൊപ്പം ഉപയോഗിക്കുമ്പോൾ തെറിവാക്കുകളാവുന്ന കാഴ്ചയാണ്. “മോളേ” എന്ന വാക്കിനു പോലും സ്വരഭേദത്തിലൂടെയും ശൈലിയിലൂടെയും പ്രയോഗത്തിലൂടെയും അപാരസാദ്ധ്യകൾ കണ്ടുപിടിച്ചിട്ടുള്ളിടമാണ് കേരളം.

പ്രായോഗിക തലത്തിലും സൈദ്ധാന്തിക തലത്തിലും ഭാഷയുടെ അധികാര പ്രയോഗങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ അനവധി നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഭാവനയും ചിന്തകളും ഉണർച്ചയും എല്ലാം ഭാഷയിലൂടെ രൂപപ്പെടുകയും യഥാർത്ഥ ലോകത്തേക്ക് അവളെ തയ്യാറെടുപ്പിക്കുകയും ചെയ്യുന്നു. കേൾവി നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുമ്പോൾ വാക്കുകൾ നമ്മുടെ വ്യക്തിത്വത്തെ കൂടി രൂപപ്പെടുത്തുന്നു. ഭാഷകളുടെ ഉപയോഗം അതുകൊണ്ട് തന്നെ ചിന്തകളിലും വ്യക്തിത്വത്തിലും പതിപ്പിക്കുന്ന മുദ്രകൾ അടിസ്ഥാനപരമായി സംസ്കാരങ്ങളെ തന്നെ സ്വാധീക്കുന്നവയാണ്. തുല്യതയെന്ന സാമൂഹികാവസ്ഥയിലേക്ക് എത്തിപ്പെടണമെന്നു ചിന്തിക്കുന്ന ഏതൊരുവൾക്കും ഏതൊരുവനും അതുകൊണ്ട് ഭാഷയിലെ അസമത്വം തള്ളിക്കളയാൻ സാധിക്കില്ല.ഇപ്രകാരമുള്ള അനവധി ഗവേഷണങ്ങളുടെ ഫലമായി യുനെസ്കോ (UNESCO) 1989-ൽ ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ് ഭാഷകളിലെ ആണധികാര പ്രയോഗങ്ങളെക്കുറിച്ചും അവ പരിവർത്തനം ചെയ്യേണ്ടതിനെക്കുറിച്ചും മാർഗ്ഗനിർദ്ദേശരേഖകൾ ഇറക്കിയിരുന്നു. പിന്നീട് യൂറോപ്യൻ യൂണിയനും മറ്റിതര രാജ്യങ്ങളും അറബിയിലും ഇങ്ങനെയൊരു അനിവാര്യമായ മാറ്റത്തെക്കുറിച്ച് പഠനങ്ങളും ഗവേഷങ്ങളും നടത്തുകയും സമയാസമയങ്ങളിൽ അവയുടെ ഫലങ്ങളും ഗുണങ്ങളും പരിശോധിക്കുകയും വേണ്ടത്ര കരുതലുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടിക്കാലത്തിൽ എപ്പോഴെങ്കിലും ഇന്ത്യയിലെ ഭാഷകളിൽ എന്തെങ്കിലും ഒന്നിൽ ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച് ഗൗരവപരമായ പഠനങ്ങളോ ലേഖനങ്ങളോ ചിന്തകളോ അധികം ഉണ്ടായിട്ടില്ലാത്തതു നിരാശജനകമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം


മല്ലുപുരുഷനെന്ന തികഞ്ഞ ലൈംഗിക അക്രമി
അവരുടെ വലിയ ആകാശങ്ങളെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുക
വസ്ത്രം മുതല്‍ ജീവിതം വരെ
ഒതുങ്ങാത്ത പെണ്ണ്‍; മുന്നറിയിപ്പിന്റെ ആണ്‍ രാഷ്ട്രീയം
