TopTop
Begin typing your search above and press return to search.

"ജീവനും കൊണ്ട് ഞാൻ ഓടുകയായിരുന്നു"; സംരക്ഷകരായ ആങ്ങളമാർ ഇതൊന്നു വായിക്കൂ

"ജീവനും കൊണ്ട് ഞാൻ ഓടുകയായിരുന്നു"; സംരക്ഷകരായ ആങ്ങളമാർ ഇതൊന്നു വായിക്കൂ
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. എറണാകുളത്ത് ബാങ്ക് ഉദ്യോഗസ്ഥയായ 
രാജശ്രീ. പി.വി പ്രതികരിക്കുന്നു.


52 വയസ്സുള്ളയാളാണ് ഞാന്‍. എറണാകുളത്ത് കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥ. കോട്ടയം ആര്‍പ്പൂക്കരയിലാണ് വീട്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. രണ്ട് കുട്ടികളെ വളര്‍ത്താനും കുടുംബം നോക്കാനുമായി കഷ്ടപ്പെട്ട് ജോലി നോക്കുന്നയാളാണ് ഞാന്‍. രാവിലെ വീട്ടിലെ ജോലികളെല്ലാം ഒതുക്കി ബാങ്കിലേക്ക് ഓടും. രാവിലത്തെ യാത്ര ട്രെയിനിലാണ്. വൈകിട്ട് ഏത് സമയത്ത് ഓഫീസില്‍ നിന്ന് ഇറങ്ങാനാവും എന്ന് പിടിപാടില്ലാത്തതിനാല്‍ മടക്കയാത്ര മിക്കപ്പോഴും ബസില്‍ ആയിരിക്കും. വീടെത്തുമ്പോള്‍ മിക്കവാറും രത്രി ഒമ്പത് മണി കഴിഞ്ഞിരിക്കും. മുമ്പ് അഞ്ച് മണിക്ക് തന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് മടങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ചിലപ്പോള്‍ ആറ് മണി, ചിലപ്പോള്‍ ഏഴ് മണി അത് അങ്ങനെ നീണ്ട് പോവും. ബാങ്കില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ ഒരു ഓട്ടപ്പാച്ചിലായിരിക്കും. ഇതിനിടയ്ക്കാണ് ഓരോരുത്തന്‍മാരുടെ വരവ്. ചിലര്‍ എന്തോ രഹസ്യമായി കാതില്‍ പറഞ്ഞിട്ട് പോവുന്നത് പോലെ പിറുപിറുത്തിട്ട് പോവും. ചെറുപ്പക്കാര് പിള്ളേര്‍ക്ക് പക്ഷെ കുറച്ച് ധൈര്യം കൂടുതലാണ്. വളരെ ഓപ്പണായിട്ട് അമ്മച്ചിയാണേലും കുഴപ്പമില്ല, എത്രയാന്നുവച്ചാ തരാം, എന്നൊക്കെ പൊതുമധ്യത്തില്‍ വച്ച് നമ്മളോട് പറഞ്ഞുകളയും. കേള്‍ക്കുമ്പോള്‍ കൈതരിച്ച് വരും. ചിലപ്പോ എന്റെ മകന്റെ പ്രായമേയുള്ളല്ലോ എന്ന് കരുതി ക്ഷമിക്കും. എന്നാല്‍ ചിലപ്പോള്‍ നിയന്ത്രണം കിട്ടില്ല. മുഖം നോക്കി തന്നെ നല്ല പെട കൊടുക്കും. അതിലേ ചിലരൊതുങ്ങുകയുള്ളൂ. ഇത്രേ പ്രായമുള്ള എന്നെ വെറുതെ വിടാത്തപ്പോള്‍ കൊച്ചു പെമ്പിള്ളേരുടെ കാര്യമൊന്നാലോചിച്ചു നോക്കിക്കേ. പകല്‍ പുറത്തിറങ്ങിയാല്‍ മാന്യന്‍മാരായി നടക്കുന്നവര്‍ക്കൊക്കെ രാത്രിയില്‍ നമ്മളെ കണ്ടാല്‍ എന്തോ കാര്യം സാധിക്കാന്‍ വന്നേക്കുവാണെന്ന മട്ടാണ്.

