TopTop
Begin typing your search above and press return to search.

ആങ്ങളമാര്‍ക്ക് സഹിക്കില്ലെന്നറിയാം; ഞങ്ങള്‍ ആടും പാടും, വേശ്യയെന്നു വിളിച്ചാല്‍ തളരില്ല

ആങ്ങളമാര്‍ക്ക് സഹിക്കില്ലെന്നറിയാം; ഞങ്ങള്‍ ആടും പാടും, വേശ്യയെന്നു വിളിച്ചാല്‍ തളരില്ല
'ഞങ്ങള്‍ രാത്രിയില്‍ ഇറങ്ങി നടക്കും
ഞങ്ങള്‍ മുടയഴിച്ചു നടക്കും
ഞങ്ങള്‍ ലെഗ്ഗിംഗ്‌സിട്ടു നടക്കും
അത് ഞങ്ങടെ ഇഷ്ടം... ഞങ്ങടെ ഇഷ്ടം
ഞങ്ങള് അത് ചെയ്യും'

ജെന്‍ഡര്‍ ജസ്റ്റിസ് എന്ന ആശയത്തെ മുന്‍ നിര്‍ത്തി ഭരണകൂട ഭീകരതയ്ക്കും സദാചാര പൊലീസിംഗിനുമെതിരെയുളള പ്രഖ്യാപനമായാണ് ഇരുപതു പെണ്‍കുട്ടികളടങ്ങുന്ന സംഘം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസ് പരിസരത്ത് മനോഹരമായ ഈ ഗാനത്തിന് ചുവടുകള്‍ വെച്ചത്. പക്ഷേ അവര്‍ ഉന്നയിച്ച ആശയത്തെ അപ്പാടെ തളളിക്കളഞ്ഞു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ആങ്ങളമാരുടെ തെറിവിളികള്‍ അവര്‍ക്ക് നേരെ ഉയരുന്നത്.

ലോക ചരിത്രത്തില്‍ സ്ത്രീ വിരുദ്ധമായ ചില അടയാളപ്പെടുത്തലുകളില്‍ നിന്നു പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. ആണിനും പെണ്ണിനും ഇപ്പോള്‍ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സമത്വമുണ്ടെന്നും, സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്നും അവകാശപ്പെടുന്നവരാണ് പൊതുബോധത്തിന്റെ പ്രതിനിധികളായ പുരുഷന്മാരില്‍ കൂടുതലും.