പെങ്കോന്തന്‍മാരായ തന്തമാര്‍ക്കു വേണ്ടിഭാഷാപ്രയോഗങ്ങളിലെ മാറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിനു മുന്നോടിയായി ഇപ്രകാരമുള്ള ആണധികാര ഭാഷകളുടെ ലെജിറ്റമസിയെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. തന്റേടം എന്ന വാക്കിന്റെ ലിംഗം തീർച്ചയായും പുരുഷനു മേൽ ചാർത്തപ്പെട്ടിരിക്കുന്നു. അതായത് പുരുഷന് ഉണ്ടാവേണ്ട പല ഗുണങ്ങളിൽ ഒന്നാണ് തന്റേടം. സമൂഹത്തിൽ തന്റേടമില്ലാത്തവൻ പുരുഷ ഗുണങ്ങളില്ലാത്തവനാണ്. തന്റേടം, ധൈര്യം എന്നീ പദങ്ങൾ സ്ത്രീകൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അവ പുരുഷസമൂഹത്തിൽ നിന്നു കടം കൊണ്ടതു പോലെ തോന്നിപ്പിക്കുന്നു. അതായത് പൊതുവേ ഇല്ലാത്ത ഒരു പദത്തെ ഒരു സ്ത്രീ പിടിച്ചു വാങ്ങിച്ചിരിക്കുന്നു. അതുകൊണ്ട് തന്റേടിയായ സ്ത്രീ പുരുഷന്റെ ലോകത്തിലേക്ക് കടന്നുവെന്ന മട്ടിലാണ് ഉപയോഗം. സാധാരണ ഒരു പദമേ അല്ല സ്ത്രീക്ക് മേൽ ഈ തന്റേടം ആരോപിക്കുമ്പോൾ. പ്രത്യേകതയുള്ളവൾ ആയിത്തീരുകയാണ് ഉടനടി. ഒരു വാക്കിന്റെ പ്രയോഗത്തിലൂന്നുന്ന രാഷ്ട്രീയം എത്രമാത്രം സങ്കീർണ്ണമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉപയോഗത്തിലിരിക്കുന്ന ഒരു വാക്ക് അതുകൊണ്ട് മാറ്റിസ്ഥാപിക്കാൻ ബോധപൂർവ്വമായ ഇടപെടലുകൾ എഴുത്തിലും പ്രയോഗത്തിലും ഉണ്ടായാലും ആ പദത്തിന്റെ പരിസരവും അതിന്റെ രാഷ്ട്രീയം അപനിർമ്മിച്ചേ തീരൂ. അതുകൊണ്ട് തന്നെ അപനിർമ്മിക്കാതെയുള്ള തിരുത്തുലുകൾ മുഴച്ചു നിൽക്കുകയും പരിഹസിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്നു. സംസ്കാരങ്ങൾ തന്നെ ഈ ആൺഭാഷകളിൽ കെട്ടിപ്പടുക്കുമ്പോൾ ഇവയുടെ അടിവേരിനെ ആഴത്തിൽ ഒന്നു സ്പർശിക്കുക പോലും സാധ്യമല്ലാതായി തീരുന്നു. തത്തുല്യമായ, ലിംഗസൂചകമായ പദങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ഒരളവുവരയേ ഈ അധികാരങ്ങളെ ഉന്മൂലനം ചെയ്യാൻ സാധിക്കുന്നുള്ളൂ.

വിവിധ ജോലികൾ, വ്യവഹാരങ്ങൾ, വിദ്യാഭ്യാസം, ഉത്തരവാദിത്വം, പ്രണയം, വിവാഹം എന്നു വേണ്ട ഒരാൾ കടന്നു പോകുന്ന സാധാരണാ അവസ്ഥകളെല്ലാം ആൺഭാഷകളിലൂടെ മാത്രമാണ്. സ്ത്രീകൾക്ക് വേണ്ടി, അവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി പദങ്ങൾ മിക്ക ഭാഷയിലും കണ്ടുപിടിക്കേണ്ടിയിരുന്നു. അത്രമാത്രം മൗനത്തിലൂടെയാണോ നമ്മുടെ പഴയ തലമുറകൾ, പെണ്ണത്തങ്ങൾ കടന്നു പോയത്? മലയാളി ആണത്തങ്ങളെ ഏറ്റവും കൂടുതൽ ‘രസിപ്പി'ക്കുന്ന ലൈംഗിക പീഡനം (sexual harassment) എന്ന വാക്ക് പോലും സമീപകാലത്ത് പാശ്ചാത്യ ഫെമിനിസ്റ്റുകൾ കൊണ്ടുവന്നൊരു വാക്കാണ്. അതായതു സ്ത്രീകളുടെ ഒരു ഗൗരവമേറിയ ഒരു പ്രശ്നത്തെ ചൂണ്ടിക്കാണിക്കാൻ പോലും മിക്ക ഭാഷകളിലും ഇടമില്ലായിരുന്നു. പല തരത്തിൽ ലൈംഗിക പീഡനം അനുഭവിക്കാത്ത ഒരു പെണ്മ പോലും മലയാളനാട്ടിൽ ജീവിച്ചിരിക്കാൻ സാദ്ധ്യതയുമില്ല. അതു കൂടാതെ പെണ്ണത്തം നിറഞ്ഞ ഭാഷകളെ വനിതകളിലും ഗൃഹലക്ഷ്മികളിലും പെണ്ണെഴുത്തിലും തളച്ചിടുക വഴി ഒരിടം ഒരുക്കുകയല്ല മറിച്ച് ഇടങ്ങളെ നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്. വൈദ്യൻ എന്ന പദം ഉപയോഗിക്കുമ്പോൾ സ്വമധേയാ എപ്പോഴും ആണാവുകയും ആയ അതേ സമയം എപ്പോഴും പെണ്ണാവുകയും ചെയ്യുന്നു.അതേ സമയം ആണ്മയ്ക്ക് രസിക്കുന്നതെന്തിനേയും പെണ്ണത്തം കൊണ്ട് കലാപ്രേമികളും കലകളും അതിലൂടെ സംസ്കാരങ്ങളും പൊതിയുകയാണ്. പക്ഷെ അവിടേയും വിവരണം ഇതുവരെ ജനിച്ചിട്ടില്ലാത്തതരം, ഇതുവരെ ജനിക്കാൻ പോലും സാദ്ധ്യതയില്ലാത്തതരം പെണ്മയാണെന്ന് മാത്രം. ഇടുങ്ങിയ അരക്കെട്ടുകളും വിരിഞ്ഞ മാറുകളും ചെന്തൊണ്ടിപ്പഴം ചുണ്ടുകളും ആലില വയറും കൊണ്ട് ഇവിടെങ്ങുമില്ലാത്ത പെണ്മയെ, ആണ്മയുടെ ഭാവനയെ ഉത്തേജിപ്പിക്കുന്ന പെണ്മയെ ഉരുക്കിവാർത്തിരിക്കുന്നു. ഈ വർണ്ണനകളിലൂടെയാണ് തൊട്ടിലിൽ ഒരു പെണ്മലയാള താരാട്ട് പോലും കേൾക്കാൻ നിർവ്വാഹമില്ലാതിരുന്ന മലയാളിപ്പെണ്ണ് പിച്ചവെച്ച് ജീവിക്കാൻ തുടങ്ങുന്നത്.യാഥാർത്ഥ്യമെല്ലാം ആണ്മയും സാങ്കല്പികമെല്ലാം പെണ്മയും എന്നു തന്നെ തരംതിരിച്ചിരിക്കുന്നു. നിഗൂഢമായ പെണ്മനസ്സും എല്ലാം തുറന്നടിക്കുന്ന ആണ്മനസ്സും വിരൽചൂണ്ടുന്നതു ഈ വേർതിരിവിലേക്കാണ്. കാമവും രതിയും പ്രണയവുമെല്ലാം ആൺഭാഷകളിലൂടെയാണ് ചിത്രീകരിക്കുന്നത്. ആണ്മയിലും ആണത്തത്തിലും ചൂളിപ്പോവുന്ന, മേൽച്ചുണ്ട് വിറയ്ക്കുന്ന പൂർവ്വ കാമുകിമാരും കാമുകനിൽ ചുറ്റുന്ന വള്ളിപ്പടർപ്പും തൊട്ടാൽ പൊട്ടിവിടരാൻ നിൽക്കുന്നവളും മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്ന മണ്ടിപ്പെണ്ണും അങ്ങനെ എത്രയെത്ര അദൃശ്യചിട്ടകൾ. കുതറിമാറാൻ ശ്രമിക്കുന്നവളെ ആണത്തം കൊണ്ടും സ്ത്രീയ്ക്ക് മാത്രമുള്ള പ്രത്യേകതരം സാമൂഹിക ഉത്തരവാദിത്വങ്ങൾ കൊണ്ടും തളച്ചിടുന്ന സിനിമകളും കഥയും സാഹിത്യവും. ഇതൊന്നുമല്ലങ്കിൽ ഝാൻസി റാണിയും ചമ്പൽക്കൊള്ളക്കാരിയുമായി ആണത്തങ്ങളോടു പൊരുതി അവൾ മരിച്ചിരിക്കണം. സാധാരണ സ്ത്രീയായി ജിവിക്കാൻ സാധ്യമല്ല. ആണത്തം അറിയാത്തതുകൊണ്ട് മാത്രം ശരിയായ പെണ്ണല്ലാതായിത്തീരുന്ന ജന്മങ്ങളായി ഒടുങ്ങുകയും ചെയ്യണം. ആണത്തങ്ങൾ ഒരുക്കുന്ന പീഠം വേണ്ട എന്ന് നിഷേധിക്കാനുള്ള അവകാശം പറഞ്ഞ് ഫലിപ്പിക്കാൻ പോലും ഒരു വാക്ക് ഭാഷയിൽ അവൾക്ക് കരുതിവെച്ചിട്ടില്ല.

ഭാഷയുടെ തത്ത്വശാസ്ത്രങ്ങളെല്ലാം ആണ്മയുടെ ചിന്തകളിലൂന്നിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പെണ്മയുടെ ചിന്തകൾക്ക് ഇടം നൽകാൻ ഭാഷയുടെ ഒരു പൊളിച്ചെഴുത്ത് തന്നെ അനിവാര്യവുമാവുന്നു. പക്ഷപാതമില്ലാത്ത പദങ്ങളാണോ അതോ പെണ്മയിലൂന്നുന്ന പദങ്ങളും പ്രയോഗങ്ങളുമാണോ വേണ്ടതെന്ന് ഒരുമിച്ച് പരിശോധിക്കേണ്ടതുണ്ട്. ചട്ടങ്ങളേയും ചിട്ടകളേയും നിഷേധിക്കുക തന്നെ ഒരു അടിസ്ഥാനരാഷ്ട്രീയമാണ്. പക്ഷെ സ്ത്രീകളുടെ നിഷേധം ഇപ്പോഴും നിസ്സാരമാണ്. അതു കിടപ്പറയിലാകട്ടെ, ജോലി സ്ഥലത്താകട്ടെ സുഹൃത് ബന്ധങ്ങളിലാകട്ടെ, ഔദാര്യങ്ങളും അവസരങ്ങളും സ്നേഹങ്ങളും ബന്ധങ്ങളും നിഷേധിക്കാൻ ഒരുങ്ങുന്ന സ്ത്രീയെ അറിവില്ലായ്മയായും ഇനിയും നിർബന്ധിക്കാനുള്ള അവസരമായും മാത്രമാണ് കണക്കാക്കുന്നത്. ഉറച്ച തീരുമാനങ്ങളുള്ള സ്ത്രീകൾ പെട്ടെന്ന് തന്റേടികളായും അങ്ങേയറ്റം വ്യവസ്ഥിതിക്ക് അലസോരമുണ്ടാക്കുന്നവളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വേണ്ട എന്നൊരു നിസ്സാരമായ വാക്കിനെ പോലും പെണ്മ ചാർത്തി അവഗണിക്കുകയാണ് മലയാളം. അവളുടെ വാക്കുകളെ അവഗണിക്കുന്നത് അവളുടെ ചിന്തകളേയും ഇടങ്ങളേയും സംസ്കാരികപരമായും സാമൂഹ്യപരമായും നിഷേധിക്കുക തന്നെയാണ്. അവളിനി എത്ര ഉറക്കെ ഒച്ചവെക്കണം മലയാളി ആണത്തത്തെ ബാധിച്ചിരിക്കുന്ന ബധിരത മാറുവാൻ?കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ എവിടെയാണ് പെണ്മകൾ ആണത്തങ്ങൾക്കൊപ്പം ഇല്ലാതിരുന്നിട്ടുള്ളത്? മുലപറിച്ചെറിഞ്ഞും മുണ്ട് മുറുക്കിയുടുത്തും അരിവാൾ ഉയർത്തിയും കുടിയേറിയും ചുംബിച്ചും അവൾ മലയാളി പുരുഷനോടൊപ്പമോ ഒരുപിടി മുന്നിലോ മാത്രമാണ്, എന്നിട്ടും ചരിത്രത്തിൽ അവളുടെ ശബ്ദവും അടയാളങ്ങളും എത്ര സമർത്ഥമായിട്ടാണ് മായ്ക്കപ്പെട്ടിരിക്കുന്നത്?