രാത്രിയിലെ ബസ് യാത്രയാണ് കഷ്ടം. പകല്‍ ലേഡീസ് സീറ്റുകള്‍ നമുക്കായി ഒഴിഞ്ഞു കിടക്കും. രാത്രിയില്‍ ബസില്‍ കയറിയാല്‍ അതും ആണുങ്ങള്‍ കയ്യടക്കിയിരിക്കുകയാവും. എഴുന്നേറ്റ് തരണമെന്ന് മാന്യതയുടെ ഭാഷയില്‍ അപേക്ഷിച്ചാലും 'ഓരോരുത്തികള്‍ പണീം കഴിഞ്ഞ് വരും' എന്നൊക്കെയാണ് പ്രതികരണം. നമ്മളെത്ര കഷ്ടപ്പെട്ടിട്ടാ ജീവിച്ച് പോവുന്നത്. ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളെ നിരത്തില്‍ കണ്ടാല്‍ ചെലവന്‍മാര്‍ക്ക് വെറിയാണ്. ഭര്‍ത്താവ് മരിച്ചതോ, ഉപേക്ഷിതോ ആയ സ്ത്രീയാണെങ്കില്‍ പിന്നെ എത്ര അധ്വാനിച്ച് ജീവിക്കുന്നതാണെങ്കിലും പോക്ക് കേസാണെന്ന് വിധിയുമെഴുതും. ഒരിക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അയാളുടെ കയ്യില്‍ ചില്ലറയില്ലാത്തതിനാല്‍ 100 രൂപ കടം ചോദിച്ചു. ഞാനത് കൊടുത്തു. സമയം ഏഴരയായിട്ടുണ്ടാവും. ആരൊക്കെയോ എന്നെ നോട്ടമിടുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഇരുട്ടിക്കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന എല്ലാ സ്ത്രീകളുടേയും അനുഭവം അത് തന്നെയായതുകൊണ്ട് ഞാനതത്ര വകവച്ചില്ല. ബസില്‍ കയറി സ്ത്രീകളുടെ സീറ്റിലിരുന്നു. മൂന്ന് പേരുടെ സീറ്റില്‍ ഞാനുള്‍പ്പെടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടന്നിട്ടും ഒരാള്‍ക്ക് ഞങ്ങളുടെ സീറ്റില്‍ തന്നെയിരിക്കണം. പുറകിലെ ഒഴിഞ്ഞ സീറ്റുകള്‍ കാണിച്ചിട്ട് അയാളോട് അവിടെയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്പോളുണ്ട് അയാളുടെ വായില്‍ നിന്ന് ദേ വരുന്നു മധുരവചനങ്ങള്‍! 'നീയൊക്കെ രാത്രിയിറങ്ങി എന്നാ പണിയ്ക്ക് പോകുവാണെന്ന് എനിക്കറിയാമെടീ. തല മൂത്ത നരച്ചു. എന്നിട്ടും അവള്‍ക്ക് നിര്‍ത്താറായില്ല. ഒരു ചെറുപ്പക്കാരന് 100 രൂപ കൊടുക്കുന്നത് ഞാന്‍ കണ്ടു. എടപാടിന്റെ ബാക്കിയായിരിക്കുമല്ലേ' എന്ന് അയാള്‍ എന്റടുത്ത് പറയുകയാണ്. എത്രപേരാണ് അത് കേട്ട് നിന്നത്. എനിക്ക് ഇനി ജീവിക്കേണ്ടെന്നാണ് ആ നിമിഷത്തില്‍ തോന്നിയത്. പക്ഷെ ഞാന്‍ പരാജയപ്പെട്ടാല്‍ അത് എന്റെ മക്കളുടെയും പരാജയമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ കിട്ടിയ ശക്തി അത്രയുമെടുത്ത് അയാളെ ഞാന്‍ ആഞ്ഞടിച്ചു. പക്ഷെ ഇത്രയും മോശമായി എന്റടുത്ത് സംസാരിച്ച അയാളെയല്ല, പകരം എന്റെ പ്രതികരണത്തെയാണ് ബസ് ജീവനക്കാരുള്‍പ്പെടെ ചോദ്യം ചെയ്തത്.

ആര്‍പ്പൂക്കരയില്‍ ബസ് ഇറങ്ങി അല്‍പ്പ നേരം നടന്ന് വേണം എനിക്ക് വീട്ടിലെത്താന്‍. ഓട്ടോ പിടിച്ചാല്‍ 20 രൂപ പോകുമെന്നതുകൊണ്ട് ഞാന്‍ പലപ്പോഴും നടന്നാണ് വീട്ടില്‍ പോയിരുന്നത്. ബസ് സ്‌റ്റോപ്പില്‍ ഇറങ്ങുന്നത് മുതല്‍ നമ്മുടെ പുറകെ കണ്ണുകള്‍ കാണും. വീട്ടില്‍ മക്കളുടെ അടുത്തെത്തുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് ഇതൊന്നും കാര്യമാക്കാറില്ല. ഒരു ദിവസം ഇങ്ങനെ നടക്കുമ്പോള്‍ ഓരോ രണ്ട് മിനിറ്റിലും ഒരാള്‍ ബൈക്കുമായി എന്റെ മുന്നിലുണ്ട്. ഞാന്‍ അയാളെ പാസ്സ് ചെയ്ത് പോവുമ്പോള്‍ അയാളും പോവും കുറച്ച് ദൂരം കഴിയുമ്പോള്‍ പിന്നെയും അയാള്‍ നില്‍ക്കുന്നത് കാണാം. അയാളുടെ ശ്രദ്ധ തിരിക്കാന്‍ ഫോണ്‍ കയ്യിലെടുത്ത് ആരോടോ സംസാരിക്കുന്നത് പോലെ അഭിനയിച്ച് ഞാന്‍ നടക്കുകയാണ്. വീട്ടിലേക്കുള്ള വളവ് എത്തുന്നത് വരെ അയാള്‍ എന്റെയൊപ്പം തന്നെയുണ്ടായിരുന്നു. പിറ്റേന്നും ഇത് ആവര്‍ത്തിച്ചു. പക്ഷെ അന്ന് പച്ച നിറത്തിലുള്ള ഒരു കാറുമുണ്ടായിരുന്നു എന്റെ പിറകെ. കാറും ബൈക്കും ഒരു നിശ്ചിത അകലത്തില്‍ എനിക്കായി കാത്തു നില്‍ക്കും. ഞാന്‍ നടക്കുമ്പോള്‍ എന്റെ മുന്നേ പോയി അവര്‍ മറ്റൊരിടത്ത് നിര്‍ത്തിയിടും.ആ സമയത്ത് ആ വഴിയില്‍ അധികമാരുമുണ്ടാവാറില്ല. സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതിനാല്‍ ഇരുട്ടുമാണ്. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ബോധ്യപ്പെട്ട ഞാന്‍ പോലീസില്‍ വിളിച്ചു. പക്ഷെ പോലീസ് എത്താനായി കാത്ത് നില്‍ക്കാനുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ല. ഞാന്‍ ഓടി. എന്റെ മക്കളെ മാത്രം മനസ്സില്‍ വിചാരിച്ച് ജീവിതത്തില്‍ ഇന്നേവരെ ഓടിയിട്ടില്ലാത്ത ഓട്ടം. ഒടുവില്‍ വീട്ടിലേക്കുള്ള വളവിലെത്തിയപ്പോള്‍ ഞാന്‍ ഓട്ടം നിര്‍ത്തി. പക്ഷെ എന്നെ പിന്തുടര്‍ന്ന ബൈക്കുകാരന്‍ ആ വളവില്‍ തന്നെ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു. ബാഗ് തുറന്നപ്പോള്‍ കയ്യില്‍ കിട്ടിയത് കുടയാണ്. അതെടുത്ത് ആഞ്ഞ് വീശിക്കൊണ്ട് വീട്ടിലേക്കോടി. അയാളും കുറച്ചു ദൂരം എന്റെ പിന്നാലെ വന്നു. എന്നാല്‍ പിന്നെ കണ്ടിട്ടില്ല. കാണാന്‍ ഞാന്‍ ഇടകൊടുത്തിട്ടില്ല. കാശിത്തിരി പോയാലും പിന്നീട് ഞാന്‍ ഓട്ടോറിക്ഷയില്‍ മാത്രമേ രാത്രിയില്‍ വീട്ടിലേക്ക് പോവാറുള്ളൂ. എത്ര ദിവസമാണ് എന്റെ ഉറക്കം നഷ്ടപ്പെട്ടതെന്നോ.

ഇരുട്ട് വീണാല്‍ പിന്നെ ഇങ്ങനെയൊക്കെയാണ്. പുറത്തിറങ്ങുന്ന സ്ത്രീകള്‍ അനുഭവിക്കും. നമ്മുടെ അനുഭവങ്ങള്‍ പറയുമ്പോള്‍ പെണ്ണുങ്ങളടക്കം എല്ലാവരും ഹോസ്റ്റലില്‍ നില്‍ക്കാനാണ് ആവശ്യപ്പെടുന്നത്. പക്ഷെ എന്റെ കുഞ്ഞുങ്ങളെ വിട്ട് എനിക്കങ്ങനെ മാറി നില്‍ക്കാന്‍ പറ്റുമോ? അപ്പോള്‍ പിന്നെ ഇതെല്ലാം സഹിക്കാനായിരിക്കും ഇനിയും വിധി.


Next Story

Related Stories