'Declaration of the rights of man and of the citizen' എന്ന ഫ്രഞ്ച് നിയമസംഹിതയ്ക്കു പിന്നില്‍ ഒരു വിപ്ലവ ചരിത്രമുണ്ട്. Liberté, égalité, fraternité-സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം; അസ്വാതന്ത്ര്യത്തില്‍ നിന്ന് മോചനം നേടി ഒരു നവോത്ഥാനം കൊണ്ടു വന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ വിജയം ആയിരുന്നു ഈ മൂന്നു പദങ്ങളെ അനുഭവിക്കാന്‍ തക്ക വണ്ണം സമൂഹത്തിന് സാധിച്ചു എന്നത്. ഇങ്ങനെയൊരു നവോഥാനകാലം സൃഷ്ടിച്ചതില്‍ ആണിനൊപ്പം പെണ്ണിനുമുണ്ട് പങ്ക്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഇടത്തില്‍ നിന്നും പെണ്ണ് ഒഴിവാക്കപ്പെടുകയും ലിംഗബോധത്തിന്റെ കാര്യത്തില്‍ സമത്വം ഇല്ലാതാവുകയും ചെയ്തു. സ്ത്രീകള്‍ രണ്ടാംകിടയായി. പതിനായിരം വര്‍ഷത്തെ ചരിത്രത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. അന്നത്തെ അവസ്ഥകള്‍ അതിലും വലിയ തോതില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നു. പക്ഷേ ആണ്‍-പെണ്‍ സമത്വത്തെക്കുറിച്ച് വാചാലരാകുന്ന മുഖ്യധാര സമൂഹം പെണ്ണിന് സ്വാതന്ത്ര്യം ആവശ്യത്തിലേറെയാണെന്നാണു പറയുന്നത്! എത്ര വലിയ കാപട്യമാണിത്. ആണിന്റേതു മാത്രമാണെന്ന് പറഞ്ഞ്, പുരുഷാധിപത്യം വഴി സ്ഥാപിച്ചെടുത്ത ഒരു ലോകത്തില്‍ നിന്നുകൊണ്ട് ധീരമായ ഒരു അവകാശ പോരാട്ടം വഴിയാണ് ഇപ്പോള്‍ നിലവിലുളള പെണ്ണിടങ്ങള്‍ സൃഷ്ടിച്ചെടുത്തത്. ഈ ഭൂമി അവളുടേതല്ല എന്ന് പറഞ്ഞവരോടു കലഹിച്ചാണു ചെറിയ തോതിലെങ്കിലും അവള്‍ തന്റേതെന്നു പറയാന്‍ ചെറുതെങ്കിലും ഇടമുണ്ടാക്കിയിരിക്കുന്നത്. നിരാശ എന്തെന്നാല്‍, തനിക്കും തുല്യമായ അവകാശമുള്ളിടത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുന്നതില്‍ ഇപ്പോഴും സ്ത്രീകള്‍ പൂര്‍ണ വിജയം നേടിയിട്ടില്ല എന്നതാണ്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ശരീരം, വസ്ത്രധാരണം, ലൈംഗികത എന്നിവയാണ് സ്ത്രീയ്‌ക്കെതിരേ ഉപയോഗിക്കുന്ന മറ്റായുധങ്ങള്‍.തന്റെമേലുള്ള ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഇന്നു സ്ത്രീകള്‍ ശക്തിയുപയോഗിക്കുന്നുണ്ട്. അവളുടേതായ രീതിയില്‍ യാതൊരു സങ്കോചവും കൂടാതെ തന്നെ. ആണ്‍സമൂഹത്തെ അതൊട്ടൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. പ്രതിഷേധത്തിനായി ഇറങ്ങുന്ന പെണ്ണ്, അവളുടെ സമരങ്ങള്‍, അവള്‍ ഉപയോഗപ്പെടുത്തുന്ന സമരമുറകള്‍ എല്ലാം സമൂഹത്തിന്റെ ആണ്‍ബോധത്തെ അലോസരപ്പെടുത്തുന്നു. പെണ്ണ് പൊതുയിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന സ്‌പെയ്‌സ് ആണ്‍കോയ്മക്കാരെ ചൊടിപ്പിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് തൃശൂരില്‍ സംഘടിപ്പിച്ച സോഷ്യല്‍ മീഡിയയിലെ എതിര്‍പ്പുകളും വിയോജിപ്പുകളും. ശാരീരികപരമായി സ്ത്രീകള്‍ അബലകളാണെന്നും അതുകൊണ്ടു സ്ത്രീകള്‍ അടങ്ങി ഒതുങ്ങി നിശബ്ദമായി ഇരുന്നാല്‍ മതിയെന്നും സ്ത്രീ സ്വാതന്ത്ര്യത്തിന് അതിര്‍വമ്പിടേണ്ടത് അനിവാര്യമാണെന്നുമൊക്കെയുള്ള പ്രതികരണങ്ങളാണു ഉണ്ടാകുന്നത്.