താരാട്ട് പാട്ടുകളിൽ നിന്നു തന്നെ വീണ്ടും തുടങ്ങാം. ആദ്യത്തെ കണ്മണി അമ്മയെപ്പോലെയും പെൺകുട്ടികളാവുകയും ചെയ്യട്ടെ. സ്ത്രീകളുടെ കാമവും രതിയും ആലിംഗനവും അവർ തന്നെ വരച്ചിടട്ടേ. അവൾ കഥയെഴുതട്ടെ. സാമ്പാറിന്റേയും കത്തുകളുടെ പരിഭവങ്ങളിലേക്കും അവളെ കുടുക്കാതെ ദാക്ഷയാണി ബിസ്കറ്റ് കമ്പനിയിലേക്ക് അവളുടെ ബുദ്ധിയും പരിശ്രമവും ഉണ്ടാവട്ടെ. അവളെക്കുറിച്ചുള്ള ഭാഷാപ്രയോഗങ്ങളിൽ ഡോക്ടറും ശാസ്ത്രജ്ഞയും ചിന്തകയും എഴുത്തുകാരിയും ആയയും ഉണ്ടാവട്ടെ. അവൾക്കില്ലാത്ത ആലിലവയറിൽ നിന്നും ജീവശാസ്ത്രപരമായി ഒരിക്കലും വിറക്കാൻ സാദ്ധ്യതയില്ലാത്ത മേൽച്ചുണ്ടുകളിൽ നിന്നും പിടയ്ക്കുന്ന കണ്ണുകളിൽ നിന്നും തൊട്ടാൽ വാടുന്ന പ്രയോഗങ്ങളിൽ നിന്നും അവൾ രക്ഷ നേടട്ടെ. അവൾ മിടുക്കിയായ സ്ത്രീത്വം അല്ല. സാധാരണക്കാരിയായി തന്നെ ഇരിക്കട്ടെ, പ്രത്യേകതകളേതുമില്ലാതെ. കിരീടവും ചെങ്കോലും വാളും പരിചയും ഒന്നും ആരാലും ചാർത്തപ്പെടാതെ മനുഷ്യരെന്നാൽ അവൾക്കുള്ള ഇടങ്ങളും കൂടിയാവട്ടെ.ആണത്തമലയാളമേ, പെണ്മലയാളം വരികയാണ്. 'ചന്തപ്പെണ്ണു'ങ്ങളായി തന്നെ. പെണ്മയ്ക്ക് പൊട്ടിവിടരുവാൻ കടം വാങ്ങിയ ഒരു വസന്തത്തിനും, ഭൂമിമലയാളത്തിൽ വളരാൻ സാധിക്കാത്ത ഒരു ചെറിമരത്തിനും കാത്തിരിക്കേണ്ടതില്ല. മലയാള നാട്ടിലെ നിത്യവസന്തങ്ങളിൽ ഒരുപോലെ പൊട്ടിവിടരുവാൻ ക്ഷണിക്കുകയാണ്. ആണത്തങ്ങൾ അവളുടെ പെണ്മയെ കടന്നു പിടിക്കാതേയും, കീഴ്‌പ്പെടുത്താതെയും, അവളുടെ ഇടങ്ങളെ നിഷേധിക്കാതേയും, കൈകോർത്തു പിടിച്ച് തുല്യരായി തീരുവാൻ മാത്രമുള്ളതാവട്ടെ. പെണ്മയുടെ സന്ദേശ കാവ്യങ്ങൾക്ക് കാതോർത്തു തുടങ്ങൂ. ഇതുവരെ മലയാളം നിങ്ങളിൽ അടിച്ചേൽപ്പിച്ച ആണത്തം ഉപേക്ഷിച്ചു ഇറങ്ങി വരിക. നമ്മൾക്ക് ഇനി കുറച്ചുകാലം പെണ്മകളാവാം.(Reporter at Global Voices. Blogging in English and Malayalam. Indulges in issues regarding women’s rights, subaltern studies, travel, food)അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: 'കുട്ടികളുടെ കോടതി' എന്ന അസംബന്ധവും പിന്തുണക്കാരും*Views are personal


Next Story

Related Stories