അവകാശലംഘകരോട് ഇന്നത്തെ സ്ത്രീക്കു പറയാന്‍ പറയാനുള്ളത്; ഞങ്ങള്‍ക്ക് അസ്തിത്വമുണ്ട്. ശാരികപ്രശ്‌നങ്ങളെക്കാള്‍ ഞങ്ങളെ അലട്ടുന്നത് അസ്തിത്വപ്രശ്‌നങ്ങളാണ്. അതുകൊണ്ട് ഞങ്ങള്‍ ഞങ്ങള്‍ക്കായി പോരാടിക്കൊണ്ടേയിരിക്കും. അതാത് കാലഘട്ടത്തില്‍ ഉതകുന്ന ശക്തമായ സമരമുറകളെ അതിനായി ഉപയോഗപ്പെടുത്തും. പബ്ലിക്കിനു മുമ്പില്‍ വരുന്ന പെണ്ണിനെ, അവളുടെ കലഹങ്ങളെ, സമരജീവിതങ്ങളെ ഉള്‍ക്കൊളളാനാവാത്ത പുരുഷ പ്രജകള്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് സുരക്ഷിത്വത്തിന്റെ പേരു പറഞ്ഞ് അവളെ ചാക്കില്‍ കെട്ടി പൊതിയാനാണ്. ഒരാങ്ങളമാരും ഞങ്ങളെ ചാക്കില്‍ പൊതിഞ്ഞു സൂക്ഷിക്കേണ്ടതില്ല. ഞങ്ങള്‍ പുറത്തിറങ്ങുകയും, ഉടലിലെ സ്വത്വബോധത്തില്‍ നിന്നു കൊണ്ട് അവകാശങ്ങളെ വെട്ടി പിടിക്കുകയും, പ്രതികരിക്കാന്‍ പഠിക്കുകയും ചെയ്യും. നിങ്ങളുടെ ലോകം പോലെ തന്നെ ഇതു ഞങ്ങളുടെയും ലോകമാണ്.ആ ഇരുപതു പെണ്‍കുട്ടികള്‍ ചെയ്ത നൃത്തത്തിന് താഴെയായി സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. പുരുഷന് ഇഷ്ടമാകാത്ത, അവന്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളെല്ലാം വേശ്യകളാണ്. തൃശൂരിലെ പെണ്‍കുട്ടികളോടും വിരോധം തീര്‍ക്കുന്നത് ഈ വേശ്യാവിളികൊണ്ടാണ്. ഇന്നത്തെ പെണ്‍കുട്ടികള്‍ ഈ വിളിയിലൊന്നും തളരില്ലെന്നതും നിലപാടുകളില്‍ നിന്നു പുറകോട്ടു പോകില്ലെന്നും ഇനിയെങ്കിലും തിരിച്ചറിയുക. സ്വന്തം ശരീരം വഴി തൊഴില്‍ ചെയ്ത് ആരുടെയും ഔദാര്യം പറ്റാത്ത കൂട്ടരാണ് വേശ്യാവൃത്തി ചെയ്യുന്നവര്‍. അവര്‍ ആരെയും കൊല്ലുന്നില്ല, പിടിച്ചു പറി നടത്തുന്നില്ല, പീഢിപ്പിക്കുന്നില്ല. നിങ്ങളെ പോലെ അന്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. അതവരുടെ തൊഴില്‍ മാത്രമാണ്. അല്ലെങ്കിലും വേശ്യയെ പ്രാപിച്ചവരെ ഒന്നും മുഖവിലക്കെടുക്കാതെ വേശ്യാ സമൂഹത്തെ മാത്രമായി കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇതെല്ലാം എങ്ങനെ മനസ്സിലാകാനാണ്. സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അവളുടെ വസ്ത്രധാരണമാണ് കാരണമെന്നു പറയുന്നവര്‍, പൊതുരംഗത്തിറങ്ങുന്ന സ്ത്രീയെ വേശ്യ എന്ന് പറയുന്നവര്‍; ഇവര്‍ക്കൊന്നും സ്വത്വത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പെണ്ണിന്റെ അവസ്ഥകള്‍ അറിയില്ല. കഴമ്പില്ലാത്ത പൊതുബോധ ധാരണകളെ മാറ്റി നിര്‍ത്താതെ ഒരു പെണ്ണിനെ മനസിലാക്കാന്‍ നിങ്ങള്‍ക്കാകില്ല. മനസിലാക്കിയാല്‍, അപ്പോള്‍ കെട്ടങ്ങും നിങ്ങളിലെ പുരുഷാധിപത്യമനോഭാവം. പിന്നെയുണ്ടാകില്ല തെറിവിളികളും, വേശ്യാവിളികളും. മനുഷ്യനായി ചിന്തിക്കുക. പെണ്ണുങ്ങള്‍ ആടട്ടെ, പാടട്ടെ, പൊതുയിടങ്ങളില്‍ ആരെയും ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ വിരാജിക്കട്ടെ, സമരം ചെയ്യട്ടെ, അവരുടെ അസ്തിത്വ പ്രശ്‌നങ്ങള്‍ തരണം ചെയ്യട്ടെ. ഇത് പെണ്ണിന്റെകൂടി ലോകമാക്കി ഉന്മാദങ്ങളിലലിയട്ടെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories